28 March Thursday

അടച്ചുപൂട്ടാതെ കരുതലോടെ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 27, 2021


സമ്പൂർണ അടച്ചിടൽ ഇല്ലാതെതന്നെ കോവിഡിന്റെ കൂട്ടപ്പകർച്ച തടയാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്‌ കേരളം. അണുബാധ ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധ, രോഗലക്ഷണങ്ങളുള്ളവരെ മാറ്റിപ്പാർപ്പിക്കൽ, ഗൗരവ രോഗാവസ്ഥയിലുള്ളവർക്ക്‌ വിദഗ്‌ധ ചികിത്സ എന്ന രീതി പിന്തുടരുമ്പോഴും വൈറസ്‌ വ്യാപനം അനുദിനം വർധിച്ചുവരികയാണ്‌. പൊതുസ്ഥലങ്ങളിൽനിന്നുള്ള പകർച്ച ഒഴിവാക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനനിരക്ക്‌ കുറച്ചുകൊണ്ടുവരാനാകൂ. എന്നാൽ ജീവിതം സ്‌തംഭിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണം ജനങ്ങളിൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. കോവിഡിനെ കരുതിയുള്ള ജീവിതവൃത്തി കുറേക്കാലത്തേക്കെങ്കിലും നാം പിന്തുടരേണ്ടി വരും. ഈ യാഥാർഥ്യം ഉൾക്കൊള്ളുന്ന തീരുമാനങ്ങളാണ്‌ തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകക്ഷികളുടെ യോഗത്തിൽ ഉണ്ടായത്‌.

സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കി, ദൈനംദിന പരിശോധനകളും വാരാന്ത്യ നിയന്ത്രണങ്ങളും കർശനമാക്കാനാണ്‌ ഏകകണ്‌ഠമായ തീരുമാനം. പൊതുഗതാഗതവും കടകമ്പോളങ്ങളും നിശ്‌ചിത സമയവും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. കൂടിച്ചേരലുകൾ ഒഴിവാക്കി എല്ലാവരും തൊഴിലിടങ്ങളിലും വീട്ടിലുമായി അടുത്ത ഏതാനും ആഴ്‌ച കഴിച്ചുകൂടണം. ആഘോഷങ്ങളും വിശേഷങ്ങളും കുറച്ചുനാളത്തേക്ക്‌ മാറ്റിവയ്‌ക്കണം. അതിനിടയിൽ മെയ്‌ രണ്ടിന്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. വളരെ കരുതലും ജാഗ്രതയും ആവശ്യമുള്ള അവസരമാണിത്‌. ആവേശം അണപൊട്ടുന്ന ഈ സന്ദർഭത്തെ വിവേകപൂർവം നേരിടാനാണ്‌ രാഷ്ട്രീയ നേതൃത്വങ്ങൾ തീരുമാനിച്ചത്‌. ആൾക്കൂട്ടവും ആഹ്‌ളാദപ്രകടനവും പൂർണമായി ഒഴിവാക്കും. ഇത്‌ താഴേത്തട്ടിൽവരെ നടപ്പാക്കുന്നതിലാകണം എല്ലാ പാർടികളുടെയും ശ്രദ്ധ. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട്‌ സംഘർഷവും അക്രമവും ഒരിടത്തും ഉണ്ടായിക്കൂടാ. പൊലീസും അധികൃതരും കോവിഡ്‌ നിയന്ത്രണങ്ങളിൽ മുഴുകിയിരിക്കുന്നതിനാൽ പാർടി പ്രവർത്തകർതന്നെ ഇതിനായി മുൻകൈയെടുക്കണം.

