03 October Tuesday

തൊഴിൽ ചൂഷണത്തിന്‌ കോവിഡ് കാലം മറയാക്കരുത്

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2020

കോവിഡ് കാലം എല്ലാ മേഖലയിലും  കഷ്ടതയുടേതാണ്. സമ്പദ്മേഖല സ്തംഭിച്ചതോടെ എവിടെയും പ്രതിസന്ധിയാണ്. എന്നാൽ, ഈ പ്രതിസന്ധി എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ഒരേ തോതിലല്ല ആഘാതം. സമ്പന്നർക്ക് അവരുടെ സമ്പാദ്യം കുറഞ്ഞേക്കാം. മുതലാളിമാർക്ക് അവരുടെ ലാഭത്തിൽ ഇടിവ് വന്നേക്കാം. പണിയെടുത്ത് ജീവിക്കുന്നവരുടെ അവസ്ഥ അതല്ല. അവരുടെ ജീവിതമാർഗമാണ്‌ അടയുന്നത്. ദൈനംദിന വരുമാനമാണ് ഇല്ലാതാകുന്നത്. അതുകൊണ്ട് ഇരുകൂട്ടരുടെയും പ്രയാസങ്ങൾ ഒരേപോലെ കാണാനാകില്ല.

എന്നാൽ, കോവിഡ് കാല ലോക്ക്‌ഡൗൺ മറയാക്കി ചില വമ്പൻ തൊഴിലുടമകൾ ചൂഷണം ശക്‌തമാക്കിയിരിക്കുകയാണ് . ഇത് ഏറ്റവും പ്രകടമാകുന്നത് ഐടി മേഖലയിലാണ്. വൻതോതിൽ തൊഴിൽ വെട്ടിക്കുറയ്ക്കാനും തൊഴിലാളികളെ രാജിവയ്‌പിക്കാനും പിരിച്ചുവിടാനും വലിയ കമ്പനികൾപോലും ശ്രമം തുടങ്ങി. സർക്കാർ നിർദേശം പോലും അവഗണിച്ചാണ് ഈ നടപടി. 

ശമ്പളവർധന പ്രഖ്യാപനങ്ങൾ എല്ലാം മരവിപ്പിച്ചു. മിക്ക കമ്പനികളും വീട്ടിലിരിക്കുന്ന തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. എന്നാൽ,  2020ൽ വന്ന കോവിഡിന്റെപേരിൽ 2019–-20 വർഷത്തെ അർഹമായ ഇൻക്രിമെന്റുപോലും നിഷേധിക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ഇത് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒന്നാം കമ്പനിയായ ടിസിഎസും എച്ച്സിഎൽ പോലുള്ള വമ്പന്മാരും ഈ വഴിക്കാണ് നീങ്ങുന്നത്. ഇതിന്‌ ന്യായീകരണമില്ലെന്ന്‌ തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് 2020 മാർച്ചിൽ അവസാനിച്ച മൂന്നുമാസക്കാലയളവിൽ 4335 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാപനമാണ്‌ ഇൻഫോസിസ്. ഇവർപോലും കഴിഞ്ഞ വർഷത്തെ ഇൻക്രിമെന്റ് നിഷേധിക്കാൻ കോവിഡിനെ മറയാക്കുന്നതിന് എന്ത് ന്യായമാണുള്ളത്.

ലോക്ക്ഡൗൺ കാലയളവിൽ ശമ്പളം കുറയ്ക്കാനോ  ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന നിർദേശം കേന്ദ്ര തൊഴിൽ മന്ത്രാലയം മാർച്ച് 20 നുതന്നെ നൽകിയിരുന്നു. എന്നാൽ,  ഐടി കമ്പനികൾ ഇത് കാറ്റിൽപ്പറത്തിയിരിക്കുകയാണെന്ന്  കർണാടക സ്റ്റേറ്റ് ഐടി–-ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കാട്ടുന്നു

ചെറിയ സ്റ്റാർട്ടപ്പുകളുടെയും ചെറിയ കമ്പനികളുടെയും കാര്യത്തിൽ ബുദ്ധിമുട്ട് മനസ്സിലാക്കാം. എന്നാൽ, കോടികളുടെ ലാഭം നീക്കിയിരിപ്പായുള്ള കമ്പനികൾ ഈ അവസരം തൊഴിലാളിദ്രോഹത്തിന് മറയാക്കുകയാണെന്ന് വ്യക്തം. ഇതിൽനിന്ന് വ്യത്യസ്തമായ സമീപനം ചില വിദേശകമ്പനികൾ ഇന്ത്യയിലെ അവരുടെ തൊഴിലാളികളോട് കാണിക്കുന്നുണ്ടെന്നും പറയേണ്ടിയിരിക്കുന്നു. ഫ്രഞ്ച് കമ്പനിയായ ക്യാപ് ജെമിനൈ, അമേരിക്കൻ കമ്പനിയായ കോഗ്നിസന്റ് എന്നിവയാണ് ഈ ദുരിതകാലം പരിഗണിച്ച് ഇന്ത്യയിലെ അവരുടെ ജീവനക്കാർക്ക് ശമ്പളവർധന പ്രഖ്യാപിച്ചത്.

