31 May Wednesday

കോവിഡ്: രണ്ട് വ്യവസ്ഥ രണ്ട് സമീപനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020


 

ലോകം നടുങ്ങിനിൽക്കുകയാണ്‌. ചൈനയിൽ കണ്ടെത്തി ലോകമാകെ പടർന്ന കോവിഡ്‌–-19നെ പിടിച്ചുകെട്ടാൻ ഓരോ രാജ്യവും ശ്രമിക്കുന്നു. ഈ ഘട്ടത്തിൽ ഭിന്നതയല്ല യോജിപ്പാണ്‌ കാലം ആവശ്യപ്പെടുന്നത്‌. എന്നാൽ, ഈ രോഗബാധ പകരുന്ന കുറെ തിരിച്ചറിവുകൾ നമുക്ക്‌ അവഗണിക്കാനാകില്ല. പൊതുജനാരോഗ്യമടക്കം എന്തും കച്ചവടത്തിന്റെ മേഖലയായി കരുതുന്ന മുതലാളിത്തം എങ്ങനെയാണ്‌ ഈ രോഗബാധയെ നേരിടുന്നു എന്നത്‌ ഗുരുതരമായ ശ്രദ്ധ പതിയേണ്ട വിഷയമാണ്‌. മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിൽ ജനങ്ങൾ പെടാപ്പാട് പെടുകയാണ്‌. കൊറോണ വൈറസിന്റെ പരിശോധനയ്‌ക്കുമാത്രം അവിടെ ചുരുങ്ങിയത്‌ 4000 ഡോളർ (മൂന്നുലക്ഷത്തോളം രൂപ) ചെലവ്‌ വരുന്നതായാണ്‌ കണക്ക്‌. അപ്രതീക്ഷിതമായി വരുന്ന ഇത്തരം ചെലവുകൾ താങ്ങാൻ കഴിയാത്തവരാണ്‌ 40 ശതമാനം അമേരിക്കക്കാരുമെന്നാണ് സർവേകൾ പറയുന്നത്. അപ്പോൾ കൊറോണ ബാധ അമേരിക്കൻ പൗരനിൽ ഏൽപ്പിക്കുന്ന ആഘാതം ഊഹിക്കാം. പൂർണ ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് മാത്രമാണ് രക്ഷ.

സ്‌പെയിൻ ഈ പ്രതിസന്ധിയോട്  പ്രതികരിച്ചതും നമ്മൾ കണ്ടു. അവിടെ ആശുപത്രികളും ആരോഗ്യരക്ഷാ സംവിധാനങ്ങളും  ആകെ ദേശസാൽക്കരിക്കുകയാണ്‌ സർക്കാർ ചെയ്‌തത്‌. സ്വകാര്യമേഖലയ്‌ക്ക്‌ ഇത്തരമൊരു പ്രതിസന്ധി നേരിടാനാകില്ലെന്ന്‌ പരസ്യമായി സമ്മതിക്കുകയാണ്‌ അവിടത്തെ സർക്കാർ. മുതലാളിത്ത ലോകത്തുനിന്നുള്ള ഈ രണ്ട്‌ ഉദാഹരണത്തിന്റെയും  മറുവശം നമ്മൾ ചൈനയിൽ കണ്ടു. വൈറസിന്റെ തുടക്കം അവിടെ ആയിരുന്നതുകൊണ്ടുതന്നെ മറ്റ്‌ രാജ്യങ്ങൾക്ക്‌ പുലർത്താൻ കഴിഞ്ഞ മുൻകൂർ ജാഗ്രതയ്‌ക്ക്‌ ചൈനയ്‌ക്ക്‌ അവസരമുണ്ടായില്ല. അവർക്ക്‌ മുന്നറിയിപ്പില്ലാതെ വന്ന പ്രതിസന്ധിയെ മുഖാമുഖം നേരിടുകയേ വഴിയുണ്ടായിരുന്നുള്ളു. അവർ നേരിടുകതന്നെ ചെയ്‌തു. ആ പോരാട്ടത്തിൽ വലിയൊരളവുവരെ വിജയിക്കുകയും ചെയ്‌തു.

