29 March Friday

മനുഷ്യത്വരഹിതം ഈ തീരുവ വർധന

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020



കോവിഡ്‌–-19 എന്ന മഹാമാരി രാജ്യത്തെ ജനങ്ങളെ കടുത്ത ആശങ്കയിലാഴ്‌ത്തുന്ന സമയമാണിത്‌. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും അതീവ ജാഗ്രതയോടെയാണ്‌ വൈറസ്‌രോഗത്തെ നേരിടുന്നത്‌. സ്വാഭാവികമായും ഈ സമയത്ത്‌ ജനദ്രോഹ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ആരും പ്രതീക്ഷിക്കില്ല. ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കില്ലെന്ന്‌ മാത്രമല്ല, അൽപ്പമെങ്കിലും ആശ്വാസം പകരുന്ന നടപടികൾ സ്വീകരിക്കാനാണ്‌ ജനാധിപത്യ സർക്കാരുകൾ പൊതുവെ ശ്രമിക്കുക. പ്രത്യേകിച്ചും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ. എന്നാൽ, തീർത്തും മനുഷ്യത്വരഹിതമായ, ക്രൂരമായ സമീപനമാണ്‌ കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിൽനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. പെട്രോളിന്റെയും ഡീസലിന്റെയും തീരുവ മൂന്ന്‌ രൂപയാണ്‌ വർധിപ്പിച്ചത്‌. എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ രണ്ട്‌ രൂപയും റോഡ്‌ സെസ്‌ ഒരു രൂപയും വർധിപ്പിക്കാനാണ്‌ കേന്ദ്രം തയ്യാറായിട്ടുള്ളത്‌.

ആഗോള എണ്ണ വിപണിയിൽ വൻ വിലത്തകർച്ച ഉണ്ടാകുന്ന ഘട്ടത്തിലാണ്‌ മോഡി സർക്കാരിന്റെ ഈ നടപടിയെന്നതാണ്‌ ഏറെ പ്രതിഷേധാർഹം. എണ്ണവില നേർപകുതിയായി കുറഞ്ഞിരിക്കുകയാണിപ്പോൾ. വീപ്പയ്‌ക്ക്‌ 33 ഡോളറായാണ്‌ വില കുറഞ്ഞിട്ടുള്ളത്‌. എണ്ണവില കുത്തനെ കുറയുന്നതിന്റെ ആനുകൂല്യം ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. 12 രൂപമുതൽ 10 രൂപവരെയെങ്കിലും ലിറ്ററൊന്നിന്‌ എണ്ണവില കുറയുമെന്ന്‌ സന്തോഷിച്ചിരിക്കെയാണ്‌ മോഡി സർക്കാരിന്റെ ഇരുട്ടടി ലഭിച്ചത്‌. ജനങ്ങൾക്ക്‌ ലഭിക്കേണ്ട ആനുകൂല്യം തട്ടിപ്പറിക്കുകയാണ്‌ മോഡി സർക്കാർ ചെയ്‌തിട്ടുള്ളത്‌. കൊറോണക്കാലത്ത്‌ എണ്ണ ഉപഭോഗം കുറയുമെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായും തീരുവയിനത്തിലുള്ള സർക്കാരിന്റെ വരുമാനവും കുറയും. ഇത്‌ നികത്തുന്നതിനാണ്‌ ജനങ്ങൾക്ക്‌ ലഭിക്കേണ്ട ആനുകൂല്യം തട്ടിപ്പറിക്കുന്നത്‌.  ഇതുവഴി 39000 കോടി രൂപയാണ്‌ കേന്ദ്ര സർക്കാരിന്‌ ലഭിക്കുന്നത്‌. അതോടൊപ്പം എണ്ണ വിപണനരംഗത്തുള്ള റിലയൻസ്‌, എസ്സാർ, ഷെൽ ഇന്ത്യ എന്നീ കമ്പനികൾക്കും കൊള്ളലാഭം നേടാൻ അവസരമൊരുക്കുകയാണ്‌ മോഡി സർക്കാർ. സാമ്പത്തികമാന്ദ്യം പരിഹരിക്കാനെന്ന പേരിൽ കോർപറേറ്റുകൾക്ക്‌ രണ്ടുലക്ഷം കോടിയുടെ നികുതി ഇളവ്‌ നൽകിയതിനു പുറമെയാണ്‌ ഈ സൗജന്യം.

