09 December Saturday

പ്രതീക്ഷയുടെ സൂര്യോദയം

വെബ് ഡെസ്‌ക്‌Updated: Monday Apr 11, 2022കേരളം ഹൃദയത്തോട് ചേർത്തുപിടിച്ച അഞ്ചുദിനം. ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധവും പ്രത്യാശയും പ്രതീക്ഷയും പകർന്ന രാപ്പകലുകൾ. സമരപാതകൾക്ക് നാവും സ്വരവും കരുത്തും പകർന്ന അർഥപൂർണമായ നിമിഷങ്ങൾ. പച്ചമനുഷ്യരുടെ പോരാട്ട സ്മരണകൾ കനലായി ജ്വലിക്കുകയും കടലായി ഇരമ്പുകയും ചെയ്യുന്ന കണ്ണൂരിൽ അഞ്ചു ദിവസമായി നടന്ന സിപിഐ എം 23–--ാം പാർടി കോൺഗ്രസ് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ മായാമുദ്രയായി. നാളെ പുതിയ സൂര്യനുദിക്കുമെന്ന പ്രഖ്യാപനമായി. ഇന്ത്യൻ ഭരണവർഗങ്ങളുടെ നയങ്ങൾക്കെതിരെ ജനകോടികളെ സമരപാതയിൽ അണിനിരത്തി ബദലുയർത്തുമെന്ന പാർടി കോൺഗ്രസിന്റെ പ്രഖ്യാപനം രാജ്യത്തിനാകെ ആവേശം പകരുന്നതാണ്. ഹിന്ദുത്വ വർഗീയ ഫാസിസത്തിനും നവഉദാര സാമ്പത്തികനയത്തിനുമെതിരെ സന്ധിയില്ലാസമരമാണ് പാർടി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ചരിത്രത്തിൽ വേരൂന്നി, വർത്തമാനകാല യാഥാർഥ്യങ്ങൾ ഇഴകീറി പരിശോധിച്ച്, ജനാധിപത്യത്തിന്റെ ശരിയായ ഉള്ളടക്കത്തോടെ മുന്നേറിയ മഹാസമ്മേളനം അക്ഷരാർഥത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകുകയും ചെയ്തു.

ഐക്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും അജൻഡകൾ ഒന്നൊന്നായി പൂർത്തിയാക്കി പാർടി കോൺഗ്രസ് സമാപനത്തിലേക്കെത്തിയപ്പോൾ കണ്ണൂരിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ സിപിഐ എമ്മിന്റെ മുന്നേറ്റം അടിവരയിട്ട് വെളിപ്പെടുത്തി. ജനലക്ഷങ്ങൾ അണിനിരന്ന അത്യന്തം ആവേശകരമായ റാലിയോടെയാണ് കോൺഗ്രസ് സമാപിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെയും ജൻമിത്വത്തിന്റെയും കിരാത വാഴ്ചയ്‌ക്കെതിരെ എണ്ണമറ്റ പോരാട്ടങ്ങൾ നടന്ന കേരളത്തിന്റെ സമരച്ചൂട് ഏറ്റുവാങ്ങുന്നതായിരുന്നു സമാപനറാലിയും സമ്മേളനവും. പാർടി കോൺഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്‌ ബ്യൂറോയെയും തെരഞ്ഞെടുത്തു. സീതാറാം യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായി. പിബിയിൽ കേരളത്തിൽനിന്ന് എ വിജയരാഘവനെ ഉൾപ്പെടുത്തി. കേരളത്തിൽനിന്ന് പി സതീദേവി, സി എസ് സുജാത, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരടക്കം കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളുണ്ട്.

സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയവും പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ടും പാർടി കോൺഗ്രസിലെ സുപ്രധാന അജൻഡകളായിരുന്നു. രണ്ടും അംഗീകരിച്ച പാർടി കോൺഗ്രസ് ഭാവിയിലേക്കുള്ള കൃത്യവും വ്യക്തവുമായ നിലപാടുകൾ കൈക്കൊണ്ടു. രാഷ്ട്രീയ അടവുനയം വിജയിപ്പിക്കാനാവശ്യമായ കർമപദ്ധതികൾ തയ്യാറാക്കി. ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് നയിക്കുന്ന ബിജെപിയുടെ കേന്ദ്രഭരണം ജനങ്ങളുടെ ജീവിതത്തിനും ജീവനും നേരെ ബഹുമുഖ ആക്രമണം നടത്തുകയാണ്. ബഹുസ്വരതയിലധിഷ്ഠിതമായ ഇന്ത്യയുടെ മഹത്തായ സംസ്കാരത്തിനും ഐക്യത്തിനും അഖണ്ഡതയ്‌ക്കും നേരെ കടുത്ത വെല്ലുവിളി ഉയർത്തുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ തകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാൻ സർവ നീക്കവും നടത്തുന്നു. ഇതിനെതിരെ മതനിരപേക്ഷ -ജനാധിപത്യ ശക്തികളെയാകെ അണിനിരത്തേണ്ടത് സിപിഐ എമ്മിന്റെ ഏറ്റവും പ്രധാന ദൗത്യമായി രാഷ്ട്രീയപ്രമേയം പ്രഖ്യാപിക്കുന്നു.

