26 April Friday

അതീവ ജാഗ്രത അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


കേരളത്തിലും കോവിഡ്‌ വിവരണാതീതമായ  ഭയാശങ്കകൾ  വിതച്ച്‌ കുതിക്കുകയാണ്‌. കഴിഞ്ഞ ദിവസംമാത്രം  ആയിരത്തിനടുത്ത്‌  രോഗികളുടെ വർധന രേഖപ്പെടുത്തിയത്‌ പ്രതിസന്ധിയുടെ സൂചനതന്നെ. പ്രതിദിനമരണം ഉയർന്നതും സമ്പർക്കരോഗബാധിതരുടെയും ഉറവിടം‌ അജ്ഞാതമായവരുടെയും എണ്ണംവർധിക്കുന്നതും ആശ്വാസകരമല്ല. മറ്റു ചില സംസ്ഥാനങ്ങൾപോലെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ പെട്ടെന്ന്‌ ഉയരുന്നതും ചില മേഖലകളിലെ ചെറിയ നിലയിലുള്ള സമൂഹവ്യാപനവും  ഇതോട്‌ ചേർക്കാം. സംസ്ഥാനത്ത്‌‌ കോവിഡ്‌ സ്ഥിതി  ഗുരുതരാവസ്ഥയിലേക്ക്‌ നീങ്ങുകയാണെന്ന  മുഖ്യമന്ത്രിയുടെ  മുന്നറിയിപ്പും വ്യാപനത്തിന്‌ വേഗം കൂടുന്നുവെന്ന ആരോഗ്യവകുപ്പിന്റെ  നിരീക്ഷണവും അവഗണിക്കാനാകില്ല. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്‌, കാസർകോട്‌ ജില്ലകളിൽ പ്രശ്‌നം സങ്കീർണമാണ്‌. അവിടങ്ങളിൽ  രോഗികളുടെ എണ്ണം അതിവേഗം ഇരട്ടിക്കുന്നു. ആലപ്പുഴയും  കോഴിക്കോടുമാണ്‌ മുന്നിൽ. ഈ ജില്ലകൾക്കു പുറമേ പാലക്കാടും രോഗനിരക്ക്‌  ഗണ്യമായി ഉയർന്നു.

സംസ്ഥാനത്തിന്റെ സാധാരണനിലയും ജനങ്ങളുടെ  നിത്യചലനങ്ങളും  സാമ്പത്തിക ജീവിതവും താളംതെറ്റിക്കുന്ന മട്ടിലേക്ക്‌  കൊറോണ പടരുമ്പോൾ ‘മരണത്തിന്റെ മാലാഖ’മാരായി യുഡിഎഫും ബിജെപിയും  ഒരു കൈ സഹായം ചെയ്യുകയാണ്‌. കോവിഡ്‌ മാനദണ്ഡങ്ങളും ഹൈക്കോടതിയുടെ കടുത്ത പരാമർശവും മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള അഭ്യർഥനയും  വകവയ്‌ക്കാതെയാണ്‌ അക്രമസമരങ്ങൾ.  കോവിഡിനൊപ്പം യുഡിഎഫ്‌‐ ബിജെപി കൂട്ടുകെട്ടിന്റെ ആഭാസങ്ങളും നേരിടേണ്ടുന്ന ശ്രമകരമായ സാഹസത്തിലാണ്‌ സർക്കാർ. ആരോഗ്യ മേഖലയ്‌ക്കൊപ്പം പൊലീസ്‌ സംവിധാനവും വിശ്രമരഹിതമായ ഭാരമാണ്‌  ഏറ്റെടുത്തിട്ടുള്ളത്‌. ആരോഗ്യ പ്രവർത്തകർക്കും ക്രമസമാധാനപാലകർക്കും രോഗം പടരുന്നതും വെല്ലുവിളിയായിരിക്കുന്നു. ‘സമര വൈറസ്‌’ വിവിധ ജില്ലകളിൽ രോഗികളാക്കിയത്‌ പൊലീസുകാർ ഉൾപ്പെടെ നൂറിലേറെ ആളുകളെയാണ്‌. 

