20 April Saturday

ഇനിയെങ്കിലും 
തിരുത്തുമോ?

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021


കോവിഡ് വാക്സിന് പലവില നിശ്ചയിച്ചതിന് എന്താണ് ന്യായമെന്ന് ഒടുവിൽ സുപ്രീംകോടതിയും കേന്ദ്രസർക്കാരിനോട് ചോദിക്കുന്നു. ഒരുമാസമായി ഇന്ത്യയിലെ ഓരോ പൗരനും രാജ്യത്തെയും പുറത്തെയും മാധ്യമങ്ങളും ഉന്നയിക്കുന്ന ഈ ചോദ്യം ഇപ്പോൾ പരമോന്നത നീതിപീഠംതന്നെ ഉയർത്തുന്നു. ജനങ്ങളുടെ ആകെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിനുള്ള കോടതിയുടെ മുന്നറിയിപ്പായി ഇതിനെ കരുതാം. കേസിന്റെ തുടർ ഘട്ടത്തിൽ കൂടുതൽ ഇടപെടൽ കോടതിയിൽ നിന്നുണ്ടാകുമെന്നും പ്രത്യാശിക്കാം. കാഴ്ചക്കാരായി നിൽക്കില്ല എന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ പ്രഖ്യാപനം ഈ പ്രതീക്ഷ നൽകുന്നു.

അതീവ ഗുരുതരമാണ് സ്ഥിതി. ഇത്തരം ഘട്ടങ്ങളിലാണ് നാട്ടിലെ ഏറ്റവും സാധാരണക്കാർപോലും ഒരു സർക്കാരിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നത്. ജനങ്ങൾ പ്രതീക്ഷയോടെ ഭരണാധികാരിയെ നോക്കുന്ന സമയമാണിത്. ആ ഘട്ടത്തിൽ ജനങ്ങളെ കമ്പോളശക്തികൾക്ക് എറിഞ്ഞിട്ട് വിടുവായത്തം പുലമ്പുന്നവരെയല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ, ഇന്ന് ഇന്ത്യക്ക്‌ സഹിക്കേണ്ടിവന്നിരിക്കുന്നത് അത്തരമൊരു ഭരണനേതൃത്വത്തെയാണ്. ആ നിരുത്തരവാദിത്തത്തെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. 

കോവിഡ് രണ്ടാം തരംഗം പ്രവചിക്കപ്പെട്ടിരുന്നതാണ്. ഒന്നാം ഘട്ടത്തിൽ സർക്കാരിന്റെ വീഴ്ചകൾ ജനങ്ങൾക്ക് നൽകിയ ദുരിതം വിവരണാതീതമായിരുന്നു. അന്ന് അപ്രതീക്ഷിതം എന്ന ന്യായമുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. വാക്സിൻമുതൽ ഓക്സിജൻവരെ എല്ലാത്തിലും മുന്നൊരുക്കത്തിനു സമയമുണ്ടായിരുന്നു. വാക്സിന്റെ ഗവേഷണ കാര്യത്തിൽ നമ്മൾ മുന്നിലെത്തി. ശാസ്ത്ര സ്ഥാപനങ്ങൾ കൈകോർത്ത് രണ്ടു വാക്സിൻ ഉൽപ്പാദിപ്പിച്ചു. ഒന്ന് പൂർണമായി തദ്ദേശീയമായി വികസിപ്പിച്ചതും മറ്റേത് വിദേശ സഹകരണത്തോടെ നിർമിച്ചതും.


 

ഇതിൽ സ്വകാര്യ പങ്കാളിത്തമുള്ള വാക്സിനായ കോവിഷീൽഡിന് ഉയർന്ന വില നിശ്ചയിച്ചപ്പോൾ കേന്ദ്രം പറഞ്ഞ ന്യായം വിദേശക്കമ്പനിക്ക് കൊടുക്കേണ്ട റോയൽറ്റിയെപ്പറ്റിയാണ്. എന്നാൽ, രണ്ടാമത്തെ വാക്സിൻ വികസിപ്പിച്ച സ്വകാര്യകമ്പനിയായ ഭാരത് ബയോടെക് കോവാക്സിന് ഒരു റോയൽറ്റിയും ആർക്കും നൽകേണ്ടതില്ല. കോവാക്സിൻ വലിയ അളവിൽ ഇന്ത്യയിലെ പൊതുഗവേഷണത്തിന്റെ ഫലമാണ്. എന്നാൽ, വിചിത്രമായ കാര്യം കോവാക്സിന്റെ വില കോവിഷീൽഡിന്റെ വിലയേക്കാൾ വളരെ കൂടുതലായാണ് നിശ്ചയിച്ചതെന്നതാണ്. ഓരോ ഡോസിനും സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയും നൽകേണ്ടിവരും. ഇത്തരത്തിൽ ഒരു ന്യായീകരണവും സാധ്യമല്ലാത്ത അസംബന്ധ തീരുമാനങ്ങളിലൂടെ ഈ കെട്ടകാലത്തുപോലും കമ്പോളശക്തികളുടെ വക്താക്കളാകുകയാണ് കേന്ദ്ര സർക്കാർ.

