19 April Friday

വാക്‌സിൻ വ്യാപിപ്പിക്കണം ; ജാഗ്രത കുറയരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021



കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ‌ വീശിത്തുടങ്ങി. ജനങ്ങളെ ഭീതിയിലാഴ്‌ത്തി രോഗം കുതിച്ചുയരുന്നു. രാജ്യത്ത്‌ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടാം ദിവസവും ലക്ഷം കവിഞ്ഞു. ബുധനാഴ്‌ച അറുനൂറിലേറെ പേരാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ഒരാഴ്‌ചയായി കേരളത്തിലും രോഗബാധിതർ വർധിക്കുകയാണ്‌. ഒരു വർഷത്തിലേറെയായി ലോകത്തെ പിടിച്ചുലയ്ക്കുന്ന മഹാമാരി സംഹാരശക്തിയോടെ വീണ്ടും ആഞ്ഞടിക്കുമ്പോൾ‌ മനുഷ്യർ നിസ്സഹായരാണ്‌. വാക്‌സിൻ നൽകുന്നതിൽ ഏറെ പിന്നിലായ ഇന്ത്യയിൽ മനുഷ്യർ സ്വയം ജാഗ്രത പാലിക്കുകയേ വഴിയുള്ളൂ.

ആദ്യവരവിൽ കടുത്ത നാശംവിതച്ച മഹാരാഷ്‌ട്രയിൽ രണ്ടാം തരംഗത്തിലും കോവിഡ്‌ സംഹാരം തുടരുന്നു. പുതിയ രോഗബാധിതരിൽ 14 ശതമാനവും അവിടെയാണ്‌. മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച 59,907 പേർ‌ കോവിഡ്‌ പോസിറ്റീവായി‌; 322 പേർ മരണമടഞ്ഞു‌. കർണാടക, ഉത്തർപ്രദേശ്‌, പഞ്ചാബ്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലും രോഗികൾ കുതിച്ചുയരുകയാണ്‌. രാജ്യത്ത്‌ 1,29,14,148 പേർക്കാണ്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌. 1,66,832 പേർ മരിച്ചതായാണ്‌ കണക്ക്‌.

കോവിഡ്‌ പ്രതിരോധത്തിൽ ലോകത്തിന്‌ മാതൃകയായ കേരളത്തിലും കുറച്ചുദിവസമായി രോഗബാധിതർ വർധിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിന്റെയും ജനങ്ങളുടെ ജാഗ്രതയുടെയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കാൻ കേരളത്തിന്‌ ഇതുവരെ കഴിഞ്ഞിരുന്നു. ഓണാഘോഷങ്ങൾക്കും തദ്ദേശ തെരഞ്ഞെടുപ്പിനുംശേഷം രോഗബാധ വർധിച്ചെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ വ്യാപനം നിയന്ത്രിച്ചു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശവും ഉത്സാവാഘോഷങ്ങളും വഴി കേരളത്തിൽ രണ്ടാം തരംഗം ശക്തിപ്പെടുകയാണ്‌. രോഗബാധ തടയാനും നീട്ടിക്കൊണ്ടുപോകാനുമുള്ള ശ്രമം ഫലം കണ്ടതായാണ്‌ കേരളത്തിന്റെ ഇതുവരെയുള്ള അനുഭവം. മാസ്‌ക്‌ ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങളിലേക്ക്‌ തിരിച്ചുപോകണമെന്ന്‌ ജനങ്ങളോട്‌ അഭ്യർഥിക്കുകയാണ്‌ ആരോഗ്യവകുപ്പ്‌. അതിന്റെ പ്രാധാന്യം ‘ബ്രേക്ക്‌ ദ ചെയിൻ’ ക്യാമ്പയിനിലൂടെ കേരളം തെളിയിച്ചതാണ്‌. അടിസ്ഥാന പാഠങ്ങൾ പാലിച്ചാൽ കോവിഡിന്റെ രണ്ടാം തരംഗത്തെയും അതിജീവിക്കാനാകും.


