03 December Sunday

അതിജീവനത്തിന് ഒറ്റക്കെട്ടായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020


നമ്മുടെ വെറുംകണ്ണുകൊണ്ട് കാണാൻ കഴിയാത്ത കുഞ്ഞൻ വൈറസ് മാനവരാശിയെ വിറപ്പിക്കാൻ തുടങ്ങിയിട്ട് ഒമ്പതുമാസം പിന്നിടുകയായി. അദൃശ്യപ്പടയാളിയായി വിലസുന്ന മഹാമാരിക്കുമുന്നിൽ ലോകം ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുന്നു. എത്രയോ മനുഷ്യജീവിതങ്ങൾ കൊഴിഞ്ഞുവീണു. പ്രതിരോധമരുന്ന് വരുംവരെ രോഗവ്യാപനം തുടരുമെന്നാണ് സൂചനകൾ. തിങ്കളാഴ്ചവരെയുള്ള കണക്കുപ്രകാരം ലോകത്ത് 10, 04, 623 പേർ മരിച്ചു. ഇന്ത്യയിൽ മരണം തിങ്കളാഴ്ചവരെ 96,141. രാജ്യത്ത് രോഗികളുടെ എണ്ണം അനുദിനം പെരുകുന്നു.

കേരളം ഒരു ഘട്ടംവരെ രോഗവ്യാപനം വിജയകരമായി പിടിച്ചുനിർത്തിയെങ്കിലും ഇപ്പോൾ ഓരോദിനവും ആശങ്കയും ഭീതിയും പരത്തി രോഗികളുടെ എണ്ണം വർധിക്കുകയാണ്. പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം 7,000 കടന്ന ഗുരുതരമായ സാഹചര്യം. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗമാണുണ്ടായിരിക്കുന്നത്. ഒക്ടോബർ പകുതിയോടെ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം 15,000 ആയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിൽ, കടുത്തനിയന്ത്രണം ഒന്നു മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള ഏകമാർഗമെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച വിളിച്ചുചേർത്ത സർവകക്ഷിയോഗം ഏകകണ്ഠമായി  പ്രഖ്യാപിച്ചതിന് വലിയ പ്രാധാന്യമുണ്ട്.  സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കാതെ, കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. രോഗവ്യാപനം കൂടുതലുള്ള മേഖലകളിലായിരിക്കും കടുത്ത നിയന്ത്രണം. വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായ പ്രതിരോധം വേണമെന്നും  ഏതു പരിപാടിയിലും മാനദണ്ഡം കർശനമായി പാലിക്കണമെന്നും തീരുമാനിച്ചു. ആൾക്കൂട്ടനിയന്ത്രണം തന്നെയാണ് പ്രധാനം.


 

നാമോരോരുത്തരും സ്വയം പ്രതിരോധം തീർക്കുകയും ഉത്തരവാദിത്തബോധത്തോടെ പെരുമാറുകയും വേണം. സർവകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാനും കോവിഡ് മാനദണ്ഡങ്ങൾ അക്ഷരംപ്രതി പാലിക്കാനും  എല്ലാവർക്കും കഴിയണം. അങ്ങനെ മാത്രമേ, രോഗവ്യാപനം തടയാനും പരമാവധി ജീവൻ രക്ഷിക്കാനും കഴിയൂ എന്ന തിരിച്ചറിവാണ് പ്രധാനം.  രോഗം വ്യാപിക്കുമ്പോഴും രോഗമുക്തിനിരക്ക് കൂടുതലാണെന്നതും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതും ഇപ്പോഴും ആശ്വാസംതന്നെ. ഇതുപക്ഷേ, അലംഭാവത്തിനും ജാഗ്രതക്കുറവിനും ഇടയാകരുത്. അങ്ങനെയായാൽ സ്ഥിതി വഷളാകും. രോഗവ്യാപനം കൂടുന്നതനുസരിച്ച് മരണവും കൂടുന്നുണ്ടെന്ന് അറിയുക.