നവലിബറൽ സാമ്പത്തികനയമാകട്ടെ, ജനജീവിതത്തെയാകെ ശ്വാസം മുട്ടിച്ചും ഞെക്കിപ്പിഴിഞ്ഞും ചോര കുടിച്ചും അലറി വിളിക്കുന്നു. നാടിന്റെ സമ്പത്തുമുഴുവൻ അതിസമ്പന്നർക്ക് കൈമാറുന്നു. കോർപറേറ്റുകളുടെ ലാഭാർത്തിക്ക് എല്ലാം അടിയറ വയ്ക്കുകയാണ്. ബൂർഷ്വാ- ഭൂപ്രഭുവർഗങ്ങളുടെ പ്രതിനിധികളായ ബിജെപിയും കോൺഗ്രസും ഈ നയത്തിന്റെ കാര്യത്തിൽ ഒരേ തൂവൽപ്പക്ഷികളാണ്. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പാർടികളുടെയും കരുത്ത് വർധിപ്പിച്ചുമാത്രമേ ഈ നയങ്ങളെ നേരിടാനാകൂ. ഈ പശ്ചാത്തലത്തിലാണ് പാർടി കോൺഗ്രസ് അംഗീകരിച്ച സംഘടനാ റിപ്പോർട്ടിന്റെ വലിയ പ്രസക്തി. സംഘടനാരംഗത്ത് നേരിടുന്ന ദൗർബല്യങ്ങൾ പരിഹരിച്ച്, കൂടുതൽ ബഹുജന സ്വാധീനമുള്ള വിപ്ലവ ബഹുജന പാർടി കെട്ടിപ്പടുക്കുന്നതിനാണ് റിപ്പോർട്ടിലെ ഊന്നൽ. അതിന് ഒട്ടേറെ പരിപാടികൾ റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. ഇന്ത്യയിലാകെ സിപിഐ എമ്മിന്റെ കരുത്തും സ്വാധീനവും വർധിപ്പിക്കുന്നതിനുള്ള പരിപാടികൾ.

പാർടി കോൺഗ്രസിന്റെ ഭാഗമായി, മതനിരപേക്ഷത, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്നിവയെ മുൻ നിർത്തി സംഘടിപ്പിച്ച സെമിനാറുകളും ഇന്ത്യയാകെ ശ്രദ്ധിച്ചുവെന്ന് എടുത്തു പറയേണ്ടതുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് എന്നിവരുടെ പങ്കാളിത്തം വലിയ വാർത്താപ്രാധാന്യവും നേടി. കെ വി തോമസിനെ കെപിസിസി വിലക്കിയത് ആ പാർടിയിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്. ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിനുള്ള ദൗർബല്യം ഒരിക്കൽക്കൂടി മറനീക്കി പുറത്തുവന്നു.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കോട്ടയായ കണ്ണൂരിൽ നടന്ന പാർടി കോൺഗ്രസ് എല്ലാ അർഥത്തിലും കേരളത്തിന് അഭിമാനവുമായി. കേരളത്തിന്റെ വികസന മോഡലും ബദൽ നിലപാടുകളും രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് പാർടി കോൺഗ്രസ് പ്രഖ്യാപിച്ചു. പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസും നായനാരുമെല്ലാം വളർത്തിയെടുത്ത കേരളത്തിലെ പ്രസ്ഥാനം തുടർഭരണത്തിലൂടെ നവകേരളത്തിന്റെ പുതിയ ചരിത്രം രചിക്കുന്ന ഘട്ടത്തിലാണ് പാർടി കോൺഗ്രസ് ഇവിടെ നടന്നത്. ഈ ആവേശം ഇന്ത്യയാകെ പടരുന്നത് വിവിധ സംസ്ഥാന പ്രതിനിധികൾ ചൂണ്ടിക്കാട്ടുകയുണ്ടായി.

നൂറ്റാണ്ടപ്പുറം 1920ൽ ഉയർന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കൊടി കൂടുതൽ ഉയരത്തിൽ പാറിക്കുമെന്ന പ്രഖ്യാപനത്തോടെ പാർടി കോൺഗ്രസ് സമാപിച്ചപ്പോൾ, എവിടെയും പിറക്കുന്നത് പുതിയൊരിന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകൾ. കാല, ദേശ, വംശ, വർണ, ജാതി, മത വ്യത്യാസമില്ലാത്ത പുതിയ ഇന്ത്യ. ആ ഇന്ത്യയിലേക്കാകട്ടെ നമ്മുടെ ചുവടുകൾ. സമ്മേളനം സമാപനത്തോടടുക്കവെ, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം സി ജോസഫൈന്റെ വേർപാട് വേദന പടർത്തി. സഖാവിന് പ്രണാമം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top