29 March Friday

കൈകോർക്കുക ഒരുമയോടെ

വെബ് ഡെസ്‌ക്‌Updated: Saturday Apr 25, 2020

കൊറോണ വൈറസിനുമുന്നിൽ അമേരിക്കയും ബ്രിട്ടനും ജർമനിയും ഇറ്റലിയും പോലും ഏറെക്കുറെ മുഴുവനും സ്‌തംഭിച്ചുനിൽക്കുമ്പോഴാണ് കേരളത്തിന്റെ ജാഗ്രതയും പ്രതിരോധവും ലോക ആരോഗ്യഭൂപടത്തിൽ  മാതൃകയായി തിളങ്ങുന്നത്‌. ലോകാരോഗ്യസംഘടനയുടെ  ആദ്യനിർദേശമനുസരിച്ചുള്ള രണ്ടാഴ്‌ചത്തെ  ക്വാറന്റൈൻ 28 ദിവസമാക്കിയതിനാൽ  വൈറസിന്റെ ഭയാനകമായ നിലയിലുള്ള സമൂഹവ്യാപനം ചെറുക്കാൻ   നമുക്ക്‌ കഴിയുകയുംചെയ്‌തു.  അതിന്‌ താങ്ങാനാകാത്ത ബാധ്യതകളാണ്‌ സംസ്ഥാനത്തിന്‌  ഏറ്റെടുക്കേണ്ടിവന്നത്‌. കോവിഡ്‌ ഭീതിയെ തുടർന്നുള്ള അടച്ചുപൂട്ടൽ  വിവിധ ജീവിതമേഖലകളിൽ സൃഷ്ടിച്ച സ്‌തംഭനം അടിച്ചേൽപ്പിച്ച സാമ്പത്തികഭാരം അതേക്കാൾ വലുതാണ്‌.

കോവിഡ്‌  പ്രതിരോധവും  ചികിത്സയും  ലോക സാമ്പത്തികനിലയെയും ഭയാനകമായ നിലയിൽ താറുമാറാക്കിയിരിക്കയാണ്‌. ചില മേഖലകളിൽ കൂട്ടപ്പലായനവും കലാപങ്ങളും പട്ടിണിമരണങ്ങളും സാന്നിധ്യമറിയിക്കുന്നുമുണ്ട്‌. എല്ലാ ജനവിഭാഗങ്ങളുടെയും നിലനിൽപ്പിന്റെ  വേരറുക്കാൻ തുടങ്ങിയ സാമ്പത്തികക്ലേശങ്ങൾ കേരളത്തിലും അനുരണനങ്ങൾ തീർത്തിരിക്കയാണ്‌. അത്രവേഗം കരകയറാനാകാത്ത പ്രതിസന്ധിയെന്ന്‌ തോന്നിപ്പിക്കുംവിധമുള്ള അഗാധമായ കെടുതിയുടെ ഈ പശ്‌ചാത്തലത്തിലാണ്‌  20000 രൂപയ്‌ക്കുമേൽ  വേതനം പറ്റുന്ന  സർക്കാർ  ജീവനക്കാരും അധ്യാപകരും  ഒരുമാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌  അഞ്ചുതവണകളായി നൽകുകയും സാമ്പത്തികഭദ്രത എത്തിപ്പിടിക്കുമ്പോൾ തിരികെ നൽകുമെന്നുമുള്ള മന്ത്രിസഭാതീരുമാനം വന്നത്‌. മാസം ആറു ദിവസ ശമ്പളംവീതം അഞ്ച്‌ തവണയായാണ്‌ മാറ്റിവയ്‌ക്കുക. പൊതുമേഖല–- അർധസർക്കാർ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും സർക്കാർ ഗ്രാന്റുള്ള  സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇത്‌ ബാധകമാണ്‌. അതിന്റെ മുന്നോടിയായി മന്ത്രിമാർ,  എംഎൽഎമാർ, ബോർഡ്‌ അംഗങ്ങൾ, തദ്ദേശഭരണ പ്രതിനിധികൾ എന്നിവരുടെ ശമ്പളവും  ഓണറേറിയവും  മാസം 30 ശതമാനം വീതം ഒരു വർഷത്തേക്ക്‌ കുറയ്‌ക്കാനുള്ള തീരുമാനവുമുണ്ടായി. ഏതുതരം  പ്രതിസന്ധിയായാലും മുന്നോട്ടുപോയേ പറ്റൂ എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ,  അതിന്റെ ഭാഗമായാണ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം അഭ്യർഥിച്ചതെന്നും അറിയിച്ചു.  ജീവനക്കാരുടെ സംഘടനകൾ അതിനൊപ്പം നിൽക്കണമെന്ന്‌ അദ്ദേഹം ആഹ്വാനംനൽകുകയും ചെയ്‌തു. എന്നാൽ, രാഷ്ട്രീയതിമിരം ബാധിച്ച്‌ നിലവിലെ അവസ്ഥയുടെ ഗൗരവം കാണാനാകാത്ത  ചില പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രശ്‌നം  കോടതിയിലെത്തിക്കാൻ ഒരുങ്ങുകയാണ്‌.

