01 April Saturday

ക്രിക്കറ്റ‌ിന‌് ശോഭയേറ്റുന്ന ഇംഗ്ലീഷ‌് വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019


മഹത്തായ അനിശ്ചിതത്വങ്ങളുടെ കളി എന്ന വിശേഷണം അന്വർഥമാക്കുന്നതായി ലോകകപ്പ‌് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ കിരീടവിജയം. ക്രിക്കറ്റിന്റെ സൗന്ദര്യവും സംഘർഷവും എല്ലാ നിറപ്പകർച്ചകളോടെയും ആവിഷ‌്കരിക്കപ്പെട്ട കലാശപ്പോരാട്ടത്തിലാണ‌് ഇംഗ്ലണ്ട‌് ലോക കപ്പിന്റെ പുതിയ അവകാശികളായത‌്. ആരാദ്യം എന്ന‌് പറയാനാകാത്തവിധം ഒപ്പത്തിനൊപ്പം പൊരുതിയ ഇംഗ്ലണ്ടും ന്യൂസിലൻഡും ലോഡ‌്സ‌ിലെ ചരിത്രമുറങ്ങുന്ന മൈതാനത്ത‌് മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു. ഓരോ നിമിഷവും ജയസാധ്യത മാറിമറിഞ്ഞ, ലോകമാകെ ക്രിക്കറ്റ‌് പ്രേമികളെ പിരിമുറുക്കത്താൽ വീർപ്പുമുട്ടിച്ച ഫൈനലിൽ ബൗണ്ടറികളുടെ എണ്ണമെടുത്ത‌് ഒടുവിൽ കിരീടാവകാശികളെ നിശ്ചയിക്കേണ്ടിവന്നു.

ക്രിക്കറ്റിന്റെ ആവിഷ‌്കർത്താക്കളായ, ഈ കളിയെ ഭൂഖണ്ഡങ്ങൾക്കപ്പുറമെത്തിച്ച ഇംഗ്ലണ്ടിന‌് ലോക കപ്പ‌് വിജയം ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പാണ‌്. ലോകത്തെ കളി പഠിപ്പിച്ചവരായിട്ടും ലോക കപ്പ‌് നേടാനാകാതെ നീറിയ ഇംഗ്ലണ്ടിന‌് ഈ ജയം ആശ്വാസത്തിന്റെ കുളിർതെന്നലായാണ‌് അനുഭവപ്പെടുക. മുമ്പ‌് മൂന്നുതവണ ഫൈനലിൽ വിജയം കൈവിട്ടുപോയ അവർക്ക‌് ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോഡ‌്സിലെ പാവനഭൂമിയിൽ ലോക കപ്പ‌് ഏറ്റുവാങ്ങാനായത‌് കാലം കാത്തുവച്ച കാവ്യനീതിയാകാം. ഇവിടെ ക്രിക്കറ്റിന്റെ ഈ അൾത്താരയിൽ വിജയത്തെ പുൽകുന്നതിനേക്കാൾ ഇംഗ്ലണ്ടിന‌് സാഫല്യമെന്തുണ്ട‌്. തുടർച്ചയായ രണ്ടാംവട്ടവും ഫൈനലിൽ വിജയം കൈവിടേണ്ടിവന്നെങ്കിലും ഒട്ടും തലകുനിച്ചല്ല ന്യൂസിലൻഡ‌് മടങ്ങുന്നത‌്. അവസാനശ്വാസംവരെ ആത്മവിശ്വാസത്തോടെ പൊരുതിയ ന്യൂസിലൻഡ‌് ടീം ആദരവാർന്ന ഓർമയായി ക്രിക്കറ്റ‌് പ്രേമികളുടെ മനസ്സിലുണ്ടാകും.

