26 April Friday

കരുതലും ജാഗ്രതയും കൈവിടരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


മുപ്പത്തിയെട്ട്‌ ദിവസത്തെ തുടർച്ചയായ അടച്ചിടൽ അവസാനിപ്പിച്ച്‌ കേരളം വ്യാഴാഴ്‌ച നിയന്ത്രണങ്ങളോടെ സാധാരണ ജീവിതത്തിലേക്ക്‌ പതുക്കെ മടങ്ങി. കോവിഡ്‌ സ്ഥിരീകരണ നിരക്കനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങളെ നാല്‌ വിഭാഗമായി തിരിച്ചാണ്‌ ലോക്‌ഡൗണിൽ ഇളവ്‌ നൽകിയിട്ടുള്ളത്‌. 30 ശതമാനത്തിലധികം രോഗസ്ഥിരീകരണ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മുപ്പൂട്ട്‌ നിയന്ത്രണങ്ങൾ തുടരും. അവശ്യസർവീസ്‌ മാത്രമാണ്‌ ഇവിടെ അനുവദിക്കുക. ഇരുപത്‌ ശതമാനംമുതൽ മുപ്പത്‌ ശതമാനംവരെ സ്ഥിരീകരണ നിരക്കുള്ള ഇടങ്ങളിലും ലോക്‌ഡൗൺ തുടരുകയാണ്‌. നേരിയ ഇളവുകൾ മാത്രമാണ്‌ ഇവിടെ അനുവദിച്ചിട്ടുള്ളത്‌. രോഗ സ്ഥിരീകരണനിരക്ക്‌ ഇരുപതിൽ താഴെയുള്ള പ്രദേശങ്ങളാണ്‌ നിയന്ത്രണങ്ങളോടെ തുറക്കുന്നത്‌.

ഒന്നരമാസമായി വഴിമുട്ടിയ ജീവിതങ്ങൾക്ക്‌ വലിയ ആശ്വാസം നൽകുന്ന തീരുമാനമാണ്‌ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. അന്നന്നത്തെ ജീവിതത്തിനായി അധ്വാനിക്കുന്ന വലിയ വിഭാഗം ജനങ്ങൾക്ക്‌ നിയന്ത്രണങ്ങളിലെ ഇളവ്‌ ഉപകാരമാകും. പട്ടിണി കിടക്കാതിരിക്കാൻ എൽഡിഎഫ്‌ സർക്കാർ ഭക്ഷ്യക്കിറ്റ്‌ വിതരണം ഉൾപ്പെടെ എല്ലാ കരുതലും കാട്ടിയിരുന്നുവെങ്കിലും  അതുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകില്ലല്ലോ. കടകളും മറ്റും ഭാഗികമായി തുറക്കുകയും പൊതുഗതാഗതം ആരംഭിക്കുകയും സർക്കാർ ഓഫീസുകൾ 25 ശതമാനം ജീവനക്കാരോടെ എല്ലാ ദിവസവും പ്രവർത്തനം തുടങ്ങുകയും ചെയ്യുന്നതോടെ സംസ്ഥാനം സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങും. പ്രധാന ട്രെയിൻ സർവീസുകളും ആരംഭിച്ചിട്ടുണ്ട്‌. 

എന്നാൽ, മഹാമാരിയുടെ പിടിയിൽനിന്ന്‌ സംസ്ഥാനം ഇനിയും മോചിതമായിട്ടില്ലെന്ന കാര്യം ആരും മറന്നുപോകരുത്‌. രണ്ടാം വ്യാപനത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞുവെങ്കിലും രോഗം നമ്മോടൊപ്പംതന്നെയുണ്ട്‌. വകഭേദം വന്ന ഡെൽറ്റാ വൈറസിന്റെ വ്യാപനശേഷിയാകട്ടെ വളരെ കൂടുതലാണുതാനും. ഈ വൈറസിന്റെ സാന്നിധ്യം കേരളത്തിലുണ്ടെന്ന്‌ സ്ഥിരീകരിച്ചിട്ടുമുണ്ട്‌. മൂന്നാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ  ജീവന്റെ ജാഗ്രത തുടരുകതന്നെ വേണം. ആരോഗ്യവകുപ്പ്‌ നൽകുന്ന മുൻകരുതലുകൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയും വരുത്തരുത്‌. രണ്ട്‌ മാസ്‌ക്‌ ധരിക്കാതെ ആരും പുറത്തിറങ്ങരുത്. കൈകൾ ഇടയ്‌ക്കിടെ സോപ്പിട്ട്‌ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച്‌ വൃത്തിയാക്കണം. അതോടൊപ്പം സാമൂഹ്യ അകലം കർശനമായി പാലിക്കുകയും വേണം. ആൾക്കൂട്ടത്തെ ആകർഷിക്കുന്ന ഒരു പരിപാടിയും അനുവദിക്കരുത്‌. രാഷ്ട്രീയ പാർടികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ആരാധനാലയങ്ങൾ, മാളുകൾ,തിയറ്ററുകൾ എന്നിവ തുറക്കാൻ അനുവദിക്കാത്തത്‌ ആൾക്കൂട്ടത്തെ അനുവദിക്കാൻ പാടില്ലെന്നതുകൊണ്ടാണ്‌. ഒന്നാം തരംഗത്തെ നമുക്ക്‌ അതിജീവിക്കാൻ കഴിഞ്ഞത്‌ ജാഗ്രത കൈവിടാത്തതു കൊണ്ടായിരുന്നു. അതിനിയും വിട്ടുവീഴ്‌ചയില്ലാതെ തുടരണം.

എന്നാൽ, പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രോട്ടോകോൾ ലംഘനത്തെ ഗൗരവത്തോടെ കാണണം. ഒന്നാം തരംഗവേളയിൽ അതിർത്തിയിലടക്കം ചെന്ന്‌ രോഗം വ്യാപിക്കുന്ന സമരരീതികൾ ആവിഷ്‌കരിച്ച കോൺഗ്രസ്‌, പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങ്‌ നടത്തിയത്‌ വൻ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു. ആയിരത്തിലധികം പേരാണ്‌ ആരോഗ്യവകുപ്പിന്റെ എല്ലാ നിർദേശവും കാറ്റിൽപ്പറത്തി പങ്കെടുത്തത്‌. പ്രതിപക്ഷ നേതാവ്‌, മുൻമുഖ്യമന്ത്രി എന്നിവരെല്ലാം പങ്കെടുത്ത ചടങ്ങിലാണ്‌ കോവിഡ്‌ മാനദണ്ഡങ്ങൾ മറന്നത്‌. ഇതിനുത്തരവാദികളായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ അധികൃതർ തയ്യാറാകണം. ജനങ്ങൾക്ക്‌ മാതൃക കാട്ടേണ്ടവർതന്നെ അതിന്‌ വിരുദ്ധമായി പ്രവർത്തിക്കുന്നത്‌ അപലപനീയമാണ്‌. മഹാമാരിക്കാലത്ത്‌ ഒരു രാഷ്ട്രീയ പാർടി എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന്റെ ഉദാഹരണമാണ്‌ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top