14 April Sunday

ശൂന്യമായ കൈകൾക്ക് നയാപൈസയില്ല

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


ഏറെ വൈകി കേന്ദ്ര ഗവൺമെന്റ്‌‌ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ആദ്യഘട്ടത്തിൽ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാൻ കാര്യമായി ഒന്നുമില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഉൽപ്പാദനവും ചോദനവും ഉപഭോഗവും ഉണ്ടാകണമെങ്കിൽ ജനങ്ങളുടെ കൈകളിലെല്ലാം നേരിട്ട് പണം എത്തണം. സാധാരണ ജനങ്ങളുടെ കൈയിൽ പണമെത്തുന്ന ഒന്നും പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച പ്രഖ്യാപിച്ച വിശദാംശങ്ങളിലില്ല. എല്ലാ വരുമാന മാർഗങ്ങളും നിലച്ച് പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ സഹായിക്കാനും അടിയന്തര നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാക്കേജിന്റെ ആദ്യവിശദാംശങ്ങളിൽ അതും കണ്ടില്ല.

എല്ലാ രാജ്യങ്ങളും വലിയ പാക്കേജുകൾ പ്രഖ്യാപിച്ചിട്ട് നാളേറെയായിട്ടും കേന്ദ്ര ഗവൺമെന്റ്‌‌‌‌ അനങ്ങിയിരുന്നില്ല. പാക്കേജിനായി നാനാ മേഖലകളിൽനിന്ന്, സാധാരണക്കാർമുതൽ സാമ്പത്തിക വിദഗ്ധർവരെ മുറവിളി കൂട്ടി. ഒടുവിൽ ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും പാക്കേജ് പ്രഖ്യാപിച്ചത്‌ സ്വാഗതാർഹം തന്നെ. പക്ഷേ, പാക്കേജിന്റെ ആദ്യഭാഗം നിർമല സീതാരാമൻ വിശദീകരിച്ചതിൽ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ചില സഹായപരിപാടികളും വായ്പാ പദ്ധതികളും മാത്രം. പുതിയ പാക്കേജ് മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ 10 ശതമാനം വരും. നിർമല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ച 1.76 ലക്ഷം കോടിയും ഇതിൽ ഉൾപ്പെടും. ചെറുതെന്ന് പറയാനാവില്ലെങ്കിലും ഇതിനേക്കാൾ വലിയ പാക്കേജുകൾ പ്രഖ്യാപിച്ച രാജ്യങ്ങളുമുണ്ട്.

സാമ്പത്തിക വളർച്ചയും സ്വാശ്രയ ഭാരതവും ലക്ഷ്യമിടുന്നതാണ് പാക്കേജെന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച പരിപാടികളിൽ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾക്കായുള്ള മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പയാണ് പ്രധാനം. 100 കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഈ വായ്പ ലഭിക്കും. നാലുവർഷമാണ് വായ്പാ കാലാവധി. ഒരു വർഷം മൊറട്ടോറിയവുമുണ്ട്. രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യവസായികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നു. നിക്ഷേപവും വിറ്റുവരവ് പരിധിയും വർധിപ്പിച്ച്‌ ഈ വ്യവസായങ്ങളുടെ നിർവചനത്തിലും മാറ്റം വരുത്തി. ഇതുവഴി കൂടുതൽ സ്ഥാപനങ്ങൾ ഈ ഗണത്തിൽപ്പെടും.

ഏഴു മേഖലകളിലായി പതിനഞ്ച് നടപടികളാണ് പ്രഖ്യാപിച്ചത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാൻ 10000 കോടി, തകർച്ച നേരിടുന്നവയ്ക്ക് 20000 കോടി എന്നിങ്ങനെ സഹായമുണ്ട്. ഈ രംഗത്ത് നിർമാണ, സേവന മേഖല എന്നിങ്ങനെ തരംതിരിവില്ല. 200 കോടിവരെ ആഗോളടെൻഡറും വേണ്ട. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണ ലഭ്യതയ്‌ക്കായി 30000 കോടിരൂപയുടെ പദ്ധതിയുണ്ട്. നികുതി അടയ്‌ക്കുന്ന കാര്യത്തിൽ ചില സൗകര്യങ്ങൾ, ആദായനികുതിയുടെ വിവരം സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടൽ, ഊർജ വിതരണ കമ്പനികളുടെ നഷ്ടം നികത്താൻ 90000 കോടിയുടെ പദ്ധതി എന്നിവയൊക്കെ പാക്കേജിന്റെ ഭാഗമായി വരുന്ന മറ്റു കാര്യങ്ങളാണ്. നൂറ്‌ തൊഴിലാളികളിൽ കുറവുള്ളതും 90 ശതമാനം പേരുടെയും ശമ്പളം 15,000 രൂപയിൽ താഴെയുള്ളതുമായ സ്ഥാപനങ്ങളുടെ ഇപിഎഫ്‌ വിഹിതം ജൂൺ–-ആഗസ്‌ത്‌ കാലയളവില്‍ കൂടി കേന്ദ്ര സർക്കാർ അടയ്‌ക്കും. ഈ ആനുകൂല്യം ലഭിക്കാത്ത സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉടമകളുടെയും ഇപിഎഫ്‌ വിഹിതം 12 ശതമാനത്തിൽ നിന്ന്‌ 10 ശതമാനമാക്കി.

ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽപോയ സാധാരണക്കാരായ ജനകോടികളുടെ ശൂന്യമായ കൈകളിലേക്ക് നയാപൈസ എത്തിക്കാൻ ഇതു കൊണ്ടൊന്നുമാവില്ല

ഇതെല്ലാം നല്ലകാര്യം തന്നെ. ഈ മേഖലകളിൽ അതിന്റെ നേട്ടവും കിട്ടിയേക്കാം. എന്നാൽ, ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽപോയ സാധാരണക്കാരായ ജനകോടികളുടെ ശൂന്യമായ കൈകളിലേക്ക് നയാപൈസ എത്തിക്കാൻ ഇതു കൊണ്ടൊന്നുമാവില്ല.ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്ന് പതുക്കെയെങ്കിലും സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനാണ് കേന്ദ്രഗവൺമെന്റും സംസ്ഥാന സർക്കാരുകളും ശ്രമിക്കുന്നത്. ചില ട്രെയിൻ സർവീസുകൾ ആരംഭിച്ചതും ഏതാനും വിമാന സർവീസുകൾ തുടങ്ങാനൊരുങ്ങുന്നതും ഇതിന്റെ ഭാഗമായാണ്. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജും അതിനു വേണ്ടിത്തന്നെ. എന്നാൽ, ഇപ്പോൾ ആദ്യഘട്ടം പ്രഖ്യാപിച്ച പരിപാടികൾ അതിനുമതിയാവില്ല.

അസാധാരണമായ, അവിശ്വസനീയമായ ഒരു ദുരന്തത്തെയാണ് ലോകവും നമ്മുടെ രാജ്യവും നേരിടുന്നത്. കോവിഡ് വ്യാപനം പോലെ അതിവേഗത്തിൽ സാമ്പത്തിക പ്രത്യാഘാതങ്ങളും വ്യാപിക്കുന്നു. നേരത്തെ തന്നെ മാന്ദ്യത്തിന്റെ പിടിയിൽപ്പെട്ട ഇന്ത്യക്ക് സാധാരണ നടപടികൾ മതിയാകില്ല. എത്രയോപേർക്ക് തൊഴിലും ജീവിതമാർഗവും നഷ്ടപ്പെട്ടിരിക്കുന്നു. ലോക്ക്ഡൗൺ ആരംഭിച്ചമുതൽ സ്വന്തം നാട്ടിലെത്താൻ പാടുപെടുന്ന കുടിയേറ്റ ത്തൊഴിലാളികൾ പല സംസ്ഥാനത്തും ഇനിയും എത്തേണ്ടിടത്ത് എത്തിയിട്ടില്ല. ഇതോടൊപ്പം കർഷകർ, കർഷകത്തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ എന്നിവരൊക്കെ ദുരിതത്തിലാണ്‌. ഇവർക്കെല്ലാം നേരിട്ട് പണം എത്തിക്കുന്ന നടപടിയായിരുന്നു ആദ്യം വേണ്ടത്. അത് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാനേ ഇപ്പോൾ കഴിയൂ.

ധനമന്ത്രാലയം മാത്രമല്ല, മറ്റു മന്ത്രാലയങ്ങളും റിസർവ് ബാങ്കും ബഹുമുഖനടപടികൾ സ്വീകരിക്കണം. ആവശ്യക്കാർക്കെല്ലാം വായ്പ ലാഭ്യമാക്കാൻ ബാങ്കുകൾക്ക് മേൽ റിസർവ് ബാങ്ക് ഇടപെടണം. പലിശനിരക്കുകൾ കുറച്ചതുകൊണ്ടോ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചതുകൊണ്ടോ ആർക്കും വായ്പ ലഭ്യമാകില്ല.ഒരു വരുമാനവുമില്ലാതെ വട്ടം കറങ്ങുന്ന സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ അടിയന്തര നടപടിയുടെ സമയം അതിക്രമിച്ചു. കേന്ദ്ര സർക്കാർ നൽകാനുള്ള കുടിശ്ശിക പോലും നൽകിയിട്ടില്ല. വായ്പാപരിധി വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ചും നിർമല സീതാരാമൻ ഒന്നും പ്രതികരിച്ചില്ല. പാക്കേജ് പ്രഖ്യാപനങ്ങൾ തുടർച്ചയായി ഉണ്ടാകുമെന്ന മന്ത്രിയുടെ വാക്കിലാണ് അടുത്ത പ്രതീക്ഷ. ഇല്ലെങ്കിൽ, കോവിഡിനെ നേരിടാൻ മുന്നിൽനിന്ന്‌ പൊരുതുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി അങ്ങേയറ്റം വഷളാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top