19 April Friday

നവകേരളത്തിന്‌ ഒരാമുഖം

വെബ് ഡെസ്‌ക്‌Updated: Friday Mar 4, 2022

കൊച്ചിയിൽ നാലുദിവസമായി നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തെ കേരളത്തെ സ്‌നേഹിക്കുന്നവർ ശ്രദ്ധാപൂർവമാണ്‌ നിരീക്ഷിക്കുന്നത്‌. കേരളത്തിന്റെ ഭാവി വികസനത്തിന്റെ ആധാരശില പാകുന്ന ഒരു സുപ്രധാന പ്രക്രിയക്ക്‌ സമ്മേളനം നാന്ദിയാകുന്നതുകൊണ്ടാണ്‌ സിപിഐ എമ്മുമായി ബന്ധമില്ലാത്തവർക്കുപോലും ഈ സമ്മേളനം സവിശേഷമാകുന്നത്‌.
രാഷ്‌ട്രീയ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിക്കൊണ്ടാണ്‌ 2021ൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്.

ആറുവർഷം തുടർച്ചയായി സംസ്ഥാനം ഭരിക്കുന്ന മുന്നണിയെ നയിക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ നവകേരളത്തിനായുള്ള നയരേഖ ചർച്ച ചെയ്യുമ്പോൾ ചരിത്രത്തിൽ സമാനമായ ഒരു സംഭവത്തെക്കുറിച്ച്‌ പരാമർശിക്കാതിരിക്കാനാകില്ല.

ഐക്യകേരളം രൂപീകരിക്കുന്നതിനുമുമ്പ്‌ കമ്യൂണിസ്റ്റ്‌ പാർടി കേരളത്തിന്റെ വികസനത്തിനായുള്ള ഒരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചിരുന്നു. 1956 തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ്‌ പാർടി സമ്മേളനം ഭാവി കേരളം സംബന്ധിച്ച  നയരേഖ  അംഗീകരിച്ചു. ജനങ്ങൾക്കുവേണ്ടിയുള്ള സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനർവിതരണ–- വികസന തന്ത്രമായിരുന്നു അത്‌.  ഭൂപരിഷ്‌കരണമായിരുന്നു നയരേഖയുടെ കാതൽ. വിദ്യാഭ്യാസം സാർവത്രികമാക്കൽ, ആരോഗ്യപരിപാലനം മെച്ചപ്പെടുത്തൽ, ജനങ്ങൾക്കു വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്‌ക്കും പ്രാധാന്യം നൽകി.   കൂട്ടായ വിലപേശലിലൂടെ തൊഴിലാളികളുടെ കൂലി വർധിപ്പിക്കാൻ സഹായിക്കുക, പുതിയ വ്യവസായങ്ങൾ ആരംഭിക്കുക, പരമ്പരാഗത വ്യവസായങ്ങളുടെ പുനഃസംഘടിപ്പിക്കൽ എന്നിവയെല്ലാം ആ നയരേഖയുടെ ഭാഗമായിരുന്നു.

1957ൽ അധികാരമേറ്റ ഇ എം എസ്‌ സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ പരിപാടികൾ ഈ നയരേഖയുടെ അടിസ്ഥാനത്തിലായിരുന്നു.  പിന്നീട്‌ ലോകമാകെ ഖ്യാതി നേടിയ കേരള മോഡലിന്റെ അടിസ്ഥാനശിലയാണിത്‌.  കാർഷിക പരിഷ്‌കരണവും വ്യവസായ വികസനവുമെല്ലാം ഈ നയരേഖ മുന്നോട്ടുവച്ച വഴികളിലൂടെയായിരുന്നു.

