20 April Saturday

‘കുതികൊൾക ശക്തിയിലേക്ക് നമ്മൾ’

വെബ് ഡെസ്‌ക്‌Updated: Wednesday May 6, 2020


വിശ്വമാകെ പടർന്നു നിൽക്കുന്ന ഒരിടമായി മാറിയിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. കേരളം ഉയർത്തിപ്പിടിക്കുന്ന മാനവികതയുടെ മഹാസന്ദേശത്തിന് ലോകമാകെ കാതോർക്കുന്നു. മനുഷ്യരുടെ ജീവനും ജീവിതവും സംരക്ഷിക്കാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും കേരളം നടത്തുന്ന ഇടപെടലുകൾ ഇപ്പോൾ ലോകമാകെ ചർച്ച ചെയ്യുന്നു.

കേരളം മുറുകെപ്പിടിക്കുന്ന മനുഷ്യ പ്രേമം, കേരളം പരത്തുന്ന മാനവികതയുടെ നവ്യപ്രകാശം... അതാണ് ഏവരെയും ആകർഷിക്കുന്നത്. മാനവരാശിക്കാകെ ഭീഷണിയായി കോവിഡ് 19 മഹാമാരി ലോകമാകെ പടരുമ്പോൾ, അതിനെ നേരിടാൻ മനുഷ്യപ്രയത്നത്തിന്റെ സകല സാധ്യതകളും പ്രയോജനപ്പെടുത്തി കേരളം പൊരുതുകയാണ്. ആ പോരാട്ടമാണ് ലോകത്തിന്റെ കണ്ണുകളെല്ലാം ഇപ്പോൾ ഇവിടേക്ക് പതിക്കാനിടയാക്കിയത്.  കോവിഡ് പ്രതിരോധത്തിൽ നമ്മൾ കൈവരിച്ച നേട്ടം, നമുക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറന്നുവച്ചിരിക്കുന്നു.

ഈ സാധ്യതകളെക്കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പ്രതിസന്ധികളിൽനിന്നുയർന്നു വരുന്ന പുതിയ സാധ്യതകൾ.  മനുഷ്യവിഭവശേഷിയാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അതെ, ആ മനുഷ്യവിഭവശേഷി തന്നെയാണ് കോവിഡ് കാലത്തും കേരളത്തെ സുരക്ഷിത കേന്ദ്രമായി നിലനിർത്തുന്നത്.

ഇങ്ങനെ ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥലമായി മാറിയ കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളുടെ ഒട്ടേറെ അന്വേഷണങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. ഇത്  നമുക്ക് പ്രയോജനപ്പെടുത്താൻ കഴിയണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഏവരും ആവേശപൂർവം ഏറ്റെടുക്കുമെന്ന് പ്രത്യാശിക്കാം. വ്യവസായലോകത്തെ കേരളത്തിലേക്ക്  ആകർഷിക്കാൻ സർക്കാർ വിവിധ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപം, തൊഴിൽ എന്നിവയെ അടിസ്ഥാനമാക്കി വ്യവസായങ്ങൾക്ക് സ്റ്റാർ റേറ്റിങ്, വിവിധ ഗ്രേഡിങ്ങുകൾ, വ്യവസായം തുടങ്ങാനുള്ള അപേക്ഷയിൽ ഒരാഴ്ചയ്‌ക്കകം ഉപാധികളോടെ ലൈസൻസ്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളം, തുറമുഖം, റെയിൽവേ, റോഡ് ബന്ധിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതിക്കും ഇറക്കുമതിക്കുമായി  ലോജിസ്റ്റിക് പാർക്ക്, കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവയാണ് പ്രഖ്യാപിച്ചവയിൽ ചില പദ്ധതികൾ.  ഇതൊക്കെ പ്രാവർത്തികമാക്കുന്നതിന് വിദഗ്ധരുടെ ഉപദേശക സമിതിയും രൂപീകരിക്കുന്നുണ്ട്.  സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനും വളർച്ചയിലേക്ക് നയിക്കാനും കഴിയുന്നതാണ് ഈ നിർദേശങ്ങൾ.


