26 April Friday

അനിവാര്യം ജീവന്റെ വിലയുള്ള ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020



കോവിഡ്‌‐ 19 മഹാമാരി ഭൂമുഖത്ത്‌ ഇനിയും വിവരണാതീതവും ആഴത്തിലുമുള്ള നാശങ്ങൾ വിതയ്‌ക്കുമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)യുടെ  മുന്നറിയിപ്പ്‌ ശരിവയ്‌ക്കുംവിധമാണ്‌ കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്‌. ആരോഗ്യരംഗത്തെക്കുറിച്ച്‌ ഡബ്ല്യുഎച്ച്‌ഒ  നടത്തിയ ആ നിരീക്ഷണത്തിനൊപ്പം ഐക്യരാഷ്ട്രസഭ, ഭൂരിപക്ഷത്തെയും പിടിച്ചുലച്ചേക്കാവുന്ന ദൂരവ്യാപക സാമ്പത്തിക പ്രത്യാഘാതങ്ങളുടെ അപകടവും ചൂണ്ടിക്കാണിച്ചിരിക്കുന്നു. ലോകത്ത് പത്തുകോടിയിലധികം ജനങ്ങൾ അത്രവേഗം കരകയറാനാകാത്ത കൊടിയ ദാരിദ്ര്യത്തിലേക്ക് ഉടൻ വീഴുമെന്നാണ്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്‌. 1870ലെ ആളോഹരി വരുമാനത്തിന്റെ പരിതാപകരമായ നിലവാരത്തിലേക്ക്‌ ആഗോള സമ്പദ് വ്യവസ്ഥ പതിക്കും. വേഗം പ്രതിവിധി കണ്ടെത്താനാകാത്ത ഇത്തരം ദുരവസ്ഥ മറികടക്കാനും പ്രതിസന്ധി അതിജീവിക്കാനും വിവിധ മേഖലകളുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും ഗുട്ടെറസ്‌ കൂട്ടിച്ചേർക്കുകയുണ്ടായി. ഡബ്ല്യുഎച്ച്‌ഒയും യുഎന്നും അടിവരയിട്ട  ഇങ്ങനെയുള്ള സാമ്പത്തിക‐ ആരോഗ്യ പ്രവണതകളുടെ യഥാർഥ വശം മനസ്സിലാക്കാൻ അമേരിക്കപോലുള്ള സമ്പന്ന രാജ്യത്തെയും ബ്രസീൽപോലുള്ള ദരിദ്ര രാജ്യത്തെയും അവസ്ഥ പരിശോധിക്കാവുന്നതാണ്‌. രണ്ടിടത്തും ആഴത്തിലുള്ള മുറിവുകളാണ്‌ ഉണ്ടായിരിക്കുന്നത്‌.

അമേരിക്കയിലെ മരണം ഒന്നര ലക്ഷവും ബ്രസീലിലേത്‌ അതിന്റെ പകുതിയുമാണ്‌. കെടുതിയുടെ ചിത്രത്തിൽനിന്ന്‌ ഇന്ത്യക്കും ഒഴിഞ്ഞുനിൽക്കാനാകില്ല. രാജ്യത്തെ കോവിഡ് ബാധിതർ പത്ത് ലക്ഷവും മരണം കാൽലക്ഷവും കടന്നത്‌ ഏറെ ഭയാശങ്കകൾ ഇളക്കിവിട്ടിരിക്കയാണ്‌. മെയ്‌ 18ന്‌ രോഗികൾ ഒരു ലക്ഷമായിരുന്നു. ആ നിലയിലെത്താൻ  109 ദിവസം വേണ്ടിവന്നു. എന്നാൽ, അവസാനത്തെ മൂന്നു ദിനംകൊണ്ടാണ് ഒമ്പതിൽനിന്ന്‌ പത്തു ലക്ഷത്തിലേക്ക്‌ തീപിടിച്ചപോലെ കുതിച്ചുയർന്നതെന്നോർക്കണം. വടക്കേ ഇന്ത്യക്കൊപ്പം തെക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുകയാണെന്നതാണ്‌ വാസ്‌തവം. സമീപ ദിവസങ്ങളിലായാണ്‌ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതെന്നതും പ്രധാനം. മഹാരാഷ്ട്ര, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന, കർണാടകം, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങൾ പകച്ചുനിൽക്കുകയാണല്ലോ. മഹാരാഷ്ട്രയിൽ പകുതിയിലേറെ രോഗികൾ  മുംബൈയിലാണ്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ചെന്നൈയും അപകടമുനമ്പിലെത്തി. ബംഗളൂരുവിനൊപ്പം കർണാടകത്തിലെ വിവിധ ജില്ലകളും ലോക്‌ഡൗണിലാണ്‌. ഇതിനിടയിലും രോഗമുക്തിയിലെ ഉയർന്ന നിരക്കാണ്‌ രാജ്യത്തിന്റെ ആശ്വാസം. അത്‌ 63 ശതമാനത്തിനു മുകളിലാണ്‌.