രാജ്യത്ത് ഉൽപ്പാദിപ്പിച്ചവയോ വിദേശത്തുനിന്ന്‌ ലഭിക്കുന്നതോ ആയ വാക്സിനുകളുടെ പ്രയോജനം എത്രയും വേഗം ജനങ്ങളിൽ എത്തിക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. ഇക്കാര്യത്തിലാണ് കേന്ദ്ര സർക്കാർ സമ്പൂർണ പരാജയമായിരിക്കുന്നത്. വാക്സിൻ ആവശ്യത്തിന്‌ ലഭ്യമാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാർ ഇപ്പോൾ വാക്സിന് പലവില നിശ്ചയിച്ച് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് അടിച്ചേൽപ്പിച്ച സാമ്പത്തിക കെടുതിയിൽനിന്ന് കരകയറാൻ പാടുപെടുന്ന സംസ്ഥാന സർക്കാരുകളെയും ഇങ്ങനെ വെട്ടിലാക്കി. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ടുവില നിശ്ചയിച്ചതിന്റെ യുക്തി എന്തെന്ന സുപ്രീംകോടതിയുടെ ചോദ്യം ഉണ്ടായത് ഈ പശ്ചാത്തലത്തിലാണ്.

കേന്ദ്രസർക്കാരിന്റെ ഈ ജനദ്രോഹ നിലപാടുകൾക്കുമുന്നിൽ പല സംസ്ഥാനങ്ങളും പകച്ചുനിൽക്കുകയാണ്. എന്നാൽ, അവിടെയും കേരളം വ്യത്യസ്തമാകുന്നു. വാക്സിൻ നിർമാണ കമ്പനികളോട് നേരിട്ട് വിലപേശിയായാലും ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്.

എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കാനായി സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 70 ലക്ഷം ഡോസ് വാക്സിനും ഭാരത് ബയോടെക്കിൽനിന്ന് 30 ലക്ഷം ഡോസുമാണ് വാങ്ങുന്നത്. വാക്സിന്റെ വില സംബന്ധിച്ച കേസുകളിലെ തീർപ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്സിൻ വാങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ചെയ്യാനുള്ളത് ചെയ്യുന്നതിനൊപ്പം വാക്സിൻ വിഷയത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന ദ്രോഹനയം തുറന്നുകാട്ടാനുള്ള സമരപരിപാടികൾക്ക് സർക്കാരിനെ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും രൂപം നൽകിയിരിക്കുന്നു. കോവിഡ് അടിച്ചേൽപ്പിച്ച പരിമിതിയിൽ വീട്ടകങ്ങളിലേക്ക് ഒതുങ്ങിയവർ കേന്ദ്ര വാക്സിൻ നയത്തിനെതിരെ ബുധനാഴ്ച വീട്ടുമുറ്റങ്ങളിൽ പ്രതിഷേധം ഉയർത്തിയത് ഇതിന്റെ ഭാഗമായാണ്.

ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു മുന്നണിക്കും സർക്കാരിനും ഈ ഇരട്ട സമീപനംതന്നെ തുടരേണ്ടിവരും. ഒരു വശത്ത് കേന്ദ്രം വലിച്ചിടുന്ന എല്ലാ പ്രതിബന്ധവും ചാടിക്കടന്ന് ജനങ്ങൾക്ക് സഹായമെത്തിക്കാൻ സർക്കാർ മുന്നിൽ നിൽക്കും. മറുഭാഗത്ത് മഹാരോഗത്തിന്റെ നാളുകളിൽപ്പോലും കമ്പോളക്കൊള്ളയ്ക്ക് അവസരം ഒരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഒരുക്കുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top