21 June Friday

എണ്ണവിലയും ഇടിയുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020


രാജ്യാന്തരവിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞത് വിപണികളിലും ലോക സമ്പദ്‌വ്യവസ്ഥയിലും പുതിയ പ്രതിസന്ധിക്കിടയാക്കി. കോവിഡ് 19 (കൊറോണ വൈറസ് ) വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചത് സമ്പദ്‌വ്യവസ്ഥകളെ കുഴപ്പത്തിലാക്കിയതിനു പിന്നാലെയാണ്‌ ഇത്. എണ്ണവിപണിയിൽ തിങ്കളാഴ്ച ഒറ്റദിവസം വില 30 ശതമാനത്തോളം ഇടിഞ്ഞ്  ഒരു ഘട്ടത്തിൽ വീപ്പ ഒന്നിന് 31 ഡോളർ മാത്രമായി. ഇതോടെ, ഈവർഷം ഇതിനകം എണ്ണവില 45 ശതമാനം ഇടിഞ്ഞു. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകർച്ച. വിലയിടിവ് എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഗുണകരമാകും. എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയാണ് ദോഷകരമായി ബാധിക്കുക.

ഏപ്രിൽമുതൽ എണ്ണ ഉൽപ്പാദനം കൂട്ടുമെന്നും വില കുറയ്‌ക്കുമെന്നും സൗദി അറേബ്യ പ്രഖ്യാപിച്ചതാണ് രാജ്യാന്തരവിപണിയിൽ ഇപ്പോഴത്തെ വൻ ഇടിവിന് ഇടയാക്കിയത്. വിപണിയിൽ ഡിമാൻഡും വിലയും കുറയുന്നത് പരിഗണിച്ച് ഉൽപ്പാദനം കുറയ്ക്കണമെന്ന ആവശ്യത്തിൽ എണ്ണ ഉൽപ്പാദക കയറ്റുമതി രാജ്യങ്ങളും (ഒപെക്) റഷ്യയും തമ്മിൽ ധാരണയാകാത്തതാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചത്. ഒപെക്കിൽപ്പെടാത്ത റഷ്യ ഉൽപ്പാദനം കുറയ്ക്കുന്നതിനോട് യോജിച്ചില്ല. ഇതേ തുടർന്ന് ഉൽപ്പാദനം കൂട്ടുമെന്ന് സൗദി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എണ്ണവിപണിയിൽ വലിയൊരു വിലയുദ്ധത്തിന് വഴിയൊരുങ്ങി. വില 20 ഡോളർവരെയായി കുറഞ്ഞേക്കാമെന്ന് പ്രവചനമുണ്ട്. വിലയുദ്ധം സമ്പദ്‌വ്യവസ്ഥകളെ പലതരത്തിൽ ബാധിക്കാം. ചൊവ്വാഴ്ച വില 37.00 ഡോളറായെങ്കിലും കാര്യമായ വർധനയുണ്ടായിട്ടില്ല.

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയെ തുടർന്ന് ചൈന ഇപ്പോൾത്തന്നെ എണ്ണ ഇറക്കുമതി കുറച്ചിട്ടുണ്ട്. ലോകത്തെ വലിയ എണ്ണ ഉപയോക്താവായ ചൈന ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദി അറേബ്യയിൽനിന്നാണ്. അപ്പോൾ, ഡിമാൻഡ് കുറയുന്നത് കണക്കിലെടുക്കാതെ സൗദി ഉൽപ്പാദനം വർധിപ്പിച്ചാൽ ഡിമാൻഡില്ലാതെ സപ്ലെ കൂടുന്ന പ്രത്യേക സാഹചര്യമാകും ലോകവിപണിയിൽ ഉരുത്തിരിയുക.


