26 April Friday

കേന്ദ്രത്തിന്‌ താക്കീതായി സത്യഗ്രഹസമരം

വെബ് ഡെസ്‌ക്‌Updated: Monday Aug 24, 2020


ഭൂരിപക്ഷം വീടുകളും സമരകേന്ദ്രങ്ങള‌ായി മാറുന്ന അത്യപൂർവമായ പ്രക്ഷോഭത്തിനാണ്‌ ഇന്നലെ വൈകിട്ട്‌ കേരളം സാക്ഷ്യം വഹിച്ചത്‌. സിപിഐ എം പതാകയും പ്രധാന ആവശ്യങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും വഹിച്ച്‌ കുടുംബസമേതം സമരം നടത്തുന്ന കാഴ്‌ച പ്രക്ഷോഭചരിത്രത്തിലെതന്നെ പുതിയ ഏടായി മാറി. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ ജനദ്രോഹ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ  കേരളീയരിൽ പതഞ്ഞുപൊങ്ങുന്ന രോഷത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന സമരമായിരുന്നു ഇത്‌. ആരോഗ്യമാനദണ്ഡം അനുസരിച്ച്‌ നടത്തിയ സമരം കോവിഡ്‌–-19 കാലത്ത്‌ എങ്ങനെയാണ്‌ സമരം നടത്തേണ്ടത്‌ എന്നതിനുകൂടി മാതൃക സൃഷ്ടിക്കുന്നതായി.

പൊതുസ്ഥലങ്ങളിൽനിന്ന്‌ സമരകേന്ദ്രം വീടുകളിലേക്ക്‌ മാറി. വീടുകൾക്ക്‌ പുറത്ത്‌ മാത്രമല്ല വീടിനകത്തും രാഷ്‌ട്രീയം ചർച്ച ചെയ്യേണ്ടതാണെന്ന  ശക്തമായ സന്ദേശവും ഈ സമരം നൽകുന്നുണ്ട്‌. കാൽക്കോടിയോളം പേരാണ്‌ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തത്‌ എന്നതിൽനിന്ന്‌ സമരം വൻ വിജയമായിരുന്നുവെന്ന്‌ വിലയിരുത്താം. മനുഷ്യച്ചങ്ങലയും മനുഷ്യമതിലും അടുപ്പുകൂട്ടി സമരവും മറ്റും വൻ വിജയമാക്കിയ പ്രസ്ഥാനത്തിന്‌ പുതിയൊരു സമരരീതികൂടി വൻ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ കഴിഞ്ഞു. പാർടി ഓഫീസുകളും വർഗബഹുജന സംഘടനകളുടെ ഓഫീസുകളും സമരകേന്ദ്രങ്ങളായി മാറി.

കോവിഡ്‌ മഹാമാരിയെ പിടിച്ചുകെട്ടുന്നതിലും തടയുന്നതിലും മോഡി സർക്കാർ ദയനീയമായി പരാജയപ്പെടുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. രോഗം തടയുന്നതിൽ പരാജയപ്പെട്ട അമേരിക്കയെയും ബ്രസീലിനെയും മാതൃകയാക്കി കോവിഡിനെ തടയാൻ ശ്രമിക്കുന്ന രീതിയാണ്‌ മോഡി സ്വീകരിച്ചത്‌. മാത്രമല്ല, ജനങ്ങൾക്ക്‌ ആശ്വാസം പകരുന്ന നടപടികളൊന്നും സർക്കാരിൽ നിന്നുണ്ടായില്ല. 20 ലക്ഷം കോടി രൂപയുടെ കോവിഡ്‌ പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും സാധാരണ ജനങ്ങളുടെ കൈവശം പണമെത്തുന്ന കാര്യമായ പദ്ധതിയൊന്നും പ്രഖ്യാപിച്ചില്ല.  കോവിഡ്‌ രോഗം പടർന്നുപിടിച്ചതോടെ 15 കോടി പേർക്കാണ്‌ തൊഴിൽ നഷ്ടമായത്‌. ശമ്പളം പറ്റുന്ന 1.89 കോടി പേർക്കും തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ്‌ ഏറ്റവും അവസാനം വന്ന കണക്ക്‌. ഇതിൽ 50 ലക്ഷവും സംഘടിതമേഖലയിൽ നിന്നുള്ളവർക്കാണ്‌ എന്നറിയുമ്പോഴേ തൊഴിൽ നഷ്ടത്തിന്റെ വ്യാപ്‌തി മനസ്സിലാകൂ. ഇതുകൊണ്ടാണ്‌ സിപിഐ എം കേന്ദ്ര സർക്കാരിന്‌ മുമ്പിൽ 16 ഇന ആവശ്യങ്ങൾ മുന്നോട്ടുവച്ചത്‌. അതിൽ ഏറ്റവും പ്രധാനം ആദായനികുതി നൽകാത്ത എല്ലാ കുടുംബങ്ങൾക്കും 7500 രൂപവീതം ആറുമാസത്തേക്ക്‌ നൽകണമെന്നതാണ്‌. മാത്രമല്ല, ആവശ്യക്കാർക്ക്‌ 10 കിലോ ഭക്ഷ്യധാന്യവും നൽകണമെന്നും ആവശ്യപ്പെടുകയുണ്ടായി. ജീവൻ നിലനിർത്താൻ ജനങ്ങൾക്ക്‌ ഈ സഹായമെങ്കിലും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.