പൗരന്റെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമായി കരുതുന്ന സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്‌ഥയാണ്  ചൈനയിൽ.  രോഗം ഏറ്റവും ബാധിച്ച വുഹാനിൽ ആയിരവും അറുനൂറുംവീതം കിടക്കകളുള്ള രണ്ട്‌ ആശുപത്രിയാണ്‌ പത്തുദിവസംകൊണ്ട്‌ ചൈന നിർമിച്ചത്‌. ആസൂത്രണത്തിലും കാര്യക്ഷമതയിലും സോഷ്യലിസ്‌റ്റ്‌ സമ്പദ്‌വ്യവസ്ഥയുടെ മികവ്  വിളിച്ചോതുന്നതായിരുന്നു അവർ സ്വീകരിച്ച നടപടികൾ. രണ്ട്‌ ആശുപത്രി പണിതുയർത്തിയത്‌ സർക്കാർ ഉടമസ്ഥതയിലുള്ള നിർമാണകമ്പനിയാണ്‌. ചൈന ഇന്ന്‌ അപകടമേഖലയ്‌ക്ക്‌ പുറത്തെത്തിയിട്ടുണ്ട്‌. പൊതുജീവിതം പഴയ മട്ടിലാക്കാൻ സർക്കാർ പ്രയത്‌നം തുടങ്ങിക്കഴിഞ്ഞു.

ഡിസംബറിൽ കൊറോണ വൈറസ്‌ കണ്ടെത്തി ഒരാഴ്‌ചയ്‌ക്കുള്ളിൽത്തന്നെ വൈറസിന്റെ ജനിതകഘടന കണ്ടെത്തി ലോകരാജ്യങ്ങൾക്ക്‌ ചൈന കൈമാറി. ജർമനിയും അമേരിക്കയും ഇന്ന്‌ പോരടിക്കുന്നത്‌ ഈ ജനിതകഘടന പ്രയോജനപ്പെടുത്തി നിർമിക്കുന്ന വാക്‌സിന്റെ പേരിലാണെന്നതും വസ്തുത.

രോഗത്തെ നേരിടുന്നതിൽ മാത്രമല്ല ഈ വ്യവസ്ഥാവ്യത്യാസം പ്രകടമാകുന്നത്‌. കൊറോണയ്‌ക്ക്‌ ഫലപ്രദമായ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങളുടെ മറവിൽ അമേരിക്കയും ജർമനിയുമായി നടന്ന തർക്കം നമ്മൾ കണ്ടു. പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ക്യൂർവാക്‌ എന്ന ജർമൻ കമ്പനിയിൽനിന്ന്‌ പണം നൽകി ആ വാക്‌സിന്റെ കുത്തകാവകാശം കൈക്കലാക്കാനാണ്‌ അമേരിക്ക ശ്രമിച്ചത്‌. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നേരിട്ടാണ്‌ ഈ ഇടപാടിന്‌ ശ്രമിച്ചത്‌. പ്രതിരോധ മരുന്നിൽനിന്ന്  ഭാവിയിൽ ഉണ്ടാകാവുന്ന ലാഭം കൈയടക്കാൻ രണ്ട്‌ മുതലാളിത്ത രാജ്യം പരസ്‌പരം പൊരുതുമ്പോൾ ചൈനയും സാമ്രാജ്യത്വ ഉപരോധത്താൽ പൊറുതി കെട്ടുനിൽക്കുന്ന ക്യൂബയും ചെയ്‌തതും ഇതോടൊപ്പം കാണേണ്ടതുണ്ട്‌. ഡിസംബറിൽ കൊറോണ വൈറസ്‌ കണ്ടെത്തി ഒരാഴ്‌ചയ്‌ക്കുള്ളിൽത്തന്നെ വൈറസിന്റെ ജനിതകഘടന കണ്ടെത്തി ലോകരാജ്യങ്ങൾക്ക്‌ ചൈന കൈമാറി. ജർമനിയും അമേരിക്കയും ഇന്ന്‌ പോരടിക്കുന്നത്‌ ഈ ജനിതകഘടന പ്രയോജനപ്പെടുത്തി നിർമിക്കുന്ന വാക്‌സിന്റെ പേരിലാണെന്നതും വസ്തുത. ചൈനയിൽ രോഗബാധ അൽപ്പം നിയന്ത്രണവിധേയമായപ്പോൾത്തന്നെ അവർ ഇറ്റലി, ഇറാഖ്‌, ഇറാൻ, അമേരിക്ക എന്നിവിടങ്ങളിലേക്ക്‌  ചികിത്സാസഹായം എത്തിച്ചു. ഡോക്‌ടർമാരെയും മറ്റ്‌ ആരോഗ്യപ്രവർത്തകരെയും ചൈന ഇങ്ങനെ അയച്ചു. മാസ്‌ക്  അടക്കമുള്ള അവശ്യവസ്തുക്കളും നൽകി.

