26 September Tuesday

അടച്ചിടൽ കഴിഞ്ഞാലും ജാഗ്രത തുടരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020മാർച്ച്‌ 23ന്‌ കേരളത്തിൽ അടച്ചിടൽ ആരംഭിക്കുമ്പോൾ കോവിഡ്‌ രോഗികളുടെ എണ്ണം 91 ആയിരുന്നു. ഏഴാഴ്‌ചത്തെ അതിതീവ്രമായ പ്രതിരോധ പരിശ്രമങ്ങൾക്കിടയിലും വൈറസ്‌ ബാധിച്ചവർ 512 ആയി. ഇതിൽ 492 പേരെയും സുഖപ്പെടുത്തി. പുറംനാടുകളിലുള്ളവരുടെ വരവ്‌ ആരംഭിച്ചതിനാൽ ഇനിയും കുറച്ചധികം പേർക്ക്‌ രോഗബാധ ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കണം. അവരെക്കൂടി ചികിൽത്സിച്ച്‌ ഭേദപ്പെടുത്തിക്കഴിഞ്ഞാലേ കേരളത്തിന്‌ ആശ്വസിക്കാൻ വകയുള്ളൂ. അതോടൊപ്പം, പുറത്തുനിന്ന്‌ എത്തുന്നവരിൽനിന്ന്‌ ഇവിടെയുള്ള ഒരാൾക്കുപോലും രോഗം പകരില്ലെന്ന്‌ ഉറപ്പാക്കണം. കേരളത്തിന്റെ നിലവിലുള്ള സംവിധാനങ്ങൾവച്ച്‌ ഇത്‌ സാധ്യമാണ്‌. ലോകത്തിന്റെയും രാജ്യത്തിന്റെയും കണക്കുകളുമായി തട്ടിക്കുമ്പോൾ കേരളം ബഹുദൂരം മുന്നിലാണ്‌. ഇത്‌ നമ്മുടെ പൊതുജനാരോഗ്യസംവിധാനവും സംസ്ഥാന സർക്കാരിന്റെ സർവസന്നാഹങ്ങളും ജനങ്ങളുടെ ഇച്ഛാശക്തിയും ഒത്തുചേർന്ന്‌ കൈവരിച്ച നേട്ടമാണ്‌. പക്ഷേ, രോഗപ്രതിരോധത്തിൽ കേരളം ഒരു തുരുത്തായി നിലകൊള്ളുമെന്ന തെറ്റിദ്ധാരണയിലാണ്‌ ചിലരെങ്കിലുമെന്നത്‌ പറയാതെവയ്യ.

അടച്ചിടലിന്റെ നാളുകളിൽ തൊഴിലും വരുമാനവും ജീവിതചര്യകളുമെല്ലാം നഷ്‌ടപ്പെട്ട ബഹുഭൂരിപക്ഷവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്‌ കോവിഡിനുശേഷമുള്ള നാളുകളെയാണ്‌. ഏതൊരു അത്യാഹിതവും കഴിയുമ്പോൾ മാധ്യമങ്ങൾ  ആലങ്കാരികമായി പറയാറുള്ളത്; ‘മുറിവുകളുണങ്ങുന്നു, ജനജീവിതം സാധാരണ നിലയിലേക്ക്‌’ –- എന്നാണ്‌.  കോവിഡിനുശേഷം എന്ന പ്രതീക്ഷയെ യാഥാർഥ്യമാക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ്‌ ശാസ്‌ത്രലോകം. മരുന്നും വാക്‌സിനും കണ്ടെത്തുന്നതോടെയേ ആ വലിയ ചോദ്യത്തിന്‌ ഉത്തരമാകൂ. പക്ഷേ, അതുവരെ ജീവിതം നിശ്‌ചലമാക്കി മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവിലാണ്‌ ലോകം. നിയന്ത്രണങ്ങളിൽ വരുത്തുന്ന ഇളവുകളും  നാട്ടിലെത്തുന്ന പ്രവാസികൾക്കുമേലുള്ള നിരീക്ഷണവുമെല്ലാം ഈ യാഥാർഥ്യങ്ങളിൽ അധിഷ്‌ഠിതമാണ്‌. അതീവ സൂക്ഷ്‌മതയോടെ മുന്നോട്ടുപോയാൽ, കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനാകും. ചെറുപിഴവു മതിയാകും എല്ലാം കൈവിട്ടുപോകാൻ.  ചില രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ്‌ നിയന്ത്രണരഹിതമായി പടരുകയാണ്‌. കൊറോണയെ കീഴടക്കിയെന്ന്‌ കരുതിയ ചൈനയും ദക്ഷിണ കൊറിയയും രണ്ടാംവരവിന്റെ ഭീഷണിയിലാണ്‌. ഇതിനിടയിലാണ്‌ കൊച്ചുകേരളം അസാമാന്യമായ കരുത്തോടെ പൊരുതിനിൽക്കുന്നത്‌.


