29 September Friday

ദേശീയതയിൽ കുരുക്കി കോവിഡ്‌ വാക്‌സിനും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021


പ്രതീക്ഷയോടെ ലോകം കാത്തിരുന്ന കോവിഡ്‌ വാക്‌സിന്റെ ഇന്ത്യയിലെ ഉപയോഗം വിവാദങ്ങളുടെ അകമ്പടിയോടെ. ഓക്‌സ്‌ഫഡ്‌ സർവകലാശാലയും ബ്രിട്ടീഷ്‌– -സ്വീഡിഷ്‌ ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ആസ്‌ട്രാസെനെക്കയും  സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ്‌ വാക്‌സിന്‌ അനുമതി‌ നൽകാനായിരുന്നു ആദ്യ തീരുമാനം.

ലോകവ്യാപകമായി കുറ്റമറ്റരീതിയിൽ പരീക്ഷണ, നിരീക്ഷണങ്ങൾ പൂർത്തിയാക്കിയാണ്‌ ഈ വാക്‌സിൻ ഇന്ത്യയിലും അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടത്‌. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ (എസ്‌ഐഐ)യാണ്‌ ഇന്ത്യയിൽ ‌ഓക്‌സ്‌ഫഡ്‌ വാക്‌സിന്റെ ഉൽപ്പാദകർ. മാസങ്ങളായി തുടരുന്ന ട്രയൽ റണ്ണിന്റെ  അവസാനമാണ്‌ പൊതുജനങ്ങളിൽ കുത്തിവയ്‌പ്പിന്‌ ഡ്രഗ്‌സ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യ നൽകിയ അംഗീകാരം‌. എന്നാൽ, ഇതിനൊപ്പം പരീക്ഷണഘട്ടത്തിലുള്ള മറ്റൊരു വാക്‌സിൻ ചേർത്തുവച്ചത്‌ വലിയ ആശയക്കുഴപ്പത്തിനു വഴിവച്ചു‌.

ഹൈദരാബാദിലെ ഭാരത്‌ ബയോടെക്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയുടെയും സഹായത്തോടെ വികസിപ്പിച്ച ‌കോവാക്‌സിന്‌ നൽകിയ അംഗീകാരം അനവസരത്തിലുള്ളതാണെന്ന വിമർശമാണ്‌ ഉയർന്നിട്ടുള്ളത്‌. പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന വാക്‌സിൻ എന്ന സവിശേഷതയാണ്‌ കേന്ദ്ര ഭരണാധികാരികൾ കോവാക്‌സിനു ചാർത്തിക്കൊടുക്കുന്നത്‌. ആര്‌ എവിടെ നിർമിച്ചാലും അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള പരീക്ഷണ, നിരീക്ഷണങ്ങൾ പൂർത്തിയാക്കണമെന്ന നിബന്ധനയിലാണ്‌ വെള്ളംചേർത്തത്‌. സാധാരണഗതിയിൽ പതിറ്റാണ്ടുകൾ നീളുന്ന പരീക്ഷണങ്ങളിലൂടെയാണ്‌ വാക്‌സിൻ പൊതുജനങ്ങളിൽ ഉപയോഗിക്കുന്നത്‌. എന്നാൽ, കോവിഡിന്റെ അതിവ്യാപനം ലോകമാകെ ഭീതിവിതച്ച സാഹചര്യത്തിലാണ്‌ ഗവേഷണ മാനദണ്ഡങ്ങളിൽ ഇളവുവരുത്തി ശാസ്‌ത്രസമൂഹം തീവ്രമായ അന്വേഷണത്തിൽ മുഴുകിയത്. സദുദ്ദേശ്യപരമായ ഈ പരിശ്രമത്തെ വിലയിടിച്ചുകാണിക്കാനാണ്‌ ഇന്ത്യൻ ഭരണാധികാരികളുടെ ആദ്യംമുതലുള്ള നീക്കം.


 

