20 April Saturday

മഹാമാരിക്കെതിരെ അതിജാഗ്രതയോടെ കേരളം

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


 

ഭൂഖണ്ഡവ്യത്യാസമില്ലാതെ ലോകമാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ (കോവിഡ്‌ –-19) പാൻഡെമിക്‌ അഥവാ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. കോവിഡ്‌ –-19 വൈറസ്‌ ബാധ മുമ്പ്‌ കണ്ടിട്ടില്ലാത്തത്ര മാരകമായ പകർച്ചവ്യാധിയാണെന്നും ഇത്‌ മഹാമാരിയായി മാറിക്കഴിഞ്ഞുവെന്നുമാണ്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)യുടെ തലവനായ ടെഡ്രോസ്‌ അഡ്‌നം ഗെബ്രിയേസസ്‌ അഭിപ്രായപ്പെട്ടത്‌. വികസിത, -വികസ്വര ഭേദമില്ലാതെ 114 രാജ്യത്തിൽ പടർന്നുകയറിയ വൈറസ്‌ നാലായിരത്തഞ്ഞൂറോളം പേരെ മരണക്കയത്തിലേക്ക്‌ വലിച്ചെറിഞ്ഞുകഴിഞ്ഞു.

രാജ്യാതിർത്തികൾ അപ്രസക്തമാക്കുന്ന നിശ്ശബ്ദ കൊലയാളിയായാണ്‌ ഇത്‌ ലോകത്ത് പടരുന്നത്‌. ഏതു പ്രതിരോധത്തെയും നിസ്സാരവും നിസ്സഹായവുമാക്കുന്ന കൊറോണയുടെ വരവിൽ എല്ലാം കൈവിട്ടുപോകുമെന്ന ആശങ്കയാണ്‌ ലോകാരോഗ്യ സംഘടന പങ്കുവയ്‌ക്കുന്നത്‌. എല്ലാ രാജ്യവും അതിവേഗം കർശന മുൻകരുതൽ കൈക്കൊണ്ടാൽ മഹാദുരന്തത്തിൽനിന്ന്‌ രക്ഷ നേടാനാകുമെന്ന്‌ അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതിന്റെ മാരകതയും പടർച്ചാശേഷിയും ലോകം ഗൗരവത്തോടെ മനസ്സിലാക്കിയിട്ടില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഡബ്ല്യുഎച്ച്‌ഒ ശക്തമായി രംഗത്തുവന്നത്‌. ചൈനയിലെ വുഹാനിൽ ഏതോ ബിന്ദുവിൽനിന്ന്‌ പുറപ്പെട്ട മഹാവിപത്ത്‌ ഇറ്റലിയിലും ഇറാനിലും അമേരിക്കയിലുമെല്ലാം പടർന്നത്‌ മാസങ്ങൾക്കകമാണ്‌. വൈറസ്‌ ആക്രമണത്തിൽ മരവിക്കുകയാണ്‌ യൂറോപ്പ്‌.

ചൈനയിലെ വുഹാനിൽ നോവൽ കൊറോണ പടരുന്നുവെന്ന വാർത്ത അയൽരാജ്യമായ ഇന്ത്യ ഗൗരവത്തോടെ എടുത്തിരുന്നില്ല. ചൈനയിൽനിന്ന്‌ വരുന്നവരിലൂടെ രോഗം ഇന്ത്യയിലെത്താൻ ഇടയുണ്ടെന്ന ജാഗ്രത പോലും കേന്ദ്ര ആരോഗ്യമന്ത്രാലയം കാട്ടിയില്ല. വിമാനത്താവളങ്ങളിൽ മുന്നറിയിപ്പുനൽകാനും തിരിച്ചെത്തുന്നവരെ പരിശോധിക്കാനും വളരെ വൈകിയാണ്‌ കേന്ദ്ര സർക്കാർ തയ്യാറായത്‌. ചൈനയിൽനിന്ന്‌ കേരളത്തിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക്‌ രോഗം സ്ഥിരീകരിച്ചിട്ടുപോലും കേന്ദ്രം പ്രശ്‌നം ഗൗരവത്തോടെ എടുത്തില്ല. ഗോമൂത്രവും ചാണകവും വൈറസിനെ തടയുമെന്നു പറഞ്ഞും കൊറോണയെ അകറ്റാൻ മുദ്രാവാക്യം വിളിച്ചും കേന്ദ്രമന്ത്രിമാരടക്കമുള്ളവർ രാജ്യത്തെ പരിഹാസ്യമാക്കി. ചൂടു കൂടിയാൽ വൈറസ്‌ നശിക്കുമെന്ന്‌ പറയുന്നവരിൽ ബിജെപി നേതാക്കൾമുതൽ അമേരിക്കൻ പ്രസിഡന്റ്‌ വരെയുണ്ട്‌.

