22 September Friday

ചരിത്രപ്രധാനം പ്രതീക്ഷാനിർഭരം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022


വർഗീയ ഫാസിസത്തിനും നവഉദാര സാമ്പത്തികനയത്തിനുമെതിരെ സമരാങ്കണത്തിലിറങ്ങാൻ ജനതയെ ആഹ്വാനംചെയ്ത് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ സിപിഐ എമ്മിന്റെ  സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യക്കാകെ പ്രത്യാശയും പ്രതീക്ഷയും ആവേശവും നൽകി കേരളത്തിൽ ഇടതുപക്ഷം തുടർഭരണം നേടിയ ചരിത്ര മുഹൂർത്തത്തിലാണ് ഈ സമ്മേളനം. സമ്മേളനത്തിൽ അവതരിപ്പിച്ച, നവകേരള സൃഷ്ടിക്കുള്ള നയരേഖ ചരിത്രപ്രധാനമാണ്. ഇടതുപക്ഷ ബദൽനയങ്ങളുടെ പ്രയോഗവേദികൂടിയാണ് കേരളം. അതുകൊണ്ട്, എല്ലാ അർഥത്തിലും സമ്മേളനത്തിന്റെ തീരുമാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും ഇന്ത്യയാകെ പ്രതീക്ഷയോടെ കാതോർക്കുന്നു.

നമ്മുടെ രാജ്യം വലിയ ആപത്തുകൾ നേരിടുന്നൊരു കാലത്താണ് ഈ സമ്മേളനമെന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.  സ്വാതന്ത്ര്യത്തിന്റെ 75 പിറന്നാളും പരമാധികാര റിപ്പബ്ലിക്കിന്റെ 72 വർഷവും പിന്നിടുന്ന ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടന അട്ടിമറിച്ച് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാൻ മോദി ഭരണം സർവനീക്കവും നടത്തുകയാണ്. പാർലമെന്റിൽ ബിജെപിയുടെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാനശിലകളെത്തന്നെ തകർക്കുന്നു. ജനാധിപത്യാവകാശങ്ങളും മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളുമെല്ലാം നിഷേധിക്കുന്നു. ജനങ്ങളെ മതപരമായി ചേരിതിരിക്കാൻ ഒരു വശത്ത് തീവ്ര വർഗീയനയം നടപ്പാക്കുമ്പോൾ മറുവശത്ത് നവഉദാര സാമ്പത്തികനയത്തിന്റെ ബഹുമുഖ ആക്രമണം അരങ്ങു തകർക്കുന്നു.  ഈ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ  അതിവിശാല സമരനിര കെട്ടിപ്പടുക്കുകയാണ് കമ്യൂണിസ്റ്റ്, ഇടതുപക്ഷ, മതനിരപേക്ഷ ജനാധിപത്യ  പ്രസ്ഥാനങ്ങളുടെ മുഖ്യകടമ. ഈ പാതയിൽ ഉറച്ചു മുന്നേറാൻ ജനങ്ങൾക്കാകെ കരുത്തും പ്രചോദനവും നൽകുന്നതാകും സമ്മേളനം.

കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനമാണ്  പാർടി കോൺഗ്രസ്. സിപിഐ എമ്മിന്റെ 23–--ാം കോൺഗ്രസ് ഏപ്രിലിൽ കണ്ണൂരിൽ ചേരുന്നു. അതിന് മുന്നോടിയായി ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനങ്ങൾവരെ ചിട്ടയോടെ പൂർത്തിയാക്കിയാണ്  സംസ്ഥാന സമ്മേളനം ചേരുന്നത്.  മൂന്ന്‌ വർഷത്തിലൊരിക്കൽ ചേരുന്ന പാർടി കോൺഗ്രസ് ഇക്കുറി കോവിഡ് മഹാമാരിമൂലം നാല്‌ വർഷത്തെ ഇടവേളയിലാണ് ചേരുന്നത്. നാല്‌ വർഷത്തോളമായി സംസ്ഥാനത്ത് പാർടി നടത്തിയ സമര, സംഘടനാ പ്രവർത്തനങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും പരിശോധിച്ച്, പോരായ്മകൾ പരിഹരിക്കാനുള്ള നിർദേശങ്ങളോടെ ഭാവിപരിപാടികൾക്ക് സമ്മേളനം രൂപം നൽകും. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ വീറും സർഗശേഷിയും വ്യക്തമാക്കുന്നതാകും ആ പരിപാടികൾ. എല്ലാ രംഗത്തും ജനപക്ഷ നിലപാടുകൾ സ്വീകരിച്ച്, ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ അധ്യായങ്ങൾ രചിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുന്നേറ്റത്തിന്  സമ്മേളനം വഴിയൊരുക്കും.