50 ഓവറിൽ 241 റണ്ണിൽ ടൈ, സൂപ്പർ ഓവറിൽ വിക്കറ്റ‌് പോകാതെ 15 റണ്ണിൽ വീണ്ടും ടൈ. ഒടുവിൽ ബൗണ്ടറികളുടെ കണക്കെടുപ്പ‌്. മത്സരത്തിൽ ആകെ 24 ഫോറും 2 സിക‌്സുമായി 26 തവണ പന്ത‌് അതിർത്തി കടത്തിയ ഇംഗ്ലണ്ട‌് കിരീടത്തിലേക്ക‌്. അക്കൗണ്ടിൽ 14 ഫോറും മൂന്ന‌് സിക‌്സും മാത്രമുള്ള ന്യൂസിലൻഡ‌് തോൽവിയെന്ന യാഥാർഥ്യത്തിനുമുന്നിൽ അവിശ്വസനീയതയോടെ നിന്നു. ചരിത്രത്തിലാദ്യമായാണ‌് സൂപ്പർ ഓവറിന്റെ വിധിയെഴുത്തിലേക്ക‌് ലോക കപ്പ‌് കലാശപ്പോരാട്ടം നീളുന്നത‌്. എന്നിട്ടും വേറിട്ടറിയാൻ ഇരു ടീമുകളും അവസരംതന്നില്ല. ഇതാണ‌് ഫൈനലിന്റെ ആകത്തുക. എന്നാൽ, ഇതിനപ്പുറം അനുഭവിച്ചുമാത്രം അറിയേണ്ട നാടകീയമായ മാറിമറിയലുകളാണ‌് കലാശക്കളിയെ അവിസ‌്മരണീയമാക്കിയത‌്.

ക്രിക്കറ്റിലെ സെലിബ്രിറ്റികളൊന്നുമില്ലാതിരുന്നിട്ടും സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ‌് ആസൂത്രണത്തോടെ കളിക്കാൻ കാട്ടിയ മികവാണ‌് ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും ഫൈനലിൽ എത്തിച്ചത‌്. കലാശക്കളിയിൽ പരസ‌്പരം മനസ്സിലാക്കി പൊരുതാൻ ഇരു ടീമുക‌ളും നന്നായി ഗൃഹപാഠം ചെയ‌്തിരുന്നു. എതിരാളികളുടെ ശക്തിയും ദൗർബല്യവും വിലയിരുത്തി രൂപപ്പെടുത്തിയ തന്ത്രങ്ങൾ കൃത്യതയോടെ കളത്തിൽ പ്രയോഗിക്കാൻ രണ്ടു ടീമുക‌ൾക്കും സാധിച്ചു. തിരിച്ചടികളിൽ തളരാതെ പൊരുതിക്കയറാൻ മിടുക്കുകാട്ടി. ബാറ്റ‌്സ‌്മാന്മാരോട‌് അനിഷ്ടം കാട്ടിയ പിച്ചിൽ ആദ്യം ബാറ്റ‌് ചെയ‌്ത ന്യൂസിലൻഡ‌് 118 റണ്ണിന‌് മൂന്ന‌് വിക്കറ്റ‌് നഷ്ടമായിട്ടും ധീരമായി പൊരുതി 241 റണ്ണിലെത്തി. അർധ സെഞ്ചുറിയടിച്ച ഹെൻട്രി നിക്കോൾസിന്റെയും 47 റണ്ണുമായി പൊരുതിയ ടോം ലഥാമിന്റെയും നിശ്ചയദാർഢ്യം ന്യൂസിലൻഡിന‌് വിജയപ്രതീക്ഷ പകർന്നു. കൃത്യതയാർന്ന ബൗളിങ്ങിലൂടെ 86 റണ്ണിന‌് ഇംഗ്ലണ്ടിന്റെ നാല‌് വിക്കറ്റ‌് പിഴുത ബൗളർമാർ ന്യൂസിലൻഡിനെ വിജയതീരത്തടുപ്പിക്കുമെന്ന‌് തോന്നിച്ചിരുന്നു. തോൽവി മുന്നിൽ കണ്ടിട്ടും അക്ഷോഭ്യനായി ബാറ്റ‌് വീശിയ ഇംഗ്ലണ്ടിന്റെ ബെൻ സ‌്റ്റോക‌്സാണ‌് ന്യൂസിലൻഡിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകളഞ്ഞത‌്. തോൽവിയുടെ വക്കിൽ സ‌്റ്റോക‌്സ‌് നടത്തിയ ധീരപോരാട്ടം മത്സരത്തെ മാറ്റിമറിച്ചു. താരപ്രഭയില്ലെങ്കിലും ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം സന്തുലിതമായ ടീമുകളായിരുന്നു ഇംഗ്ലണ്ടും ന്യൂസിലൻഡും. സെമിയിൽ ഇന്ത്യയെ ന്യൂസിലൻഡും ഓസ‌്ട്രേലിയയെ ഇംഗ്ലണ്ടും വീഴ‌്ത്തിയത‌് ഈ സന്തുലിതശക്തിയുടെ പിൻബലത്തിലാണ‌്. ടീമിലെ ചിലർ മങ്ങുമ്പോൾ മറ്റുള്ളവരിലൂടെ ആ വീഴ‌്ച പരിഹരിക്കാൻ രണ്ടു കൂട്ടർക്കും സാധിച്ചു. ഈ മികവ‌് ഇന്ത്യയടക്കമുള്ള ടീമുകൾക്ക‌് പാഠമാകണം. എത്രമാത്രം പക്വമായാണ‌് ഇംഗ്ലണ്ടും ന്യൂസിലൻഡും കളിച്ചത‌്. നേരിയ വ്യത്യാസത്തിൽ കപ്പ‌് കൈവിട്ടിട്ടും ന്യൂസിലൻഡ‌് കാട്ടിയ പക്വതയും വിനയവും മാതൃകാപരം.

