20 April Saturday

കോവിഡ്‌ മരുന്നുകളുടെ ജിഎസ്‌ടി ഇളവ്‌ പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jan 31, 2022


ഏത്‌ സാഹചര്യത്തിലും കുത്തകകൾക്കൊപ്പം എന്ന മുഖ്യലക്ഷ്യത്തിൽ കോവിഡ്‌ മഹാമാരിയും കേന്ദ്രസർക്കാർ ആയുധമാക്കുന്നു. ജനങ്ങളുടെ ജീവന്‌ ഇവർ ഒരു വിലയും കൽപ്പിക്കുന്നില്ല. രാജ്യത്ത്‌ ദിനംതോറും കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട്‌ ലക്ഷം കവിഞ്ഞിരിക്കെ കോവിഡ്‌ പ്രതിരോധത്തിനുള്ള ജീവൻ രക്ഷാമരുന്നുകൾക്കും പരിശോധന ഉപകരണങ്ങൾക്കും നൽകിവന്ന ജിഎസ്‌ടി ഇളവ്‌ പിൻവലിച്ചിരിക്കുകയാണ്‌ കേന്ദ്രസർക്കാർ. ഡിസംബർ 31 വരെയുണ്ടായിരുന്ന അഞ്ച്‌ ശതമാനം ജിഎസ്‌ടി 2022 ജനുവരി ഒന്നുമുതൽ 12 ശതമാനമാക്കി. പുര കത്തുമ്പോൾ വാഴ വെട്ടുന്നതാണ്‌ കേന്ദ്രസർക്കാരിന്റെ നയം.

കോവിഡ്‌ ഗുരുതരമായവർക്ക്‌ നൽകുന്ന മിക്ക ജീവൻരക്ഷാ മരുന്നുകൾക്കും വില കുത്തനെ ഉയർന്നു. മോണോക്ലോണൽ ആന്റിബോഡി ഇൻജക്‌ഷൻ വിലയിൽ 8000 രൂപയുടെ വർധനയുണ്ട്‌. 1, 12,032 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന വില. രോഗം മൂർച്ഛിക്കുന്നവർക്ക്‌ പ്രതിരോധശേഷി വർധിപ്പിക്കാൻ നൽകുന്ന ടോർസിലുസിമാബ്‌ ഇൻജക്‌ഷന്‌ ജിഎസ്‌ടി ഇളവ്‌ പിൻവലിച്ചശേഷം 42, 572 രൂപയായി. നേരത്തേ ഇതിന്‌ ജിഎസ്‌ടി ഒഴിവാക്കിയിരുന്നു. റംഡെസിവിറിന്‌ ജിഎസ്‌ടി വർധനയോടെ 3000 രൂപയായി. സർജിക്കൽ ഉപകരണങ്ങൾക്കും പിസിആർ, ട്രൂനാറ്റ്‌ പരിശോധനാകിറ്റുകൾക്കും ഓക്‌സിമീറ്ററിനും വില ഗണ്യമായി വർധിച്ചു.

2021 ജൂൺ 12ന്‌ ചേർന്ന 44–-ാമത്‌ ജിഎസ്‌ടി കൗൺസിലാണ്‌ കോവിഡ്‌ പ്രതിരോധമരുന്നുകൾക്ക്‌ ജിഎസ്‌ടി 12 ശതമാനത്തിൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കാൻ തീരുമാനിച്ചത്‌. ജൂൺ 14ന്‌ വിജ്ഞാപനമിറങ്ങി. സെപ്തംബർ 30 വരെയായിരുന്നു ഇളവ്‌. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ശക്‌തമായ സമ്മർദത്തെത്തുടർന്ന്‌ സെപ്‌തംബറിൽ ചേർന്ന കൗൺസിലിൽ ഇളവ്‌ ഡിസംബർ 31 വരെ നീട്ടി. എന്നാൽ, ഡിസംബർ 31ന്‌ ചേർന്ന 46–-ാമത്‌ കൗൺസിൽ കാലാവധി നീട്ടാൻ തയ്യാറായില്ല.

