18 April Thursday

ട്രംപിന്റെ വിലക്കും മോഡിയുടെ മൗനവും

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019


ദേശീയതാൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ബാലാകോട്ടും ഉപഗ്രഹവേധ മിസൈലും മറ്റും ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണെന്നും മോഡി വാദിക്കുന്നു. എന്നാൽ, രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി മെയ് രണ്ടോടെ ഉപേക്ഷിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയപ്പോൾ മോഡി മൗനിയായി. സ്വന്തം രാജ്യത്തിന്റെ താൽപ്പര്യവും ദേശീയവികാരവും മറ്റും ട്രംപിനു മുമ്പിൽ അടിയറവയ്ക്കാൻ മോഡിക്ക് ഒരു മടിയുമുണ്ടായില്ല. അമേരിക്കൻ അന്ത്യശാസനം വന്നിട്ട് നാലുദിവസമായിട്ടും ഒരക്ഷരം എതിർത്തുപറയാൻ മോഡിയോ വിദേശമന്ത്രാലയമോ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും വികസനത്തെയും ദോഷകരമായി ബാധിക്കുന്ന തീരുമാനമായിട്ടുപോലും മോഡി ശബ്ദിക്കാത്തത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വദാസ്യ മനോഭാവമാണ് വെളിവാക്കുന്നത്.

ലോകരാഷ്ട്രങ്ങളെ മുഴുവൻ ധിക്കരിച്ച് ഏകപക്ഷീയമായാണ് അമേരിക്ക കഴിഞ്ഞ വർഷം ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിൻമാറിയതും ആ രാജ്യത്തിനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതും. എന്നാൽ, ഇന്ത്യ ഉൾപ്പെടെ എട്ടു രാഷ്ട്രങ്ങൾക്ക് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി  ചെയ്യുന്നതിന് ആറുമാസത്തേക്ക് ഉപരോധത്തിൽ ഇളവ് നൽകാൻ അമേരിക്ക തയ്യാറായി. ആ കാലാവധി തീരുന്ന മെയ് രണ്ടാകുമ്പോഴേക്കും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി റദ്ദാക്കണമെന്നാണ് തിങ്കളാഴ്ച അമേരിക്ക അന്ത്യശാസനം നൽകിയിട്ടുള്ളത്.

ഇന്ത്യക്ക് ഏറ്റവും വിലക്കുറവിൽ അസംസ്കൃത എണ്ണ കിട്ടുന്ന രാജ്യമാണ് ഇറാൻ. യാത്രക്കൂലിയും കുറവ്. മാത്രമല്ല, നൽകുന്ന എണ്ണയുടെ പണം രണ്ടുമാസത്തിനകം നൽകിയാൽ മതിയെന്ന സൗജന്യവും ഇറാൻ ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്.  ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.  80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 10 ശതമാനവും ഇറാനിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അടുത്ത മാസത്തോടെ ഈ ഇറക്കുമതി നിലയ്ക്കും. എണ്ണക്ഷാമം അനുഭവപ്പെടുന്നതിന് പുറമെ വിലവർധനയും ഉണ്ടാകുമെന്ന് സാരം. അമേരിക്കൻ അന്ത്യശാസനം വന്നതോടെതന്നെ അഞ്ചുശതമാനം വിലവർധിപ്പിച്ച് അന്താരാഷ്ട്ര കമ്പോളത്തിൽ എണ്ണയുടെ വില ബാരലിന് 74 ഡോളറായി ഉയർന്നു. ഒപെക് രാഷ്ട്രമായ വെനസ്വേലയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും ലിബിയയിൽ രൂക്ഷമായ ആഭ്യന്തരയുദ്ധവും നൈജീരിയൻ എണ്ണ പൈപ്പ്ലൈൻ കത്തിയതും മറ്റും ആഗോള വിപണിയിൽ എണ്ണ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. അതോടൊപ്പമാണ് ഇറാൻഎണ്ണയുടെ ഒഴുക്കും നിലയ്ക്കുന്നത്.

