25 April Thursday

കൂടുതൽ കരുത്തോടെ ഐക്യത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Feb 26, 2018


നവകേരള സൃഷ്ടിക്കായി ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന ആഹ്വാനത്തോടെ സിപിഐ എം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു. ഹൈദരാബാദിൽ ഏപ്രിലിൽ ചേരുന്ന പാർടി കോൺഗ്രസിന്റെ മുന്നോടിയായി നടന്ന സമ്മേളനം രാഷ്ട്രീയപരവും സംഘടനാപരവുമായ ഐക്യം വിളിച്ചോതുന്നതായി. 87 അംഗ സംസ്ഥാന കമ്മിറ്റിയെയും അഞ്ചംഗ കൺട്രോൾ കമീഷനെയും സമ്മേളനം തെരഞ്ഞെടുത്തു. ഏകകണ്ഠമായിരുന്നു എല്ലാ തെരഞ്ഞെടുപ്പും.

സിപിഐ എമ്മിൽ രാഷ്ട്രീയമായും സംഘടനാപരമായും പൂർണമായ ഐക്യമുണ്ടെന്ന വ്യക്തമായ സന്ദേശമാണ് തൃശൂർ സമ്മേളനം നൽകിയത്. മൂന്നു വർഷം മുമ്പ് ആലപ്പുഴയിൽ ചേർന്ന സമ്മേളനത്തിനുശേഷം എല്ലാതലങ്ങളിലുമുള്ള പാർടി ഘടകങ്ങളിൽനിന്നും വിഭാഗീയത തുടച്ചുനീക്കാൻ കഴിഞ്ഞുവെന്ന അഭിമാനകരമായ നേട്ടം തൃശൂർ സമ്മേളനം പങ്കുവച്ചു. ഇപ്പോൾ പാർടിയിൽ ഒരു ശബ്ദമേയുള്ളൂ. അത് കൂട്ടായ നേതൃത്വത്തിന്റേതാണ്്. അതുകൊണ്ടുതന്നെ രാഷ്ട്രീയ‐സംഘടനാവിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചയാണ് സമ്മേളനത്തിൽ നടന്നത്. പാർടി കോൺഗ്രസിന്റെ പരിഗണനയ്ക്കുവയ്ക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിന്റെ സത്തയോട് പൂർണമായും യോജിപ്പ് പ്രകടിപ്പിക്കാനും സമ്മേളനം തയ്യാറായി. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തിലുള്ള വിശാല ബദൽവേദി കെട്ടിപ്പടുക്കണമെന്ന പാർടി കേന്ദ്രകമ്മിറ്റിയുടെ ആഹ്വാനത്തെ പൂർണമായും അംഗീകരിക്കുന്ന ചർച്ചയാണ് സമ്മേളനത്തിൽ നടന്നത്. കോൺഗ്രസുമായി ധാരണയോ സഖ്യമോ വേണ്ട എന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ നിഗമനത്തോടും സമ്മേളനം യോജിപ്പ് പ്രകടിപ്പിച്ചു. ലെനിനിസ്റ്റ് സംഘടനാതത്ത്വങ്ങൾക്കനുസരിച്ച് ഉൾപാർടി ജനാധിപത്യം പൂർണമായും ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമ്മേളനത്തിൽ നടന്ന ചർച്ച. ക്രിയാത്മകമായ ഈ ചർച്ചയെ ആരോപണങ്ങളാക്കി വക്രീകരിച്ച് വ്യക്തികേന്ദ്രീകൃതമാക്കി ചിത്രീകരിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. തീർത്തും വാസ്തവവിരുദ്ധമായ വാർത്തകളായിരുന്നു അവയൊക്കെ. ഇത്തരം മാധ്യമവേട്ടകൊണ്ടൊന്നും സിപിഐ എമ്മിന് ഒരു പോറൽപോലും ഏൽപിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശവും സംസ്ഥാന സമ്മേളനം നൽകി.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ജനക്ഷേമകരമായ സർക്കാരിന്റെ നയങ്ങളും നടപടികളും നേട്ടങ്ങളും പരമാവധി ജനങ്ങളിലെത്തിക്കാനും പാർടി മുൻകൈയെടുക്കും. അതോടൊപ്പം സംസ്ഥാന സർക്കാരിനെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടികൾ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാണിക്കാനും പാർടി മുൻകൈയെടുക്കും. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതോടൊപ്പം വിഭവങ്ങൾ നിഷേധിച്ചും മറ്റും കേന്ദ്രസർക്കാർ നടത്തുന്ന പ്രതികാര നടപടികളും മറ്റും ജനങ്ങളിലെത്തിക്കാനാണ് തീരുമാനം. ഇതുവഴി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തുകയും പാർടിയുടെ ലക്ഷ്യമാണ്.

