04 March Monday

വിശാല ഐക്യം അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Saturday Mar 5, 2022

പ്രതിസന്ധിയുടെ കാലയളവിൽ പ്രതീക്ഷ നൽകിയ, രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധനേടിയ, അധ്വാനിക്കുന്ന  ജനവിഭാഗങ്ങളാകെ  ഉറ്റുനോക്കിയ സിപിഐ എം  സംസ്ഥാന സമ്മേളനത്തിന്‌ കൊടിയിറങ്ങി. ഇനി എല്ലാ ചുവടും ഏപ്രിൽ ആറുമുതൽ പത്തുവരെ കണ്ണൂർ ആതിഥ്യമരുളുന്ന 23–-ാം പാർടി കോൺഗ്രസിലേക്ക്‌. വെല്ലുവിളികൾ തിരിച്ചറിഞ്ഞും കടമകളിൽ ഊന്നിയും ഭാവിപരിപാടികൾ അവതരിപ്പിച്ചുമായിരുന്നു എറണാകുളം സമ്മേളന  നടപടികൾ.  നാലു ദിവസം കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്‌  വലിയ ജനക്കൂട്ടം പൂർണമായും ഒഴിവാക്കി. പൊതുപ്രവർത്തനത്തിന്‌ മാതൃകയാക്കേണ്ടുന്ന മികച്ച  അച്ചടക്കവും പുലർത്തി. റാലിയും കൂറ്റൻപൊതുസമ്മേളനവും ഒഴിവാക്കിയെങ്കിലും അർഥപൂർണമായ അനുബന്ധ പരിപാടികളും കലാസന്ധ്യകളുമുണ്ടായി.

കേന്ദ്ര‐ സംസ്ഥാന ബന്ധങ്ങൾ അടിവരയിട്ട ‘ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത‐ ഇന്ത്യൻ  ജനാധിപത്യത്തിന്റെ ഭാവി’ സെമിനാറിൽ കേരളത്തോട്‌  മോദി സർക്കാർ  പുലർത്തുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യമാണ്‌ പ്രധാനമായും ഉയർന്നത്‌.  ഫെഡറൽ കീഴ്‌വഴക്കങ്ങൾ കാറ്റിൽ പറത്തുകയാണെന്നും  സമീപകാല നിയമങ്ങളുടെ പൊതുദിശ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതാണെന്നും ഓർമിപ്പിച്ചു.  അധിനിവേശത്തിന്റെ  പുതിയ രീതികൾ  സംവാദാത്മകമായി പരിശോധിച്ചതായി  സാംസ്‌കാരിക സമ്മേളനം. ആഗോളവൽക്കരണത്തിന്റെ തുടർച്ചയായി വലതുപക്ഷ നിലപാടുകൾ സാംസ്‌കാരിക രംഗത്തും പ്രബലമാണ്‌. അരാഷ്ട്രീയ ചിന്തകളുടെ അടിത്തറയായി ആ രീതികൾ മാറിക്കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട  പോരാട്ടങ്ങളിലൂടെ വികസിച്ച  ഇടതുപക്ഷ മനസ്സ്‌ ദുർബലമാക്കുന്ന വർഗീയചിന്തകളെയും വലതുപക്ഷാശയങ്ങളെയും പ്രതിരോധിക്കുക നാടിന്റെ നിലനിൽപ്പിന്‌ പ്രധാനമാണ്‌. രാഷ്ട്രീയ സമരങ്ങളാൽമാത്രം ആ ലക്ഷ്യം പൂർത്തിയാക്കുക  അസാധ്യവും. 