 

കൊറോണയുടെ പിടിയിൽനിന്ന് ചൈന മോചിതമായി തുടങ്ങിയെങ്കിലും വൈറസ് മറ്റു രാജ്യങ്ങളിൽ പടർന്നതോടെ ഒട്ടേറെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. വിപണന, -വിതരണ ശൃംഖലകൾ പലയിടത്തും താളംതെറ്റി. സാമ്പത്തികമാന്ദ്യം വ്യാപകമായി. യാത്രയും വാഹനങ്ങളുടെ ഓട്ടവും കുറഞ്ഞതോടെ എണ്ണയ്‌ക്ക് ഡിമാൻഡില്ലാതായി. മുൻ കൊല്ലങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ചൈനയുടെ എണ്ണ ഡിമാൻഡിൽ പ്രതിദിനം 1,70,000 വീപ്പയുടെ വർധന മാത്രമാണ് പ്രതീക്ഷിക്കുന്നത്. ആഗോള എണ്ണ ഡിമാൻഡിൽ 80 ശതമാനവും ചൈനയുടേതാണ്. ചൈനയുടെ ആവശ്യം വർധിച്ചില്ലെങ്കിൽ എണ്ണവിപണിയെ കാര്യമായി ബാധിക്കുമെന്ന് ചുരുക്കം.

എണ്ണവിലയിലെ ഇടിവ് അമേരിക്കയടക്കമുള്ള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. ഇവിടങ്ങളിലൊക്കെ വായ്‌പ, മുതൽമുടക്ക് എന്നിവയൊക്കെ പ്രതിസന്ധിയിലാണ്. എണ്ണ വരുമാനത്തെ പ്രധാനമായി ആശ്രയിക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളുടെ നില കൂടുതൽ പരുങ്ങലിലാകും. എണ്ണവില 80 ഡോളർ എങ്കിലുമില്ലെങ്കിൽ സൗദി അറേബ്യയുടെ ബജറ്റ് തകരുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) കണക്കാക്കുന്നു. വരുമാനം കുറയുമ്പോൾ  ഈ രാജ്യങ്ങളൊക്കെ ചെലവ് വെട്ടിച്ചുരുക്കേണ്ടിവരും. ആഗോളവിപണിയിൽ ചരക്കുകളുടെ ഡിമാൻഡ്  ഇനിയും കുറയാനുമിടയാകും. മാത്രമല്ല, ഗൾഫിൽ ജോലിയെടുക്കുന്നവരിൽനിന്ന് വലിയതോതിൽ വരുമാനം ലഭിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സ്ഥിതി കൂടുതൽ മോശമാകും.

അസംസ്കൃത എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് രാജ്യാന്തരവിപണിയിലെ വിലത്തകർച്ച ചില മേഖലകളിൽ നേട്ടമാകേണ്ടതാണ്. അത് ബിജെപി ഗവൺമെന്റ്‌ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാകും. വില കൂടുമ്പോൾ അടിക്കടി വില വർധിപ്പിക്കുന്നവർ വില കുറയുമ്പോൾ കുറയ്ക്കുമോ എന്നതാണ് പ്രശ്നം. എക്സൈസ് തീരുവ വർധിപ്പിച്ച് സർക്കാരിന്റെ വരുമാനം കൂട്ടാൻ ആലോചിക്കുന്നതായി വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ രാജ്യാന്തരവിപണിയിലെ വിലക്കുറവുകൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കില്ല. എണ്ണവിലയിലെ ഇടിവ് രാജ്യത്തെ പൊതുവിലക്കയറ്റം കുറയാനും വഴിയൊരുക്കേണ്ടതാണ്.

എണ്ണവിലയിൽ ഒരു ഡോളറിന്റെ കുറവ് നമ്മുടെ ഇറക്കുമതി ബില്ലിൽ 2900 കോടി രൂപയുടെ കുറവുണ്ടാക്കുമെന്നാണ് ഏകദേശ കണക്ക്. പ്രതിവർഷം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടം. ഒരു വീപ്പ അസംസ്കൃത എണ്ണയ്‌ക്ക് 20 ഡോളർ എന്ന സാഹചര്യം വന്നാൽ ഇന്ത്യക്കുണ്ടാകുന്ന നേട്ടം ഊഹിക്കാവുന്നതേയുള്ളൂ. വിലത്തകർച്ച ഓഹരി പണക്കമ്പോളങ്ങളിൽ പ്രതിസന്ധിയുണ്ടാക്കാമെങ്കിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഇങ്ങനെ ചില നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ, കയറ്റുമതിയിൽനിന്നടക്കം  മറ്റു പലതരത്തിലുള്ള വരുമാനം ഇടിയാനും എണ്ണവിലത്തകർച്ച കാരണമായേക്കാം. അത്, മാന്ദ്യം വിഴുങ്ങിയ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി കൂടുതൽ വഷളാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top