18 April Thursday

അതിവ്യാപനം തടുക്കാൻ വിപുല പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 18, 2020

കോവിഡ്‌ പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌ കേരളം. മുൻകാലങ്ങളിൽ സ്വീകരിച്ച തന്ത്രങ്ങളുടെ വിജയകരമായ തുടർച്ചയായാണ്‌ പുതിയ ഘട്ടത്തെയും കാണേണ്ടത്‌. നിലവിൽ ക്ലസ്‌റ്ററുകളിലും രോഗികളുമായി സമ്പർക്കം ഉറപ്പുള്ള സേവന വിഭാഗങ്ങളിലും നിർബന്ധമാക്കിയ കോവിഡ്‌ പരിശോധന ചെറിയ ലക്ഷണങ്ങൾപോലുമുള്ള എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ജലദോഷപ്പനി, ചുമ, ശ്വസനപ്രശ്‌നങ്ങൾ തുടങ്ങിയവ ഉള്ളവരെയെല്ലാം കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കാനുള്ള സംവിധാനങ്ങളാണ്‌ ഒരുങ്ങുന്നത്‌. ഏതുതരം ടെസ്‌റ്റ്‌ വേണമെന്ന്‌‌ ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച്‌ നിർണയിക്കും. പുറത്തുനിന്ന്‌‌ എത്തുന്നവരിൽനിന്നുള്ള രോഗപ്പകർച്ചയേക്കാൾ പതിന്മടങ്ങാണ്‌ ഇപ്പോൾ സമ്പർക്കം വഴിയുള്ളത്‌. ഉറവിടമറിയാത്ത രോഗവ്യാപനവും വർധിച്ചുവരികയാണ്‌.

സമൂഹവ്യാപനം എന്ന ആപത്തിനെ എത്രകണ്ട്‌ വൈകിപ്പിക്കാമോ അത്രയും കുറച്ചായിരിക്കും അത്‌ സമൂഹത്തിന്‌ ഏൽപ്പിക്കുന്ന ആഘാതം എന്നതാണ്‌ കേരളത്തിന്റെ അനുഭവപാഠം. ലോക്‌ഡൗൺകാലത്തും തുടർന്നും ആവിഷ്‌കരിച്ചു നടപ്പാക്കിയ പ്രതിരോധ നടപടികൾ മരണനിരക്ക്‌ ദേശീയ ശരാശരിയേക്കാൾ വളരെ താഴെ പിടിച്ചുനിർത്താൻ സഹായകമായി. ലോകത്ത്‌ കോവിഡ്‌ മരണനിരക്ക്‌ 3.54 ശതമാനമാണ്‌. ഇന്ത്യയിൽ മൂന്നിനടുത്തും.  കേരളത്തിലാകട്ടെ ഇത്‌ 0.4ൽ ഇപ്പോഴും പിടിച്ചുനിർത്താൻ സാധിക്കുന്നു. രോഗം കുതിച്ചുയർന്ന ഡൽഹിയിലെ നിരക്കിലായിരുന്നെങ്കിൽ ഇവിടെ എണ്ണായിരത്തിലേറെ മരണം സംഭവിക്കണമായിരുന്നു. രോഗമുക്തിയിൽ വികസിത രാജ്യങ്ങളുടെ നിരക്കിലാണ്‌ കേരളമെങ്കിൽ ദേശീയ കണക്കുകൾ അതിൽ താഴെയാണ്‌. ഇതെല്ലാം കാണിക്കുന്നത്‌  അതിശീഘ്രമുള്ള രോഗവ്യാപനത്തെ തടുത്തുനിർത്താൻ എല്ലാ ഘട്ടത്തിലും കേരളത്തിന്‌ സാധിച്ചത്‌ ഫലപ്രദമായ മാനേജ്‌മെന്റിലൂടെയാണ് എന്നതാണ്‌‌.


 

നമ്മുടെ ആരോഗ്യപരിപാലന സംവിധാനത്തിന്‌ താങ്ങാനാകുന്നവിധം രോഗികളുടെ എണ്ണത്തെ പരിമിതപ്പെടുത്തുന്നതിൽ ലോക്‌ഡൗൺ, ക്ലസ്‌റ്റർ മാനേജ്‌മെന്റ്‌ തുടങ്ങിയവ വഴി സാധിച്ചു. മുഖാവരണം, കൈകൾ വൃത്തിയാക്കൽ, സാമൂഹ്യ അകലം തുടങ്ങിയവ പൊതുബോധമായി മാറിയിട്ടുണ്ടെങ്കിലും പോരായ്‌മകൾ നിലനിൽക്കുന്നുണ്ട്‌. എന്നാൽ,  സമൂഹവ്യാപനം സംഭവിക്കുന്ന  ക്ലസ്‌റ്ററുകളിൽ രണ്ടാഴ്‌ചമുതൽ ഒരുമാസംവരെയുള്ള കാലയളവിൽ രോഗപ്പകർച്ച നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നു. ഇവിടങ്ങളിൽ പൂർണ അടച്ചിടൽ, പരിശോധന എന്നിവ കർശനമാക്കി. പൊതുവായ പരിശോധനകളുടെ എണ്ണവും പടിപടിയായി വർധിപ്പിച്ചു. ഇപ്പോഴിത്‌ ദിനംപ്രതി മുപ്പതിനായിരത്തിനു മുകളിലാണ്‌.

ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും ഒത്തുചേർന്ന്‌ ചികിത്സാ സംവിധാനങ്ങൾ കാര്യമായി വിപുലീകരിക്കുകയും വികേന്ദ്രീകരിക്കുകയുംചെയ്‌തു. നിലവിലുള്ള രോഗികളുടെ എണ്ണത്തിന്റെ മൂന്നിരട്ടി കിടക്കകൾ ഇപ്പോൾ ലഭ്യമാണ്‌.  ഇവിടെ ഡോക്ടർമാർമുതൽ സന്നദ്ധ പ്രവർത്തകർവരെ ഉൾപ്പെടുന്ന കോവിഡ്‌ ബ്രിഗേഡിനെ ഒരുക്കിനിർത്തുന്നതിനുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്‌. ഈ തയ്യാറെടുപ്പുകളെല്ലാം ആത്മവിശ്വാസം പകരുന്നതാണെങ്കിലും വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്‌ ആശങ്ക ഉളവാക്കുന്നതാണ്. പ്രതിദിനം ഇരുപതിനായിരംവരെ രോഗികൾ എന്ന നിലയിലേക്ക്‌ കേരളത്തിൽ സ്ഥിതി മാറാമെന്നാണ്‌ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. ഇത്‌ യാഥാർഥ്യമായാൽ നമുക്ക്‌ ഇന്നുള്ള സംവിധാനങ്ങൾ തീർത്തും അപര്യാപ്‌തമാകും. ഐസിയുവും വെന്റിലേറ്ററും മാത്രമല്ല, സാധാരണ കിടക്കകൾപോലും തികയാതെ വരും. ജീവിതശൈലീ രോഗങ്ങളും പ്രായമായവരും കൂടുതലുള്ള കേരളത്തിൽ  എന്താകും സ്ഥിതിയെന്ന്‌‌ ഊഹിക്കാവുന്നതേയുള്ളൂ.


 

എന്താണ്‌  പോംവഴി എന്നതിന്‌‌ ഒറ്റ ഉത്തരമേ ഉള്ളൂ. വലിയതോതിലുള്ള വ്യാപനത്തിന്‌ വഴിതുറക്കാതിരിക്കുക. രോഗവാഹകരാകാൻ സാധ്യതയുള്ള എല്ലാവരെയും കണ്ടെത്തി ചികിത്സിക്കുക എന്നതാണ്‌ ആദ്യപടി. ചെറിയ ലക്ഷണങ്ങൾ ഉള്ളവരെപ്പോലും പരിശോധിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ നല്ല ബോധവൽക്കരണവും ജാഗ്രതയും വേണ്ടിവരും.  പരിശോധനാ സംവിധാനങ്ങൾ ഇനിയും വിപുലീകരിക്കേണ്ടിവരും.  പനിയും ജലദോഷവും മറ്റ്‌ വൈറസ്‌ ജന്യ രോഗങ്ങളും മഴക്കാലത്ത്‌ സാധാരണമാകയാൽ  മുഴുവനാളുകൾക്കും പരിശോധന ശ്രമകരമായിരിക്കും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനയ്‌ക്ക്‌ പുറമേയാണിത്‌. ഇക്കാര്യത്തിൽ സ്വകാര്യമേഖലയുടെ നല്ല പങ്കാളിത്തം അനിവാര്യമായി വരും.

അടുത്തഘട്ടം ലക്ഷണമില്ലാത്ത കോവിഡ്‌ ബാധിതരെ കണ്ടെത്തലാണ്‌. ലക്ഷണമുള്ളവരെ അപേക്ഷിച്ച്‌ ഇവരിൽനിന്ന്‌ രോഗവ്യാപന സാധ്യത കുറവാണെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. എന്നാൽ, മറ്റൊരുവിധത്തിൽ ഇവരിൽനിന്നുള്ള രോഗഭീഷണി കൂടുതലാണ്‌. കാരണം ഇവർ രോഗവാഹകരാണ്‌ എന്നറിയാതെയാണ്‌ സമൂഹത്തിൽ ഇടപെടുന്നത്‌. ഇവരെ കണ്ടെത്താൻ സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചും സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തിലും പരിശോധന പരമാവധി വിപുലപ്പെടുത്തണം. ലക്ഷണമില്ലാത്തവരിൽ കോവിഡ്‌ കണ്ടെത്തിയാൽ വീട്ടിൽത്തന്നെ ചികിത്സിക്കാനുള്ള പ്രോട്ടോകോൾ നടപ്പിൽ വന്നതിനാൽ ഇത്തരം രോഗികളുടെ ചികിത്സ വലിയ പ്രശ്‌നമാകില്ല. പക്ഷേ, നേരത്തേ കണ്ടെത്തിയാൽ അത്രയും വ്യാപനം കുറയും.‌  ഇതെല്ലാം മുന്നിൽക്കണ്ടുകൊണ്ടുള്ള നടപടികളാണ്‌ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും സ്വീകരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ കോവിഡ്‌ ബ്രിഗേഡിന്റെ രൂപീകരണം. ഹോമിയോ, ആയുർവേദം ഉൾപ്പെടെയുള്ള ഡോക്ടർമാർ, നേഴ്‌സുമാർ, ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എല്ലാം കൂടുതലായി രംഗത്തിറങ്ങേണ്ടിവരും. ഇതിന്റെ ബാധ്യതകൾ നിറവേറ്റാൻ കേന്ദ്ര സർക്കാരിൽനിന്നുള്ള പിന്തുണ ഇനിയും ലഭിച്ചിട്ടില്ല. കേരളത്തിലെ പൊതുസമൂഹവും തദ്ദേശ സ്ഥാപനങ്ങളുമാണ്‌ സർക്കാരിന് ശക്തിപകരുന്നത്‌. ഇതാണ് ‌കേരളം മുന്നോട്ടുവയ്‌ക്കുന്ന  മറ്റൊരു ജനകീയമാതൃക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top