09 June Friday

വികസനയജ്ഞത്തിന് ജനകീയ പങ്കാളിത്തം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2017


കേരളത്തെ രക്ഷിക്കാനുള്ള ജനകീയ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് വമ്പിച്ച ജനപിന്തുണയും സഹായവും ലഭ്യമാക്കാനുള്ള തീരുമാനമാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന് കൈക്കൊണ്ടത്. പച്ചപ്പ് നിലനിര്‍ത്തി മാലിന്യരഹിത സംസ്ഥാനമാക്കാനുള്ള 'ഹരിതകേരളം' പദ്ധതി സാക്ഷരതായജ്ഞം മാതൃകയില്‍ പൊതുയജ്ഞമാക്കി മാറ്റാനും അതിന്റെ ഭാഗമായി സംസ്ഥാനത്തെ 1500 ശുദ്ധജല ശേഖരണികള്‍ സിപിഐ എം നേതൃത്വത്തില്‍ ശുചീകരിക്കാനുമുള്ള തീരുമാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാക്ഷരതായജ്ഞംപോലെ, ജനകീയാസൂത്രണത്തിന്റെ മഹനീയ മാതൃകപോലെ, പുതിയൊരു ജനകീയമുന്നേറ്റത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കുകയാണ്.

സ്വാതന്ത്യ്രത്തിന് തൊട്ടുമുമ്പും ശേഷവും കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലും കേരളവികസന മാതൃകയുടെ സൃഷ്ടിയിലും ഇടതുപക്ഷം പൊതുവിലും കമ്യൂണിസ്റ്റുകാര്‍ പ്രത്യേകിച്ചും വഹിച്ച പങ്ക് സുപ്രധാനമാണ്. അതിന്റെ ശരിയായ തുടര്‍ച്ചയാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സാക്ഷരതാപ്രവര്‍ത്തനവും ജനകീയാസൂത്രണവും  സംസ്ഥാനത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയില്‍ വലിയ പങ്കുവഹിച്ചു. ഇ എം എസിന്റെ നേതൃത്വത്തില്‍ 1996ല്‍ ഒമ്പതാം പദ്ധതിക്കാലത്ത് തുടങ്ങിയ ജനകീയാസൂത്രണപ്രസ്ഥാനം ലോകശ്രദ്ധ ആകര്‍ഷിച്ചു. പ്രാദേശികഭരണത്തില്‍ ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് അവരുടെ നിശ്ചയം- പൊതുജനാഭിപ്രായം നടപ്പാക്കാനുള്ള അധികാരമാണ് ഇതിലൂടെ സ്ഥാപിക്കപ്പെട്ടത്.

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ മുന്നോട്ടുവച്ചതും പിന്നീട് ജില്ലാ കൌണ്‍സില്‍ നിയമത്തിലൂടെയും മറ്റും നടപ്പാക്കാന്‍ ശ്രമിച്ചതുമായ അധികാരവികേന്ദ്രീകരണത്തിന്റെ പ്രായോഗികരൂപം എന്ന നിലയില്‍ക്കൂടിയാണ് ജനകീയാസൂത്രണം യാഥാര്‍ഥ്യമായത്. സംസ്ഥാനത്തിന്റെ വാര്‍ഷികപദ്ധതിയുടെ ഏകദേശം 25 മുതല്‍ 30 ശതമാനംവരെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൈമാറിയ അന്നത്തെ തീരുമാനം ഐതിഹാസികമായിരുന്നു. വിഭവം മാത്രമല്ല, അതോടൊപ്പം ആളും അധികാരവും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി അവയെ പ്രാദേശിക സര്‍ക്കാരുകളാക്കി മാറ്റുകയാണ് ചെയ്തത്.  ജനാധിപത്യത്തിന്റെയും വികസനോന്മുഖ ഭരണത്തിന്റെയും ഒരു സുപ്രധാന ഇടമായി പ്രാദേശിക സര്‍ക്കാരുകള്‍ അവയുടെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ചതാണ്.  അതു പാലിച്ച് സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് ആസൂത്രണവും ജനകീയാസൂത്രണവും തുടരുമെന്നാണ്. 13-ാം പദ്ധതിയിലെ ജനകീയാസൂത്രണം കഴിഞ്ഞ 20 വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായിരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  പോരായ്മകള്‍ തിരുത്തിയും നല്ല വശങ്ങളെ ശക്തിപ്പെടുത്തിയും   ജനകീയാസൂത്രണത്തിന്റെ പുത്തന്‍പതിപ്പിലേക്കാണ് കടക്കുന്നത്.

