26 April Friday

കോവിഡ്‌ നിയന്ത്രണം ; 
കേരളം മുന്നോട്ടുതന്നെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021


കോവിഡ്‌ ബാധയുടെ തീവ്രത കുറയുന്നില്ലെന്നു പറഞ്ഞ്‌ കേരളത്തെ പഴിക്കുന്നവർ വസ്‌തുതകൾക്കു നേരെയാണ്‌ മുഖംതിരിക്കുന്നത്‌. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്ന രോഗബാധയിൽ മുന്നിൽനിൽക്കുന്നത്‌ മഹാരാഷ്‌ട്രയും കേരളവുമാണ്‌. അടുത്തത്‌ കർണാടകം. മുന്നിലും പിന്നിലുമുള്ള സംസ്ഥാനങ്ങളിലെ നിലയുമായി കേരളത്തിന്‌ ഒരു താരതമ്യവുമില്ലെന്ന്‌ കണക്കിന്റെ ഉള്ളുകള്ളികൾ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഇരട്ടിയിലധികം രോഗബാധയുണ്ടായ മഹാരാഷ്‌ട്രയിൽ മരണം ഒമ്പത്‌ ഇരട്ടിയാണ്‌. രോഗബാധിതരുടെ എണ്ണത്തിൽ കേരളത്തിനു പിന്നിലായ കർണാടകത്തിൽ മരണം രണ്ടര ഇരട്ടിയും. മഹാരാഷ്‌ട്ര –-2.04, കർണാടകം –-1.25, കേരളം –- 0.04 ശതമാനം എന്നിങ്ങനെയാണ്‌ മരണനിരക്ക്. ഇത്‌ ഔദ്യോഗിക കണക്കാണ്‌. ഐസിഎംആർ മാനദണ്ഡങ്ങളിലെ നൂലാമാല കാരണം രാജ്യത്ത്‌ കോവിഡ്‌ മരണം രേഖപ്പെടുത്തുന്നതിൽ പിഴവുണ്ടായി. ഇതുസംബന്ധിച്ച്‌ ദ ഹിന്ദു ദിനപത്രം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്‌ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്‌. പതിനായിരക്കണക്കിനു മരണം വിട്ടുപോയ സംസ്ഥാനങ്ങളുണ്ട്‌. കേരളത്തിലാണ്‌ ഇത്തരം മരണം ഏറ്റവും കുറവ്‌. വിട്ടത്‌ കൂട്ടിച്ചേർക്കുമ്പോൾ യഥാർഥ ചിത്രം വ്യക്തമാകും. ഇത്‌ രേഖയിലുള്ള മരണക്കണക്ക്‌. മൃതദേഹം നദീതീരത്ത്‌ കുഴിച്ചിടുകയും പുഴയിൽ വലിച്ചെറിയുകയുമൊക്കെ ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ അനുഭവത്തിൽനിന്നു കൊണ്ടുവേണം കേരളത്തെ വിലയിരുത്താൻ. മധ്യപ്രദേശിൽ അധിക മരണം കണ്ടെത്താൻ മെയിൽ നടത്തിയ എക്സസ് ഡെത്ത് അനാലിസിസ് പ്രകാരം 2019 മെയ് മാസത്തേക്കാൾ 1,33,000 അധിക മരണമാണ് കണക്കാക്കപ്പെട്ടത്. എന്നാൽ, റിപ്പോർട്ട്‌ ചെയ്‌തത്‌ 2461 മരണം. 54 ഇരട്ടിയാണ് ഇവിടെ യഥാർഥ മരണം. കേരളത്തിൽ ഒരു മരണംപോലും രജിസ്റ്റർ ചെയ്യാതെ പോകില്ല. കോവിഡ്‌ മരണക്കണക്കിൽ വിട്ടുപോയത്‌ പരിശോധിച്ച്‌ ഉൾപ്പെടുത്തുകയുമാണ്‌.