സഹജീവികളുടെ ജീവൻകൊണ്ട്‌ പന്താടുന്നതിൽ നേതാക്കന്മാർതന്നെ മുൻപന്തിയിൽ ഉണ്ടെന്നത്‌ നീതീകരിക്കാവുന്നതല്ല. കോവിഡ്‌  പോസിറ്റീവായ  കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌  കെ എം അഭിജിത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ നടന്ന  സമരങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു. ആൾമാറാട്ടം നടത്തി  കോവിഡ്‌ പരിശോധന നടത്തിയ അഭിജിത്തിനെതിരെ പൊലീസ്‌ കേസെടുക്കുകയും ചെയ്‌തു. കൊല്ലത്ത്‌ യൂത്ത്‌‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ്‌‌ ബാബു, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പ്രസിഡന്റുമാരായ  എം ജി കണ്ണൻ, ടിജിൻ ജോസഫ്‌ തുടങ്ങിയവരും രോഗാണുക്കളെയും പേറിയാണ്‌ സമരത്തിനെത്തിയത്‌. പാലക്കാട്ട്‌ ബിജെപി പ്രക്ഷോഭകരെ  അനുഗമിച്ച  ജില്ലാ പ്രസിഡന്റ്‌ ഇ കൃഷ്ണദാസിനും കോവിഡ്‌  സ്ഥിരീകരിച്ചു.

കോവിഡ്‌ പടർത്തിയിട്ടേ വിശ്രമമുള്ളൂ എന്ന വെല്ലുവിളിയുമായി ഉറഞ്ഞുതുള്ളുന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ  ഇടങ്കോലിടലുകൾക്കിടയിലും സർക്കാർ യുദ്ധസമാനമായ നിലയിലാണ്‌ ഇടപെടുന്നത്‌. ലോക്‌ഡൗൺ കാലത്ത്‌ 86 ലക്ഷംപേർക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌ നൽകാൻ  1000 കോടിരൂപ ചെലവഴിച്ചതിന്‌ രാജ്യത്തെവിടെയും ഉദാഹരണമില്ല. 100 ദിന കർമപരിപാടിയുടെ ഭാഗമായി നാലുമാസം എല്ലാ  കാർഡ് ഉടമകൾക്കും കിറ്റുകൾ സൗജന്യമായി നൽകുന്ന പദ്ധതി മറ്റൊന്ന്‌. കനത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലെ  ഈ കൈത്താങ്ങ്‌ 88.42 ലക്ഷം കുടുംബത്തിനാണ് ആശ്വാസമാകുക. മെഡിക്കൽ കോളേജുകൾക്കു പുറമെ പ്രധാനസർക്കാർ ആശുപത്രികളിൽ  കോവിഡ് ചികിത്സയ്‌ക്ക്‌  45 വെന്റിലേറ്റർ സജ്ജമാക്കിയിരിക്കുകയാണ്‌.  ഓക്‌സിജൻ ലഭ്യതയുള്ള സെമി ഐസിയു സംവിധാനം ഉൾപ്പെടെ ഇരുനൂറിനടുത്ത്‌  ഐസിയു കിടക്കകളും ഒരുക്കി.

മലപ്പുറം, തിരുവനന്തപുരം, കാസർകോട്‌, കണ്ണൂർ ജില്ലകളിൽ പരിശോധന ഇരട്ടിയാക്കാനും  സാധാരണ പനിയുമായി എത്തുന്നവർക്കെല്ലാം കോവിഡ്‌ പരിശോധന നടത്താനും കൂടുതൽ രോഗികളുള്ള പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ്‌ സോണായി നിലനിർത്താനും തീരുമാനിച്ചു. വീടുകളിലും പൊതുയിടങ്ങളിലും മാനദണ്ഡം കർക്കശമായി പാലിക്കണമെന്നും  ലക്ഷണം പ്രകടമാകുന്നവർ  ആന്റിജൻ ഫലം നെഗറ്റീവായാലും പിസിആർ പരിശോധന നിർബന്ധമാക്കണമെന്നും നിർദേശിച്ചിട്ടുമുണ്ട്‌. മുന്നൊരുക്കങ്ങൾക്കിടയിലും  കോവിഡ്‌ ക്രമാനുഗതമായി ഏറുന്നതിനാൽ ആദ്യ ഘട്ടത്തിലുണ്ടായ ജാഗ്രത തിരിച്ചുപിടിക്കണമെന്ന്‌ ഏവരും സ്വയം തീരുമാനമെടുക്കേണ്ട നാളുകളാണ്‌ മുന്നിൽ.


