26 April Friday

സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 14, 2020


നരേന്ദ്ര മോഡി സർക്കാരിന്റെ ആറ്‌ വർഷത്തെ ഭരണം ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന കാര്യത്തിൽ വലിയ തർക്കമൊന്നും ഉയരാനിടയില്ല. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള മുൻ സർക്കാരുകൾ രാജ്യത്ത്‌ അവതരിപ്പിച്ച നവഉദാരവൽക്കരണനയങ്ങളുടെ പതാകവാഹകരാണിപ്പോൾ ബിജെപി നേതൃത്വത്തിലുള്ള മോഡി സർക്കാരും. തെറ്റായ ഈ ജനദ്രോഹനയങ്ങളുടെ ഫലമായി സമ്പദ്‌‌വ്യവസ്ഥ ദിനംപ്രതി കൂപ്പുകുത്തുകയാണ്‌. നാല്‌ വർഷംമുമ്പ്‌ നടപ്പാക്കിയ നോട്ട്‌ നിരോധനം തുടങ്ങി നിരവധി വികലമായ നയങ്ങളാണ്‌ മോഡി സർക്കാർ കൈക്കൊണ്ടത്‌. അതിന്റെ തുടർച്ചയായാണ്‌ മഹാമാരിക്കാലത്ത്‌ കൈക്കൊണ്ട നയങ്ങളും നടപടികളും. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്‌ സ്ഥിതി കൂടുതൽ വഷളാക്കി. ഇതിന്റെ ഫലമായി സാമ്പത്തികമേഖലയാകെ തകർന്നടിഞ്ഞു.

മാർച്ച്‌ അവസാനവാരത്തിലാണ്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്‌. 40 കോടി പേർക്കാണ്‌ ഇതിന്റെ ഫലമായി തൊഴിൽ നഷ്‌ടപ്പെട്ടത്‌. സ്വാഭാവികമായും അത്‌ സാമ്പത്തികപ്രവർത്തനത്തെ നിശ്ചലമാക്കി. ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടികളുണ്ടായില്ല. ഈ സാമ്പത്തികവർഷം ആദ്യപാദം(ഏപ്രിൽ–-ജൂൺ)സമ്പദ്‌വ്യവസ്ഥ 24 ശതമാനമാണ്‌ ഇടിഞ്ഞത്‌.  അൺലോക്‌ഡൗൺ തുടങ്ങിയ രണ്ടാം ഘട്ടത്തിലും സാമ്പത്തികവളർച്ച തിരിച്ചുപിടിക്കാൻ മോഡി സർക്കാരിനായില്ല. രണ്ട്‌ പാക്കേജ്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും ക്രയശേഷിയും ഉപഭോഗവും വർധിപ്പിക്കാൻ ഉതകുന്നതായിരുന്നില്ല. രണ്ടാം പാദത്തിലും(ജൂലൈ–-സെപ്‌തംബർ) സമ്പദ്‌വ്യവസ്ഥയിൽ 8.6 ശതമാനം ഇടിവ്‌ രേഖപ്പെടുത്തി. അതായത്‌, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലായി. തുടർച്ചയായി രണ്ട്‌ പാദത്തിൽ അഥവാ ആറുമാസം സമ്പദ്‌മേഖലയിൽ ഇടിവ്‌ രേഖപ്പെടുത്തിയാലാണ്‌ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തുക. മോഡി സർക്കാരിന്റെ കാലത്ത്‌ അതും സംഭവിച്ചിരിക്കുന്നു. ഇതും നേട്ടമായി അവതരിപ്പിക്കാൻ ഒരു മടിയുമില്ലാത്ത സർക്കാരാണിപ്പോൾ കേന്ദ്രം ഭരിക്കുന്നത്!

അതോടൊപ്പം വിലക്കയറ്റവും വലിയ വിഷയമാകുകയാണിപ്പോൾ. ഒക്ടോബറിൽ ചില്ലറവിൽപ്പനമേഖലയിൽ വിലക്കയറ്റം 7.61 ശതമാനമായി ഉയർന്നിരിക്കുകയാണ്‌. 7.27 ശതമാനമായിരുന്നു സെപ്‌തംബറിലെ വിലക്കയറ്റനിരക്കെങ്കിൽ ഒക്ടോബറിൽ അത്‌ വീണ്ടും വർധിക്കുകയാണുണ്ടായത്‌.‌ രണ്ട്‌ മുതൽ ആറ്‌ ശതമാനംവരെ വിലക്കയറ്റം  പിടിച്ചുനിർത്താൻ കഴിയുമെന്നായിരുന്നു റിസർവ്‌ ബാങ്ക്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ, സ്ഥിതി കൈവിടുകയാണെന്ന്‌ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഉള്ളിക്കും ഉരുളക്കിഴങ്ങിനും മറ്റും ഉയരുന്ന വില പിടിച്ചുനിർത്താൻ കഴിയാതെ പരുങ്ങുകയാണ്‌ കേന്ദ്ര സർക്കാർ.


