29 March Friday

പൂഴ്‌ത്തിവച്ച മരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


നെഞ്ചുവിരിച്ചും സ്വയംപുകഴ്‌ത്തിയും ലോക നേതാവ്‌ ചമഞ്ഞുമുള്ള  വിദേശപര്യടനം കഴിഞ്ഞ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിവാരങ്ങളും തിരിച്ചെത്തിയ ദിവസം രാജ്യത്തെ നാണംകെടുത്തിയ റിപ്പോർട്ടും ഔദ്യോഗികമായി പുറത്തുവന്നു. അന്താരാഷ്ട്ര പഠനങ്ങൾ ദിവസങ്ങൾക്കുമുമ്പ്‌ അടിവരയിട്ട കോവിഡ്‌ ദുരിതത്തിന്റെ ഇന്ത്യൻ യാഥാർഥ്യമാണത്‌. ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന പല പ്രശ്‌നത്തിലും വായ തുറക്കാതിരുന്ന മോദി ജർമനി, ഡെന്മാർക്ക്‌, ഫ്രാൻസ്‌ എന്നിവിടങ്ങളിലായി 25 പരിപാടിയിൽ  വിദേശത്ത്‌ വാചാലനാകുന്ന  കാഴ്ചയായിരുന്നു ത്രിദിന സന്ദർശനത്തിനിടെ. സാധാരണക്കാരെ കൊള്ളയടിച്ച്‌  അച്ഛാ ദിൻ വാഗ്‌ദാനം ചെയ്യുന്നതിൽ  ഒരലിവും കാട്ടാത്ത അദ്ദേഹം ഇന്ധനവില ഉയർത്തി രാജ്യത്ത് പണപ്പെരുപ്പം കൂട്ടി ദരിദ്രകോടികളുടെ  നിത്യജീവിതം താറുമാറാക്കി. ജനങ്ങൾക്ക്‌ സഹായകമാകുന്ന നടപടികൾ കൈക്കൊള്ളുന്നതിനു പകരം രാമക്ഷേത്രങ്ങളും ഹനുമാൻ പ്രതിമയും പണിയുകയാണ്‌.

ഇത്തരം അലംഭാവങ്ങൾക്കിടയിലാണ്‌,  രണ്ടുകൊല്ലത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിക്കടുത്ത്‌ മനുഷ്യജീവനുകൾ കോവിഡ്‌  കവർന്നതായി ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌ തെളിവുകൾ നിരത്തിയത്‌. എന്നാൽ, സ്ഥിരീകരിച്ചത് 60 ലക്ഷംമാത്രം. കോവിഡ് മരണക്കണക്ക്‌ മോദി സർക്കാരും കേന്ദ്ര ആരോഗ്യ സംവിധാനങ്ങളും  പുറത്തുവിട്ടതിന്റെ പത്തിരട്ടിയാണ്‌. 2020 ജനുവരി ഒന്നുമുതൽ 2021 ഡിസംബർ 31 വരെ 47 ലക്ഷം പേർ കോവി‍‍ഡിനിരയായെന്നാണ് റിപ്പോർട്ട്. അക്കാലയളവിൽ മരണം 4.81 ലക്ഷം മാത്രമെന്നാണ് വാദം. 42.19  ലക്ഷം മരണം പൂഴ്‌ത്തിവച്ചു. ഡബ്ല്യുഎച്ച്‌ഒ റിപ്പോർട്ട്‌ പ്രകാരം ഏറ്റവും കൂടുതൽ കോവിഡ്‌ മരണവും ഇന്ത്യയിലാണ്‌; ലോകത്തെ മൂന്നിലൊന്ന്‌. കൊറോണ വൈറസ്‌ വ്യാപനത്തിനു മുമ്പുള്ള വർഷങ്ങളേക്കാൾ എത്രയധികം മരണമുണ്ടായെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് ഗബ്രിയേസിസിന്റെ നിഗമനം. ഉത്തർപ്രദേശ്‌, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മരണരജിസ്‌ട്രേഷന്‌ കൃത്യമായ സംവിധാനമില്ലാത്തതും ഗ്രാമീണരംഗത്ത്‌  പകുതിയിലധികം മരണം കൂരകളിലായതും കണക്കിന്റെ താളംതെറ്റിച്ചു. സ്ത്രീമരണ രജിസ്‌ട്രേഷനിൽ കാര്യമായ വീഴ്‌ചയുണ്ടായി. മുക്കാൽ കോടി മരണകാരണം അംഗീകൃത ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയില്ല. 30 ലക്ഷം രജിസ്റ്റർ ചെയ്തിട്ടുമില്ല. ഇതോടു ചേർത്തുവയ്‌ക്കേണ്ടതാണ്‌ 2020ൽ രജിസ്‌റ്റർ ചെയ്‌ത  82 ലക്ഷം മരണത്തിൽ 45 ശതമാനത്തിലധികം വൈദ്യസഹായം ലഭിക്കാതെയാണെന്ന കേന്ദ്രത്തിന്റെ രേഖകൾ. വൈദ്യസഹായമില്ലാതെ മരിച്ചവരുടെ എണ്ണം 2019ൽ 34.5 ശതമാനമായിരുന്നത്‌ 2020ൽ 45 ശതമാനമായി. വർധന പത്തര ശതമാനം.  രണ്ടുവർഷത്തിനുള്ളിൽ  ലോകത്താകെ  മറച്ചുപിടിച്ച കോവിഡ് ജീവഹാനിയിൽ 68 ശതമാനവും 10  രാജ്യത്താണ്‌. 15 ശതമാനം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലും നാലുശതമാനം കുറഞ്ഞ വരുമാനമുള്ളവയിലും. ഇടത്തരം-വരുമാനക്കാർ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് പൂഴ്ത്തിവച്ചതിൽ 81 ശതമാനവും.

പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്‌മയും ഇന്ധനക്കൊള്ളയും അതിരൂക്ഷമായിരിക്കെ ഭക്ഷ്യഅരക്ഷിതാവസ്ഥയും പ്രതിസന്ധി തീർക്കുകയാണ്‌. ഗോതമ്പ്‌ ഉൽപ്പാദനത്തിലുണ്ടായ ഇടിവും സംഭരണത്തിൽനിന്നുള്ള കേന്ദ്രപിൻമാറ്റവും ഉക്രയ്‌ൻ സംഘർഷ പശ്‌ചാത്തലത്തിൽ ധാന്യക്കയറ്റുമതിക്ക്‌ നൽകുന്ന പ്രാധാന്യവുമാണ്‌  വിനയായത്‌. പ്രധാനമന്ത്രി ഗരീബ്‌കല്യാൺ അന്ന യോജന അനുസരിച്ച്‌  കേരളം ഉൾപ്പെടെ മൂന്ന്‌ സംസ്ഥാനത്തിന്‌ അനുവദിക്കേണ്ട ഗോതമ്പ്‌ വിഹിതം അഞ്ചു മാസത്തേക്ക്‌  പൂർണമായും നിർത്തി. എട്ട്‌ സംസ്ഥാനത്തിന്റെ വിഹിതം ഗണ്യമായി കുറച്ചു. പണപ്പെരുപ്പം നിയന്ത്രണാതീതമായ സാഹചര്യത്തിൽ റിസർവ്‌ ബാങ്ക്‌ റിപ്പോനിരക്ക്‌ ഉയർത്തിയത്‌ സാധാരണക്കാർക്ക്‌ കൂടുതൽ തിരിച്ചടിയാകും. സാമ്പത്തികവളർച്ചയെയും പ്രതികൂലമായി ബാധിക്കും. അമിതമായ ഇന്ധനവിലയാണ്‌ പണപ്പെരുപ്പനിരക്ക്‌ വഷളാകാൻ പ്രധാന കാരണം. അമിതമായി ഉയർത്തിയ തീരുവകൾ പിൻവലിക്കണമെന്ന ആവശ്യം മോദി കേട്ട ഭാവം നടിച്ചില്ല. അന്താരാഷ്ട്ര കമ്പോളത്തിൽ ഇന്ധനവില കുറഞ്ഞപ്പോൾ തീരുവകൾ അടിച്ചേൽപ്പിച്ച്‌ നടത്തിയ കൊള്ളയുടെ  ഫലംകൂടിയാണ്‌ ഇപ്പോഴത്തെ അവസ്ഥ. പൗരത്വ ഭേദഗതി നിയമം യാഥാർഥ്യമാണെന്നും കോവിഡ് കുറഞ്ഞാലുടൻ  നടപ്പാക്കുമെന്നുമുള്ള അമിത് ഷായുടെ പ്രഖ്യാപനം  സാമ്പത്തികപ്രതിസന്ധിക്കിടയിൽ പൂഴ്‌ത്തിവച്ച  രാഷ്ട്രീയഭീഷണിയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top