 

ഇതോടൊപ്പം, പ്രവാസികളുടെ മടങ്ങിവരവും നമുക്ക് പ്രയോജനകരമായി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വികസനത്തിലേക്ക് നയിക്കുന്നതിനും വലിയ പങ്കുവഹിച്ചവരാണ് പ്രവാസി മലയാളികൾ. ഇപ്പോൾ, കോവിഡിന്റെ പശ്ചാത്തലത്തിൽ തിരിച്ചുവരുന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ കുറേപ്പേർക്കെങ്കിലും തൊഴിൽ നഷ്ടമായിട്ടുണ്ടാകും. അവരെ സഹായിക്കേണ്ടതുണ്ട്. അതേസമയം, മടങ്ങി വരുന്നവരിൽ ചിലരൊക്കെ ഇവിടെ വ്യവസായവും വ്യാപാരവും തുടങ്ങാൻ താൽപ്പര്യമുള്ളവരാകും. പ്രൊഫഷണൽ മികവുള്ളവരും ഇക്കൂട്ടത്തിലുണ്ടാകും.

ഡോക്ടർമാർ, എൻജിനിയർമാർ, അധ്യാപകർ, ശാസ്ത്രാഭിമുഖ്യമുള്ളവർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ. ഇവരെയൊക്കെ ഇവിടെ  പ്രയോജനപ്പെടുത്താനാകണം. നമ്മുടെ പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള ആസൂത്രിത വികസന പദ്ധതികൾ വിഭാവനം ചെയ്യുന്നതിൽ ഈ സർക്കാർ വലിയ മുൻഗണന നൽകിയിട്ടുണ്ട്. ടൂറിസം വ്യവസായം മുന്നേറിയത് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്. ഇപ്പോൾ, ഏതു നാട്ടുകാരും ഏറ്റവും ഇഷ്ടപ്പെടുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. കേരളം അത്രമേൽ സുരക്ഷിതമാണെന്ന്  ഇവിടെ വന്നുപോകുന്ന വിദേശികൾ അടിവരയിട്ടു പറയുന്നു. ടൂറിസം രംഗത്ത് പുതിയ വഴികൾ തുറക്കുകയാണ്.

അഭ്യസ്തവിദ്യരായ ഒരുപാട് യുവജനങ്ങളുള്ള കേരളത്തിൽ വിവര സാങ്കേതികവിദ്യയിലൂന്നിയ വ്യവസായങ്ങൾ പച്ചപിടിച്ചു കഴിഞ്ഞു. സർക്കാർ സഹായത്തോടെ ഒട്ടേറെ സ്റ്റാർട്ടപ്പുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ അത് കൂടുതൽ ശക്തമാക്കാനാകും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിലും സംസ്ഥാനത്ത് പുതിയ സാധ്യതകൾ തെളിയുന്നുണ്ട്.

പുതിയ കേരളത്തിലേക്കുള്ള വഴികളിൽ വ്യക്തവും കൃത്യവുമായ ഒട്ടേറെ പരിപാടികൾ ഈ സർക്കാർ ഇതിനകം നടപ്പാക്കി. ഓഖി, നിപാ, മഹാപ്രളയങ്ങൾ എന്നിവയെ അതിജീവിച്ചു കൊണ്ടാണ് ഇവിടംവരെ  മുന്നേറിയത്. അതിനിടയിൽ  ഇപ്പോൾ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ. ഇവിടെയൊന്നും പകച്ചു നിൽക്കാതെ ചടുലവും ഉജ്വലവുമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞു. ‘കുഴി വെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്ക് നമ്മൾ’ എന്ന് ഇടശ്ശേരി എഴുതിയത് എത്ര അർഥപൂർണം. എല്ലാ പ്രതിസന്ധികളേയും പ്രയാസങ്ങളേയും അതിജീവിച്ച് നമുക്ക് മുന്നേറാനാകും. അതാണ് കേരളം ലോകത്തിന് കാണിച്ചു കൊടുക്കുന്ന മാതൃക. മുഖ്യമന്ത്രി പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ: “മനുഷ്യവിഭവശേഷിയാണ് നമ്മുടെ ശക്തി’’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top