നികുതി കൊടുക്കാൻ ബാധ്യത സാധാരണക്കാരനും ഗുണഭോക്താവാകാൻ അർഹത അതിസമ്പന്നർക്കുമാണെന്ന നയമാണ്‌ സർക്കാരിനുള്ളത്‌. ഇത്‌ തിരുത്തപ്പെടേണ്ടതാണ്‌. ജിഎസ്‌ടി ഇളവ്‌ പിൻവലിച്ചത്‌ മരുന്നുൽപ്പാദകകമ്പനികളും ചില സ്വകാര്യ ആശുപത്രികളും അവസരമാക്കുകയാണ്‌. വർധനയുടെ മറവിൽ അമിതവില ഈടാക്കി കൊള്ളലാഭം കൊയ്യുകയാണ്‌. ഇത്‌ തടയാൻ ആന്റി പ്രൊഫിറ്റേറിങ്‌ അതോറിറ്റിയുടെ ഇടപെടൽ അനിവാര്യമാണ്‌.

കഴിഞ്ഞ കൗൺസിൽ മീറ്റിങ്ങിനുശേഷമാണ്‌ കോവിഡ്‌ മൂന്നാംതരംഗം ശക്‌തിയാർജിച്ചത്‌. ഈ സാഹചര്യത്തിൽ കോവിഡ്‌ വ്യാപനം കുറയുംവരെ ഇളവ്‌ തുടരാൻ ജിഎസ്‌ടി കൗൺസിൽ അടിയന്തരമായി ഇടപെടണം. ഒട്ടും വൈകാതെ ഇളവ്‌ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. തുടർന്ന്‌, ചേരുന്ന കൗൺസിലിൽനിന്ന്‌ ഇതിന്‌ അംഗീകാരം നേടാനാകും. കേന്ദ്രബജറ്റ്‌ നാളെ അവതരിപ്പിക്കാനിരിക്കെ കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട്‌ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഏറെ പ്രസക്‌തമാണ്‌.

മൂന്നാം തരംഗത്തിനെതിരെ ശാസ്‌ത്രീയാധിഷ്‌ഠിതവും മെച്ചപ്പെട്ട ചികിൽസാ സൗകര്യങ്ങളുമായാണ്‌ കേരളം മുന്നേറുന്നത്‌. വാരിക്കോരി ചെലവാക്കാൻ ഇല്ലെങ്കിലും പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സുണ്ടെന്ന്‌ സംസ്ഥാനസർക്കാർ തെളിയിക്കുന്നു. കേരളത്തിൽ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം അര ലക്ഷമാണ്‌. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ, പീഡിയാട്രിക്‌ സൗകര്യങ്ങൾ വൻ തോതിൽ വർധിപ്പിച്ചു. ലക്ഷണങ്ങൾ കൂടുന്നവർക്ക്‌ ആശുപത്രി സേവനം ഉറപ്പാക്കുന്നു. ഇതിനെല്ലാം സാമ്പത്തികഭദ്രത വേണം. ഈ ഘട്ടത്തിലാണ്‌ ചില്ലിക്കാശിന്റെ അധികസാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറാകാത്തത്‌. പകരം ജിഎസ്‌ടി വഴി നികുതിക്കൊയ്‌ത്ത്‌ നടത്തുന്നു. കോവിഡ്‌ രോഗികളോടുപോലും കരുണ കാട്ടാത്തത്‌ മനുഷ്യത്വരഹിതമാണ്‌, പ്രതിഷേധാർഹമാണ്‌.

ജനങ്ങളുടെ ക്ഷേമമാകണം സർക്കാരിന്റെ കടമ. രോഗാതുരമായ സമൂഹത്തെ വളർത്തിയെടുക്കലല്ല, രോഗമുക്തമായ ജനസമൂഹം വാർത്തെടുക്കുകയാണ്‌ ജനാധിപത്യരാജ്യം ഭരിക്കുന്ന ഏത് സർക്കാരിന്റെയും കടമ. ഈ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ എല്ലാക്കാലത്തും കേന്ദ്രസർക്കാരിനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top