26 April Friday

ഉൾപ്പാർടി ജനാധിപത്യം ബലപരീക്ഷണമല്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018


രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർടിയായ സിപിഐഎമ്മിന്റെ 22‐ാം പാർടി കോൺഗ്രസ് ഹൈദരാബാദിൽ തുടരുകയാണ്. ഇന്ത്യയിലെ മുഴുവൻ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ബൂർഷ്വാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നതാണ് സിപിഐ എമ്മിന്റെ പാർടി കോൺഗ്രസ്. ദേശീയ രാഷ്ട്രീയത്തെ ഏറെ സ്വാധീനിക്കുന്ന ചർച്ചയും തീരുമാനങ്ങളുമായിരിക്കും പാർടി കോൺഗ്രസിലുണ്ടാവുക എന്നതുകൊണ്ടാണ് ദേശീയശ്രദ്ധ ഹൈദരാബാദിലേക്ക് തിരിയുന്നത്.

തെലങ്കാനയുടെ മണ്ണാണ് ഇത്തവണ പാർടി കോൺഗ്രസിന് വേദിയാകുന്നത്. 2002ൽ 17‐ാം പാർടി കോൺഗ്രസും ഇതേ നഗരത്തിലാണ് ചേർന്നത്. സ്വതന്ത്ര ഇന്ത്യയുടെ കണ്ണും കാതും കാർഷികപ്രശ്നങ്ങളിലേക്ക് തിരിച്ചുവിട്ടത് തെലങ്കാനയിലെ സായുധ കർഷകസമരമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിനുശേഷവും ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ ഇന്ത്യൻ ഭരണവർഗത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. തെലങ്കാന സമരത്തിന് നേതൃത്വം നൽകിയ അതേ കമ്യൂണിസ്റ്റ് പ്രസ്ഥാനംതന്നെയാണ് മഹാരാഷ്ട്രയിലെ കർഷകമാർച്ചിനും നേതൃത്വം നൽകിയത്. കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് അന്നും ഇന്നും ഒരുപോലെ പ്രസക്തിയുണ്ടെന്ന് തീക്ഷ്ണമായ ഈ സമരങ്ങൾ വിരൽചൂണ്ടുന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങൾ രാജ്യത്ത് ശക്തിപ്പെട്ടാൽമാത്രമേ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്ന സന്ദേശമാണ് ഈ സമരങ്ങൾ നൽകുന്നത്. സിപിഐ എമ്മിന്റെ 22‐ാം പാർടി കോൺഗ്രസ് ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയവും ഇതുതന്നെയാണ്. ഇത്തരം സമരങ്ങൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങളാണ് പ്രധാനമായും പാർടി കോൺഗ്രസിൽനിന്ന് ഉണ്ടാവുക.

പാർടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയം അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിക്കുന്ന ഒരുകാര്യം സിപിഐ എമ്മിനെ ശക്തിപ്പെടുത്തുക എന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ എം ശക്തിപ്പെട്ടാൽമാത്രമേ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് കരുത്താർജിക്കാൻ കഴിയൂ. 22‐ാം പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിച്ച മറ്റു കമ്യൂണിസ്റ്റ്‐ ഇടതുപക്ഷ പാർടികളുടെ നേതാക്കളെല്ലാംതന്നെ ഊന്നിപ്പറഞ്ഞ കാര്യവും ഇതാണ്. ഫാസിസ്റ്റ് ശക്തികളെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചാൽമാത്രം പോരെന്നും വേരോടെ പിഴുതെറിയാൻ കഴിയണമെങ്കിൽ ശക്തമായ ഇടതുപക്ഷം ഉയർന്നുവരികതന്നെ വേണമെന്നുമാണ് ഇടതുപക്ഷ പാർടികൾ പൊതുവേ പ്രകടിപ്പിച്ച അഭിപ്രായം. ഇത് സാധ്യമാകണമെങ്കിൽ ഇടതുപക്ഷ പാർടികൾ സ്വയം കരുത്താർജിക്കുന്നതോടൊപ്പം അവർ തമ്മിലുള്ള ഐക്യവും ദ്യഢമാകണം. ഈ ദിശയിലുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകാൻ സിപിഐ എം മുന്നോട്ടുവരണമെന്നാണ് ഇടതുപക്ഷ പാർടികൾ പൊതുവേ പ്രകടിപ്പിച്ച അഭിപ്രായം. സ്വാഭാവികമായി ഈ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് 22‐ാം പാർടി കോൺഗ്രസ് രൂപംനൽകും.

സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട അജൻഡ അടുത്ത പാർടി കോൺഗ്രസ്വരെയുള്ള രാഷ്ട്രീയതന്ത്രത്തിന് രൂപംനൽകുക എന്നതാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമമായി അംഗീകാരം നൽകേണ്ടത് പാർടി കോൺഗ്രസാണ്. ഉൾപ്പാർടി ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് കരട് രാഷ്ട്രീയപ്രമേയത്തിന് അംഗീകാരം നൽകുന്ന പ്രക്രിയ. പാർടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിൽ ഭേദഗതികൾ അവതരിപ്പിക്കാൻ പാർടി അംഗങ്ങൾക്ക് അധികാരമുണ്ട്. ഓരോ പാർടി ഘടകവും കരട് രാഷ്ട്രീയപ്രമേയം വിശദമായ ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഈ പ്രക്രിയ ഈ സമ്മേളനകാലത്തും സജീവമായി നടന്നു എന്നതിന്റെ തെളിവാണ് എണ്ണായിരത്തിലധികം വരുന്ന ഭേദഗതിനിർദേശം. ഇതിൽ ഏഴായിരത്തോളവും ദേശീയരാഷ്ട്രീയത്തെ സംബന്ധിച്ചതായിരുന്നു. അറുനൂറിലധികം നിർദേശങ്ങളും മുന്നോട്ടുവച്ചു. ഈ ഭേദഗതികൾകൂടി ഉൾപ്പെടുത്തിയാണ് പാർടി കോൺഗ്രസിൽ കരട് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. പാർടി കോൺഗ്രസിലെ പ്രതിനിധികൾ ഇത് വീണ്ടും ചർച്ചയ്ക്ക് വിധേയമാക്കും. കരട് രാഷ്ട്രീയ പ്രമേയത്തെ സംബന്ധിച്ച് പാർടി കേന്ദ്ര കമ്മിറ്റിയിലെ വ്യത്യസ്ത അഭിപ്രായവും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു. ആരോഗ്യകരമായ സംവാദത്തിന്റെയും ഉൾപ്പാർടി ജനാധിപത്യത്തിന്റെയും ഏറ്റവും ഉന്നതമായ മാതൃകയാണിത്. ഇതിനെ ബലപരീക്ഷണമായും ഗ്രൂപ്പ് തിരിഞ്ഞുള്ള അഭിപ്രായമായും ചിത്രീകരിക്കുകയാണ് ബൂർഷ്വാ മാധ്യമങ്ങൾ. ആരോഗ്യകരമായ സംവാദത്തെയും ചർച്ചയെയും കമ്പോളമത്സരത്തിന്റെ കണ്ണുകളിലൂടെ കാണാനാണ് ബൂർഷ്വാ മാധ്യമങ്ങൾക്ക് താൽപ്പര്യം. രാഷ്ട്രീയപാർടികളിലെ ആരോഗ്യകരമായ എല്ലാ പ്രവണതകളെയും മുനയൊടിക്കുക എന്ന ധർമമാണ് മാധ്യമങ്ങൾ നിർവഹിക്കുന്നത്. സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെ പതാകവാഹകരായി അതിന് ജയ് വിളിക്കുന്ന ധർമം മാത്രമാണ് രാഷ്ട്രീയ പാർടികൾക്ക് നിർവഹിക്കാനുള്ളത് എന്നാണ് ഇവർ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി കമ്യൂണിസ്റ്റ് പാർടികൾ സഞ്ചരിക്കുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നില്ലെന്നർഥം. കമ്യൂണിസ്റ്റ് പാർടികളെക്കുറിച്ച് ബൂർഷ്വാ മാധ്യമങ്ങൾ നല്ലതു പറഞ്ഞാൽ, എന്തോ കുഴപ്പമുണ്ടെന്ന സൂചനയാണെന്ന ഇ എം എസിന്റെ വാക്കുകൾ പ്രസക്തമാകുന്നത് ഇവിടെയാണ്.

സങ്കീർണമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ആർഎസ്എസ്‐ ബിജെപി കൂട്ടുകെട്ടിന്റെ ഭരണത്തെ താഴെയിറക്കാനുള്ള രാഷ്ട്രീയ പരിപാടികൾക്കായിരിക്കും 22‐ാം പാർടി കോൺഗ്രസ് രൂപംനൽകുക. അടുത്തവർഷം നടക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പിൽ മോഡിസർക്കാരിന്റെ പരാജയം ഉറപ്പാക്കുംവിധമുള്ള ബദൽനയങ്ങൾക്കായിരിക്കും പാർടി കോൺഗ്രസ് രൂപംനൽകുക. പരമാവധി ഇടതുപക്ഷ ജനാധിപത്യ ശക്തികളെ യോജിപ്പിച്ച് ഈ ലക്ഷ്യം നേടുകയാണ് സിപിഐ എമ്മിന്റെ പരിപാടി. മോഡിസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ബഹുജനസമരങ്ങൾ ഉയർത്തിക്കൊണ്ടുവരാനും പാർടി കോൺഗ്രസ് തീരുമാനിക്കും. ചരിത്രത്തിന്റെ ചാലകശക്തി ഇത്തരം സമരങ്ങളാണെന്ന തിരിച്ചറിവാണ് സിപിഐ എമ്മിനെ നയിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top