 

കേരളത്തിൽ രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലധികമായിരിക്കുന്നു. അതിൽ 32 ശതമാനവും സമ്പർക്കത്തിലൂടെ രോഗം പടർന്നവരാണ്‌. അതേക്കാൾ ഭയാനകം ആരിൽനിന്നും ഏതുസമയത്തും രോഗം പകരാമെന്ന അവസ്ഥയാണ്‌. അതുകൊണ്ടാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പതിവ്‌ വാർത്താസമ്മേളനത്തിൽ ‘ജീവന്റെ വിലയുള്ള ജാഗ്രത’യെക്കുറിച്ച്‌ അതീവ ഗൗരവത്തോടെ മുന്നറിയിപ്പു നൽകിയത്‌. സംസ്ഥാനത്തെ മരണമാകട്ടെ മുപ്പത്തിയെട്ടായത്‌  ജനസാന്ദ്രതയുമായി തുലനം ചെയ്യുമ്പോൾ  അത്ര വലുതല്ലെന്ന ആരോഗ്യ വിദഗ്‌ധരുടെ സമാശ്വാസം മറക്കുന്നില്ല. ഒന്നാം ഘട്ടത്തിൽ വുഹാനിൽനിന്ന്‌ എത്തിയ മൂന്നുപേർമാത്രമായിരുന്നു രോഗബാധിതർ. രണ്ടാം ഘട്ടത്തിൽ അത്‌ 496 ആയി. മൂന്നു മരണവും. സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 165. മേയ്‌ നാലുമുതൽ തൊട്ടുള്ള മൂന്നാംഘട്ടത്തിൽ 9776 പേർ രോഗബാധിതരായി.34 പേർക്ക്‌ ജീവൻ നഷ്ടമായി. സമ്പർക്കരോഗികൾ 3171. ഉറവിടം വ്യക്തമാകാത്ത നിരവധി രോഗികൾ, ഒരു ലക്ഷണവുമില്ലാത്തവർ, കോവിഡ്‌ ബാധിതരെ ബന്ധപ്പെടുകയോ പരിചരിക്കുകയോ ചെയ്യാത്ത  ആരോഗ്യപ്രവർത്തകരിലെ രോഗബാധ, തീരദേശമേഖലകളിൽ രണ്ടിടത്ത്‌ സമൂഹവ്യാപനം തുടങ്ങിയ പ്രവണതകൾ നിസ്സാരമല്ലാത്ത ഭീഷണിയാണ്‌. 

ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണവും സർക്കാർ സംവിധാനങ്ങളുടെ ഏകോപനവും അടിത്തട്ടിൽനിന്ന്‌ ലഭിച്ച സഹകരണവും ആരോഗ്യപ്രവർത്തകരുടെ ജാഗ്രതയും സമർപ്പണവും സ്വന്തം ജീവൻപോലും പണയംവച്ചുള്ള അവരുടെ സന്നദ്ധതയുമായിരുന്നു ആദ്യ രണ്ടു ഘട്ടത്തിലെ സമാനതകളില്ലാത്ത പ്രതിരോധപ്രവർത്തനങ്ങളുടെ കരുത്ത്. അതിന്‌ മാതൃകാപരമായ മികച്ച ഫലമുണ്ടാക്കാനുമായി. മൂന്നാം ഘട്ടത്തിൽ കാര്യമായ പ്രതിസന്ധിയുണ്ടാക്കിയത്‌ അധികാരംമാത്രം ലക്ഷ്യമാക്കി ഉറഞ്ഞുതുള്ളിയ ജനവിരുദ്ധ രാഷ്ട്രീയമായിരുന്നു. കൊറോണക്കാലത്ത്‌ മധ്യപ്രദേശിലും കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിലും അരങ്ങേറിയ ചാക്കിട്ടുപിടിത്തം ചൂണ്ടി ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കോൺഗ്രസ്‌ കേരളത്തിൽ എന്ത്‌ നിലപാടാണ്‌ കൈക്കൊള്ളുന്നതെന്ന സ്വയംവിമർശമെങ്കിലും നടത്തേണ്ടതാണ്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കരുതെന്ന പരസ്യാഹ്വാനംപോലും ഇവിടത്തെ ചില നേതാക്കളിൽനിന്നുണ്ടായി.


 

വാളയാറിലെ ഹാസ്യ നാടകങ്ങൾക്കുശേഷം കോഴിക്കോട്‌ ജില്ലയിലെ തൂണേരിയിലടക്കം അഴിച്ചുവിട്ട സമരാഭാസങ്ങൾക്കെതിരെ ഒടുവിൽ ഹൈക്കോടതിക്ക്‌ ഇടപെടേണ്ടിവന്നത്‌ നാം കണ്ടതാണല്ലോ. പരീക്ഷകൾ നടത്തുന്നതിനെതിരെ ചാടിവീണവർ പല പ്രദേശങ്ങളിലും സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക്‌ ധരിക്കാതെയും എത്രയോ പ്രകടനങ്ങൾ നടത്തി. സെക്രട്ടറിയറ്റിനകത്തുപോലും നുഴഞ്ഞു കയറി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയും അസഹിഷ്‌ണുതയുടെ പ്രാകൃത മുഖം കാണിച്ചു. സൈബർ ഗുണ്ടായിസവും കൃത്രിമരേഖകൾ ചമയ്‌ക്കലും അതിന്റെ മറ്റൊരു വഴി. ജനങ്ങളുടെ ഐക്യവും സഹകരണവും ഊട്ടിയുറപ്പിച്ച്‌ ഈ രാഷ്ട്രീയ വൈറസിനെ ചെറുക്കാതെ മുന്നാട്ടുപോകാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top