ലോകത്തൊരിടത്തും വാക്‌സിൻ പരീക്ഷണം വിജയത്തിലെത്താത്ത ഘട്ടത്തിലാണ്‌, ആഗസ്‌ത്‌ 15ന്‌ വാക്‌സിൻ പ്രഖ്യാപിക്കാൻ പാകത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യൻ ശാസ്‌ത്രജ്ഞർക്ക്‌ അന്ത്യശാസനം നൽകിയത്‌.  ഇപ്പോഴാകട്ടെ ലോകമാകെ അംഗീകരിക്കുന്ന കോഷീൽഡ്‌ വാക്‌സിനൊപ്പം ചേർത്ത്‌ പാതിവഴിയിലുള്ള കോവാക്‌സിൻ പ്രഖ്യാപിച്ചതുവഴി, ജനങ്ങൾ  പ്രതീക്ഷയോടെ കാത്തിരുന്ന രോഗപ്രതിരോധ യജ്ഞത്തിന്റെ വിശ്വാസ്യതയാണ്‌ ചോർത്തിക്കളഞ്ഞത്‌. നിശ്ചിത ട്രയൽ പൂർത്തിയാക്കി ഫലപ്രാപ്‌തി ഉറപ്പുവരുത്തിയ വാക്‌സി‌ൻ തന്നെയാണോ കുത്തിവയ്‌പ്പിന്‌ ഉപയോഗിക്കുന്നതെന്ന സംശയമാണ്‌ ബാക്കിയാകുന്നത്‌. ‌കോവാക്‌സിൻ രാജ്യത്ത്‌ തൽക്കാലം ഉപയോഗിക്കാൻ സാധ്യതയില്ലെന്നും മുഖ്യ വാക്‌സിനുള്ള ‘ബാക്ക്‌അപ്’ എന്ന നിലയിലാകും ഉപയോഗിക്കുകയെന്നുമുള്ള ഐസിഎംആറിന്റെ വിശദീകരണം ആശയക്കുഴപ്പം വർധിപ്പിക്കാനേ ഉപകരിക്കൂ. ക്ലിനിക്കൽ പരീക്ഷണം  ഒന്നും രണ്ടും ഘട്ടത്തിൽ  800 പേരിൽ മാത്രം നടത്തിയ കോവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. എന്നിട്ടും കോവിഷീൽഡിനൊപ്പം ഒരു ‘ഇന്ത്യൻ’ വാക്‌സിനും അവതരിപ്പിക്കാൻ  ആർക്കായിരുന്നു ധൃതി? എന്താണ്‌ ഈ തിടുക്കത്തിനു പിന്നിലെന്ന്‌ പരിശോധിച്ചാൽ വ്യക്തമാകുന്നത്‌ സങ്കുചിത രാഷ്ട്രീയം മാത്രമാണ്‌.

നൂറ്റാണ്ടിന്റെ മഹാമാരിക്കെതിരെ ലോകമാകെ കൈകോർക്കുമ്പോൾ വാക്‌സിൻ തദ്ദേശീയമായി വികസിപ്പിച്ചതെന്നും വിദേശമെന്നുമെല്ലാമുള്ള വേർതിരിവ് സങ്കുചിത ദേശീയതയുടെ വികൃതമുഖമാണ്‌ അനാവൃതമാക്കുന്നത്‌. ഇത്തരം രാഷ്ട്രീയ കുടിലതകൾ ലോകത്തിനു മുന്നിൽ ഇന്ത്യയെ താഴ്‌ത്തിക്കെട്ടാനേ സഹായിക്കൂ. ലോകത്താദ്യമായി കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌‌ ആരംഭിച്ച ബ്രിട്ടന്റെ മാതൃക അനുകരണീയമാണ്‌. ലോകഭീമനായ അമേരിക്കൻ മരുന്നുകമ്പനി ഫൈസറും ജർമൻ സംരംഭമായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ്‌ ബ്രിട്ടനിൽ കഴിഞ്ഞമാസം നൽകിത്തുടങ്ങിയത്‌. ‌ 95 ശതമാനത്തിലേറെ സുരക്ഷിതവും എല്ലാ വിഭാഗത്തിലും വയസ്സിലുംപെടുന്നവർക്ക്‌ ഫലപ്രദമാണെന്നതും മാത്രമാണ്‌ അവിടെ മാനദണ്ഡമായത്‌. ഓക്‌സ്‌ഫഡ്‌ സർവകലാശാലയുടെ നേതൃത്വത്തിൽ സ്വന്തം നാട്ടിൽ വികസിപ്പിച്ച വാക്‌സിൻ ഉപയോഗത്തിന്‌ പൂർണസജ്ജമായിരിക്കുമ്പോഴും ‌അമേരിക്കൻ കമ്പനിയുടെ വാക്‌സിൻ ആദ്യ കുത്തിവയ്‌പിനായി ഉപയോഗിക്കുന്നതിൽ ബ്രിട്ടന്‌ ഒരു തടസ്സവും ഉണ്ടായില്ല.

മാനവരാശിക്കാകെ പ്രയോജനകരമായ ശാസ്‌ത്രനേട്ടങ്ങളുടെ കാര്യത്തിൽ രാഷ്ട്രങ്ങളുടെ അതിർത്തിയോ ദേശീയതയോ അളവുകോലായിക്കൂടാ. ഒരു വർഷത്തോളമായി അനിശ്ചിതത്വത്തിൽ കഴിയുന്ന ജനങ്ങൾക്ക്‌ ആശ്വാസത്തിന്റെ കൈത്തിരിയാണ്‌ പ്രതിരോധമരുന്നിന്റെ വരവ്‌. അത്‌ വിശ്വാസപൂർവം സാമ്പത്തികഭാരമില്ലാതെയും ഉപയോഗിക്കാൻ കഴിയുന്നതിലാണ്‌ സാധാരണക്കാരുടെ നോട്ടം. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും എത്രയുംവേഗം മരുന്ന്‌ സൗജന്യമായി എത്തിക്കുന്നതിലാകണം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ. കോർപറേറ്റ്‌ മരുന്നുകമ്പനികളുടെ ലാഭതാൽപ്പര്യങ്ങളിൽനിന്നും രാഷ്ട്രീയ ലാഭചിന്തയിൽനിന്നും കേന്ദ്ര സർക്കാരിനെ നയിക്കുന്നവർ അകന്നുനിൽക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top