ജനപങ്കാളിത്തം അളവിലും ഗുണത്തിലും മെച്ചപ്പെടുത്തുക, ബഹുതല ആസൂത്രണത്തിലേക്ക് മാറുകയും വിവിധതട്ട് ഗവണ്‍മെന്റുകള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയും ചെയ്യുക, വിദഗ്ധരുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് പ്രോജക്ടുകളുടെ അറിവുള്ളടക്കവും ഗുണനിലവാരവും ഉയര്‍ത്തുക, നഗരാസൂത്രണത്തിന് മുന്‍ഗണന നല്‍കുക, പദ്ധതികള്‍ ദീര്‍ഘകാല പരിപ്രേക്ഷ്യത്തിനും ലക്ഷ്യങ്ങള്‍ക്കും അനുസരിച്ചാണ് രൂപപ്പെടുത്തുന്നത് എന്ന് ഉറപ്പാക്കുക, ജില്ലാ പദ്ധതി തയ്യാറാക്കി ഓരോ വര്‍ഷവും പദ്ധതികളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുക, യുവജന പങ്കാളിത്തം ഉറപ്പാക്കുക, നവസാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക, അഴിമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുക തുടങ്ങിയ മാറ്റങ്ങളില്‍ ഊന്നിക്കൊണ്ടാകും ജനകീയാസൂത്രണം മുന്നോട്ടുപോവുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ബഹുതല ആസൂത്രണത്തിന് നല്‍കുന്ന ഊന്നല്‍ പ്രധാനമാണ്. ആദ്യഘട്ടത്തില്‍ പ്രാദേശിക ഗവണ്‍മെന്റുകളും സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകളും തമ്മിലുള്ള സംയോജനം സാധ്യമായില്ല. പ്രാദേശിക സര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകളും ഉപവകുപ്പുകളുമെല്ലാം വെള്ളം കടക്കാത്ത അറകളെന്ന നിലയിലോ പ്രത്യേകം സാമ്രാജ്യങ്ങള്‍ എന്ന നിലയിലോ ആണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ദുഷിച്ച ഈ സമ്പ്രദായം സംസ്ഥാനത്തിന്റെ വികസനത്തെയും ജനതയെയും വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ് എന്നീ പ്രത്യേക വികസനദൌത്യങ്ങള്‍ അഥവാ മിഷനുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ മിഷനുകള്‍ വകുപ്പുകള്‍ക്കിടയിലും വകുപ്പുകളും പ്രാദേശിക സര്‍ക്കാരുകളും തമ്മിലുമുള്ള അകലം ഇല്ലാതാകും.  

ജനങ്ങളുടെ തലത്തില്‍ സര്‍വമാന സര്‍ക്കാര്‍ ഏജന്‍സികളും ഒത്തൊരുമിച്ചുവന്ന് വികസനപ്രശ്നങ്ങളില്‍ ഇടപെടുന്ന ഈ സമ്പ്രദായത്തിന് ജനകീയതലമുണ്ട്. മിഷനുകളും ജനകീയാസൂത്രണവും ഒരുപോലെ ഊന്നുന്നത് ജനപങ്കാളിത്തത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ജനകീയതയിലുമാണ്. ജനാധിപത്യവല്‍ക്കരണത്തെ ഒരുപടികൂടി മുന്നോട്ടുകൊണ്ടുപോകാനാണ് ഇതിലൂടെ  സര്‍ക്കാര്‍ ശ്രമിക്കുന്നത്. സൃഷ്ടിക്കപ്പെടുന്നത് വളരെ വിപുലമായ  ജനകീയമുന്നേറ്റമാണ്. അതിന് സിപിഐ എം എന്ന പാര്‍ടിയുടെ സഹായവും യജ്ഞങ്ങളിലെ പങ്കാളിത്തവുമാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്. മാലിന്യനിര്‍മാര്‍ജനം, ആരോഗ്യ- വിദ്യാഭ്യാസ- പാര്‍പ്പിട രംഗങ്ങള്‍,  സ്ഥലജലപരിപാലനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, കാര്‍ഷികോല്‍പ്പാദനം ഇവയിലെല്ലാം  ജനങ്ങളുടെ ഇച്ഛയും പങ്കാളിത്തവും നിര്‍ണായകമാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി അത് സാധ്യമാക്കാനുള്ള തീരുമാനമാണ് എടുത്ത്. തീര്‍ച്ചയായും മറ്റു രാഷ്ട്രീയപാര്‍ടികള്‍ക്ക് മാതൃകയാണത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top