05 December Tuesday

രാജ്യത്തെ കോവിഡ് 
മരണം: വ്യക്തത വേണം

വെബ് ഡെസ്‌ക്‌Updated: Monday Apr 25, 2022

കോവിഡ് മഹാമാരിയിൽ നമ്മുടെ രാജ്യത്ത് എത്രപേർക്ക് ജീവൻ നഷ്ടമായി? ആശങ്കാജനകമായ വിവരങ്ങളാണ് അടുത്ത ദിവസങ്ങളിൽ പുറത്തുവന്നത്. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ പഠനറിപ്പോർട്ടു പ്രകാരം, മഹാമാരിക്കാലത്ത് ഇന്ത്യയിൽ 40 ലക്ഷത്തിലേറെ അധികമരണം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.  ഈ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇന്ത്യയുടെ കടുത്ത സമ്മർദമുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം രാജ്യത്തെ കോവിഡ് മരണം 5.2 ലക്ഷമാണ്. രണ്ടു കണക്കും തമ്മിലുള്ള ഈ വലിയ അന്തരമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് തടയാൻ ഇന്ത്യ സമ്മർദം ചെലുത്തുന്നതിന്റെ കാരണം.  ചെറുതും വലുതുമായ രാജ്യങ്ങൾക്ക് ഒരേ പഠനരീതി  ഉപയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് എതിർപ്പിനു കാരണമായി ഇന്ത്യ പറയുന്നു.  എന്തായാലും, കോവിഡ് മരണത്തെക്കുറിച്ച്  വ്യക്തത അനിവാര്യമായിരിക്കുന്നു. വ്യക്തത വരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

ഇന്ത്യയിലെ മരണനിരക്ക് ഔദ്യോഗിക കണക്കുകളേക്കാൾ പതിന്മടങ്ങ് കൂടുതലാണെന്ന് നേരത്തെതന്നെ ഒട്ടേറെ പഠന റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  കഴിഞ്ഞകൊല്ലം രണ്ടാം തരംഗത്തിൽ കോവിഡിനിരയായവരുടെ മൃതദേഹങ്ങൾ അനാഥമായി ഗംഗയിൽ ഒഴുകുന്ന സങ്കടകരമായ  കാഴ്ച രാജ്യം കണ്ടു. ഉത്തരേന്ത്യയിൽ പല സംസ്ഥാനത്തും ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ശ്മശാനങ്ങളിൽ ഇടമില്ലാതെ, പലയിടത്തും വലിച്ചെറിയുന്ന സ്ഥിതിപോലും ഉണ്ടായി. അപ്പോഴൊക്കെ  ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്ക് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതായിരുന്നില്ല. ഔദ്യോഗിക കണക്കും യാഥാർഥ്യവും തമ്മിലുള്ള അന്തരം അന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രസക്തമാകുന്നത്.  ന്യൂയോർക്ക് ടൈംസ് പത്രവും സൊവെക്സ് ഡോട്ട് കോമുമാണ് കഴിഞ്ഞദിവസം റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടത്.

2021 ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക -സാമൂഹ്യ വിഭാഗവുമായി സഹകരിച്ച് കോവിഡ് മരണങ്ങളെക്കുറിച്ച് പഠിക്കാൻ  സാങ്കേതിക ഉപദേശകസമിതി രൂപീകരിച്ചിരുന്നു.  33 രാജ്യത്തുനിന്നുള്ള വിദഗ്ധർ അടങ്ങുന്നതാണ് സമിതി . ഈ സമിതിയുടെ ആഭിമുഖ്യത്തിലാണ് ലോക രാജ്യങ്ങളിലാകെ പഠനം നടത്തിയത്.  ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിൽനിന്നും ഒരു കേന്ദ്രഭരണ പ്രദേശത്തുനിന്നും എല്ലാ  മരണത്തിന്റെയും വിവരം പ്രത്യേകം പ്രത്യേകമായി ശേഖരിച്ചു. മഹാമാരിക്കുമുമ്പും മഹാമാരിക്കാലത്തും ആകെ മരിച്ചവരുടെ വിവരം താരതമ്യം ചെയ്താണ് അധികമരണം കണക്കാക്കുന്നത്. നിശ്ചിത കാലയളവിൽ സാധാരണ ഉണ്ടാകുന്നതിനേക്കാൾ  സംഭവിച്ച അധികമരണം കോവിഡ് മൂലമായി കണക്കാക്കാം.

മിക്കവാറും വികസിത രാജ്യങ്ങളിൽ മരണ രജിസ്ടേഷൻ കൃത്യമായി നടക്കുന്നുണ്ട്. അതുകൊണ്ട്, അധിക മരണത്തിന്റെ കണക്ക് കിട്ടാനും പ്രയാസമില്ല. വികസിത രാജ്യങ്ങളിൽ പലയിടത്തും മരണ കാരണം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുമുണ്ട്. അതും അധിക മരണത്തിന്റെ കണക്കെടുപ്പ് എളുപ്പമാക്കുന്നു. ഇന്ത്യയിൽ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട തുടങ്ങി ഏതാനും സംസ്ഥാനങ്ങളിൽ മാത്രമേ എല്ലാ മരണവും രജിസ്റ്റർ ചെയ്യപ്പെടുന്നുള്ളൂ. കേരളത്തിലടക്കം 11 സംസ്ഥാനത്ത്‌ മരണം നടന്നാൽ 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.  പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൃത്യമായി രജിസ്ട്രേഷനൊന്നും ഇല്ല.  ഈയൊരു സ്ഥിതിയിൽ, ദേശീയ തലത്തിൽ അധികമരണത്തിന്റെ കണക്കെടുപ്പ് എളുപ്പമല്ല. ഓരോ സംസ്ഥാനത്തെയും പ്രത്യേകം പഠിക്കലാണ് സൗകര്യം.  ലോകാരോഗ്യ സംഘടന അങ്ങനെയാണ് ചെയ്തത്.

‘ഹിന്ദു’ അടക്കമുളള രാജ്യത്തെ ഏതാനും മാധ്യമങ്ങൾ ഇത്തരം പഠനം കഴിഞ്ഞവർഷം നടത്തിയിട്ടുണ്ട്. മരണം കൃത്യമായി രജിസ്റ്റർ ചെയ്യുന്ന 11 സംസ്ഥാനങ്ങളിൽ പലയിടത്തും അധികമരണം ആറിരട്ടിയോളം ആയിരുന്നു. കേരളത്തിൽ മാത്രമാണ് അധികമരണം ഏറ്റവും കുറവ്. അധികമരണം കുറവെന്നു പറഞ്ഞാൽ, കോവിഡ് മരണം കുറവെന്ന്‌ അർഥം. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലൊക്കെ പലമടങ്ങ് അധികമരണം ഉണ്ടായി. അപ്പോൾ, ലോകാരോഗ്യ സംഘടന കണ്ടെത്തിയ അധികമരണത്തിന്റെ കണക്ക്  യാഥാർഥ്യമാകാനാണ് സാധ്യത. അത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top