അതുപോലെ അസുഖത്തിന്റെ വ്യാപനം തുടങ്ങിയപ്പോൾമുതൽ ഡോക്‌ടർമാരുടെ സംഘത്തെ പല വിദേശരാജ്യങ്ങളിലേക്ക്‌ എത്തിച്ച രാജ്യമാണ്‌ ക്യൂബ. മുമ്പ്‌ ആഫ്രിക്കയിൽ എബോള പടർന്നപ്പോഴും പറന്നെത്തിയത്‌ ക്യൂബയിലെ ഡോക്‌ടർമാരാണ്‌. ഇതുമാത്രമല്ല കൊറോണക്കാലത്ത്‌ ക്യൂബയെ വ്യത്യസ്‌തമാക്കിയത്‌. കഴിഞ്ഞദിവസം 600 യാത്രക്കാരുമായി വന്ന ഒരു ബ്രിട്ടീഷ്‌ കപ്പലിന്‌ നങ്കൂരമിടാൻ ക്യൂബൻ തുറമുഖം വേണ്ടിവന്നു. കപ്പലിലെ ആറുപേർക്ക്‌ കൊറോണ രോഗബാധ കണ്ടെത്തിയതിനാലായിരുന്നു ബ്രിട്ടന്റെ “സുഹൃദ്‌‘ രാജ്യങ്ങൾ കപ്പലിന്‌ അനുമതി നൽകാതിരുന്നത്‌. അപ്പോഴാണ്‌ എപ്പോഴും ശത്രുപക്ഷത്ത്‌ നിർത്തി ക്യൂബയെ ശ്വാസം മുട്ടിക്കുന്ന ബ്രിട്ടന്റെ കപ്പലിന്‌ ക്യൂബ അനുമതി നൽകിയത്‌.

കൊറോണക്കാലം രണ്ട്‌ വ്യവസ്ഥിതികളുടെ വൈജാത്യങ്ങൾകൂടി തുറന്നുകാട്ടുകയാണ്‌. യുദ്ധത്തിൽ മരിക്കുന്ന പട്ടാളക്കാരന്റെ മുട്ടിന്റെ ചിരട്ടകൊണ്ട്‌ ആഷ്‌ട്രേയുണ്ടാക്കി വിൽക്കാനും മുതലാളിത്തം മടിക്കില്ല എന്നു പറയാറുണ്ട്‌. രോഗവും ആ വ്യവസ്ഥയിൽ ഒരു കച്ചവടവസ്‌തു മാത്രമാണ്‌. അതിന്റെ ദുരിതം ആ രാജ്യങ്ങളിലെ ജനങ്ങൾ നേരിടുകയുമാണ്‌.  പൊതുജനാരോഗ്യംപോലുള്ള അവശ്യമേഖലകളെങ്കിലും പൊതുമേഖലയിലാകേണ്ടതാണെന്ന തിരിച്ചറിവ്‌ ചിലയിടങ്ങളിലെങ്കിലും ഉണ്ടാകുന്നു. ഏത്‌ വലിയ കമ്പനിയെയും ആവശ്യം വന്നാൽ ദേശസാൽക്കരിക്കും എന്ന പ്രഖ്യാപനവുമായാണ് ഫ്രാൻസ് കൊറോണ പ്രതിസന്ധിയെ നേരിടുന്നത്. ഇറ്റലിയാകട്ടെ മുമ്പ് സ്വകാര്യവൽക്കരിച്ച അൽ ഇറ്റാലിയ എയർ ലൈൻസിനെ  വീണ്ടും ദേശസാൽക്കരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിടാൻ അടിസ്ഥാനമേഖലകൾ പൊതു ഉടമയിലാകണം എന്ന്  അവർക്കും ബോധ്യം വരുന്നു.ചുരുക്കത്തിൽ ആരോഗ്യരക്ഷാ നടപടികളുടെ കാര്യത്തിൽ മാത്രമല്ല, സാമൂഹ്യവ്യവസ്ഥ എങ്ങനെ മനുഷ്യാനുകൂലമാകണം എന്നത് സംബന്ധിച്ചുകൂടി പാഠങ്ങൾ നൽകിയാണ് കൊറോണ കടന്നുപോകുന്നതെന്ന്‌ കണ്ടേ തീരൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top