രോഗസ്ഥിരീകരണനിരക്ക്‌ (ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌) പത്തുശതമാനത്തിൽ താഴാതെ തുടരുന്നത്‌ ആശങ്കാജനകമാണെന്ന വാദമാണ്‌ ഉയരുന്നത്‌. എന്നാൽ, ഇത്‌ 30 ശതമാനംവരെ ഉയർന്നത്‌ കാണാതിരിക്കരുത്‌. പ്രതിദിന രോഗബാധ 44,000 വരെ ഉയർന്നു. ഇപ്പോൾ ഏതാനും നാളായി 13,000ൽ താഴെയാണ്‌. ഒന്നേകാൽ ലക്ഷത്തിനടുത്താണ്‌ ദിവസേനയുള്ള പരിശോധന. ഇതാകട്ടെ ഭൂരിഭാഗവും പ്രത്യക്ഷ രോഗലക്ഷണം ഉള്ളവരിലാണുതാനും. രോഗമുക്തി ഉറപ്പാക്കാനുള്ള പരിശോധന ഒഴിവാക്കി 17 ദിവസം കഴിയുമ്പോൾ ലക്ഷണമില്ലെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കുകയാണ്‌. ഇന്ത്യയിൽ ആകെ നടന്ന കോവിഡ്‌ പരിശോധന 43 കോടിയിൽപ്പരമാണ്‌. ജനസംഖ്യയുടെ രണ്ടര ശതമാനമുള്ള കേരളത്തിൽ രണ്ടരക്കോടിയോളം പരിശോധന നടത്തി. ആകെ പരിശോധനയുടെ അഞ്ചു ശതമാനത്തിൽ കൂടുതലാണ്‌ ഇത്‌. ഇതെല്ലാം വ്യക്തമാക്കുന്നത്‌ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധതന്ത്രം കുറ്റമറ്റതാണെന്നാണ്‌. ഇതര സംസ്ഥാനങ്ങളിലാകട്ടെ നഗരങ്ങളിലെ രോഗപ്പകർച്ച കുറഞ്ഞുകഴിയുമ്പോൾ പരിശോ ധനയും കണക്കെടുപ്പുമെല്ലാം നാമമാത്രമാകുന്നു. ഗ്രാമങ്ങളിലെ രോഗനില സംബന്ധിച്ച്‌ കാര്യമായ വിവരമൊന്നും ലഭ്യമല്ല.