നമ്മുടെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലൊക്കെ വൈറസ് ബാധയും മരണവും ഇവിടത്തേക്കാൾ കൂടുതലാണ്. എന്നാൽ, കേരളത്തിലെ ജനസാന്ദ്രതയും പ്രായമായവരുടെ ജനസംഖ്യയും വലിയ വെല്ലുവിളിയാണ്. ആരോഗ്യവിദഗ്ധർ തുടക്കംമുതൽ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണിത്. ദേശീയതലത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 426 പേർ ജീവിക്കുന്നുവെങ്കിൽ താരതമ്യേന ചെറിയ സംസ്ഥാനമായ ഇവിടെ 906 പേരാണ്. ഇതിൽത്തന്നെ 60 വയസ്സിനു മുകളിൽ നല്ലൊരു വിഭാഗമുണ്ട്. ഒരാഴ്ചയ്‌ക്കിടെ രോഗികളുടെ എണ്ണം വലിയതോതിൽ വർധിച്ചതും ഇനിയും കൂടുമെന്ന മുന്നറിയിപ്പും ഏറെ ആശങ്കയ്‌ക്കിടയാക്കുന്നത് ഈ പ്രത്യേകതമൂലമാണ്. മഹാമാരിയെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യസംവിധാനങ്ങളും സർക്കാരും മനുഷ്യസാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പൊരുതുകയാണ്. ചികിത്സാർഥം ആവശ്യമായ എല്ലാ സൗകര്യങ്ങളും എവിടെയും ഉറപ്പാക്കിയിട്ടുണ്ട്. നല്ല മുൻകരുതലുമുണ്ട്. പക്ഷേ, രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ എല്ലാം പിടിവിട്ടുപോകും.


 

കോവിഡ് ആർക്കും വരാം, ആരിൽനിന്നും വരാം.  ഏതു സുരക്ഷാ കേന്ദ്രത്തിലും കോവിഡ് എത്താം. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാൽ കോവിഡിനെ ചെറുക്കാനാകുമെന്ന് സംസ്ഥാനത്ത് വിജയകരമായി നടന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷതന്നെ തെളിവ്. അന്ന് അതിനെ ആക്ഷേപിച്ചവരുണ്ടെന്നത് മറക്കുന്നില്ല. പക്ഷേ, ഒരു കുട്ടിക്കും കോവിഡ് പരത്താതെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെ പരീക്ഷകൾ നടന്നു. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിനെ ചെറുക്കാൻ കഴിയുമെന്നതിന് ഇതുതന്നെ സാക്ഷ്യപത്രം.

ഇതൊക്കെ അറിയേണ്ടവർ, അല്ലെങ്കിൽ അറിയുന്നവർ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളെ മുൻനിർത്തി നടത്തിയ  ആൾക്കൂട്ടസമരങ്ങളും അക്രമസമരങ്ങളും ഇപ്പോഴത്തെ രോഗവ്യാപനത്തിനിടയാക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ. ലോക്‌ഡൗൺ ഇളവുകളും മറ്റ്‌ സംസ്ഥാനങ്ങളിലെ രോഗവ്യാപനകേന്ദ്രങ്ങളിൽനിന്ന് ആളുകളുടെ വരവും ഓണക്കാല തിരക്കും രോഗം കൂട്ടിയിട്ടുണ്ട്. ചിലരെങ്കിലും കാര്യങ്ങളെ നിസ്സാരമായി കണ്ടതും മാസ്ക് ധരിക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തിയതും വ്യാപനത്തിന് കാരണമായിട്ടുണ്ടാകാം. എന്നാൽ, യുഡിഎഫും ബിജെപിയും നടത്തിയ സമരങ്ങൾ രോഗം പടർത്താൻ ലക്ഷ്യമിട്ടുതന്നെയായിരുന്നു. എത്ര ജാഗ്രതയുണ്ടായാലും രോഗം വരാൻ സാധ്യതയുള്ളപ്പോൾ ഒരു ജാഗ്രതയുമില്ലാതെ, മാസ്കുപോലും ധരിക്കാതെ നടത്തിയ സമരങ്ങൾ കോവിഡ് വ്യാപനത്തിന് വലിയൊരു കാരണമായിട്ടുണ്ട്. 