 

രോഗംവിതച്ച ഭീതി, ലോക്‌ഡൗൺ, അടച്ചുപൂട്ടൽ വരുത്തിവച്ച ജീവിതപ്രതിസന്ധികൾ, സാമ്പത്തികവും മാനസികവുമായ അരക്ഷിതാവസ്ഥ എന്നിങ്ങനെ കേട്ടുകേൾവിയില്ലാത്ത സങ്കീർണതകളിലൂടെയാണ്‌ ഒന്നൊന്നര വർഷമായി മനുഷ്യരാശി കടന്നുപോകുന്നത്‌. രോഗവ്യാപനം എത്ര ശക്തമായാലും ഇനി സമ്പൂർണ അടച്ചുപൂട്ടൽ അസാധ്യമാണ്‌. എന്നാൽ, അടച്ചുപൂട്ടലിന്‌ പകരംവയ്‌ക്കാവുന്ന പ്രതിരോധം കണ്ടെത്താനുമായിട്ടില്ല. മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലുമെല്ലാം രാത്രി കർഫ്യൂ ഏർപ്പെടുത്തിയതായാണ്‌ വാർത്ത. കർഫ്യൂവും അടച്ചുപൂട്ടലും വരുത്തുന്ന ഭവിഷ്യത്ത്‌ നന്നായി ഓർക്കേണ്ട സമയമാണിത്‌. രോഗത്തിനെതിരെ ജാഗ്രത പാലിച്ച്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയേ മാർഗമുള്ളൂ.

വാക്‌സിൻ വികസിപ്പിച്ചാൽ കോവിഡിനെ പ്രതിരോധിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ലോകം. മികവ്‌ തെളിയിച്ച്‌ ശാസ്‌ത്രലോകം വാക്‌സിൻ വികസിപ്പിക്കുകയും ചെയ്‌തു. നൂറുശതമാനം ഫലപ്രാപ്‌തി ഉറപ്പില്ലെങ്കിലും മാസങ്ങൾക്കകം വാക്സി‌ൻ നിർമിക്കാനായത്‌ ചെറിയ കാര്യമല്ല. ഇന്ത്യൻ കമ്പനികളുടെ വാക്‌സിൻ എത്തിയത്‌‌ ജനങ്ങളുടെ പ്രതീക്ഷ വാനോളമുയർത്തുകയും ചെയ്‌തു. എന്നാൽ, രാജ്യത്തെ ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും വാക്‌സിൻ ഇപ്പോഴും വിദൂരസ്വപ്‌നമാണ്‌. വാക്‌സിൻ ലഭിക്കാതെ കോവിഡ്‌ പ്രതിരോധം അകന്നുപോകുകയാണെന്ന്‌ പറയേണ്ടിവരുന്നു.

വിദേശ രാജ്യങ്ങൾക്ക്‌ വാക്‌സിൻ നൽകി കേന്ദ്ര സർക്കാർ മേനി നടിക്കുമ്പോഴും ഇന്ത്യയിൽ പ്രതിരോധ കുത്തിവയ്‌പ്‌ തീരെ കുറവാണെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസത്തെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ ലക്ഷം പേർക്ക്‌ ശരാശരി 6310 ഡോസ്‌ മരുന്നുമാത്രമാണ്‌ ലഭ്യമാകുന്നത്‌. ലോക ശരാശരി ലക്ഷത്തിന്‌ 8900 ഡോസാണ്‌. ഇസ്രയേൽ, ചിലി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്‌. വാക്‌സിൻ വികസിപ്പിച്ചതുകൊണ്ടായില്ല, അത്‌ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ പ്രതിബദ്ധതയുള്ള ഭരണവും വേണമെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. ഇങ്ങനെപോയാൽ രാജ്യത്തെ പകുതിപ്പേർക്കെങ്കിലും വാക്‌‌സിൻ ലഭിക്കാൻ വർഷങ്ങൾ എടുക്കും. കോവിഡ്‌ ചികിത്സയും വാക്‌സിനും സൗജന്യമായി നൽകുമെന്ന്‌ തുടക്കത്തിലേ പ്രഖ്യാപിച്ച കേരളത്തിന്റെ ബദൽ നിലപാട്‌ ഇതുകൊണ്ടാണ്‌ ശ്രദ്ധേയമാകുന്നത്‌. ഭൂരിപക്ഷം പേർക്കും അതിവേഗം വാക്‌സിൻ എത്തിച്ച്‌ ജനങ്ങളെ മരണക്കയത്തിൽനിന്ന്‌ രക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top