09 December Saturday

കോവിഡ്‌: സാമൂഹ്യജാഗ്രത തുടരണം

വെബ് ഡെസ്‌ക്‌Updated: Friday Jan 29, 2021


കോവിഡ്‌ മഹാമാരി വരുത്തിവച്ച മരവിപ്പിൽനിന്നും പ്രതിസന്ധിയിൽനിന്നും മനുഷ്യരാശി അതിവേഗം പുറത്തുകടക്കുകയാണ്‌. അടച്ചുപൂട്ടലിന്റെ നിശ്ചലതയും ശൂന്യതയും കുടഞ്ഞെറിഞ്ഞ്‌ സാമൂഹ്യജീവിതത്തിന്റെ നിലയ്‌ക്കാത്ത ചലനങ്ങളിലൂടെ ലോകം സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം എല്ലാ മേഖലയും അതിവേഗം സജീവമാകുന്നു. പ്രതിരോധ വാക്‌സിൻ യാഥാർഥ്യമായതോടെ മനുഷ്യരുടെ പുത്തനുണർവിന്‌ ആത്മവിശ്വാസം ഏറിയിട്ടുണ്ട്‌. മടുപ്പിക്കുന്ന നിശ്ചലതയിൽനിന്ന്‌ പ്രതീക്ഷ ഉണർത്തുന്ന  ചലനാത്മകതയിലേക്കുള്ള മാറ്റത്തിൽ അമിതാവേശം പാടില്ലെന്ന്‌ എല്ലാവരും ഓർമിക്കണം. വാക്‌സിൽ വ്യാപകമാക്കി സമൂഹത്തെയാകെ പ്രതിരോധസജ്ജമാക്കുംവരെ ജാഗ്രതയും ശ്രദ്ധയും കൈവിടാതിരിക്കാൻ ഓരോരുത്തരും തയ്യാറാകണം. പിഴവില്ലാത്ത സാമൂഹ്യജാഗ്രത പാലിച്ചുമാത്രമേ കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനാകൂ.

അടച്ചുപൂട്ടൽ വരുത്തിവച്ച മരവിപ്പും സാമ്പത്തിക പ്രതിസന്ധിയും കാരണം വിവരണാതീതമായ ശൂന്യതയാണ്‌ ഒരു വർഷത്തോളമായി മനുഷ്യർ അനുഭവിക്കുന്നത്‌. അറ്റം കാണാത്ത അരക്ഷിതാവസ്ഥയിൽ മാനസികമായി തകർന്ന സമൂഹം ലോക്‌ഡൗൺ ഇളവുകളിൽ അനിയന്ത്രിതമായ ആവേശത്തോടെ പുറത്തേക്കൊഴുകുന്നു. ജീവിതത്തിലൊരിക്കലും അനുഭവിക്കാത്ത നിശ്ശൂന്യമായ ജീവിതാവസ്ഥയിലൂടെ കടന്നുപോയവർ അവനവനെത്തന്നെ വീണ്ടെടുക്കാൻ നെട്ടോട്ടമോടുന്നു. ഈ പിടഞ്ഞോട്ടത്തിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളും സിനിമാശാലകളും വിരുന്നുസൽക്കാര വേദികളുമെല്ലാം ജനനിബിഡമാകുകയാണ്‌. ജീവിതത്തിലേക്ക്‌ പിടഞ്ഞെഴുന്നേൽക്കുമ്പോൾ സാമൂഹ്യഅകലവും ജാഗ്രതയും മനുഷ്യർ മറന്നുപോകുന്നു. രോഗം പടരാൻ ഏറ്റവും കൂടുതൽ അനുകൂല സാഹചര്യങ്ങളുള്ള കേരളത്തിൽ ജാഗ്രതക്കുറവ്‌ അപകടം വരുത്തിവയ്‌ക്കുമെന്ന് ആരോഗ്യപ്രവർത്തകർ നിരന്തരം മുന്നറിയിപ്പ്‌ നൽകിയിട്ടും ഒരു വിഭാഗം ഗൗനിക്കുന്നതേയില്ല. ഒഴിവു ദിവസങ്ങളിൽ കടൽത്തീരങ്ങളിലും വിനോദകേന്ദ്രങ്ങളിലും തിങ്ങിനിറയുന്നവർ മഹാമാരിയുടെ അപകടത്തെക്കുറിച്ച്‌ ഒട്ടും ബോധവാന്മാരല്ല.