 

കോവിഡ്‌ നമുക്കിടയിലുണ്ട്‌; അതുകൊണ്ടുതന്നെ സാധാരണജീവിതം തൽക്കാലം സാധ്യമല്ല എന്ന ബോധത്തിലേക്കാണ്‌ ഒാരോരുത്തരും ഉയരേണ്ടത്‌‌. ആദ്യം ചൈനയിൽനിന്നും പിന്നീട്‌ യൂറോപ്പ്‌, മധ്യേഷ്യ എന്നിവിടങ്ങളിൽനിന്നും ഇവിടെ എത്തിയ കൊറോണയെ അതിസങ്കീർണമായ പ്രക്രിയയിലൂടെയാണ്‌ കേരളം ചെറുത്തുനിന്നത്‌. രോഗബാധിതരുടെ സഞ്ചാരവഴികൾ തേടി, സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി വൈറസിന്റെ ചങ്ങലമുറിച്ച അനുഭവം കേരളത്തിലല്ലാതെ മറ്റൊരിടത്തുമില്ല. രോഗികൾക്ക്‌ സമഗ്രചികിത്സ, സമ്പർക്കസാധ്യത ഇല്ലാതാക്കൽ, അവശ്യസേവനങ്ങളും ഭക്ഷണവും ലഭ്യമാക്കൽ തുടങ്ങി കേരളം ഈ കോവിഡ്‌ കാലത്ത്‌ സൃഷ്‌ടിച്ച മാതൃകകൾ പറഞ്ഞുതീർക്കാവുന്നതല്ല. ഇതര സംസ്ഥാനത്തൊഴിലാളികളെ അതിഥികളായി സംരക്ഷിച്ചു. അവരെ ജന്മനാട്ടിലേക്ക്‌ അയച്ചുതുടങ്ങി. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളി സഹോദരങ്ങളുടെ തിരിച്ചുവരവാണ്‌ ഇനിയുള്ള ഘട്ടം.

മലയാളികൾ കൂടുതലുള്ള പല നഗരങ്ങളും കോവിഡിന്റെ പിടിയിലാണ്‌. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരിൽ ഇതിനകംതന്നെ ‌ കോവിഡ്‌ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതിന്റെ അനുപാതം തീരേ കുറവല്ലതാനും. തിരിച്ചുവരുന്ന പ്രവാസികളെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്‌താൽ കേരളത്തിൽ കോവിഡിന്റെ മൂന്നാംഘട്ടത്തെ വളരെയേറെ പരിമിതപ്പെടുത്താനാകും. ഇതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്‌ നോർക്ക രജിസ്‌ട്രേഷനിലൂടെ സർക്കാർ സ്വീകരിച്ചുവരുന്നത്‌. എന്നാൽ, വ്യക്തികളുടെ വൈകാരികാവസ്ഥയെ മുതലെടുത്തുകൊണ്ട്‌ സർക്കാർ സംവിധാനത്തെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്‌ വാളയാറിൽ ഏതാനും പ്രതിപക്ഷ ജനപ്രതിനിധികൾ നടത്തിയത്‌. ചില മാധ്യമങ്ങളും ഈ ചതിക്ക്‌ കൂട്ടുനിൽക്കുന്നുവെന്നത്‌ ദൗർഭാഗ്യകരമാണ്‌. ഏതായാലും ഈ രാഷ്‌ട്രീയക്കളിക്ക്‌ ഹൈക്കോടതിയിൽനിന്ന്‌ ലഭിച്ച പ്രഹരം ആശ്വാസകരമാണ്‌. 