ലോക കപ്പ‌് സെമിയിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയിൽ ഇന്ത്യക്ക‌് ഒരുപാട‌് പഠിക്കാനുണ്ട‌്. ഐപിഎല്ലിന്റെ പണക്കൊഴുപ്പും പകിട്ടുമല്ല അതിനപ്പുറമുള്ള മൂല്യങ്ങളും ആത്മാർപ്പണവുമാണ‌് ക്രിക്കറ്റിനെ മുന്നോട്ടുനയിക്കുന്നതെന്ന‌് ഈ ലോക കപ്പ‌് അടിവരയിടുന്നു. വിജയത്തിനായി ആസ്വദിച്ചുകളിക്കുകയെന്ന അടിസ്ഥാന പ്രമാണത്തിനുമുന്നിൽ താരപ്രഭയോ റെക്കോഡുകളോ ഒന്നുമല്ലെന്നും തെളിഞ്ഞു. ഇന്ത്യൻ ടീമിന്റെ സെലക‌്ഷനിൽ പാളിച്ചപറ്റിയെന്ന വിമർശനവും ബാക്കിനിൽക്കുന്നു. മത്സരതന്ത്രങ്ങളും പലപ്പോഴും പാളി.

ഇംഗ്ലണ്ടിന്റെ കിരീടധാരണവും ന്യൂസിലൻഡിന്റെ വിജയത്തോളം പോന്ന രണ്ടാംസ്ഥാനവും ക്രിക്കറ്റിന‌് പ്രതീക്ഷ പകരുന്നു. ക്രിക്കറ്റിലെ മൂന്നാം ലോകക്കാരായ ബംഗ്ലാദേശും അഫ‌്ഗാനിസ്ഥാനുമെല്ലാം നടത്തിയ മിന്നുന്ന പ്രകടനങ്ങളും ലോക കപ്പ‌് ക്രിക്കറ്റിന്റെ 12–-ാം പതിപ്പിന്റെ ശുഭസൂചനകളാണ‌്. ഫൈനലിനെ അവിസ‌്മരണീയമാക്കിയ ഇംഗ്ലണ്ട‌്, ന്യൂസിലൻഡ‌് ടീമുകൾക്കും പൊരുതി മുന്നോട്ടുവരുന്ന അഫ‌്ഗാനിസ്ഥാനും ബംഗ്ലാദേശിനുമെല്ലാം നിറഞ്ഞ കൈയടി നൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top