 

ഈ പശ്ചാത്തലത്തിൽ വേണം കൊറോണ വൈറസ്‌ ബാധയ്‌ക്കെതിരെ തുടക്കംമുതൽ കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ. ചൈനയിലെ വുഹാനിൽ രോഗം പടരുന്നുവെന്ന്‌ അറിഞ്ഞതുമുതൽ കേരളം ജാഗ്രതയിലാണ്‌. ധാരാളം മലയാളികൾ വുഹാനിൽ പഠിക്കുന്നുണ്ടെന്നും അവർ നാട്ടിലേക്ക്‌ വരാനിടയുണ്ടെന്നും മനസ്സിലാക്കി എൽഡിഎഫ്‌ സർക്കാർ മുൻകരുതൽ സ്വീകരിച്ചു. ഈ ജാഗ്രത കാരണമാണ്‌ വുഹാനിൽനിന്ന്‌ എത്തിയ മൂന്നു വിദ്യാർഥികൾക്ക്‌ കൊറോണ സ്ഥിരീകരിച്ചത്‌. തുടർന്ന്‌ വിദേശത്തുനിന്നു വരുന്നവരെയെല്ലാം കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധിച്ചു തുടങ്ങി. ഇതിനിടയിലാണ്‌ ഇറ്റലിയിൽനിന്ന്‌ എത്തിയ മൂന്നംഗ കുടുംബം കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്‌ക്ക്‌ തയ്യാറാകാതെ റാന്നിയിലെ വീട്ടിലേക്കു പോയത്‌. ആ മൂന്നുപേർക്കും അടുത്ത ബന്ധുക്കൾക്കും കൊറോണ സ്ഥിരീകരിച്ചതോടെ അവരുമായി ഇടപഴകിയവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിലാക്കുകയെന്ന ഹിമാലയൻ ദൗത്യം സംസ്ഥാന ആരോഗ്യവകുപ്പിന്‌ ഏറ്റെടുക്കേണ്ടിവന്നു. ഈ കുടുംബവുമായി ഇടപഴകിയെന്ന്‌ കരുതുന്ന തൊള്ളായിരത്തിലധികം പേരെ തിരിച്ചറിയാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞു. കുടുംബം ഏറ്റവും അടുത്തുപെരുമാറിയവരുടെ സാമ്പിൾ പരിശോധിച്ച്‌ രോഗമില്ലെന്ന്‌ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്‌ ഇപ്പോൾ. ഇറ്റലിയിൽനിന്ന്‌ കൊച്ചിയിലെത്തിയ മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ അഭൂതപൂർവമായ ജാഗ്രതയിലൂടെയാണ്‌ കേരളം കടന്നുപോകുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി നൽകി, ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കി, സർക്കാരിന്റെ അഭ്യർഥന മാനിച്ച്‌ ജനങ്ങൾ ഉൽസവാഘോഷങ്ങൾ  മാറ്റിവച്ചു... ഇങ്ങനെ ലോകത്തിനു മാതൃകയാകുന്ന അതിജാഗ്രതയിലാണ്‌ കേരളം. കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ കേരളം ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നതുകണ്ട്‌ ലോകം അത്ഭുതപ്പെടുകയാണ്‌.

ഈ ജാഗ്രത, ഈ മുൻകുരുതൽ ഉണ്ടായിരുന്നെങ്കിൽ ലോകം നേരത്തെ കൊറോണയെ അതിജീവിക്കുമായിരുന്നു. ഏറെ പരിശ്രമിച്ച്‌ ചൈന അതിജീവിക്കുന്നുവെന്നാണ്‌ വാർത്തകൾ. ചികിത്സ എത്തിക്കാൻ കോടിക്കണക്കിന്‌ യുവാൻ സംഭാവന നൽകി ചൈനയിലെ ജനങ്ങൾ രോഗബാധിതർക്കൊപ്പം നിന്നതും ആവേശം പകരുന്ന അനുഭവമാണ്‌. രോഗത്തിന്‌, വിശേഷിച്ച്‌ പകർച്ചവ്യാധികൾക്കു മുന്നിൽ ശാസ്‌ത്രത്തെ അനുസരിക്കുകയാണ്‌ വഴി. താൽക്കാലിക ബുദ്ധിമുട്ടുകൾ സഹിച്ച്‌ ജാഗ്രത കാട്ടാൻ എല്ലാവരും തയ്യാറായാൽ ഈ വെല്ലുവിളി മറികടക്കാം. കാര്യങ്ങൾ നിസ്സാരമായി കാണാതെ, അതിസാഹസത്തിന്‌ മുതിരാതെ ജീവിച്ചിരിക്കാനുള്ള ജാഗ്രതയും ഉത്തരവാദിത്തവും കാട്ടൂ എന്നാണ്‌ ശാസ്‌ത്രം മനുഷ്യരോട്‌ ആവശ്യപ്പെടുന്നത്‌. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച്‌ സമൂഹത്തെ സംരക്ഷിക്കാൻ ഒരുമിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top