05 October Thursday

പ്രവാസികളോടുള്ള കരുതലാണ്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020സംസ്ഥാനത്തേക്ക്‌ മടങ്ങിവരുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ്‌ നൽകേണ്ടതിനെച്ചൊല്ലി‌ പ്രതിപക്ഷ പാർടികൾ ഉയർത്തിയ കോലാഹലം മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ വിശദീകരിച്ചതോടെ കെട്ടടങ്ങിയിരിക്കയാണ്‌. സാമ്പത്തികശേഷിയുള്ള  പ്രവാസികൾ മാത്രമേ ക്വാറന്റൈൻ ചെലവ്‌ വഹിക്കേണ്ടതുള്ളൂവെന്നും പണമില്ലാത്തവർക്ക്‌ തുടർന്നും ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടും വരുമാനമില്ലാതെയും കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക്‌ ആശ്വാസം പകരുന്നതാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകൾ. കേരളത്തിന്റെ പുരോഗതിയിൽ വലിയ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തോട്‌ എൽഡിഎഫ്‌ സർക്കാരിനുള്ള കരുതലും ശ്രദ്ധയും ആവർത്തിച്ച്‌ വ്യക്തമാക്കുന്നു‌ മുഖ്യമന്ത്രിയുടെ വാക്കുകൾ.

കോവിഡിനെ‌ പ്രതിരോധിക്കുന്നതിൽ ലോകത്തിനു മാതൃകയായ പ്രവർത്തനങ്ങളാണ്‌‌ കേരളം നടത്തിവരുന്നത്‌. എന്നാൽ, ഇക്കാര്യം അംഗീകരിക്കാൻ മനസ്സില്ലാത്ത പ്രതിപക്ഷം സർക്കാരിന്റെ നടപടിയെല്ലാം മോശമാണെന്നു വരുത്താൻ നിരന്തരം ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവ്‌ നിത്യേനയെന്നോണം സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്തുന്നു. പ്രവാസികൾ ക്വാറന്റൈൻ ചെലവ്‌ സ്വയം വഹിക്കണമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചതിന്റെ പേരിലും‌‌ കടന്നാക്രമിക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌‌. ഇതുവഴി പ്രവാസികളെ സർക്കാരിന്‌ എതിരാക്കാമെന്ന്‌ അവർ കരുതി. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക്‌ ക്വാറന്റൈൻ ചെലവ്‌ തുടർന്നും സൗജന്യമാണെന്ന്‌ മുഖ്യമന്ത്രി അറിയിച്ചതോടെ പ്രതിപക്ഷ ആക്ഷേപത്തിന്റെ മുനയൊടിഞ്ഞു. ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവുകൾക്ക്‌ പണം നൽകണമെന്ന്‌ നേരത്തേ കേന്ദ്ര സർക്കാർ ഉത്തരവിട്ട കാര്യം സൗകര്യപൂർവം മറന്നാണ്‌ രമേശ്‌ ചെന്നിത്തലയും കൂട്ടരും എൽഡിഎഫ്‌ സർക്കാരിനെതിരെ പടപ്പുറപ്പാട്‌ നടത്തുന്നത്‌.

രാജ്യത്ത്‌ ആദ്യമായി കോവിഡ്‌  സ്ഥിരീകരിച്ച സംസ്ഥാനമായ കേരളത്തിൽ അന്നുമുതൽ ക്വാറന്റൈനും രോഗപരിശോധനയും ചികിത്സയുമടക്കം എല്ലാം സൗജന്യമാണ്‌. അപൂർവവും ഗുരുതരവുമായ രോഗമായതിനാൽ സാമ്പത്തികസ്ഥിതി കണക്കിലെടുക്കാതെ ചെലവുകളെല്ലാം സർക്കാർ വഹിച്ചു. ലോക്‌ഡൗൺ കാരണം വരുമാനം ഏതാണ്ട്‌ പൂർണമായും നിലച്ചിട്ടും കോവിഡ്‌ ചികിത്സയും ക്വാറന്റൈനുമെല്ലാം സൗജന്യമാക്കാൻ മടികാണിച്ചില്ല.


