26 April Friday

രാജ്യം കോവിഡ് വ്യാപനകേന്ദ്രമാകരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

ലോകത്തിപ്പോൾ കോവിഡ് മഹാമാരിയുടെ വ്യാപനകേന്ദ്രമായി  ഇന്ത്യ മാറിയിരിക്കുന്നു. പ്രതിദിനം ഏറ്റവും കൂടുതൽ രോഗബാധിതർ ഇപ്പോൾ ഇന്ത്യയിലാണ്. പ്രതിദിന മരണസംഖ്യയും ആയിരത്തിലേറെയായി. വൈറസ് കൂടുതൽ വ്യാപിക്കുന്നതായാണ് സൂചനകൾ.

ജൂലൈ 16ന് ഇന്ത്യയിൽ രോഗികളുടെ എണ്ണം പത്തുലക്ഷമായത് 168 ദിവസം കൊണ്ടായിരുന്നെങ്കിൽ, ആഗസ്ത് ആറിന് അത് ഇരുപതു ലക്ഷമായത് വെറും 23 ദിവസം കൊണ്ടായിരുന്നു. ജൂലൈ 16ന്  രാജ്യത്ത് അതുവരെയുള്ള മരണം 25,599 ആയിരുന്നു. ആഗസ്ത് ഒമ്പതായപ്പോഴേക്കും ആകെ മരണം 41,641ആയി. ആഗസ്ത് ഒമ്പതിന് ഒരു ദിവസംമാത്രം 1007 പേർ മരിച്ചു.  പ്രതിദിന രോഗികളുടെ എണ്ണവും മരണവും ലോകത്ത് ഏറ്റവും കൂടുതൽ അമേരിക്കയിലും ബ്രസീലിലുമായിരുന്നു. അതിപ്പോൾ  ഇന്ത്യയിലായി. ആഗസ്ത് മൂന്നുമുതലാണ് ഇന്ത്യയിൽ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം ലോകത്തെ തന്നെ ഏറ്റവും കൂടുതലായത്. ജൂലൈ മധ്യംവരെ ഒരു ദിവസത്തെ വൈറസ് ബാധിതരുടെ എണ്ണം 35,000 വരെയായിരുന്നു. ജൂലൈ അവസാനത്തോടെ അത് അമ്പതിനായിരത്തിലേക്ക് കടന്നു. പിന്നെ ഓരോ ദിവസവും കൂടിവരികയാണ്.

ഇപ്പോഴത്തെ ദൈനംദിന വിവരങ്ങൾ പരിശോധിക്കുമ്പോൾ  വരുംദിവസങ്ങളിൽ സ്ഥിതി ഇനിയും വഷളായേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഇപ്പോൾ, ഏഴു ലക്ഷം ടെസ്റ്റ്‌ നടക്കുന്നുണ്ടെങ്കിലും അത് മതിയാകില്ലെന്നും  അവർ അഭിപ്രായപ്പെടുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. ആന്ധ്ര, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തുടക്കത്തിൽ നഗരങ്ങളിലായിരുന്നു വൈറസ് ബാധിതർ ഏറെയും. ഇപ്പോൾ, ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വൈറസ് പടരുകയാണ്.


 

