18 April Thursday

കൈവിട്ടുപോകരുത്‌ കേരളത്തിന്റെ നേട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


കോവിഡ്‌ പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണ്‌. രോഗബാധ ആദ്യം കണ്ടെത്തിയത്‌‌ ജനുവരി 30ന് തൃശൂരിലാണ്‌‌. ആറാം മാസത്തിലേക്ക്‌ എത്തിയപ്പോൾ സംസ്ഥാനത്താകെ  രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. മൂവായിരത്തിലേറെ പേർക്ക്‌ അസുഖം ഭേദമായി. മരണപ്പെട്ടവർ 27. ഇതിൽ ഒന്നോ രണ്ടോ ഒഴിച്ചുള്ളവരെല്ലാം മറ്റ്‌ അസുഖമുള്ളവർ. രോഗബാധിതരിൽ 88 ശതമാനവും പുറത്തുനിന്ന്‌ എത്തിയവർ. സമ്പർക്കംമൂലം പകർന്ന 657 പേരിൽ, രോഗം സ്ഥിരീകരിക്കുന്ന ഘട്ടത്തിൽ ഉറവിടം അറിയാത്തവർ 159. പിന്നീടുള്ള അന്വേഷണത്തിലും ഉറവിടം കണ്ടെത്താനാകാത്തവരുടെ എണ്ണം അമ്പതിനോടടുത്തുമാത്രം. അതായത്‌ തുടക്കത്തിൽ ഉറവിടം അറിയാത്തത്‌‌ മൂന്ന്‌ ശതമാനമാണെങ്കിൽ പിന്നീട്‌ അത്‌ ഒരു ശതമാനമായി കുറഞ്ഞു. രാജ്യത്ത്‌ രോഗം സ്ഥിരീകരിച്ച ഏഴുലക്ഷം പേരിൽ 50 ശതമാനവും ഉറവിടം കണ്ടെത്താത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ്‌ ‌ കേരളത്തിൽ ഇത്രയും കുറഞ്ഞ നിരക്ക്‌ എന്നതോർക്കണം. എന്നാൽ, സമ്പർക്കംമൂലം 12 ശതമാനം പേർക്ക്‌ വൈറസ്‌ പകർന്നു എന്നത്‌ നിസ്സാര കാര്യമല്ല. ഇതിൽത്തന്നെ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നത്‌ ഏറെ ആശങ്ക ഉണ്ടാക്കുന്നു. ഈ രണ്ട്‌ ഘടകത്തെയും അടിസ്ഥാനമാക്കിയാണ്‌ കേരള സർക്കാരും ആരോഗ്യവകുപ്പും കോവിഡ്‌ പ്രതിരോധതന്ത്രങ്ങൾ രൂപപ്പെടുത്തുന്നത്‌.

രാജ്യത്തിന്റെ പൊതുനിലയിൽനിന്ന്‌ വേറിട്ടുനിൽക്കാൻ കേരളത്തിന്‌ സാധിച്ചത്‌ ശാസ്‌ത്രീയ സമീപനവും വിട്ടുവീഴ്‌ചയില്ലാത്ത നടപടികളുംകൊണ്ടാണ്‌. അഞ്ചുമാസമായി അനുഭവിക്കുന്ന ഈ ആശ്വാസം കൈവിട്ടുപോകുന്ന കാഴ്‌ചയാണ്‌ പലയിടത്തും കാണുന്നത്‌. രാജ്യത്തെ പ്രധാന നഗരങ്ങളിലും സ്ഥിരീകരിക്കപ്പെടുന്ന കേസുകൾ മുഴുവൻ സമ്പർക്കം വഴിയുള്ളതാണ്‌. നല്ലൊരുപങ്കും ഉറവിടമറിയാത്തതും‌.  കേരളത്തിലെ നഗരങ്ങളിൽനിന്ന്‌  ഈ അപായസൂചനയാണ്‌ കുറച്ചു ദിവസമായി വന്നുകൊണ്ടിരിക്കുന്നത്‌. പൊന്നാനിയും  കൊച്ചിയും തിരുവനന്തപുരവും കാസർകോടും  ഒറ്റപ്പെട്ടതായി കാണാനാകില്ല. കോവിഡ്‌ ഡ്യൂട്ടിയിലല്ലാത്ത ഡോക്ടർമാർക്കും ഓട്ടോ ഡ്രൈവർക്കും കെഎസ്‌ആർടിസി  ജീവനക്കാർക്കും കോവിഡ്‌ സ്ഥിരീകരിച്ചത്‌ ആശങ്കാജനകമാണ്‌‌. ഇവരുടെ വിപുലമായ സമ്പർക്കത്തിൽ രോഗപ്പകർച്ച സംഭവിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും. ഈ സാഹചര്യത്തിലാണ്‌ സൂക്ഷ്‌മ നടപടികളിലേക്ക്‌ അധികൃതർ പോകുന്നത്‌.