ഒന്നും രണ്ടും ഘട്ടത്തിൽ രോഗബാധ പെട്ടെന്ന്‌ ഉച്ചസ്ഥായിയിൽ എത്താതിരിക്കാൻ കേരളത്തിലെ ആരോഗ്യസംവിധാനം കാണിച്ച കടുത്ത ജാഗ്രതയ്‌ക്ക്‌ ഫലമുണ്ടായി. മറ്റിടങ്ങളിൽ കുതിച്ചുയർന്ന രോഗബാധയ്‌ക്കൊപ്പം മരണവുംകൂടി. കേരളത്തിൽ രോഗഗ്രാഫ്‌ പതുക്കെ ഉയർന്ന്‌ ഒന്നാം ഘട്ടത്തിൽ സെപ്‌തംബറിലും രണ്ടാം ഘട്ടത്തിൽ മെയിലും അറ്റംതൊട്ടു മടങ്ങി. പിന്നീട്‌ കുറച്ചുകാലമായി ഒരേ നിരക്കിൽ തുടരുന്നു. മരണനിരക്കാകട്ടെ എല്ലാ ഘട്ടത്തിലും 0.5ൽ താഴെ മാത്രം. ദേശീയ ശരാശരി ഇപ്പോഴും 1.32 ആണ്‌. ഇതാണ്‌ കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌. ജനസാന്ദ്രത, ജനസംഖ്യയിൽ വയോജനങ്ങളുടെ ഉയർന്ന അനുപാതം, ജീവിതശൈലീ രോഗങ്ങളുടെ ആധിക്യം എന്നിവ കണക്കിലെടുക്കുമ്പോൾ കേരളത്തിനാണ്‌ ഏറ്റവും വലിയ ആഘാതമേൽക്കേണ്ടത്‌. എന്നിട്ടും കേരളം എങ്ങനെ ഈ മാതൃക തീർത്തുവെന്നത്‌ ഗൗരവപൂർവം പഠിക്കാനാണ്‌ വിമർശകർ തയ്യാറാകേണ്ടത്‌. രോഗഗ്രാഫ്‌ കുറച്ചുനാൾ താഴാതെ നിൽക്കുന്നത്‌ വലിയആശങ്കയ്‌ക്ക്‌ കാരണമാകേണ്ടതില്ലെന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്‌ വസ്‌തുതകളുടെ പിൻബലത്തോടെയാണ്‌. രോഗികളുടെ എണ്ണം ഏറ്റവും കൂടിയപ്പോൾപോലും സംവിധാനങ്ങളുടെ 60–-70 ശതമാനം മാത്രമാണ്‌ ഉപയോഗിക്കേണ്ടിവന്നത്‌. രോഗപ്പകർച്ച അതിവേഗം ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നിയന്ത്രണങ്ങളുടെയും മുൻകരുതലുകളുടെയും ഫലമാണ്‌ ഇത്‌. 90 ശതമാനത്തോളം രോഗികൾക്കും സൗജന്യ ചികിത്സ നൽകി. ഇത്‌ കേരളത്തിനു മാത്രം അവകാശപ്പെട്ടത്‌. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചിട്ടുമുണ്ട്.

അറിയാതെ രോഗം ഭേദമാകുന്നവരുടെ എണ്ണം കേരളത്തിൽ ദേശീയ കണക്കിന്റെ പകുതിയേ ഉള്ളൂ. ഐസിഎംആറിന്റെ സെറോ പ്രിവലൻസ് പഠനം ഇന്ത്യയിലെ പല നഗരത്തിലും 70 മുതൽ 80 ശതമാനം പേർക്ക് രോഗം വന്നുപോയതായി കണ്ടെത്തി. ഇപ്രകാരം കേരളത്തിൽ രോഗവ്യാപന നിരക്ക് മറ്റു സംസ്ഥാനങ്ങളുടെ (21.6) പകുതി (11.4) മാത്രം. കേരളത്തിൽ രോഗസാധ്യതയുള്ളവരുടെ എണ്ണം കൂട്ടുന്ന പ്രധാന ഘടകമാണ്‌ ഇത്‌. കുടുംബങ്ങളിലെ രോഗവ്യാപനമാണ്‌ മറ്റൊരു പ്രശ്‌നം. രണ്ടാംതരംഗത്തിൽ പ്രത്യക്ഷപ്പെട്ട വ്യാപനസാധ്യത ഏറെയുള്ള ഡെൽറ്റ വൈറസും കേരളത്തെ പ്രതികൂലമായി ബാധിച്ചു. ജനസാന്ദ്രത കൂടിയ, ഗ്രാമ നഗര വ്യത്യാസമില്ലാത്ത നമ്മുടെ നാട്ടിൽ പുതിയ വകഭേദം അതിവേഗം പടർന്നുപിടിക്കാനുള്ള സാധ്യതയാണ്‌ ഉള്ളത്‌. എന്നാൽ, രോഗബാധയിൽനിന്ന്‌ പരമാവധി ആളുകളെ സംരക്ഷിക്കുകയെന്ന നയം വിജയം കണ്ടു. പരമാവധി ജീവൻ സംരക്ഷിക്കാനായി. നിയന്ത്രണവും ജാഗ്രതയും കൈവിടാതിരുന്നാൽ മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നമുക്ക്‌ ലഘൂകരിക്കാനാകും. അതിനായിരിക്കണം ഇനിയുള്ള പരിശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top