പാർടിയുടെ എല്ലാ സമ്മേളനത്തിലുമെന്നപോലെ ഈ സമ്മേളനത്തിലും സാർവദേശീയ, ദേശീയ, സംസ്ഥാന വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യും. നിലപാടുകളിൽ വ്യക്തത വരുത്തും. കോവിഡ് മഹാമാരിയും അതിന്റെ പ്രത്യാഘാതങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും തുടരുന്നുവെന്നതാണ് ലോക സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യം. അതേസമയം, ആഗോള സാമ്പത്തികമാന്ദ്യവും രൂക്ഷമായി തുടരുന്നു.  മഹാമാരിക്കാലം നവഉദാര സാമ്പത്തികനയങ്ങളുടെ തികഞ്ഞ പരാജയം വെളിപ്പെടുത്തി. കോവിഡിനെ നേരിടാൻ മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളും സ്വീകരിച്ച നടപടികളിലെ വ്യത്യാസം ജനങ്ങൾക്ക് ബോധ്യപ്പെട്ടു.  സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ശക്തമായ പൊതുജനാരോഗ്യ സംവിധാനം ജനങ്ങൾക്ക് തുണയായപ്പോൾ  മുതലാളിത്ത രാജ്യങ്ങളിൽ അങ്ങനെയൊരു സംവിധാനംതന്നെ ഇല്ലായിരുന്നു. 2008 മുതൽ തുടരുന്ന സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ നവഉദാര നയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോവിഡ് സ്ഥിതിഗതികൾ വീണ്ടും വഷളാക്കി. ജനങ്ങളുടെ  ജീവനും ജീവിതവും നഷ്ടപ്പെട്ടു.

ആഗോളതലത്തിലും ഇന്ത്യയിലും പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചു. എവിടെയും അസമത്വത്തിന്റെ അതിതീവ്ര വ്യാപനം. ഇതേസമയം, ആഗോളശക്തിയെന്ന നിലയിൽ ചൈനയുടെ സ്വാധീനം വർധിച്ചു. ചൈനയെ തടയാനും ഒറ്റപ്പെടുത്താനും അമേരിക്കൻ സാമ്രാജ്യത്വം തുടർച്ചയായി ശ്രമിക്കുന്നുണ്ട്. ഇന്ത്യയാകട്ടെ, അമേരിക്കയുടെ പാദസേവകരായി. ലാറ്റിനമേരിക്കയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ്‌ ഉയരുന്നുണ്ടെന്നത് ഇതോടൊപ്പം കാണണം. ചിലി, വെനസ്വേല, ബൊളീവിയ, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ ഇടതുപക്ഷ, പുരോഗമന ശക്തികൾ തെരഞ്ഞെടുപ്പിൽ വിജയം നേടി.

ഇന്ത്യയിൽ മോദി ഭരണം ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുകയാണ്. കോർപറേറ്റ് - വർഗീയസഖ്യം ശക്തിപ്പെട്ടു. ദേശീയ ആസ്തികൾ കൊള്ളയടിക്കുന്നു. എല്ലാം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതുന്നു. ഏകാധിപത്യം പൂർണതോതിൽ നടപ്പാക്കാനാണ് ശ്രമം. ബിജെപിയുടെ ഈ നയങ്ങൾക്കെതിരെ രാജ്യത്ത്  കർഷകരും തൊഴിലാളികളുമടക്കം വിവിധ ജനവിഭാഗങ്ങൾ  ശക്തമായ പ്രക്ഷോഭങ്ങളുടെ പാതയിലാണ്.  മോദിയെ മുട്ടുമടക്കിച്ച  കർഷകസമരം സ്വതന്ത്ര ഇന്ത്യയിലെ സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. ഇക്കാര്യങ്ങളൊക്കെ സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടും.

സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള സൃഷ്ടിക്കുള്ള നയരേഖ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്.  1956ൽ തൃശൂരിൽ ചേർന്ന  പാർടിയുടെ സംസ്ഥാന സമ്മേളനം പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശങ്ങൾ എന്ന പ്രമേയം അംഗീകരിച്ചിരുന്നു. കേരളം നടപ്പാക്കിയ ബദൽനയങ്ങളുടെ അടിസ്ഥാനം ഈ പ്രമേയമാണ്.  വികസനത്തിന്റെ കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോജിച്ചു നിൽക്കണമെന്ന കാഴ്ചപ്പാട് അന്ന് പ്രമേയം മുന്നോട്ടുവച്ചു.  ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 57ലെ തെരഞ്ഞെടുപ്പിൽ പാർടിയുടെ പ്രകടനപത്രിക. ആ പത്രികയ്‌ക്ക് ജനങ്ങൾ നൽകിയ അംഗീകാരമായിരുന്നു ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ. വിവിധ മേഖലകളിൽ കേരളം ഇന്ന് ആർജിച്ചിട്ടുള്ള എല്ലാ പുരോഗതിക്കും അടിത്തറയിട്ടത് ഇ എം എസ് നയിച്ച ആ മന്ത്രിസഭയാണ്. ഇപ്പോൾ,  നവകേരള സൃഷ്ടിക്കുള്ള നയരേഖ അവതരിപ്പിക്കുമ്പോൾ പുതിയൊരു ചരിത്ര മുഹൂർത്തം പിറക്കുകയാണ്. ലോക ചരിത്രത്തിൽ കൊച്ചു കേരളത്തിന് സവിശേഷമായ പദവി നേടിക്കൊടുത്ത, കേരളത്തിന്റെ അലകും പിടിയും മാറ്റിപ്പണിത, നവോത്ഥാനഗതിക്ക് പുതിയ ദിശാബോധം നൽകിയ മഹാപ്രസ്ഥാനം ഭാവികേരളത്തിന് വഴിതെളിക്കുന്നു. അതെ, സിപിഐ എം സംസ്ഥാന സമ്മേളനം കേരളത്തിന്റെ ചരിത്രത്തിൽ പുതിയ ഏട് എഴുതിച്ചേർക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top