27 April Saturday

എല്ലാവരെയും സ്‌പർശിക്കാത്ത പാക്കേജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


വൈകിയാണെങ്കിലും കോവിഡ്‌ കെട്ടഴിച്ചുവിട്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്ര സർക്കാർ ഒരു സാമ്പത്തിക പാക്കേജ്‌ പുറപ്പെടുവിച്ചിരിക്കുന്നു. 1.70 ലക്ഷം കോടി രൂപയുടെ പാക്കേജാണ്‌ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്‌. കോവിഡിന്റെ സമൂഹവ്യാപനം തടയുന്നതിന്‌ പ്രഖ്യാപിച്ച മൂന്നാഴ്‌ചത്തെ ലോക്ക്‌ഡൗണിന്റെ സാമ്പത്തിക ആഘാതവുമായി താരതമ്യം ചെയ്യുമ്പോൾ തുലോം തുച്ഛമായ തുകയുടെ പാക്കേജാണിത്‌.  കോവിഡ്‌ ബാധിച്ച ലോകരാഷ്ട്രങ്ങളുടെ പാക്കേജുമായി താരതമ്യം ചെയ്‌താൽ ഇക്കാര്യം ബോധ്യമാകും. ജിഡിപിയുടെ 0.8 ശതമാനം വരുന്ന തുകമാത്രമാണ്‌ വൻ സാമ്പത്തിക പ്രതിസന്ധി നേരിടാനായി മോഡി സർക്കാർ നീക്കിവച്ചിട്ടുള്ളത്‌. പണക്കാർ കടംവാങ്ങിയ 7.78 ലക്ഷം കോടിരൂപ എഴുതിത്തള്ളാൻ ഒരു വൈമുഖ്യവും കാണിക്കാത്ത സർക്കാരാണ്‌ ഒരു വലിയ ദുരന്തം നേരിടാൻ പിശുക്ക്‌ കാണിക്കുന്നത്‌. വിഭവങ്ങളുടെ കുറവല്ല, മറിച്ച്‌ അവ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിലുള്ള വിമുഖതയാണ്‌ സർക്കാരിനുള്ളതെന്ന്‌ ഇതിൽനിന്ന്‌ ബോധ്യമാകും. സാമ്പത്തിക പ്രവർത്തനത്തിന്റെ സർവ നാഡീഞരമ്പുകളും അറുക്കുന്നതാണ്‌ ലോക്‌ഡൗൺ എന്നറിയാമായിരുന്നിട്ടും അതിനെ നേരിടാൻ വേണ്ടത്ര മുന്നൊരുക്കം സർക്കാർ നടത്തിയിരുന്നില്ലെന്ന വിമർശം ശരിവയ്‌ക്കുന്നതാണ്‌ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക പാക്കേജ്‌.

സർക്കാർ നേരത്തേ പ്രഖ്യാപിച്ച പല പദ്ധതികളും ഉൾപ്പെടുത്തിയുള്ള, വമ്പൻ പദ്ധതികളൊന്നുമില്ലാത്ത പാക്കേജ്‌ മാത്രമാണ് ഇതെന്ന്‌ വിശദാംശങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും. ഭക്ഷ്യധാന്യങ്ങൾ ഇരട്ടി അളവിൽ നൽകുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്‌. ഇപ്പോൾ നൽകിവരുന്ന അഞ്ചു കിലോയ്‌ക്കു പുറമെ  അഞ്ചു കിലോകൂടി സൗജന്യമായി നൽകുമെന്നാണ്‌ പ്രഖ്യാപനം. എന്നാൽ, നിലവിലുള്ള അഞ്ചു കിലോയും സൗജന്യമായാണോ നൽകുക എന്നകാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല, ഒരു കുടുംബത്തിന് ഒരു കിലോ പയറുവർഗങ്ങൾ എന്നത് തീരെ കുറഞ്ഞ അളവാണ്‌.  കോവിഡ്–- 19നെ പ്രതിരോധിക്കാൻ ശരിയായ പോഷകാഹാരമാണ് ആവശ്യം. അതിന് ഈ അളവ് അപര്യാപ്തമാണ്.