 

നിലയ്‌ക്കില്ല മാനവഗീതം
ഏതാനും ദിവസം മുമ്പ്‌, മഹാമാരിയുടെ പിടിയിൽ നിന്ന്‌ എസ്‌ പി ബാലസുബ്രമണ്യം മോചിതനായി എന്ന വാർത്ത പുറത്തുവന്നിരുന്നു. അന്ന്‌ അക്ഷരാർഥത്തിൽ സന്തോഷചിത്തരായത്‌ ആസ്വാദകലക്ഷങ്ങളായിരുന്നു. അവർ മാനസസരസിൽ വിരിയിച്ച പൊന്നാമ്പലുകളിൽ ഇനി ആ ‘ഇളയനിലാവ്‌ പൊഴിയില്ല.’

സംഗീതം പോലെ ജീവിക്കുകയെന്ന അത്യപൂർവ സാധ്യത യാഥാർഥ്യമാക്കിയാണ്‌ ആ ഗാനം നിലച്ചത്‌. പല്ലവിയിലേക്ക്‌ പ്രവേശിക്കുന്ന ഒരു ‘ഹമ്മിങ്’ പോലെ മറ്റുള്ളവരുടെ ജീവിതവും ഹൃദ്യമാക്കുകയായിരുന്നു എസ്‌പിബി. സമർപ്പണവും മാനവികതയോടുള്ള അടങ്ങാത്ത അഭിനിവേശവും ലാളിത്യവുമായിരുന്നു മുഖമുദ്ര. ‘പാവലർ ബ്രദേഴ്‌സ്‌ ’ എന്നറിയപ്പെട്ട ഇളയരാജ സഹോദരങ്ങളോടൊപ്പമുള്ള സംഗീതയാത്രകൾ എസ്‌പിബി യുടെ ജീവിതത്തിൽ നിന്ന്‌ അടർത്തി മാറ്റാൻ കഴിയാത്തതാണ്‌. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങി കേരളത്തോട്‌ ചേർന്ന പ്രദേശങ്ങളിൽ ഇടതു തൊഴിലാളി സംഘടനാ യോഗങ്ങളിൽ നിത്യസാന്നിധ്യമായിരുന്നു ഒരു കാലത്ത്‌ പാവലർ സഹോദരങ്ങളുടെ കച്ചേരി. പിന്നീട്‌, ആ സംഘത്തോടൊപ്പം ചേർന്ന്‌ കൊൽക്കത്ത മുതൽ കന്യാകുമാരി വരെ എസ്‌പിബി നടത്തിയ പാട്ടുയാത്രകൾ ജീവിതയാത്രകളായിരുന്നു. ആടിനും മാടിനുമൊപ്പം സഞ്ചരിക്കുന്ന സാധാരണക്കാരായ ഇന്ത്യക്കാരോടൊപ്പം ട്രെയിനിൽ നടത്തിയ യാത്രകൾ തന്ന അനുഭവങ്ങൾ ഒരു പാഠപുസ്തകവും തന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം തിരിച്ചറിഞ്ഞത്‌.

