01 December Friday

കോവിഡ്‌ വാക്‌സിനിൽ പ്രതീക്ഷയോടെ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021കോവിഡ്‌ മഹാമാരി സൃഷ്‌ടിച്ച അനിശ്ചിതത്വത്തിന്റെയും ഭയാശങ്കയുടെയും മുനമ്പിൽനിന്ന്‌ പ്രതീക്ഷയുടെ തീരത്തേക്ക്‌ തുഴഞ്ഞുതുടങ്ങുകയാണ്‌ ലോകം. ഒരു വർഷമായി മനുഷ്യരാശിയെ നേർക്കുനേർ വെല്ലുവിളിക്കുന്ന മാരകരോഗത്തെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷ എങ്ങും ഉണരുന്നു‌. പ്രതിസന്ധിയിൽ പതറാതെ ശാസ്‌ത്രസമൂഹം വികസിപ്പിച്ച പ്രതിരോധ വാക്‌സിൻ മനുഷ്യരിൽ പ്രയോഗിക്കാൻ പല രാജ്യങ്ങളും അനുമതി നൽകിക്കഴിഞ്ഞു. ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികളുള്ള രാജ്യമായി മാറുന്ന ഇന്ത്യയിലും വാക്‌സിൻ കുത്തിവയ്‌പിന്‌ നാളെ തുടക്കമാകുന്നു. ജനിതകമാറ്റം വന്ന കോവിഡ്‌ വൈറസിനെയും പ്രതിരോധിക്കാൻ വാക്‌സിന്‌‌ ശേഷിയുണ്ടെന്നാണ്‌ ഗവേഷകർ ഉറപ്പുപറയുന്നത്‌. ഡ്രൈ റൺ അടക്കമുള്ള തയ്യാറെടുപ്പ്‌ പൂർത്തിയാക്കി കേരളത്തിലും പ്രതിരോധ കുത്തിവയ്‌പ്‌ ആരംഭിക്കുകയാണ്‌. പുണെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ 4,35,000 ഡോസ്‌ കോവിഷീൽഡ്‌ വാക്‌സിൻ സംസ്ഥാനത്ത്‌ എത്തിച്ചുകഴിഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണി പടയാളികളായ ആരോഗ്യപ്രവർത്തകർക്കാണ്‌ ആദ്യഘട്ടം 133 കേന്ദ്രത്തിലായി പ്രതിരോധ വാക്‌സിൻ നൽകുക. സംസ്ഥാനത്തെ പൊതു–-സ്വകാര്യ മേഖലകളിലെ  3,68, 866 ആരോഗ്യ പ്രവർത്തകർ തുടക്കത്തിൽ കുത്തിവയ്‌പിന്‌ വിധേയരാകും. 28 ദിവസത്തിനിടയിൽ രണ്ടു തവണയായാണ്‌ ഒരാൾക്ക്‌ വാക്‌സിൻ നൽകുക. വാക്‌സിൻ‌ യാഥാർഥ്യമാകുമ്പോൾ രണ്ടു കാര്യമാണ്‌ ജനങ്ങൾ അറിയാനാഗ്രഹിക്കുന്നത്‌. വാക്‌സിന്റെ പ്രതിരോധശേഷി എത്രത്തോളമുണ്ട്‌‌?‌ രാജ്യത്തെ സാധാരണക്കാർക്ക്‌ എപ്പോഴാണ്‌ ലഭ്യമാകുക എന്നീ ചോദ്യങ്ങൾക്ക്‌‌ ഉത്തരമായിട്ടില്ല.


 

കോവിഡ്‌ വന്നതുമുതൽ ഒട്ടും സുതാര്യമായല്ല ഇന്ത്യയിൽ കാര്യങ്ങൾ നടക്കുന്നത്‌. ലോക്‌ഡൗൺ പ്രഖ്യാപനവും രോഗപരിശോധനയും അടക്കം പ്രതിരോധ പ്രവർത്തനങ്ങളിലാകെ കേന്ദ്രം ജനങ്ങളെ ഇരുട്ടിൽ നിർത്തി. പ്രതിരോധ നടപടികളുടെ ഒരു ഘട്ടത്തിലും വസ്‌തുതകൾ വിശദീകരിക്കാൻ തയ്യാറായില്ല. വാക്‌സിൻ വിതരണത്തിലും ഇതേ സുതാര്യതയില്ലായ്‌മ തുടരുന്നു‌. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന്‌ ഉറപ്പ്‌ പറയാനും മോഡി സർക്കാർ തയ്യാറല്ല.