ബിപിഎൽ കുടുംബങ്ങൾക്ക്‌ മൂന്നുമാസത്തേക്ക്‌ പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിലും വലിയ പുതുമയൊന്നുമില്ല. പ്രായമേറിയ വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മൂന്നു മാസത്തേക്ക്‌ നൽകുന്ന 1000 രൂപ കുറവാണെന്നു മാത്രമല്ല രണ്ട്‌ ഗഡുവായാണ്‌ തുച്ഛമായ ഈ തുകപോലും നൽകുന്നത്‌. ഒരാൾക്ക്‌ ഒരുമാസം 333 രൂപ മാത്രമാണ്‌ ലഭിക്കുക എന്നറിയുമ്പോഴേ ഈ പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമാകൂ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പരസഹായം ആവശ്യമായ ഈ ജനവിഭാഗത്തോടാണ്‌ സർക്കാരിന്റെ ഈ നിസ്സംഗ സമീപനം. 20 കോടി സ്ത്രീകളുടെ പേരിലുള്ള ജൻധൻ അക്കൗണ്ടിൽ 500 രൂപവീതം നിക്ഷേപിക്കുന്നതും തികച്ചും അപര്യാപ്തമാണ്.

മഹാമാരി പടരുന്ന കാലത്ത്‌ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം പരമപ്രധാനമാണ്‌. അതിനുള്ള ഏതു നടപടിയും സ്വാഗതം ചെയ്യേണ്ടതുമാണ്‌. അവർക്ക് ഇപ്പോൾ ആവശ്യം സുരക്ഷാസാമഗ്രികൾ, മരുന്നുകൾ, ആവശ്യത്തിന് ടെസ്റ്റ് സംവിധാനങ്ങൾ എന്നിവയാണ്. ഇതിനെക്കുറിച്ചാകട്ടെ, പാക്കേജ്‌ മൗനം പാലിക്കുന്നു. പാക്കേജിലുള്ള  ഇൻഷുറൻസ് പരിരക്ഷ സർക്കാരിന് പ്രത്യേകിച്ച് പണച്ചെലവില്ലാത്തതാണ്. ഈ തീരുമാനത്തിലെ മറ്റൊരു അവ്യക്തത സ്വകാര്യമേഖലയിലെ ആരോഗ്യപ്രവർത്തകർക്ക്‌  ഇൻഷുറൻസ്‌ ആനുകൂല്യം ലഭിക്കുമോ എന്ന കാര്യത്തിലാണ്‌.