കൗമാര പ്രായത്തിൽ തെലുങ്കിൽ പാടാനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ ‘പോരാ പോരാ...’ എന്ന പല്ലവികളെ മറികടക്കാൻ നടത്തിയ കഠിനപ്രയത്നങ്ങൾ. ‘ ആദ്യം നന്നായി തമിഴ്‌ പഠിച്ചിട്ട്‌ വാ’ എന്ന്‌ ‘എം എസ്‌ വിശ്വനാഥൻ’ പറഞ്ഞപ്പോൾ ഏറ്റവും നന്നായി തമിഴ്‌ മൊഴിയാൻ നടത്തിയ നിതാന്തപരിശ്രമം. തന്റെ ഭാവം എസ്‌ ജാനകിയോടൊപ്പം എത്തുന്നില്ല എന്ന സംശയത്താൽ ദിവസം മുഴുവൻ പാടി റെക്കോഡിങ്. ഏറ്റവുമധികം ഭാഷകളിൽ പാടിയതിൽ, ഒരു ദിവസം ഏറ്റവും കൂടുതൽ റെക്കോഡിങ് നടത്തിയതിൽ, ഒറ്റ ശ്വാസത്തിൽ പാടുന്നതിൽ, ഗാനമേളകളിൽ, ആകെ പാട്ടിന്റെ എണ്ണത്തിൽ.... അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ എസ്‌പിബി ക്കു സമൻ എസ്‌പിബി മാത്രമായിരുന്നു.

കുഞ്ഞുമനസ്സുകളെ താരാട്ടിയുറക്കിയിരുന്നു ശബ്ദമാധുര്യം. ‘‘ സുന്ദരി കണ്ണാൽ ഒരു സേതി..’’ എന്ന പാട്ട്‌ കേട്ട്‌ മാത്രം പ്രണയിച്ച യൗവ്വനങ്ങളെത്ര. ഗാനമേളകളിൽ അദ്ദേഹം ശ്വാസം പിടിച്ചു പാടുമ്പോൾ വിമ്മിഷ്ടപ്പെട്ടത്‌ ആസ്വാദകരായിരുന്നു. വൈകാരികത നിറഞ്ഞുതുളുമ്പിയ ഗാനങ്ങളിൽ ആ ശബ്ദം കരച്ചിലിനോടടുത്തപ്പോൾ പൊട്ടിക്കരഞ്ഞതും ആസ്വാദകർ. അപ്പോഴും അദ്ദേഹം പറഞ്ഞു  ഇളയരാജ വച്ചുനീട്ടിയ പാട്ടുകളും അത്‌ സ്വീകരിച്ച ജനങ്ങളുമാണ്‌ തന്നെ വളർത്തിയതെന്ന്‌. സംഗീതപഠനത്തിൽ കാര്യമായ അടിത്തറയില്ലാതെ തന്നെ ഇന്ത്യയുടെ പ്രമുഖ സംഗീത ശബ്ദങ്ങളിലൊന്നായി മാറി ആ ജീവിതം.

വ്യാഴവട്ടങ്ങൾക്കുമുമ്പ്‌ ‘കടൽപ്പാലം’ എന്ന സിനിമയിലൂടെ മലയാളത്തിൽ എസ്‌പിബി സാന്നിധ്യമായി. വയലാറും ജി ദേവരാജനും ചേർന്ന്‌ അദ്ദേഹത്തിനായി ഒരുക്കിയ ‘‘ ഈകടലും മറുകടലും ...’’ എന്ന ഗാനം കാലാതിവർത്തിയായി. ആ പാട്ടിൽ ‘‘ ഇവിടെ മനുഷ്യനുണ്ടോ ’’ എന്ന്‌ ചോദിക്കുന്നുണ്ട്‌. എസ്‌ പിബിയെ ചൂണ്ടിക്കാട്ടി ജനലക്ഷങ്ങൾ പറയുന്നത്‌ ‘ ഇവിടെ മനുഷ്യനുണ്ട്‌ ’ എന്നു തന്നെയാണ്‌. സംഗീതമുള്ളിടത്തോളം ആ ഗാനവസന്തം എസ്‌പിബിയെ അനശ്വരമാക്കും. ബീഥോവന്റെ വാക്കുകൾ കടമെടുത്താൽ, ‘സംഗീതത്തേക്കാൾ വലിയ ദർശനമുണ്ടോ ’ എന്ന്‌ തോന്നിപ്പിച്ച ഗാനജീവിതം. സംഗീത ഇതിഹാസത്തിന്‌ മുന്നിൽ പ്രണാമം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top