കോവിഡിന്റെ ഒന്നാംഘട്ടത്തിൽ സമൂഹവ്യാപനം കഴിയാവുന്നത്ര വൈകിപ്പിക്കാനും തീവ്രത കുറയ്‌ക്കാനും കേരളത്തിന്‌ സാധിച്ചത്‌ ലോകത്താകെ ശ്രദ്ധിക്കപ്പെട്ടു. മരണനിരക്കും പിടിച്ചുനിർത്തി. ശാസ്‌ത്രീയ സമീപനവും സർക്കാരിന്റെ ഫലപ്രദമായ ഏകോപനവുമാണ്‌ ഈ നേട്ടത്തിനുപിന്നിൽ. മറ്റ്‌ സംസ്ഥാനങ്ങളിൽ നേരത്തെയുണ്ടായ ഉയർന്ന രോഗവ്യാപനനിരക്ക്‌ സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലേക്ക്‌ നീട്ടിക്കൊണ്ടുപോയത്‌ മികച്ച കോവിഡ്‌ നിയന്ത്രണത്തിന്‌ തെളിവായി. കഴിഞ്ഞ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ കുറ്റമറ്റരീതിയിൽ നടത്തുന്നതിന്‌ ഈ സാവകാശം സഹായകമായി. എന്നാൽ, പിന്നീട്‌ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിൽ വന്ന ഉദാസീനതയ്‌ക്ക്‌ കേരളം വലിയ വിലകൊടുക്കേണ്ടി വന്നു. രണ്ടാംതരംഗം ഇതര സംസ്ഥാനങ്ങൾക്കൊപ്പംതന്നെ കേരളത്തിലുമെത്തിയത്‌ ആദ്യഘട്ടത്തിൽ നമുക്കുണ്ടായ നേട്ടങ്ങൾ ഇല്ലാതാക്കും.

ഒന്നാംഘട്ടത്തിലെ ഉയർന്ന പ്രതിദിന രോഗവ്യാപനനിരക്ക്‌ പതിമൂവായിരം ആയിരുന്നെങ്കിൽ ഇപ്പോൾ മുപ്പതിനായിരത്തിനടുത്താണ്‌. ആകെ രോഗികളുടെ എണ്ണം ഒരുലക്ഷത്തിൽ താഴെ ആയിരുന്നത്‌ രണ്ടര ലക്ഷത്തിനടുത്തായി. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം ആരോഗ്യസംവിധാനങ്ങളുടെ പരിധിക്ക്‌ അകത്താണെന്നത്‌ മാത്രമാണ്‌ താൽക്കാലിക ആശ്വാസം. എന്നാൽ ഇപ്പോഴത്തെ നിരക്ക്‌ തുടർന്നാൽ ഇത്‌ തകിടംമറിയും. ഇതുകണക്കിലെടുത്താണ്‌ രോഗലക്ഷണം ഒട്ടുമില്ലാതെ ആശുപത്രിയിൽ കഴിയുന്നവരെ കോവിഡ്‌ പരിശോധനകൂടാതെ ഡിസ്‌ചാർജ്‌ ചെയ്‌ത്‌ വീട്ടിൽ നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചത്‌. രോഗലക്ഷണങ്ങൾ ഉള്ളവർക്ക്‌ കൂടുതൽ ശ്രദ്ധ എന്ന നിലയിലേക്ക്‌ ചികിത്സാ പ്രോട്ടോകോൾ മാറുകയാണ്‌. എന്നാൽ രോഗവ്യാപനം തടയാൻ വൈറസിന്റെ കണ്ണിമുറിക്കൽ കർശനമായി തുടരണം. മാസ്‌ക്‌, സാനിറ്റൈസർ ഉപയോഗവും കൂടിച്ചേരൽ ഒഴിവാക്കലും മാത്രമാണ്‌ ഇതിന്‌ പോംവഴി.