കോൺഗ്രസ്‌ നേതൃത്വം നൽകിയിരുന്ന രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്‌ പെട്രോളിന്റെ സബ്‌സിഡി എടുത്തുകളഞ്ഞത്‌. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തുതന്നെ ഇത്തരമൊരു നീക്കം ഉണ്ടായിരുന്നുവെങ്കിലും സർക്കാരിന്‌ നിർണായക പിന്തുണ നൽകിയിരുന്ന ഇടതുപക്ഷം എതിർത്തതിനാലാണ്‌ അത്‌ നടപ്പാക്കാൻ കഴിയാതിരുന്നത്‌.

പെട്രോളിന്റെ വിലവർധനയ്‌ക്ക്‌ പ്രധാന കാരണം വിലനിയന്ത്രണം ഒഴിവാക്കിയതാണ്‌. ആഗോളവൽക്കരണ നയത്തിന്റെ ഭാഗമായാണ്‌ എണ്ണ സബ്‌സിഡി എടുത്തുകളഞ്ഞത്‌. കോൺഗ്രസ്‌ നേതൃത്വം നൽകിയിരുന്ന രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്‌ പെട്രോളിന്റെ സബ്‌സിഡി എടുത്തുകളഞ്ഞത്‌. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തുതന്നെ ഇത്തരമൊരു നീക്കം ഉണ്ടായിരുന്നുവെങ്കിലും സർക്കാരിന്‌ നിർണായക പിന്തുണ നൽകിയിരുന്ന ഇടതുപക്ഷം എതിർത്തതിനാലാണ്‌ അത്‌ നടപ്പാക്കാൻ കഴിയാതിരുന്നത്‌.  2019 ജൂലൈയിൽ വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോൾ മൻമോഹൻസിങ് സർക്കാർ പറഞ്ഞത്‌ ഇനിമുതൽ കമ്പോളമാണ്‌ വില നിർണയിക്കുകയെന്നാണ്‌. അതായത്‌ ആഗോളവിപണിയിൽ എണ്ണവില കൂടുമ്പോൾ ഉപഭോക്‌തൃവില കൂടുകയും കുറയുമ്പോൾ കുറയുകയും ചെയ്യുമെന്ന്‌ അന്ന്‌ ഈ നീക്കത്തെ എതിർത്ത ബിജെപിക്കാർ 2014ൽ അധികാരത്തിൽ വന്നപ്പോൾ ഡീസലിനുള്ള വിലനിയന്ത്രണവും എടുത്തുകളഞ്ഞു.


 

ഇരു സർക്കാരും വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിൽനിന്ന്‌ തട്ടിപ്പറിക്കുകയാണുണ്ടായത്‌. മോഡി സർക്കാരാണ്‌ ഇക്കാര്യത്തിൽ മുന്നിലെന്നുമാത്രം. 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽമാത്രം ഒമ്പത്‌ തവണയാണ്‌ മോഡി സർക്കാർ എണ്ണയുടെ എക്‌സൈസ്‌ തീരുവ വർധിപ്പിച്ചത്‌. 15 മാസത്തിനിടയ്‌ക്ക്‌ ഇൗയിനത്തിൽ പെട്രോളിന്‌ 11.77 രൂപയും ഡീസലിന്‌ 13.47 രൂപയുമാണ്‌ സർക്കാർ വർധിപ്പിച്ചത്‌. എന്നാൽ, രണ്ടുതവണ മാത്രമാണ്‌ മോഡി സർക്കാർ പെട്രോൾവില തീരുവ കുറച്ചത്‌. 2017 ഒക്ടോബറിൽ രണ്ടുരൂപ കുറച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ച്‌ 2018 ഒക്ടോബറിൽ ഒന്നര രൂപയും കുറച്ചു. അതായത്‌ വിലനിയന്ത്രണം എടുത്തുകളഞ്ഞത്‌ ജനങ്ങളുടെ ക്ഷേമത്തിനല്ല എന്ന്‌ വ്യക്തമായിരിക്കുന്നു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികൾ ഇക്കാര്യം ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നു. അതാണിപ്പോൾ യാഥാർഥ്യമാകുന്നത്‌.

പെട്രോൾവില ഉയർന്നുനിൽക്കുന്നത്‌ വിലക്കയറ്റം സൃഷ്ടിക്കും. ലോകമാകെ കെറോണ പിടിമുറുക്കുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക്‌ ക്ഷാമം നേരിടാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാർ ചെയ്യേണ്ടത്‌ ആഗോളവിപണിയിലെ വിലക്കുറവ്‌ ജനങ്ങൾക്ക്‌ കൈമാറി ആശ്വാസം പകരുകയാണ്‌. അതിന്‌ കടകവിരുദ്ധമായ മോഡി സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top