2013 ൽ ഉമ്മൻചാണ്ടി പെൻഷൻ കവർന്നെടുത്തു.  2002 ൽ എ കെ ആന്റണി പുതിയ നിയമനങ്ങൾക്ക്‌  ക്ഷാമബത്ത നിഷേധിക്കുകയും നിലവിലെ ചില ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്‌തു. കൂടാതെ 2004ൽ ഉമ്മൻചാണ്ടി 37 മാസ ശമ്പള കുടിശ്ശിക  പിടിച്ചെടുത്തപ്പോഴും ശമ്പളപരിഷ്‌കരണം പതിറ്റാണ്ടിൽ ഒരിക്കൽമതിയെന്ന് തീരുമാനിച്ചപ്പോഴും പിന്തുണച്ചവരാണ്‌ സംസ്ഥാനം പകച്ചുനിൽക്കുന്ന അവസ്ഥയിൽ അനാവശ്യമായി കലഹിക്കുന്നത്‌.


 

c. ട്രഷറി നിയന്ത്രണമില്ലാതെ സർവീസ് പെൻഷനും സാമൂഹികാനുകൂല്യങ്ങളും കൃത്യമായി നൽകുകയുമാണ്‌. പ്രളയകാലത്ത് വിവിധ ജില്ലകളിൽ തങ്ങളാൽ കഴിയുംവിധം വീടുകൾ നിർമിച്ചു നൽകാൻ മുന്നോട്ടുവന്ന്‌ മഹത്തായ മാതൃക  കാട്ടിയ സർവീസ് സംഘടനകളെ നമുക്ക്‌ മറക്കാനാകില്ല. അതേസമയം  ഇതേ ആവശ്യംപറഞ്ഞ്‌ കോടിക്കണക്കിന്‌ രൂപ പിരിച്ചെടുത്ത്‌ ഒന്നുംചെയ്യാത്തവരുമുണ്ട്‌. അത്‌ രണ്ട്‌ പ്രവർത്തനരീതിയാണ്‌, കാഴ്‌ചപ്പാടാണ്‌;  മാതൃകയാണ്‌.

ലോകവും രാജ്യവും സംസ്ഥാനവും അത്യസാധാരണമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും  എല്ലാ വിഭാഗം തൊഴിലാളികളും അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത   ദുരിതങ്ങൾ അഭിമുഖീകരിക്കുമ്പോഴും  5.13 ലക്ഷം സർക്കാർ ജീവനക്കാരോട്‌ ചില്ലിക്കാശുപോലും ചോദിക്കരുതെന്ന വാദം  ജനാധിപത്യവിരുദ്ധവും സാധാരണക്കാരോടുള്ള വെല്ലുവിളിയുമാണ്‌.  കോവിഡിനെ നേരിടാൻ മഹാരാഷ്ട്ര,  ആന്ധ്രപ്രദേശ്‌,  ഒഡിഷ, തെലങ്കാന തുടങ്ങിയ  സംസ്ഥാനങ്ങൾ ജീവനക്കാരുടെ വേതനം പകുതിയോടടുത്താണ്‌  കുറച്ചത്. രാജസ്ഥാനിലും ഹരിയാനയിലുമെല്ലാം സാലറികട്ട്‌ തന്നെയാണ്‌ പ്രഖ്യാപിച്ചതും. വികസിതരാജ്യങ്ങളിൽപോലും  50 ശതമാനംവരെ ജീവനക്കാരെയും തൊഴിലാളികളെയും പറഞ്ഞുവിടുന്നതും  കാണാതിരിക്കാനാകില്ല.  പ്രളയം വീട് തകർത്തവരും  അതിമാരക രോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവരും കഴിഞ്ഞ സാലറി ചലഞ്ചിൽ ഭാഗഭാക്കായിരുന്നു. ലഭിക്കുന്ന വേതനംകൊണ്ട് കുടുംബഭാരം വലിച്ചുപോകാൻ  കഴിയാത്ത പതിനായിരങ്ങളാണ് ഒരു നിർബന്ധവുമില്ലാതെ  ദുരിതാശ്വാസ ഫണ്ടുമായി സഹകരിച്ചത്. പ്രതിപക്ഷ സർവീസ്‌ സംഘടനകളിലെ പ്രവർത്തകരും അംഗങ്ങളും അതിൽ പങ്കാളികളായി. അതുപോലെ മഹാഭൂരിപക്ഷം ജീവനക്കാരും തുറന്ന മനസ്സോടെ  ഇക്കുറിയും സർക്കാർ തീരുമാനത്തെ പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പാണ്. അങ്ങനെ എല്ലാ മേഖലകളിലെയും ജനങ്ങൾ ഒരുമയോടെ കൈകോർത്താലേ കേരളത്തെ വീണ്ടെടുക്കാനാവൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top