 

തെരഞ്ഞെടുപ്പു കാരണം നീട്ടിവയ്‌ക്കാനിടയായ പ്ലസ്‌ടു പരീക്ഷ പൂർത്തിയായത്‌ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ്‌ പകരുന്നത്‌. എസ്‌എസ്‌എൽസിയുടെ ഏതാനും പരീക്ഷകൾ ബാക്കിയുള്ളത്‌ ഈയാഴ്‌ച പൂർത്തിയാകും. പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്‌. സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ പൂർണമായി മാറ്റിവച്ച സ്ഥാനത്താണ്‌ ഏറെ കരുതലോടെ സംസ്ഥാനത്തെ സ്‌കൂൾലെവൽ പരീക്ഷകൾ വിജയകരമായി പൂർത്തിയാകുന്നത്‌.

ദേശീയ തലസ്ഥാനത്തടക്കം സ്ഥിതിഗതി അനുദിനം വഷളാവുകയാണ്‌. ഒന്നാം തരംഗത്തിനുശേഷം ഇഷ്ടംപോലെ സമയം ഉണ്ടായിട്ടും ആവശ്യത്തിന് ഓക്‌സിജൻപോലും ഉറപ്പുവരുത്താത്തവരാണ്‌ കേന്ദ്രവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഭരിക്കുന്നത്‌. കേരളമാകട്ടെ ഈ കാലയളവിൽ ഓക്‌സിജൻ ഉൽപ്പാദനം പലമടങ്ങ്‌ വർധിപ്പിച്ചു. ചികിത്സാ സംവിധാനങ്ങളും വിപുലീകരിച്ചു. വാക്‌സിന്‌ പണം നൽകണമെന്ന കേന്ദ്ര നിലപാടിനുമുന്നിൽ മുട്ടുമടക്കില്ലെന്ന്‌ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ സംഭാവന സമാഹരിച്ചും വീട്ടുമുറ്റങ്ങളിൽ സമരം സംഘടിപ്പിച്ചുമാണ്‌ കേരള ജനത ഇതിനോട്‌ പ്രതികരിക്കുന്നത്‌. കോവിഡ്‌കാല ദുരിതങ്ങളിൽ ജനങ്ങളോട്‌ ചേർന്നുനിൽക്കാൻ ഡിവൈഎഫ്‌ഐ പ്രതിരോധ സേനയായി രംഗത്തിറങ്ങും. വാക്‌സിൻ എടുക്കുന്നതിന്‌ മുമ്പ്‌ യുവാക്കൾ നടത്തുന്ന രക്തദാനം ക്ഷാമം ഒഴിവാക്കാനുള്ള മുൻകരുതലാണ്‌.

പ്രാണവായു കിട്ടാതെ പിടയുകയാണ്‌ ഇന്ത്യാമഹാരാജ്യം. മൃതദേഹങ്ങളോടുപോലും നീതിചെയ്യാതെ കൂട്ടിയിട്ട്‌ കത്തിക്കുന്നു. ഒന്നുംചെയ്യാത്ത ഭരണാധികാരികളെ ആശങ്കപ്പെടുത്തുന്നത്‌ മരുന്നുകമ്പനികളുടെ ലാഭക്കണക്കുകൾ മാത്രമാണ്‌. അടച്ചിടലാണ്‌ അവരുടെ മുന്നിലുള്ള ഏക പോംവഴി. കുറേ സംസ്ഥാനങ്ങൾ ലോക്‌ഡൗൺ വീണ്ടും പ്രഖ്യാപിച്ചു. വേറിട്ടവഴിയിലൂടെ ഈ പ്രതിസന്ധിയും അതിജീവിക്കാനുറച്ചാണ്‌ കേരളം നീങ്ങുന്നത്‌. കൂടുതൽ പേരെ ടെസ്‌റ്റ്‌ ചെയ്‌ത്‌, പരമാവധി പേരെ നിരീക്ഷണത്തിലാക്കി, കഴിയാവുന്നിടത്തോളം പേർക്ക്‌ വാക്‌സിൻ നൽകി രോഗവ്യാപനത്തെ തടുക്കുക. ഇതിനായി ജനങ്ങളൊന്നാകെ പുനരർപ്പണം ചെയ്യണം. ജീവൻ നിലനിർത്തണം; ജീവിതം തിരിച്ചുപിടിക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top