ലോക്ക്ഡൗൺ കാലയളവിൽ ശമ്പളം കുറയ്ക്കാനോ  ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന നിർദേശം കേന്ദ്ര തൊഴിൽ മന്ത്രാലയം മാർച്ച് 20 നുതന്നെ നൽകിയിരുന്നു. എന്നാൽ,  ഐടി കമ്പനികൾ ഇത് കാറ്റിൽപ്പറത്തിയിരിക്കുകയാണെന്ന്  കർണാടക സ്റ്റേറ്റ് ഐടി–-ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളിദ്രോഹത്തിനെതിരെ ചൊവ്വാഴ്ച രാജ്യത്താകെ നടന്ന പ്രതിഷേധപരിപാടികളിൽ യൂണിയൻ സജീവമായി പങ്കെടുത്ത് ഈ പ്രശ്നം ഉയർത്തിക്കാട്ടുകയുണ്ടായി. സിഐടിയുവും സിപിഐ എമ്മും നേരത്തേതന്നെ  ഇത്തരം തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ മുന്നറിയിപ്പ്  നൽകിയിരുന്നു. കേന്ദ്രസർക്കാർ സ്വന്തം തൊഴിൽവകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പാകുന്നു എന്ന് ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചാൽമാത്രമേ ഈ  ചൂഷണനീക്കങ്ങൾ തടയാൻ കഴിയൂ. കോവിഡ് കാലത്തുതന്നെ ജോലിസമയംകൂട്ടി ഉത്തരവിറക്കിയ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ എത്ര ആത്മാർഥത കാട്ടും എന്ന് കണ്ടറിയണം.

കമ്പനികളുടെ ഈ ദ്രോഹനടപടികൾക്കൊപ്പം മറ്റ് പ്രശ്നങ്ങളും ഐടി തൊഴിലാളികൾ നേരിടുന്നുണ്ട്. അത്‌ പരിഹരിക്കാൻ ആവശ്യമായ നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകിയിരുന്നു. ഒരു വിധത്തിലുമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളോ സഹായങ്ങളോ നൽകാനുള്ള ഒരു സംവിധാനവും നിലവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കില്ല. മിക്കവരും കേരളത്തിലെ തന്നെയോ രാജ്യത്തിന്റെ  മറ്റേതെങ്കിലും ഭാഗങ്ങളിൽനിന്നോ വന്ന് ഐടി പാർക്കുകൾക്ക് ചുറ്റപ്പെട്ട സ്ഥലങ്ങളിൽ ജീവിതം നയിക്കുന്നവരാണ്. പഠനത്തിന്റെ ഭാഗമായുള്ളതോ വീടു വച്ചതോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ ലോണുകളും ബാധ്യതയും ഉള്ളവരാകും ഏറെപ്പേരും. പെട്ടെന്നുണ്ടാകുന്ന ജോലിനഷ്ടംപോലെയുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ശേഷിയുള്ളവരല്ല ഇവർ. ഇവരുടെ  ഭീതി അകറ്റാനും ജോലിസുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സർക്കാർ ഇടപെടണമെന്ന് സംഘടന അഭ്യർഥിക്കുന്നു. എല്ലാ മേഖലയിലും തൊഴിലാളികൾക്ക് താങ്ങാകുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിലും ശ്രദ്ധ പതിപ്പിക്കുമെന്നു കരുതാം.

കോവിഡിന്റെ വ്യാപനം കുറയുകയും ലോക്ക്‌ഡൗൺ നീങ്ങുകയും ചെയ്താലും പല മേഖലകളിലും തൊഴിലാളിദ്രോഹ നടപടികൾ തുടരാനാണ് സാധ്യത. കോവിഡ് മൂലമുള്ള ലാഭക്കുറവിന്റെ ഭാരം മുഴുവൻ തൊഴിലാളികളുടെ തലയിലിടാൻ ശ്രമിക്കുന്ന തൊഴിലുടമകൾക്കെതിരെ ശക്തമായ പ്രതിഷേധം തന്നെ ഉയർത്തേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top