 

ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ പാസുവഴി അതിർത്തിയിൽ എത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്‌. ഡൽഹിയിൽനിന്നടക്കം  മലയാളികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിൻ സർവീസും ‌ ഉടൻ ആരംഭിക്കും‌. വിദേശത്തുനിന്നുള്ള വിമാന സർവീസും  കൂട്ടിയിട്ടുണ്ട്‌. മുൻഗണനാക്രമം തെറ്റിച്ച്‌  ചിലരെ വിമാനത്തിൽ കൊണ്ടുവന്നതടക്കമുള്ള പരാതി ഈ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തി. ഹൈക്കോടതി വിധിക്കുശേഷവും പാസില്ലാതെ അതിർത്തിയിൽ ആളുകൾ എത്തുന്നതും ആശങ്കാജനകമാണ്‌. പൊതുതാൽപ്പര്യം മുൻനിർത്തി ക്ഷമയും ത്യാഗവും മുറുകെപ്പിടിച്ച്‌ മുന്നോട്ടുപോയാലേ ദൗത്യം ലക്ഷ്യത്തിലെത്തുകയുളളൂ. പുറത്തുനിന്ന്‌ എത്തുന്നവരെ കൃത്യമായ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സാധിച്ചാൽ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ വിഷമമുണ്ടാകില്ല. മറിച്ച്‌  ചെറിയ വീഴ്‌ചയ്‌ക്കുപോലും  വലിയവില നൽകേണ്ടിയും വരും.

ഈ നിർണായക ഘട്ടത്തിലാണ്‌ ഞായറാഴ്‌ച ലോക്ക്‌ഡൗൺ അവസാനിക്കുന്നത്‌. നീട്ടിയാലും ഇല്ലെങ്കിലും ജീവിത തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ  നിലവിലുള്ള സ്ഥിതിയിൽ കുറേയേറെ മാറ്റങ്ങൾ ഉറപ്പാണ്‌. ലോക്ക്‌ഡൗണിന്‌ മുമ്പുതന്നെ നിർത്തിയ ട്രെയിൻ സർവീസ്‌ പതുക്കെയെങ്കിലും വിപുലപ്പെടുത്താൻ നിർബന്ധിതമാകും. ഉൽപ്പാദന –വിപണന മേഖലകളിലും കാര്യമായ ഇളവ്‌ പ്രതീക്ഷിക്കാം. ഇതൊക്കെയാകുമ്പോൾ നാട്‌  കോവിഡിന്‌‌ മുമ്പുള്ള നിലയിലെത്തിയെന്ന്‌ കരുതിപ്പോയാൽ നാം തോറ്റുപോകും. ഇനിയുമേറെ കരുതലോടെ നീങ്ങിയാലേ ജീവിതം തിരിച്ചുപിടിക്കാനാകുകയുള്ളൂ. അതുവരെ അർഹതപ്പെട്ടവർക്കെല്ലാം എൽഡിഎഫ്‌ സർക്കാരിന്റെ കരുതലുണ്ടാകും. നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ച്‌ അനുവദനീയമായ ഇളവുകൾമാത്രം അനുഭവിച്ചേ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകൂ. എങ്കിലേ നാം ജയിച്ച ജനതയാകുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top