പാക്കേജിന്റെ  ഏറ്റവും പ്രധാന ന്യൂനത കുടിയേറ്റ തൊഴിലാളികളെ പരിഗണിക്കാൻ തയ്യാറായില്ല എന്നതാണ്‌. ലോക്ക്‌ഡൗണിനെത്തുടർന്ന്‌ അവർ കൂട്ടംകൂട്ടമായി കിലോമീറ്ററുകൾ താണ്ടി വീടുകളിലേക്ക്‌ മടങ്ങുകയാണ്‌.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഭാഗമായി 8.7 കോടി കർഷകർക്ക്‌ നൽകിവരുന്ന 6000 രൂപ പ്രതിവർഷ സഹായത്തിന്റെ ആദ്യഗഡു നൽകുമെന്നതാണ്‌ മറ്റൊരു പ്രഖ്യാപനം. നേരത്തേതന്നെ സർക്കാർ പ്രഖ്യാപിക്കുകയും നടപ്പാക്കിവരികയും ചെയ്യുന്ന പദ്ധതിയാണിത്‌. ഒരു വർഷത്തെ തുകമുഴുവൻ മുൻകൂറായി നൽകുമെന്നാണ്‌ പ്രഖ്യാപനമെങ്കിൽ അത്‌ കർഷകർക്ക്‌ ആശ്വാസമാകുമായിരുന്നു. ഭൂമിയുള്ള കർഷകൻമാത്രമാണ്‌ ഈ പദ്ധതിയിൽ  ഉൾപ്പെട്ടിട്ടുള്ളത്‌. ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾക്കും പാട്ടത്തിന്‌ കൃഷിചെയ്യുന്നവർക്കും മറ്റും ഈ ആനുകൂല്യം ലഭിക്കുകയുമില്ല. എണ്ണത്തിൽ കൂടുതലുള്ള ഈ വിഭാഗത്തിന്‌ ഒരു ആശ്വാസ നടപടിയും സർക്കാർ മുന്നോട്ട്‌ വയ്‌ക്കുന്നില്ല. സ്വാശ്രയസംഘങ്ങൾക്ക് വായ്പാ ലഭ്യത കൂട്ടുന്നത് നല്ല കാര്യമാണെങ്കിലും രാജ്യം അടച്ചിട്ട പശ്ചാത്തലത്തിൽ അതിന്റെ ഗുണം ഈ വിഭാഗത്തിന്‌ ലഭ്യമാകാൻ സമയമേറെ എടുക്കും. തൊഴിലുറപ്പുപദ്ധതിയുടെ വേതനം 20 രൂപ കൂട്ടിയത്‌ സ്വാഭാവികമായ നടപടിമാത്രമാണ്‌. ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിൽ കൂലി പുതുക്കി നിശ്ചയിക്കുന്ന സമയമാണിത്‌. ഇക്കുറിയുണ്ടായ മാറ്റമെന്നു പറയുന്നത്‌ കേന്ദ്ര ധനമന്ത്രി അത്‌ പ്രഖ്യാപിച്ചുവെന്നതു മാത്രമാണ്‌.

പാക്കേജിന്റെ  ഏറ്റവും പ്രധാന ന്യൂനത കുടിയേറ്റ തൊഴിലാളികളെ പരിഗണിക്കാൻ തയ്യാറായില്ല എന്നതാണ്‌. ലോക്ക്‌ഡൗണിനെത്തുടർന്ന്‌ അവർ കൂട്ടംകൂട്ടമായി കിലോമീറ്ററുകൾ താണ്ടി വീടുകളിലേക്ക്‌ മടങ്ങുകയാണ്‌. സ്വന്തം സംസ്ഥാനത്തിന്‌ പുറത്ത്‌ തൊഴിലെടുക്കുന്ന ഒരു കോടിയോളം തൊഴിലാളികളുണ്ടെന്നാണ്‌ കണക്ക്‌.  ഇവർ ഇപ്പോൾ എവിടെയാണോ അവിടെ തുടരണമെന്ന്‌ പ്രധാനമന്ത്രി പറയുമ്പോൾ അവർക്ക്‌ വേണ്ട ഭക്ഷണവും താമസവും നൽകാനുള്ള പദ്ധതികൂടി പ്രഖ്യാപിക്കണമായിരുന്നു. അതല്ലെങ്കിൽ അവരെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമായിരുന്നു. അത്‌ രണ്ടും ഉണ്ടായില്ലെന്നുമാത്രമല്ല കൊടുംപട്ടിണിയിലേക്ക്‌ അവരെ എറിഞ്ഞുകൊടുത്തിരിക്കുകയുമാണ്‌. കോവിഡ്‌ വൈറസ്‌ ബാധയേക്കാൾ മരണം പട്ടിണിമൂലം ഉണ്ടായാൽ പ്രശ്‌നമില്ലെന്നാണോ? സമൂഹവ്യാപനം തടയുക എന്ന ലക്ഷ്യത്തെതന്നെയാണ്‌ ഇവിടെ പരാജയപ്പെടുത്തുന്നത്‌. അതുകൊണ്ടാണ്‌ സമഗ്രമായ ഒരു പാക്കേജുതന്നെ വേണമെന്ന ആവശ്യം വീണ്ടും വീണ്ടും ഉയരുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top