അടുത്ത മൂന്നുവർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 45 കാര്യങ്ങളും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിക്കുകയുണ്ടായി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പാർടിയെ രാഷ്ട്രീയമായും സംഘടനാപരമായും തയ്യാറാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പാർടിക്കുള്ളത്. അതോടൊപ്പം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള  ഇടപെടലും പാർടിക്ക് കൈക്കൊള്ളേണ്ടതായിട്ടുണ്ട്.

ഇ എം എസ് സർക്കാരിന്റെ കാലത്താണ് സമഗ്ര ഭൂപരിഷ്കരണം കേരളത്തിൽ നടപ്പിലാക്കിയത്. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും സാമൂഹ്യ‐സാമ്പത്തിക ഉയർച്ചക്കും അടിസ്ഥാന കാരണം ഈ ഭൂപരിഷ്കരണ നടപടിയായിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഭവനരഹിതർക്ക് വീടുനിർമിച്ചുനൽകാനുള്ള വിപുലമായ ലൈഫ് പദ്ധതിക്ക് പിണറായി സർക്കാർ തുടക്കമിട്ടു. ഇതോടൊപ്പം ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകാനും ഒരു പാർടി എന്ന നിലയിൽ സിപിഐ എം മുന്നോട്ടുവരികയാണ്. ഓരോ ലോക്കൽ കമ്മിറ്റിക്കുകീഴിലും ഒരു വീടെങ്കിലും നിർമിച്ചു നൽകുമെന്നാണ് പ്രഖ്യാപനം. 2000 വീടുകളെങ്കിലും നിർമിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം സാന്ത്വന പരിചരണ രംഗത്തും കൂടുതൽ ശ്രദ്ധപതിപ്പിക്കും. എല്ലാ ലോക്കൽ കമ്മിറ്റിക്കുകീഴിലും ഒരു സാന്ത്വന പരിചരണ കേന്ദ്രമെങ്കിലും തുറക്കും. വീടുകളിലെത്തി രോഗികളെ ശുശ്രൂഷിക്കുന്ന വളണ്ടിയർ സേനക്ക് രൂപം നൽകാനും പാർടി തയ്യാറെടുക്കുകയാണ്. മാലിന്യ നിർമാർജനം, ജലസ്രോതസ്സുകളുടെ ശുചീകരണം, ജൈവകൃഷി എന്നിവക്കും സിപിഐ എം ഊന്നൽ നൽകും. ട്രാൻസ്ജെൻഡർ വിഭാഗത്തെ കൂടുതൽ പൊതുസമൂഹവുമായി അടുപ്പിക്കാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തും. യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം, തദ്ദേശസ്വയംഭരണ പ്രതിനിധികൾക്ക് പ്രത്യേക പരിശീലനം, പാർടി അംഗത്വത്തിൽ 25 ശതമാനം വനിതകൾ തുടങ്ങിയ പല കടമകളും അടുത്ത മൂന്നുവർഷത്തിനകം പൂർത്തിയാക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

പാർടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ചർച്ചകളും തീരുമാനങ്ങളുമാണ് തൃശൂരിൽ  ഉണ്ടായത്. കൂടുതൽ ഐക്യത്തോടെയും കരുത്തോടെയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ഉദാരവൽക്കരണ നയങ്ങളെയും വർഗീയതയെയും ശക്തമായി ചെറുക്കുമെന്നും ആദിവാസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതുപോലെ പാർടിയുടെ ഏറ്റവും ഊർജസ്വലമായ ഘടകമാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ കേരളത്തിലെ സിപിഐ എം ശക്തിപ്പെടുന്നത് അഖിലേന്ത്യാതലത്തിൽ പാർടിയെ ശക്തിപ്പെടുത്തും. ദേശീയതലത്തിൽ വിശാലമായ മതനിരപേക്ഷ ജനാധിപത്യ വേദി കെട്ടിപ്പടുക്കുന്നതിൽ കേരളത്തിലെ പാർടിക്കും ഗവൺമെന്റിനും വലിയ പങ്കാണ് വഹിക്കാനാവുക. ഭാരിച്ച ഈ കടമ ഏറ്റെടുക്കുമെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കാൻ സിപിഐ എം സംസ്ഥാന സമ്മേളനം തയ്യാറായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top