കോവിഡ് വ്യാപനം ഇത്ര രൂക്ഷമാകുമ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ഇടപെടൽ ഫലപ്രദമാകുന്നില്ലെന്ന് വിവിധ കോണുകളിൽനിന്ന് കടുത്ത വിമർശമുയരുന്നുണ്ട്. കേരളമൊഴികെ മറ്റു പല സംസ്ഥാനങ്ങളിലും നിരീക്ഷണം, ക്വാറന്റൈൻ എന്നീ കാര്യങ്ങളിൽ വലിയ പരിമിതിയുണ്ട്. അത് അടിയന്തരമായി പരിഹരിക്കണം. പലേടത്തും ഫലപ്രദമായ പൊതുജനാരോഗ്യ സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പ്രതീക്ഷകളും കണക്കുകളും തെറ്റിച്ച് കോവിഡ് വ്യാപിക്കുമ്പോൾ  കേന്ദ്ര ഗവൺമെന്റിന്റെ നേതൃപരമായ ഇടപെടലും സഹായവുമാണ് എവിടെയും വേണ്ടത്. വിവരങ്ങൾ കൃത്യമായി ജനങ്ങളെ അറിയിക്കുകയും വേണം. കേരളത്തിൽ, എല്ലാ ദിവസവും രോഗത്തിന്റെ വിവരങ്ങൾ മുഖ്യമന്ത്രിതന്നെ ജനങ്ങളെ നേരിട്ട് അറിയിക്കുമ്പോൾ, ദേശീയതലത്തിൽ അങ്ങനെയൊരു സംവിധാനമില്ല. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും പ്രതീക്ഷ കൈവിടാതിരിക്കാനും ഭരണാധികാരികളുടെ ഇത്തരം നടപടി അനിവാര്യമാണ്.  രാജ്യത്തെ കോവിഡിന്റെ ഇപ്പോഴത്തെ സാഹചര്യം ആരാണ് കൈകാര്യം ചെയ്യുന്നതെന്നുപോലും വ്യക്തമല്ലെന്ന് മാധ്യമങ്ങളിൽ വിമർശമുയരുന്നുണ്ട്. തുടക്കത്തിൽ ആരോഗ്യമന്ത്രി രംഗത്തുവന്നിരുന്നു. ഡൽഹിയിൽ രോഗവ്യാപനം കൂടുതലായപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. എന്നാൽ, ഇപ്പോൾ ആർക്കാണ് ചുമതലയെന്ന് വ്യക്തമല്ലാത്ത സ്ഥിതിയുണ്ട്.  കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് കാര്യങ്ങളെ പിടിച്ചുനിർത്തുന്നത്. പക്ഷേ, കോവിഡിനെ നേരിടാൻ ദേശീയതലത്തിൽ ഇങ്ങനെയൊരു കർമപദ്ധതിയില്ല.


 

ജനസംഖ്യ വർധനയുള്ള രാജ്യം, ഏറ്റവും കൂടുതലാളുകൾ അനൗപചാരിക മേഖലകളിൽ തൊഴിലെടുക്കുന്ന രാജ്യം, രാജ്യവ്യാപകമായി ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഇല്ലാത്ത രാജ്യം എന്നിവയൊക്കെ ഇന്ത്യയുടെ പ്രശ്നങ്ങളാണ്. എന്നാൽ, ഇതുപോലെയോ മറ്റ് സമാന പ്രശ്നങ്ങളോ നേരിടുന്ന നമ്മുടെ അയൽരാജ്യങ്ങൾ പലതും നമ്മേക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കുന്നുണ്ട്.  ദക്ഷിണേഷ്യയിലെ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവയൊക്കെ ഉദാഹരണം.  കേന്ദ്രം കോവിഡിനേക്കാൾ മുൻഗണന മറ്റു പലതിനും നൽകുന്നതുകൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ രാജ്യം പിന്നോട്ടുപോകുന്നത്. രാമക്ഷേത്രനിർമാണം പോലുള്ള കാര്യങ്ങൾക്കാണല്ലോ മുൻഗണന.

കോവിഡ് വ്യാപനം കൂടുമ്പോൾ രാജ്യത്തിന്റെ സാമ്പത്തികമേഖലയും കടുത്ത പ്രതിസന്ധിയിലാകുകയാണ്.  പ്രാദേശിക മേഖലകളിലൊക്കെ ലോക്ഡൗണുകളും കണ്ടെയ്ൻമെന്റ് സോണുകളും വർധിക്കുമ്പോൾ ഒരിടത്തും ഒരു സാമ്പത്തിക പ്രവർത്തനവും നടക്കില്ല. ആർക്കും തൊഴിലും വരുമാനവും ഇല്ല. രാജ്യവ്യാപക സമ്പൂർണ ലോക്ഡൗണിൽ ഇളവുണ്ടെങ്കിലും ഒരു മേഖലയിലും സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയില്ല. എല്ലാ സംസ്ഥാനങ്ങളുടെയും എല്ലാ വരുമാനവും കുത്തനെ ഇടിഞ്ഞു.  സംസ്ഥാനങ്ങൾക്ക് കേന്ദ്രം അടിയന്തരമായി കൂടുതൽ സഹായം നൽകണം. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് ഉപയാഗിക്കാവുന്ന തുകയുടെ പരിധി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് ഗൗരവമായി പരിഗണിക്കണം. ഇപ്പോൾ 25 ശതമാനംവരെയാണ് ഉപയോഗിക്കാവുന്നത്. അത് കൂട്ടണം. കോവിഡിനെതിരായ യുദ്ധത്തിൽ മുന്നിൽനിന്ന് പൊരുതുന്ന സംസ്ഥാനങ്ങൾക്ക് അത് സഹായമാകും.  ഇതിനൊക്കെയായി ഒരു ദേശീയ പദ്ധതി അടിയന്തരമായി വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top