ഇറാൻ എണ്ണയ്ക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ദോഷകരമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയൽ രാജ്യമായ ചൈന. അതുകൊണ്ടുതന്നെ ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കാൻ ചൈന തയ്യാറായി. ചൈനയുടെ താൽപ്പര്യങ്ങളെ ഹനിക്കുന്ന തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽനിന്ന് വാഷിങ്ടൺ പിൻമാറണമെന്ന് വിദേശമന്ത്രാലയ വക്താവ് ഗെങ്ഷുവാങ് പറഞ്ഞു

എണ്ണ കമ്പോളത്തിലുണ്ടാകുന്ന ക്ഷാമം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാഷ്ട്രങ്ങൾ അധിക ഉൽപ്പാദനം നടത്തി പരിഹരിക്കുമെന്നാണ് അമേരിക്ക വാദിക്കുന്നത്. എന്നാൽ, സൗദി എണ്ണ  മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞത് ഒപെക് അംഗരാഷ്ട്രങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ്. എണ്ണ ഉൽപ്പാദനം കുറച്ച് വിലസ്ഥിരത ഉറപ്പുവരുത്തുക എന്ന മുൻധാരണ തകർക്കാൻ ഒപെക് തയ്യാറാകില്ലെന്നർഥം. മാത്രമല്ല, 2019ലെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെങ്കിൽ സൗദിക്ക് എണ്ണയിൽനിന്ന് വരുമാനം വർധിച്ചേ മതിയാകൂ. ബാരലിന് 80‐85 ഡോളറെങ്കിലും ലഭിക്കണം. സൗദി ജിഡിപിയുടെ 50 ശതമാനവും എണ്ണയിൽനിന്നാണ് ലഭിക്കുന്നത്. അത് ബലികഴിക്കാൻ സൗദി തയ്യാറാകില്ലെന്നർഥം. അതായത് വരുംദിവസങ്ങളിൽ എണ്ണവില കുത്തനെ ഉയരും. വർധിച്ച എണ്ണവില ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങളിപ്പോൾ.

ഇറാൻ എണ്ണയ്ക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ദോഷകരമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയൽ രാജ്യമായ ചൈന. അതുകൊണ്ടുതന്നെ ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കാൻ ചൈന തയ്യാറായി. ചൈനയുടെ താൽപ്പര്യങ്ങളെ ഹനിക്കുന്ന തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽനിന്ന് വാഷിങ്ടൺ പിൻമാറണമെന്ന് വിദേശമന്ത്രാലയ വക്താവ് ഗെങ്ഷുവാങ് പറഞ്ഞു. ഇറാനും അന്താരാഷ്ട്രസമൂഹവും തമ്മിലുള്ള ബന്ധങ്ങളെ ബഹുമാനിക്കാൻ അമേരിക്ക തയ്യാറാകണമെന്നും ചൈന പറഞ്ഞു. അമേരിക്കൻ തീരുമാനം ദോഷകരമായി ബാധിക്കുന്ന തുർക്കിയും വാഷിങ്ടനെ വിമർശിച്ച് രംഗത്തെത്തി. മറ്റു രാജ്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് എന്തിനാണെന്ന് ചോദിച്ച തുർക്കി വിദേശമന്ത്രി അമേരിക്ക കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും തുറന്നടിച്ചു. എന്നിട്ടും ലോകത്തിലെ വൻ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യ പേരിനുപോലും ഒരു പ്രതിഷേധത്തിന് തയ്യാറായില്ല.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്താൻ മോഡി സർക്കാർ തയ്യാറായിരുന്നില്ല. മാത്രമല്ല, ഹാർലി ഡേവിഡ്സൺ മോട്ടോർ ബൈക്കിന് തീരുവ കുറയ്ക്കാൻ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ മോഡി അതിന് തയ്യാറാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇറാൻഎണ്ണ വിഷയത്തിലും അമേരിക്കൻ അന്ത്യശാസനത്തിന് മോഡി വഴങ്ങുമെന്ന് ട്രംപിന് നന്നായി അറിയാം. കുനിയാൻ പറയുമ്പോൾ മുട്ടിട്ട് ഇഴയാൻ തയ്യാറാകുന്ന മോഡി സാമ്രാജ്യത്വത്തിന്റെ വിനീതദാസനാണ് എന്ന് ട്രംപിന് നന്നായി അറിയാം. സാമ്രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപോലും ഒരു ബന്ധവുമില്ലാത്ത ആർഎസ്എസിനും അതിന്റെ പ്രചാരകനായ മോഡിക്കും സാമ്രാജ്യത്വത്തിന് മുമ്പിൽ രാജ്യതാൽപ്പര്യം ബലികഴിക്കുന്നതിന് ഒരു മടിയുമില്ലെന്നർഥം. സംഘപരിവാറിന്റേത് കപട രാജ്യസ്നേഹമാണെന്നതിന് വേറെ തെളിവിന്റെ ആവശ്യമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top