28 March Thursday

മൂന്നാം പാക്കേജും വിചിത്രം, തട്ടിപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 30, 2021


സമ്പദ്‌വ്യവസ്ഥയെ ഉണർത്താനെന്നപേരിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പ്രഖ്യാപിച്ച പാക്കേജ് വിചിത്രംതന്നെ. ‘ആത്മനിർഭർ'പാക്കേജിലടക്കം പറഞ്ഞ കാര്യങ്ങളുടെ തനിയാവർത്തനമാണ് തിങ്കളാഴ്ചത്തെ പ്രഖ്യാപനങ്ങളിൽ പലതും. മൊത്തം 6.28 ലക്ഷം കോടിയുടെ പാക്കേജിൽ സർക്കാരിന്റെ ചെലവും ജനങ്ങളുടെ ക്രയശേഷിയും (വാങ്ങൽ കഴിവ്) വർധിപ്പിക്കാൻ ഒന്നുമില്ല. എല്ലാം വായ്പാപദ്ധതികൾ മാത്രം. ലളിതമായി പറഞ്ഞാൽ, വായ്പയെടുക്കാൻ ഒരു അവസരം, അത്രമാത്രം. വേണമെങ്കിൽ വായ്പയെടുക്കാം. വേണ്ടെങ്കിൽ വേണ്ട. അതുകൊണ്ടുതന്നെ, ഈ ‘റീ പാക്കേജ്' സമ്പദ് വ്യവസ്ഥയെ തെല്ലും ചലിപ്പിക്കില്ലെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം.

കോവിഡിന്റെ ഒന്നാം വ്യാപനത്തേക്കാൾ രൂക്ഷമാണ് രണ്ടാം വ്യാപനം. ആരുടെ പോക്കറ്റിലും പണമില്ല. പോയവാരം റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകാരംതന്നെ രാജ്യത്തെ ജനകോടികളുടെ ഗാർഹിക വരുമാനവും സമ്പാദ്യവുമെല്ലാം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. വിലക്കയറ്റവും രൂക്ഷമായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആശ്വാസനടപടികളാണ് ആരും പ്രതീക്ഷിക്കുന്നത്. എന്നാൽ, അങ്ങനെയൊരു നടപടിയും ഈ പാക്കേജിൽ കണ്ടില്ല. മുമ്പു പ്രഖ്യാപിച്ച അഞ്ച്‌ കിലോ സൗജന്യ അരി വിതരണം നവംബർവരെ തുടരുമെന്നതു മാത്രമാണ് ആശ്വാസമായി കണ്ട ഏക തീരുമാനം. അരി കൊണ്ടുമാത്രം കഴിയാനാകില്ലെന്നത് വേറെ കാര്യം. കേരളത്തിലെപ്പോലെ സൗജന്യക്കിറ്റൊന്നും എല്ലായിടത്തുമില്ലല്ലോ.

രൂക്ഷമായ തൊഴിലില്ലായ്മയും വരുമാനത്തകർച്ചയും കണക്കിലെടുത്ത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമെല്ലാം പ്രതിമാസം 7000 രൂപയെങ്കിലും സർക്കാർ നേരിട്ട് നൽകണമെന്ന നിരന്തരമായ ആവശ്യം മോഡി ഭരണം ഇനിയും പരിഗണിച്ചിട്ടേയില്ല. എത്രയോ രാജ്യങ്ങൾ അതു ചെയ്തു. തൊഴിലുറപ്പുതൊഴിലാളികൾക്ക് അവരുടെ കൂലി മുൻകൂർ നൽകണമെന്ന നിർദേശവും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. അങ്ങനെയെങ്കിലും കുറച്ചു പൈസ ആളുകളുടെ കൈയിലെത്തിയാൽ അവർക്ക് ജീവിക്കാനാകും. മാത്രമല്ല, ആ പണം കമ്പോളത്തിൽ എത്തുന്നതുവഴി സാധനങ്ങൾക്ക് ഡിമാൻഡ്‌ ഉണ്ടാകുകയും ചെയ്യും. പക്ഷേ, അതൊന്നും മോഡി ഭരണത്തിന്റെ അജൻഡയിൽ ഇല്ല.