അതേസമയം, ശാസ്‌ത്ര ഗവേഷണങ്ങളുടെ ഫലം രാഷ്‌ട്രീയനേട്ടത്തിനും പ്രചാരണത്തിനും ഉപയോഗിക്കാൻ ഭരണകർത്താക്കൾ രംഗത്തുവരുന്ന അനുഭവം ലോകത്തുണ്ടായി. ഇന്ത്യയിലാകട്ടെ അന്ധവിശ്വാസ പ്രചാരണം കോവിഡ്‌ പ്രതിരോധത്തിന്റെ ആദ്യനാളുകളിലേ തുടങ്ങി. ഗോമൂത്രം കുടിച്ചും ചാണകം തളിച്ചും പാട്ടകൊട്ടിയും ദീപം തെളിച്ചും വൈറസിനെ പ്രതിരോധിക്കാമെന്ന്‌ രാജ്യം ഭരിക്കുന്നവർതന്നെ ആഹ്വാനംചെയ്‌തു. എന്നാൽ, ഈ അന്ധവിശ്വാസ പ്രചാരണത്തിനിടയിലും അവർ രക്ഷാമാർഗം തേടി ശാസ്‌ത്രലോകത്തേക്കാണ്‌ ഉറ്റുനോക്കിയത്‌. വാക്‌സിൻ യാഥാർഥ്യമാകുമെന്ന്‌ വന്നതോടെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനുമുമ്പ്‌ ലഭ്യമാക്കണമെന്ന്‌ ശാസ്‌ത്രജ്ഞരോട്‌ ആവശ്യപ്പെടുന്ന സ്ഥിതിപോലുമുണ്ടായി. സർക്കാർ ഉത്തരവനുസരിച്ച്‌ മരുന്ന്‌ വികസിപ്പിക്കാനാകില്ലെന്ന ബോധം രാജ്യം ഭരിക്കുന്നവർക്കില്ലായിരുന്നു. ഓക്‌സ്‌ഫഡ്‌ സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ്‌ വാക്‌സിൻ വിപണിയിലെത്തിയതോടെ ഹൈദരാബാദിലെ ഭാരത്‌ ബയോടെക്‌ നിർമിച്ച കോവാക്‌സിന്‌ ദേശീയ വാദമുയർത്തി തിരക്കിട്ട്‌ അനുമതി നൽകാനും കേന്ദ്രം തയ്യാറായി. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിന്റെ സ്ഥിതിവിവരങ്ങൾപോ ലും പുറത്തുവിടാതെയാണ്‌ കോവാക്‌സിൻ മനുഷ്യരിൽ പ്രയോഗിക്കാൻ അനുവദിച്ചത്‌. മൂന്ന്‌ ക്ലിനിക്കൽ ട്രയലും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി ശാസ്‌ത്രീയമായി വിലയിരുത്തിയാണ്‌ യഥാർഥത്തിൽ അന്തിമാനുമതി നൽകേണ്ടത്‌.


 

വാക്‌സിൻ സൗജന്യമായി നൽകുമെന്ന്‌ ബിഹാർ തെരഞ്ഞെടുപ്പ്‌ വേളയിൽ പ്രഖ്യാപിച്ച ബിജെപി പിന്നീട്‌ പിന്നോട്ടു പോകുന്നതാണ്‌ കണ്ടത്‌. എല്ലാവർക്കും സൗജന്യമാക്കുമെന്ന്‌ കേരളം പ്രഖ്യാപിച്ചതോടെ കേന്ദ്രം വീണ്ടും സൗജന്യ വാഗ്‌ദാനവുമായി വന്നു. ഇക്കാര്യം ഉറപ്പുപറയാനാകില്ലെന്ന്‌ ഇപ്പോൾ വീണ്ടും വാക്കുമാറ്റിയിരിക്കുകയാണ്‌. സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ നൽകുന്നതിലും ഈ ഒളിച്ചുകളിയുണ്ട്‌. കേരളം ആവശ്യപ്പെട്ട ഡോസ്‌ പൂർണമായും അനുവദിക്കാൻ തയ്യാറായിട്ടില്ല.

രോഗഭീതിയും അതുയർത്തുന്ന മരണഭയവും ഇത്രയേറെ അനുഭവിക്കേണ്ടിവന്ന കാലം ഉണ്ടായിട്ടില്ല. അസാധാരണമായ ഈ കാലത്തെ അസാധാരണമായ ഉൾക്കരുത്തോടെയാണ്‌ മനുഷ്യരാശി നേരിട്ടത്‌. കോർപറേറ്റ്‌ മരുന്നു കമ്പനികളും  സർക്കാരുകളുമെല്ലാം വാക്‌സിൻ വികസിപ്പിക്കാൻ ശാസ്‌ത്രലോകത്ത്‌ ഒന്നിച്ചു. അത്‌ ഫലപ്രാപ്‌തിയിലേക്ക്‌ നീങ്ങുന്നതിൽ ശാസ്‌ത്ര–-സാങ്കേതിക വിദ്യകളിൽ വിശ്വസിക്കുന്നവർക്കെല്ലാം അഭിമാനിക്കാം. എന്നാൽ, വാക്‌സിൻ വികസിപ്പിച്ചതുകൊണ്ടുമാത്രം രോഗഭീഷണി ഒഴിയില്ല. വാക്‌സിൻ എല്ലാവരിലുമെത്തിക്കാൻ രണ്ടു വർഷമെങ്കിലും വേണ്ടിവരും. അത്രകാലം മുൻകരുതലും ജാഗ്രതയും തുടരണം. ശാസ്‌ത്രം തന്നെയാണ്‌ മനുഷ്യരാശിയുടെ അഭയമെന്ന്‌ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ലോകത്തെ മാറ്റിപ്പണിയുന്ന ശാസ്‌ത്രത്തിനും ശാസ്‌ത്രഗവേഷകർക്കും ബിഗ്‌ സല്യൂട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top