കൊച്ചിയിൽ സംസ്ഥാന സമ്മേളനത്തിന്റ ആദ്യദിനത്തിൽ, മാർച്ച്‌ ഒന്നിന്‌ മുഖ്യമന്ത്രിയും പാർടി പൊളിറ്റ്‌ബ്യൂറോ അംഗവുമായ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയെ വിശദമായ ചർച്ചകൾകൊണ്ട്‌ പ്രതിനിധികൾ സമ്പുഷ്‌ടമാക്കി. ആ നിർദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടായിരിക്കും നയരേഖയ്‌ക്ക്‌ അന്തിമരൂപം നൽകുകയെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കിയിട്ടുണ്ട്‌. തികച്ചും ജനാധിപത്യപരമായ പ്രക്രിയയാണ്‌ ഇതിന്റെ തുടർച്ചയായി ഉണ്ടാകുക. എൽഡിഎഫിൽ  നയരേഖ ചർച്ച ചെയ്യും. വിദഗ്‌ധരുടെ അഭിപ്രായങ്ങളും തേടും.  കാലോചിതമായ കാഴ്‌ചപ്പാടുകളാണ്‌ നയരേഖയിലുള്ളത്‌.  നവലിബറൽ നയങ്ങൾ ലോകത്തെയാകെ വരിഞ്ഞു മുറുക്കുമ്പോൾ അതിനൊരു ബദൽ സൃഷ്‌ടിക്കുകയെന്ന ചരിത്രപരമായ ദൗത്യത്തിനാണ്‌ ഈ നയരേഖയിലൂടെ കേരളം പങ്കാളിയാകുന്നത്‌.

ഉദാരവൽക്കരണ നയങ്ങൾ അടിച്ചേൽപ്പിച്ച്‌ സംസ്ഥാനങ്ങളെ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ സമ്മർദത്തിലാഴ്‌ത്തുമ്പോൾ ബദൽനയം അനിവാര്യമാണ്‌. കേന്ദ്രത്തിന്റെ  കടന്നാക്രമണങ്ങള അതിജീവിക്കാനും വികസനവും ജനക്ഷേമവും  ഉറപ്പാക്കാനും നിശ്‌ചയമായും ബദൽ വേണം. ഇതേ സാഹചര്യം നേരിടുന്ന ഇതരസംസ്ഥാനങ്ങൾക്ക്‌ ഉചിതമായ മാതൃകയാക്കാവുന്ന ബദലാണിതെന്നും കേന്ദ്ര –- സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളെ നിരാകരിക്കുന്ന കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്താനും ആഘാതങ്ങൾ ലഘൂകരിക്കാനും ഇത്തരം ബദലുകൾ സഹായിക്കുമെന്നുമാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്‌.

അടുത്ത ഇരുപത്തഞ്ച്‌ വർഷംകൊണ്ട്‌ കേരളത്തിലെ ജീവിതനിലവാരം വികസിത, മധ്യവരുമാന രാഷ്‌ട്രങ്ങൾക്കു സമാനമായി ഉയർത്തുന്നതിനുള്ള  മാർഗരേഖയാകും നയരേഖ. വിദ്യാഭ്യാസം, പരമ്പരാഗതവ്യവസായം, തൊഴിൽ തുടങ്ങി സമസ്‌ത മേഖലയിലെയും വികസനത്തിനായിരിക്കും ഊന്നൽ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ മുന്നോട്ടുനയിക്കാനും  ഉൽപ്പാദനം വർധിപ്പിച്ച്‌ നീതിയുക്തമായി വിതരണം ചെയ്യാനുമുള്ള ഇടപെടലുകൾക്ക്‌ ഈ നയരേഖ നാന്ദികുറിക്കും. വൈജ്ഞാനികരംഗത്ത്‌ കുതിച്ചുചാട്ടമുണ്ടാകാനും ഉന്നതവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുമുള്ള രൂപരേഖകൂടിയാകുമിത്.

ശാസ്‌ത്രസാങ്കേതികവിദ്യ എല്ലാ ജനങ്ങൾക്കും പ്രാപ്യമാക്കുക, സർവകലാശാലാ വിദ്യാഭ്യാസത്തെ ഉൽപ്പാദനമേഖലകളുമായി ബന്ധിപ്പിക്കുക, ജനങ്ങളിലെ സാമൂഹ്യബോധവും ചരിത്രബോധവും മാനവികമൂല്യങ്ങളും കൂടുതൽ വികസിപ്പിക്കുക എന്നിവയിൽ ഊന്നിയുള്ളതാകണം ഭാവികേരളമെന്ന കാഴ്‌ചപ്പാടാണ്‌ നയരേഖ മുന്നോട്ടുവയ്‌ക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top