ആരോഗ്യം, ചെറുകിട വ്യവസായം, ടൂറിസം എന്നിവയെ മുൻനിർത്തിയാണ് പാക്കേജിലെ പ്രധാന വായ്പാ പദ്ധതികൾ. മൂന്നു മേഖലയ്‌ക്കുമായി 1.10 ലക്ഷം കോടി രൂപയുടെ വായ്പയ്‌ക്ക് കേന്ദ്ര സർക്കാർ ഗ്യാരന്റി നൽകും. ആരോഗ്യമേഖലയ്‌ക്ക് 7.95 ശതമാനവും മറ്റു മേഖലകളിൽ 8.25 ശതമാനവുമാണ് പലിശ. ഇതിൽ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്കുള്ള വായ്പാസഹായം പ്രധാനംതന്നെ. ചെറുകിട സംരംഭങ്ങൾക്ക് 1.25 ലക്ഷം രൂപവരെ ഈടില്ലാ വായ്പ ലഭിക്കും. 25 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ, കോവിഡിനെ തുടർന്ന് ഒട്ടേറെ ചെറുകിട സംരംഭകരുടെ മുൻ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്. ഇങ്ങനെ പ്രതിസന്ധിയിലായവരെക്കുറിച്ച് പാക്കേജിൽ ഒന്നും പറയുന്നില്ല. ചെറുകിട വ്യവസായമേഖല നേരിടുന്ന വലിയ പ്രശ്നമാണ്‌ ഇത്.

സർക്കാരിന്റെ ചെലവ് വർധിപ്പിക്കാനോ ജനങ്ങളുടെ പക്കൽ പണമെത്തിക്കാനോ നടപടിയൊന്നുമില്ലെങ്കിലും സ്വകാര്യവൽക്കരണ നടപടികൾക്ക് പാക്കേജിലും ഊന്നൽ നൽകിയിട്ടുണ്ടെന്നത് പ്രത്യേകം കാണണം. വൈദ്യുതിവിതരണ മേഖലയുടെയും ബ്രോഡ്ബാൻഡ് ശൃംഖലയുടെയും പൂർണ സ്വകാര്യവൽക്കരണമാണ് ലക്ഷ്യം. സ്വകാര്യപങ്കാളിത്ത പദ്ധതികളുടെ വേഗം കൂട്ടും. പരിഷ്കാരങ്ങൾ നടപ്പാക്കാൻ വൈദ്യുതിവിതരണ കമ്പനികൾക്ക് പണം ലഭ്യമാക്കും. ഇതോടൊപ്പം, പൊതു ആസ്തികൾ വിറ്റഴിക്കുമെന്നും പാക്കേജ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. ഒരു വശത്ത് സർക്കാരിന്റെ ചെലവ് കുറയ്ക്കലും മറുവശത്ത് പൊതു ആസ്തികൾ വിറ്റഴിച്ചു പണമുണ്ടാക്കലുമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ള നയം. കോർപറേറ്റുകൾക്ക് നൽകുന്ന കോടികളുടെ നികുതിയിളവുകൾ വഴി സർക്കാരിന്‌ ഉണ്ടാകുന്ന റവന്യു നഷ്ടം പൊതു ആസ്തികൾ വിറ്റഴിച്ചു പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.

സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിനും ജനങ്ങൾക്ക് സഹായം നൽകാനും ചെലവ് വർധിപ്പിക്കില്ലെന്ന മോഡി സർക്കാരിന്റെ ആവർത്തിച്ചുള്ള നിലപാടാണ് ഒടുവിൽ പ്രഖ്യാപിച്ച പാക്കേജിലൂടെയും വെളിപ്പെടുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ലോകത്തെ വൻകിട മുതലാളിത്ത രാജ്യങ്ങൾ പോലും ഈ നിലപാട് ഉപേക്ഷിച്ചു. സർക്കാരുകളുടെ പൊതുചെലവ് അവരെല്ലാം വർധിപ്പിച്ചു. പക്ഷേ, ധനക്കമ്മിയുടെ പേരുപറഞ്ഞ് മോഡി സർക്കാർ ഇനിയും അതിന് കൂട്ടാക്കുന്നില്ല. അതു ചെയ്യാതെ, മനുഷ്യജീവിതങ്ങളെ, സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top