 

മഹാമാരിക്കാലത്ത്‌ ജനങ്ങളെ സഹായിക്കുന്നതിനുപകരം അവരുടെ ജീവിതം ദുരിതപൂർണമാക്കുന്ന നടപടികളാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നത്‌. മഹാമാരി തടയാൻ കൂടുതൽ ആരോഗ്യ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിനേക്കാൾ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തുന്നതിനാണ്‌ മോഡി സർക്കാർ മുൻഗണന നൽകിയത്‌. മാത്രമല്ല, വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനങ്ങളാണ്‌ ജനങ്ങളെ മുഴുവൻ ലോക്‌ഡൗണിലാക്കിയ വേളയിൽ കൈക്കൊണ്ടിട്ടുള്ളത്‌. സ്വാതന്ത്ര്യസമരകാലത്തോളം പഴക്കമുള്ള പോരാട്ടങ്ങളുടെ ഫലമായി ഇന്ത്യൻ തൊഴിലാളിവർഗം നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കുംവിധം തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയത്‌ വൻ പ്രതിഷേധമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. ആഗോളതാപനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ നമ്മുടെ പ്രകൃതിവിഭവങ്ങൾ വൻകിട കോർപറേറ്റുകൾക്ക്‌ കൊള്ളയടിക്കുന്നതിന്‌ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനമിറക്കിയതും വൻ പ്രതിഷേധമാണ്‌ ഉയർത്തുന്നത്‌.

ചർച്ചയ്‌ക്കുപോലും അവസരം നൽകാതെയാണ്‌ ധൃതിപിടിച്ചുള്ള ഈ നീക്കം.  അതുപോലെ കൃഷി ഭൂമിയും കൃഷി തന്നെയും കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന നയങ്ങളും സർക്കാരിൽ നിന്നുണ്ടായി. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും കരാർ കൃഷിയും പ്രോൽസാഹിപ്പിക്കുന്ന മൂന്ന്‌ ഓർഡിനൻസും പുറത്തിറക്കുകയുണ്ടായി. അതോടൊപ്പം വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും സാധാരണ വിദ്യാർഥികൾക്ക്‌ വിദ്യാഭ്യാസമേഖലയെ അപ്രാപ്യമാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ വിദ്യാഭ്യാസ നയവും അടിച്ചേൽപ്പിക്കുകയാണ്‌. ലാഭകരമായ ബിപിസിഎൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾപോലും കോർപറേറ്റുകൾക്ക്‌ വിൽക്കുകയാണ്‌. റെയിൽവേ, ഓർഡിനൻസ്‌ ഫാക്ടറികൾ, ബഹിരാകാശ മേഖല എന്നിവയെല്ലാം  വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുകയാണ്‌. തിരുവനന്തപുരം വിമാനത്താവളവും ഇതിൽപ്പെടും. തലസ്ഥാന നഗരിയിലുള്ള വിമാനത്താവള നടത്തിപ്പ്‌ അദാനിയെ ഏൽപ്പിക്കാൻ മോഡി സർക്കാർ നടത്തുന്ന നീക്കത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം കൂടിയാണ്‌ ഞായറാഴ്‌ച അലയടിച്ചത്‌.

ജനങ്ങളുടെ ഈ വികാരത്തെ അവഗണിച്ച്‌ മുന്നോട്ടുപോകുന്ന പക്ഷം സംസ്ഥാനത്ത്‌ കേന്ദ്രവിരുദ്ധ പ്രക്ഷോഭം ഇരമ്പിമറിയുകതന്നെ ചെയ്യുമെന്നതിന്റെ സൂചനയാണ്‌ സത്യഗ്രഹസമരം. കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച്‌ എൽഡിഎഫിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാമെന്ന യുഡിഎഫ്, ബിജെപി  മഴവിൽ സഖ്യത്തിന്റെ  ആഗ്രഹം കേരളത്തിന്റെ മണ്ണിൽ നടക്കില്ലെന്ന്‌ ലക്ഷക്കണക്കിന്‌ വീടുകളിൽനിന്ന്‌ ഉയർന്ന ഈ പ്രതിഷേധം വ്യക്തമാക്കുന്നു. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർതന്നെ കുടുംബസമേതം സത്യഗ്രഹസമരത്തിൽ പങ്കാളിയായി.  സർക്കാരിനെ ദുർബലമാക്കി കോവിഡ്‌ പ്രതിരോധത്തെ തകർക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന വലിയ സന്ദേശവും ഈ സമരം നൽകുന്നുണ്ട്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top