 

കോവിഡിന്റെ തുടക്കംമുതൽ രോഗം കൂട്ടാനായിരുന്നു പ്രതിപക്ഷം ശ്രമിച്ചതെന്നും ഇതോടൊപ്പം കാണണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവർത്തിച്ചു മുന്നറിയിപ്പുകൾ നൽകിയപ്പോഴൊക്കെ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റുമൊക്കെ പരിഹസിക്കുകയായിരുന്നുവെന്ന് കേരളം കണ്ടതാണ്. വാളയാറിൽ ആളുകളെ പാസില്ലാതെ കടത്തിവിടാൻ ഓടിയെത്തിയത് കോൺഗ്രസ് എംപിമാരും എംഎൽഎമാരുമായിരുന്നു.  കോവിഡ് വ്യാപിക്കാതിരിക്കാൻ ആരോഗ്യവിദഗ്ധർ നിർദേശിച്ച് സർക്കാർ നടപ്പാക്കിയ നടപടികളെ പ്രതിപക്ഷം പുച്ഛിച്ചു തള്ളി.  ഇത്തരം നേതാക്കളുടെ പ്രവൃത്തിയും വാക്കുകളും കോവിഡ് വ്യാപിപ്പിക്കാൻ നൽകിയ സന്ദേശങ്ങളായിരുന്നു.  ഒരു മാനദണ്ഡവും പാലിക്കാതെ സമരം നടത്തുമെന്നു പറഞ്ഞത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ്.

യുഡിഎഫ് –-ബിജെപി ആൾക്കൂട്ടസമരത്തിൽനിന്നും കൈയേറ്റത്തിൽനിന്നും എത്രയോ പൊലീസുകാർക്ക് കോവിഡ് ബാധിച്ചു. രണ്ടു കൂട്ടരും നടത്തിയത് കോവിഡ് വ്യാപന സമരങ്ങളായിരുന്നുവെന്ന് ഇപ്പോൾ അവർക്കുതന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. ഒടുവിൽ, സമരത്തിൽനിന്ന് പിൻമാറാൻ യുഡിഎഫ് തീരുമാനിച്ചത് അതിനു തെളിവാണ്. സ്വന്തം ജീവനെത്തന്നെയും കുടുംബത്തെയും രോഗം ബാധിക്കുന്നത് അണികൾ തിരിച്ചറിഞ്ഞതോടെയാണ് പിൻമാറ്റം.

വിവേകശൂന്യമായ സമരം എന്തിനായിരുന്നുവെന്ന് വിശദീകരിക്കാൻ രണ്ടു കൂട്ടർക്കും ബാധ്യതയുണ്ടെന്നുമാത്രം ഇവിടെ പറയട്ടെ. സമരം നിർത്തില്ലെന്ന്‌ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാനദണ്ഡം പാലിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഇനിയെങ്കിലും കോവിഡിനെ പ്രതിരോധിക്കാൻ  ഒരുമയോടെ രംഗത്തിറങ്ങണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇതുവരെ എൽഡിഎഫ് സമരങ്ങളെല്ലാം നടത്തിയതെങ്കിലും രോഗവ്യാപനം കണക്കിലെടുത്ത്  സമരങ്ങളെല്ലാം നിർത്തിവയ്ക്കുന്നതായി എൽഡിഎഫ്  പ്രഖ്യാപിച്ചിട്ടുണ്ട്. സർവകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾ അർഥപൂർണമാക്കാൻ എല്ലാവരും തയ്യാറാകണം. കേരളത്തിന്റെ അതിജീവനമാകണം  ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top