 

ഇക്കാര്യത്തിൽ സർക്കാരിനോ ആരോഗ്യവകുപ്പിനോ ഒന്നും മറച്ചുവയ്‌ക്കാനില്ലെന്ന്‌ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.‌ മറിച്ചുള്ള പ്രചാരണങ്ങൾ സദുദ്ദേശ്യപരമായി കാണാനാകില്ല. രോഗവ്യാപനം സ്വാഭാവികമായ കാര്യമാണെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു‌. സാമൂഹ്യഅകലവും മുഖാവരണവും കൈകൾ വൃത്തിയാക്കലുംവഴി  കണ്ണികൾ മുറിക്കാനാകും. എന്നാലും പകർച്ച സംഭവിക്കാം. അതിന്റെ ഘട്ടങ്ങളെക്കുറിച്ച്‌ ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചും മാർഗനിദേശം നൽകിയിട്ടുണ്ട്‌. ഇതനുസരിച്ചാണ്‌ ആരോഗ്യവകുപ്പ്‌ നടപടികൾ സ്വീകരിക്കുന്നത്‌. സമ്പൂർണ ലോക്ക്‌ഡൗണിനുശേഷവും രോഗവ്യാപന മേഖലകളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്‌. ഒരാൾക്ക്‌ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായാൽ അയാളുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നു. പുനർ സമ്പർക്കത്തിലൂടെ ക്‌ളസ്‌റ്റർ (കൂട്ടം) രൂപപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി  പ്രഖ്യാപിച്ച്‌ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നു. തുടരെ രോഗബാധ ഉണ്ടാകുകയും സമ്പർക്കത്തിലൂടെ രോഗികളുടെ ക്ലസ്‌റ്ററുകൾ രൂപപ്പെടുകയും  അത്‌ മൾട്ടിക്‌ളസ്‌റ്ററുകളായി പരിണമിക്കുകയും ചെയ്യുന്നതാണ്‌ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം സമൂഹവ്യാപനം. ഈ നിർവചനമനുസരിച്ച്‌ കേരളത്തിൽ ഒരിടത്തും സമൂഹവ്യാപനം ഉണ്ടായെന്ന്‌ പറയാനാകില്ല. എന്നാൽ, അതിന്റെ സൂചനകൾ കാണുമ്പോൾത്തന്നെ സമൂഹവ്യാപനത്തിന്‌ സമാനമായ നടപടികളാണ്‌  സ്വീകരിച്ചുവരുന്നത്‌.

ക്‌ളസ്‌റ്റർ സംശയിക്കുന്ന സ്ഥലവും ചുറ്റുമുള്ള പ്രദേശങ്ങളും അടയ്‌ക്കുന്നു. ഇവിടെ മുഴുവനാളുകളെയും പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നു. ഇതുവരെയുള്ള അനുഭവത്തിൽ ഇത്‌ വളരെ ഫലപ്രദമാണ്‌. എന്നാൽ പൊന്നാനി, തിരുവനന്തപുരം എന്നിവിടങ്ങളിൽ അപകടകരമായ ലക്ഷണങ്ങളാണ്‌ കണ്ടത്‌. ഉറവിടം അറിയാതെ രോഗബാധ ഉണ്ടായവർ വിപുലമായ സമ്പർക്കമുള്ളവരാണെന്ന്‌ കണ്ടെത്തി‌. തലസ്ഥാനത്ത്‌ കൂടതൽപേർ പോസിറ്റീവായി മാറിയത്‌ കടുത്ത ആശങ്ക ഉളവാക്കി. ഇതേത്തുടർന്നാണ്‌ കോർപറേഷൻ പരിധിയിൽ ‌ ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തിയത്‌‌.  കേരളത്തിന്റെ ഏത്‌ ഭാഗത്തും ഇത്‌ സംഭവിക്കാം. കൂടുതൽ സ്ഥലങ്ങളിൽ ഒരുമിച്ച്‌  രോഗമുണ്ടായാൽ ആരോഗ്യസംവിധാനമാകെ തകിടംമറിയും. അതുകൊണ്ട്‌ സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞിട്ടില്ല എന്നത്‌ ഒട്ടും ആശ്വാസം നൽകുന്ന കാര്യമല്ല. കേരളം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന ആശങ്ക പങ്കുവയ്‌ക്കുന്നവരെ തള്ളിപ്പറയുന്നതിലും അർഥമില്ല. എന്നാൽ, ബോധപൂർവം സർക്കാർ സംവിധാനങ്ങളെ ഇകഴ്‌ത്താനും ജനങ്ങളിൽ ഭയം പടർത്താനുമുള്ള ശ്രമങ്ങൾ ദോഷം ചെയ്യും. മാനസികസമ്മർദങ്ങളുടെ  ഫലമായുണ്ടാകുന്ന ഹൃദ്രോഗവും മസ്‌തിഷ്‌കാഘാതവും  ആത്മഹത്യയും  വർധിച്ചുവരികയുമാണ്‌. ആളുകളുടെ മനോനില രോഗപ്രതിരോധത്തിൽ സുപ്രധാനമാണെന്നാണ്‌‌ വിദഗ്‌ധർ പറയുന്നത്‌.  വൈറസിന്റെ കണ്ണിമുറിക്കാൻ കേരളം നേരത്തേതന്നെ തുടങ്ങിവച്ച പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകണം. യാത്രകൾ എത്ര ഒഴിവാക്കാനാകുമോ അത്രയും നന്ന്‌.  സമൂഹവ്യാപനം ഇല്ലെങ്കിൽ ഇതൊന്നും ആവശ്യമില്ലെന്ന ധാരണ ഉപേക്ഷിക്കണം. സമൂഹവ്യാപനം  നടന്നശേഷം  എന്തുചെയ്താലും ‌ഫലമുണ്ടാകില്ലെന്ന യാഥാർഥ്യബോധമാണ് വേണ്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top