സാമൂഹ്യ, സാംസ്‌കാരിക പ്രത്യയശാസ്ത്ര മേഖലകളിൽ സൂക്ഷ്മതല ചെറുത്തുനിൽപ്പുകൾ വികസിപ്പിക്കണം. ബദൽ സംസ്‌കാരം അടിയുറയ്‌ക്കുന്നിടത്തേ ജനകീയ രാഷ്ട്രീയത്തിന്‌ വികസിക്കാനാകൂ. നവോത്ഥാന‐ജനാധിപത്യ കൈവഴികളെ പോഷിപ്പിച്ച  ദീപ്‌ത മാധ്യമപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.  എന്നാൽ, അതിനെ ഉപജാപകവൃന്ദമാക്കി വലതുപക്ഷാശയ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നു. സമ്മേളനങ്ങളുമായി ബന്ധപ്പെട്ട്‌ പടച്ചുവിടുന്ന നുണകൾ മുൻകാലങ്ങളിലേതുപോലെ ഏശിയില്ലെങ്കിലും ശ്രമങ്ങൾ തുടർന്നു.  വലതുപക്ഷവൽക്കരണത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം രൂപപ്പെടുത്തണമെന്ന കാഴ്‌ചപ്പാട്‌ അതിനാൽ പ്രധാനമാണ്‌.
സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ കാൽ നൂറ്റാണ്ടുകൊണ്ട്‌ കേരളത്തെ വികസിത രാജ്യങ്ങളുടെ  നിലവാരത്തിലേക്ക്‌ ഉയർത്താൻ ലക്ഷ്യമിടുന്നതാണ്. വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, തൊഴിൽ തുടങ്ങി സമസ്‌ത മേഖലയിലെയും വികസനം ഉറപ്പാക്കി നവകേരളം കെട്ടിപ്പടുക്കാനുള്ള നിർദേശങ്ങളാണ്‌ അതിൽ. വിവിധ തുറകളിലെ വിദഗ്‌ധരുമായും എൽഡിഎഫ്‌ ഘടകകക്ഷികളുമായും  കൂടിയാലോചിച്ച്‌ സർക്കാരിന്റെ കർമപദ്ധതികൾക്ക്‌ രൂപംനൽകാനും  സമയബന്ധിതമായി നടപ്പാക്കാനുമാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. ഭരണത്തുടർച്ചയുടെ അനുബന്ധമായ  ജനാഭിലാഷം സഫലമാക്കാനും ഭൂരിപക്ഷം ജനങ്ങളുടെ പ്രസ്ഥാനമാകാനുമുള്ള പ്രവർത്തനങ്ങളും  ആവിഷ്‌കരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ‘മഹാസഖ്യം’  രൂപപ്പെട്ടുവരികയാണ്‌. ആ അവിശുദ്ധ മുന്നണിയെ തുറന്നുകാണിച്ച്‌  ശക്തമായ പ്രചാരണം നടത്താനും സമ്മേളനം  തീരുമാനിച്ചു. കേരളത്തിൽ കെട്ടിപ്പൊക്കുന്ന മാർക്‌സിസ്‌റ്റ്‌ വിരുദ്ധ കേന്ദ്രം ദുർബലമാക്കുന്നതിൽ വിജയംവരിച്ചെന്ന നിരീക്ഷണവും നടത്തി.  ആ നിശ്‌ചയദാർഢ്യം രാജ്യത്തിനും വഴികാട്ടേണ്ടതുണ്ട്‌.  നവോത്ഥാന ഉണർവുകളുടെ തുടർച്ചയിൽ ദേശീയ പ്രസ്ഥാനവും പുരോഗമന മുന്നേറ്റങ്ങളും കമ്യൂണിസ്‌റ്റ്‌  പാർടിയും  നടത്തിയ ഇടപെടലുകളാണ് കേരളത്തെ വ്യത്യസ്‌തമാക്കിയത്‌. ആ അടിത്തറയ്‌ക്കു നേരെ  കടുത്ത വെല്ലുവിളികളാണ്.

ഫ്യൂഡൽമൂല്യങ്ങൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ശക്തം. സംഘപരിവാർ  കേന്ദ്രാധികാരം പിടിച്ചതോടെ വർഗീയ അജൻഡകളും ഫാസിസ്‌റ്റ്‌ രീതികളും പ്രതിലോമാശയങ്ങളും  അടിച്ചേൽപ്പിക്കുന്നു. മൃദുഹിന്ദുത്വത്തിന്‌ അടയിരിക്കുന്ന കോൺഗ്രസിന്‌ ബിജെപി ഭരണത്തിന്റെ നടപടികൾ ചെറുക്കാനാകില്ല. ആ പശ്‌ചാത്തലത്തിലാണ്‌ ഇടതുപക്ഷ ജനാധിപത്യ‐മതനിരപേക്ഷ ശക്തികളുടെ വിശാലഐക്യം  അനിവാര്യമാണെന്ന സമ്മേളനത്തിന്റെ  ആഹ്വാനം പ്രസക്തമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top