20 April Saturday

മഹാരാഷ്‌ട്ര നൽകുന്ന രാഷ്‌ട്രീയസന്ദേശം

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022


സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ വലതുപക്ഷം നടത്തുന്നൊരു പ്രചാരണമാണ്‌  കമ്യൂണിസം മരിച്ചെന്ന്‌. പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക്‌ ഭരണം നഷ്ടപ്പെട്ടപ്പോഴും ഇതേ പല്ലവി ആവർത്തിച്ചു. എന്നാൽ, ജനകീയ വിഷയങ്ങളിൽ ഇടപെട്ട്‌, അവകാശസമരങ്ങളുടെ മുന്നണിപ്പോരാളിയായി നിന്ന്‌, രാജ്യത്തെ പ്രധാന കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമായ സിപിഐ എം പല സ്ഥലത്തും കരുത്താർജിക്കുകയാണെന്ന വസ്‌തുത വലതുപക്ഷവും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ബോധപൂർവം വിസ്‌മരിക്കുന്നു. മഹാരാഷ്ട്രയിൽനിന്നു വരുന്ന വാർത്തകളെക്കുറിച്ചാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.

ഒക്ടോബർ 16നു മഹാരാഷ്ട്രയിലെ 18 ജില്ലയിലെ ആയിരത്തി ഒരുനൂറിലധികം പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 92 പഞ്ചായത്തിന്റെ സർപഞ്ചുമാരായി (പഞ്ചായത്ത്‌ പ്രസിഡന്റ്‌)  സിപിഐ എം നേതാക്കൾ തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പകുതിയോളം പേർ എതിരില്ലാതെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ എന്നത്‌ മേഖലയിൽ  പാർടിയുടെ  വർധിച്ച അംഗീകാരത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ഒരു കക്ഷിയുമായി ധാരണയോ സഖ്യമോ ഇല്ലാതെയാണ്‌ ഈ വിജയം. പഞ്ചായത്ത്‌ മെമ്പർമാരായി നൂറിലധികംപേർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. (സർപഞ്ചുമാരെ നേരിട്ടാണ്‌ തെരഞ്ഞെടുക്കുന്നത്‌) വിജയിച്ചവരിൽ ഭൂരിപക്ഷവും യുവജനങ്ങളും വിദ്യാസമ്പന്നരുമാണെന്നതും പ്രത്യേകതയാണ്‌.

കർഷകസമരത്തിന്റെ കേന്ദ്രമായ നാസിക്‌, 1940കളിൽ വർളിപ്രക്ഷോഭം നടന്ന പാൽഘർ–-താനെ, അഹമ്മദ്‌ നഗർ ജില്ലകളിലാണ്‌ സിപിഐ എം  വൻ കുതിച്ചുചാട്ടം നടത്തിയത്‌. 2018 മാർച്ചിൽ മുംബൈയിലേക്ക്‌ നടന്ന ഐതിഹാസികമായ കർഷകമാർച്ച്‌ ആരംഭിച്ചത്‌ നാസിക്‌ ജില്ലയിൽ നിന്നായിരുന്നു. ജില്ലയിലെ 194 പഞ്ചായത്തിൽ 59 എണ്ണത്തിലാണ്‌ സിപിഐ എം  ഭരണം പിടിച്ചെടുത്തത്‌. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിക്ക്‌ ഈ ജില്ലയിൽ 13 പഞ്ചായത്തിന്റെ ഭരണം മാത്രമാണ്‌ നേടാനായത്‌.  കോൺഗ്രസിന്‌ ലഭിച്ചതാകട്ടെ ഒമ്പത്‌ പഞ്ചായത്തും. കർഷക മാർച്ചിന്‌ തുടക്കമിട്ട സുർഗാന താലൂക്കിലെ 61 പഞ്ചായത്തിൽ പകുതിയിലധികം പഞ്ചായത്തിലും–-34 എണ്ണത്തിൽ  സിപിഐ എം  ഭരണം നേടി. പാൽഘർ–-താനെ ജില്ലയിൽ 26 പഞ്ചായത്തിന്റെ ഭരണം പാർടി തനിച്ചുനേടി. ഈ ജില്ലയിൽപ്പെട്ട ദഹാനു മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ വിനോദ്‌ നികോളെ സിപിഐ എം  സംസ്ഥാന നേതാവാണ്‌.

ബിജെപിയും ശിവസേനയും വർഗീയധ്രുവീകരണ രാഷ്ട്രീയം പയറ്റുന്ന സംസ്ഥാനത്താണ്‌ അവരെ ബഹുദൂരം പിന്നിലാക്കി നാസിക്‌–-പാൽഘർ–-താനെ മേഖലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം  മുന്നേറ്റം കാഴ്‌ചവച്ചത്‌. സിപിഐ എം  കിസാൻസഭാ നേതാക്കളായ ശ്യാംറാവു പരുലേക്കറും ഗോദാവരി പരുലേക്കറും വർളികളെ സംഘടിപ്പിച്ച്‌ വൻപ്രക്ഷോഭം നടത്തിയ പ്രദേശങ്ങളിൽ ഇടതുപക്ഷത്തിന്‌ പ്രത്യേകിച്ച്‌  സിപിഐ എമ്മിന്‌ ഇളക്കം തട്ടിയിട്ടില്ലെന്ന്‌ വിളിച്ചോതുന്നതാണ്‌ ഈ തെരഞ്ഞെടുപ്പുവിജയം. സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിൽ ഊന്നിയാണ്‌ പാർടി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. തൊഴിലില്ലായ്‌മ, വിലക്കയറ്റം, കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ, ആദിവാസി–-ഗോത്ര ജനവിഭാഗം നേരിടുന്ന വിഷയങ്ങൾ എന്നിവയാണ്‌ പ്രധാനമായും   ഉയർത്തിയത്‌. വീട്‌ കയറിയിറങ്ങി വോട്ടർമാരെ നേരിട്ടുകണ്ടുള്ള പ്രചാരണത്തിനാണ്‌ പാർടി മുൻതൂക്കം നൽകിയത്‌. വലിയ ഫ്ലക്‌സ്‌ ബോർഡുകളും വാഹനങ്ങളും ഉപയോഗിച്ചുള്ള പണക്കൊഴുപ്പാർന്ന  പ്രചാരണത്തിന്‌ മറ്റു കക്ഷികൾ തയ്യാറായെങ്കിലും ജനങ്ങൾ അണിനിരന്നത്‌  സിപിഐ  എമ്മിന്‌ ഒപ്പമായിരുന്നു. 

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന വർഗീയ സഖ്യത്തിന്‌ മഹാരാഷ്ട്രയിൽ നേരിട്ട തിരിച്ചടിക്ക്‌ പ്രധാന ആശയപരിസരം ഒരുക്കുന്നതിലും  സിപിഐ എം പ്രധാന പങ്കുവഹിച്ചു.  എൻസിപിയും കോൺഗ്രസും ഉദ്ദവ്‌ താക്കറെയുടെ  ശിവസേനയും ഉൾപ്പെട്ട സഖ്യം, ബിജെപി സഖ്യത്തേക്കാൾ മുന്നിലെത്തിയതും  പ്രതീക്ഷ ഉണർത്തുന്നു. ഹിന്ദുത്വശക്തികളെ തോൽപ്പിക്കാൻ കഴിയുമെന്നാണ്‌ മഹാരാഷ്ട്ര പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന്റെ ഈ ഉജ്വല വിജയം നൽകുന്ന സന്ദേശം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top