 

കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ്‌ അംഗീകരിക്കാൻ വിസമ്മതിക്കുന്നവർ ഇതിനകം വിമർശങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങളിൽ രോഗം നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ മഹാമാരി വ്യാപിക്കുകയാണെന്നാണ്‌ അവരുടെ വാദം. ഇവിടെ ഓരോ ദിവസവും പോസിറ്റീവാകുന്ന രോഗികളുടെ എണ്ണം ഉയർത്തിക്കാട്ടിയാണ്‌ പ്രതിരോധം പാളിയെന്ന്‌ വിമർശിക്കുന്നത്‌. ഈ വിമർശം വസ്‌തുനിഷ്‌ഠമല്ലെങ്കിലും അതിന്‌ ജനങ്ങളുടെ ജാഗ്രതക്കുറവ്‌ കാരണമായെന്ന്‌ പറയാതെ വയ്യ. തികഞ്ഞ ഉത്തരവാദിത്തത്തോടും ജാഗ്രതയോടും മാത്രമേ സാമൂഹ്യമായ കൂടിച്ചേരലുകൾ നടത്താവൂ എന്നത്‌ ഒരു വിഭാഗമാളുകൾ മറന്നുപോകുന്നു. പകർച്ചവ്യാധികൾ തടയുന്നതിൽ സർക്കാരിന്റെ നടപടികൾക്കൊപ്പം സാമൂഹ്യജാഗ്രതയും പ്രധാനമാണെന്ന്‌ അത്തരക്കാർ മനസ്സിലാക്കണം.

ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ രോഗപകർച്ച അതിവേഗത്തിലായിരുന്നു. അവിടെ ഒറ്റയടിക്ക്‌ പരമാവധിയാളുകളിലേക്ക്‌ രോഗം പടർന്നു. ആരോഗ്യസംവിധാനങ്ങൾക്ക്‌ കൈകാര്യം ചെയ്യാവുന്നതിലധികം രോഗികളാണ്‌ അവിടെ ദിവസവും ആശുപത്രിയിലെത്തിയത്‌. ഐസിയുവും വെന്റിലേറ്റുകളും നിറഞ്ഞുകവിഞ്ഞു. അതിനാൽ മരണനിരക്കും ഏറി. എന്നാൽ, രോഗവ്യാപനം മൂർധന്യത്തിലെത്തുന്നത്‌ നീട്ടിക്കൊണ്ടുപോകാനും മരണം കുറയ്ക്കാനുമാണ്‌ കേരളം ശ്രമിച്ചത്‌.

ആരോഗ്യസംവിധാനങ്ങൾക്ക്‌ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലധികം രോഗികൾ ഒരു ഘട്ടത്തിലും കേരളത്തിൽ ഉണ്ടായില്ല. ബ്രേക്ക്‌ ദ ചെയിൻ പ്രചാരണവും ജനങ്ങൾ കാട്ടിയ സാമൂഹ്യജാഗ്രതയുമാണ്‌ ഇതിന്‌ സഹായിച്ചത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ലോക്‌ഡൗൺ കാലത്തുതന്നെ രോഗവ്യാപനം മൂർധന്യത്തിലെത്തിയപ്പോൾ കേരളം ഇപ്പോഴും പിടിച്ചുനിൽക്കുന്നു. മഹാരാഷ്‌ട്രയിൽ അര ലക്ഷത്തിലധികം പേർ മരണത്തിന്‌ കീഴടങ്ങിയപ്പോൾ കേരളത്തിൽ മരണം 3682ൽ ഒതുക്കിനിർത്താൻ കഴിഞ്ഞു. രണ്ടോ മൂന്നോ മാസംകൂടി പ്രതിരോധം തുടർന്നാൽ നമുക്ക്‌ മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്നാണ്‌ വിദഗ്‌ധർ വിലയിരുത്തുന്നത്‌.

രോഗം പടരാൻ അനുകൂല സാഹചര്യമുള്ള പ്രദേശമാണ്‌ കേരളം. ചതുരശ്ര കിലോ മീറ്ററിൽ 860 പേർ അധിവസിക്കുന്ന സ്ഥലം.  ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം. വയോജനങ്ങളുടെ എണ്ണത്തിലും മുന്നിൽ. സംസ്ഥാന ജനസംഖ്യയിൽ 15 ശതമാനം മുതിർന്ന പൗരൻമാരാണ്‌. പ്രമേഹരോഗികളുടെ തലസ്ഥാനമായാണ്‌ കേരളം അറിയപ്പെടുന്നത്‌. മറ്റ്‌ ജീവിതശൈലീരോഗങ്ങളും കൂടുതലാണ്‌. ഇത്തരം പ്രതികൂല സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ്‌ കേരളം കോവിഡ്‌ വ്യാപനവും അതുമൂലമുള്ള മരണവും നിയന്ത്രിക്കുന്നത്‌. കോവിഡ്‌ പ്രതിരോധത്തിൽ ജനങ്ങൾ കാട്ടിയ ജാഗ്രതയും മുൻകരുതലും മാതൃകാപരമാണ്‌. രോഗഭീഷണി പൂർണമായും അകലുന്നതുവരെ അതിജാഗ്രതയും ശ്രദ്ധയും തുടരണം. കോവിഡിനെതിരായ പോരാട്ടം പൂർണമായും വിജയത്തിലെത്തുംവരെ കൂടിച്ചേരലുകളിലും ആഘോഷങ്ങളിലും മിതത്വവും മുൻകരുതലും പാലിക്കാൻ എല്ലാവരും തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top