 

നേരത്തേ പ്രഖ്യാപിച്ച രണ്ട്‌ സാമ്പത്തിക പാക്കേജും പരാജയമാണെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്‌ രാജ്യം മാന്ദ്യത്തിലേക്ക്‌ തലകുത്തിവീണത്‌. റിസർവ്‌ ബാങ്കിന്റെ പണനയ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ മൈക്കൽ പത്ര ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്‌ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ രാജ്യം മാന്ദ്യത്തിലേക്ക്‌ കടന്നുവെന്ന്‌ സ്ഥിരീകരിച്ചത്‌. ഈ വാർത്തയ്‌ക്ക്‌ മാധ്യമങ്ങളിൽ പ്രാധാന്യം ലഭിക്കാതിരിക്കാനെന്നോണമാണ്‌ വ്യാഴാഴ്‌ച നിർമല സീതാരാമൻ മൂന്നാമത്‌ പാക്കേജ് പ്രഖ്യാപിച്ചത്‌. മുൻ പാക്കേജുകൾപോലെതന്നെ ആഭ്യന്തര ക്രയശേഷിയും ഉപഭോഗവും വളർത്തുന്നതിന്‌ ഒരു നടപടിയും കൈക്കൊള്ളാൻ ഇക്കുറിയും തയ്യാറായിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ പല പാശ്ചാത്യരാജ്യങ്ങളും സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചപ്പോൾ ജനങ്ങളുടെ കൈവശം പണം എത്തിക്കുന്നതിനാണ്‌ ഊന്നൽ നൽകിയത്‌. എന്നാൽ, ജിഡിപിയുടെ 15 ശതമാനത്തോളം(കേന്ദ്ര സർക്കാരും ആർബിഐയും  പ്രഖ്യാപിച്ചത്‌ ഉൾപ്പെടെ)പാക്കേജായി പ്രഖ്യാപിച്ചപ്പോഴും ജനങ്ങളുടെ കൈവശം പണം എത്തിക്കാൻ മോഡി സർക്കാർ തുച്ഛമായ കാശ്‌ മാത്രമാണ്‌ നീക്കിവച്ചത്‌. സ്വാഭാവികമായും സാമ്പത്തികപ്രവർത്തനം നിശ്ചലമായി. അതാണ്‌ ഇപ്പോൾ മാന്ദ്യത്തിലേക്ക്‌ നയിച്ചതും.

ഏതൊരു സമ്പദ്‌വ്യവസ്ഥയും തുടർച്ചയായി ഇടിവ്‌ രേഖപ്പെടുത്തിയാൽ അത്‌ ജനങ്ങളുടെ ജീവനോപാധികൾ തകർക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിരീക്ഷിച്ചതുപോലെ ജനങ്ങൾ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും എടുത്തെറിയപ്പെടും. അത്‌ തടയണമെങ്കിൽ പൊതുനിക്ഷേപം വർധിപ്പിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾക്ക്‌ തുടക്കം കുറിക്കുകയും അതുവഴി ആഭ്യന്തരവാങ്ങൽശേഷി കൂട്ടുകയും വേണം. കേന്ദ്ര ഗവൺമെന്റിൽ ഒഴിവുള്ള ഏഴ്‌ ലക്ഷത്തിലധികം തസ്‌തികകളിൽ  നിയമനങ്ങൾ നടത്താൻ സർക്കാർ തയ്യാറാകണം. ദേശീയ സ്വത്തുക്കളും വിഭവങ്ങളും കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക്‌ നൽകുന്ന സ്വകാര്യവൽക്കരണനയം തിരുത്തുകയും വേണം. എങ്കിലേ മാന്ദ്യത്തിൽനിന്ന്‌ പുറത്തുകടക്കാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കഴിയുകയുള്ളൂ. നോട്ട്‌ നിരോധനം വൻ പരാജയമായിരുന്നുവെന്ന്‌ ലോകത്തെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും കള്ളപ്പണം തടയാൻ ആ നടപടി സഹായിച്ചുവെന്ന്‌ പച്ചക്കള്ളം കഴിഞ്ഞ ദിവസവും തട്ടിവിടുന്ന പ്രധാനമന്ത്രിയിൽനിന്ന്‌ കാര്യക്ഷമമായ ഒരു തിരുത്തൽ നടപടിയും പ്രതീക്ഷിക്കാനാകില്ല. രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തവും  ഇതുതന്നെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top