 

ലോക്ക്‌ഡൗൺ മൂന്നാം മാസത്തിലേക്ക്‌ കടക്കുമ്പോൾ സർക്കാരിന്റെ ധനസ്ഥിതി കൂടുതൽ മോശമാകുന്നതിനാലാണ്‌ സാമ്പത്തികശേഷിയുള്ള പ്രവാസികളിൽനിന്ന്‌ ക്വാറന്റൈൻ ചെലവുകൾ ഈടാക്കാൻ തീരുമാനിച്ചത്‌. രോഗപരിശോധനയും ചികിത്സയുമെല്ലാം ഇനിയും സൗജന്യമായിരിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌. സർക്കാരിന്റെ സാമ്പത്തികപ്രയാസം ബോധ്യമുള്ളവരാണ്‌ നാടിനെ സ്‌നേഹിക്കുന്ന പ്രവാസികൾ. അതുകൊണ്ടാണ്‌ ചെലവ്‌ വഹിക്കാൻ സന്നദ്ധരാണെന്ന്‌ ഒട്ടേറെ പ്രവാസികൾ സാമൂ ഹ്യ മാധ്യമങ്ങളിൽക്കൂടി അറിയിച്ചത്‌. സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരെ പരിഗണിക്കണമെന്നും അവർ അഭ്യർഥിച്ചു. ഇതുകൂടി കണക്കിലെടുത്താണ്‌ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക്‌‌ സൗജന്യ ക്വാറന്റൈൻ സൗകര്യം  തുടരുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകിയത്‌.

എൽഡിഎഫ്‌ സർക്കാരിന്റെ കരുതൽ പ്രവാസികൾ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. നാടിന്റെ സുരക്ഷിതത്വത്തിലേക്ക്‌  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികളെ ഇരുകൈയും നീട്ടി കേരളം സ്വീകരിക്കും. ലക്ഷക്കണക്കിനു പ്രവാസികളാണ്‌ മടങ്ങിവരാൻ കാത്തുനിൽക്കുന്നത്‌. ഇവർക്കെല്ലാം മികച്ച ക്വാറന്റൈൻ സൗകര്യങ്ങളൊരുക്കാനുള്ള സാമ്പത്തികശേഷി ഇപ്പോൾ സംസ്ഥാന സർക്കാരിനില്ലെന്ന്‌ എല്ലാവർക്കും ബോധ്യമുണ്ട്‌. എന്നിട്ടും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ദുരിതാശ്വാസനടപടികളിലും സർക്കാർ ഒരു കുറവും വരുത്തിയിട്ടില്ല. എന്നാൽ, കേരളത്തിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ താളംതെറ്റിക്കാനാണ്‌ തുടക്കംമുതൽ പ്രതിപക്ഷം ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ചില്ലിക്കാശ്‌ നൽകരുതെന്നാണ്‌ പ്രതിപക്ഷ നേതാക്കൾ ആഹ്വാനം ചെയ്‌തത്‌. ജീവനക്കാരുടെ വേതനം മാറ്റിവയ്‌ക്കുന്നതിനെതിരെ നിയമയുദ്ധം നടത്താനും അവർ തയ്യാറായി.


 

കേരളത്തിനു പുറത്തുള്ള മലയാളികളെയെല്ലാം ഒറ്റയടിക്ക്‌ നാട്ടിലെത്തിക്കണമെന്നും‌ പ്രതിപക്ഷം ആവശ്യമുന്നയിച്ചു. അതിനുവേണ്ടി ചെക്ക്‌പോസ്‌റ്റുകളിൽ ബഹളമുണ്ടാക്കി. അയൽ സംസ്ഥാനങ്ങളിൽനിന്ന്‌ മലയാളികളെ പാസെടുക്കാതെ നാട്ടിലെത്തിക്കാൻ കോൺഗ്രസ്‌ വാഹനസൗകര്യമൊരുക്കി. അതേസമയം, സംസ്ഥാന സർക്കാരിന്‌ വിവരങ്ങൾ നൽകാതെ കേരളത്തിലേക്ക്‌ ട്രെയിൻ ഓടിക്കാൻ റെയിൽവേയും കേന്ദ്ര സർക്കാരും ഒത്തുകളിക്കുകയും ചെയ്‌തു. നമ്മുടെ കോവിഡ്‌ പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്തുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം.

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതർ വർധിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും ഉള്ളിലിരിപ്പ്‌ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മൂന്നുമാസത്തിലേറെയായി സർക്കാർ നടത്തിവരുന്ന അതീവ ജാഗ്രതയുള്ള പ്രവർത്തനങ്ങളുടെ നേട്ടം അവരുടെ അനുഭവത്തിലുണ്ട്‌‌. ഈ മികവ്‌ നിലനിർത്തുകയാണ്‌ പ്രധാനം. അതിനു പ്രതിബന്ധമാകുന്ന നിലപാടുകൾ പ്രതിപക്ഷം അവസാനിപ്പിക്കേണ്ടതുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top