07 October Friday

കൊറോണക്കാലത്തെ വിഭജനരാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

കൊറോണ പടരുന്ന കാലമാണിത്‌. ലോകത്ത്‌ മാത്രമല്ല രാജ്യത്തും. ജാതി–-മത–-വംശ–-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും കൈകോർത്ത്‌ നിൽക്കേണ്ട കാലമാണിത്‌. പ്രധാനമന്ത്രിപോലും ഐക്യത്തോടെ വൈറസ്‌ ഭീതിയെ നേരിടുന്നതിനെക്കുറിച്ചാണ്‌ ഉദ്‌ബോധിപ്പിക്കുന്നത്‌. എന്നാൽ, അദ്ദേഹം നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ ഈ ധാരണയ്‌ക്ക്‌ കടകവിരുദ്ധമാണെന്ന്‌ പറയാതിരിക്കാൻ കഴിയില്ല. അതിലൊന്നാണ്‌ കേന്ദ്ര ഭരണപ്രദേശമായ ജമ്മു–-കശ്‌മീരിലെ പുതിയ ഡൊമിസൈൽ(സ്ഥിരവാസ, താമസസ്ഥല) നിയമം. അമിത്‌ ഷാ നേതൃത്വം നൽകുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്‌ മാർച്ച്‌ 31ന്‌ അർധരാത്രിയോടടുത്ത സമയത്ത്‌ വിജ്ഞാപനം ഇറക്കിയത്‌. ആരൊക്കെയായിരിക്കും ജമ്മു കശ്‌മീരിൽ ഇനി സ്ഥിരവാസികളെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ വിജ്ഞാപനം.

അതോടൊപ്പം അവർക്കുള്ള ജോലി സംവരണത്തെക്കുറിച്ചും പുതിയ നിയമം പറയുന്നുണ്ട്‌. 2019 ആഗസ്‌തിലാണ് ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370–-ാം വകുപ്പും 35എ വകുപ്പും കേന്ദ്രം റദ്ദാക്കിയതും ജമ്മു കശ്‌മീരിനുള്ള സംസ്ഥാനപദവി എടുത്തുകളഞ്ഞതും. കശ്‌മീർ സംസ്ഥാനത്തിനുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞപ്പോൾത്തന്നെ ജോലിയിലും മറ്റും സംസ്ഥാനത്തുള്ളവർക്കുള്ള സംവരണം ഇല്ലാതാകുമെന്ന്‌ വ്യക്തമായിരുന്നു.  ഇത്‌ യാഥാർഥ്യമാക്കുന്നതാണ്‌ പുതിയ ഡൊമിസൈൽ നിയമം. ജമ്മു–-കശ്‌മീരിൽ 15 വർഷം താമസിച്ചവരെയും പത്താംക്ലാസ്‌ പരീക്ഷയോ പ്ലസ്‌ ടു പരീക്ഷയോ എഴുതിയവരെയും ഇനിമുതൽ സ്ഥിരവാസക്കാരായി കരുതുമെന്നാണ്‌ പുതിയ നിയമം പറയുന്നത്‌. അതായത്‌ കേന്ദ്ര ബ്യൂറോക്രസിയിലുള്ളവർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഉള്ളവർക്കും കേന്ദ്ര സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുള്ളവർക്കും അവരുടെ മക്കൾക്കും കശ്‌മീർവാസികളായി മാറാമെന്ന്‌ സാരം. റിലീഫ്‌_ റിഹാബിലിറ്റേഷൻ കമീഷണർ മുമ്പാകെ

കുടിയേറ്റക്കാരനായി രജിസ്റ്റർ ചെയ്യുന്നവരെയും സ്ഥിരതാമസക്കാരായി കരുതും.    ഇനിമുതൽ ക്ലാസ്‌ ഫോർ ജോലികൾ മാത്രമായിരിക്കും മേഖലയിൽ സ്ഥിരവാസമുള്ളവർക്ക്‌ മാത്രമായി സംവരണം ചെയ്യുക. അതിന്‌ മുകളിലുള്ള ഗസറ്റഡ്‌, നോൺ ഗസറ്റഡ്‌ ജോലികളെല്ലാംതന്നെ മറ്റുള്ളവർക്കുമുമ്പിൽ തുറന്നിടുകയാണ്‌. സ്വാഭാവികമായും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതിപക്ഷ കക്ഷികൾ മാത്രമല്ല, കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ ജമ്മു ഘടകംപോലും പ്രതിഷേധവുമായി രംഗത്തെത്തി. അടുത്തിടെ ജയിൽമോചിതനായ നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്‌ദുള്ള പറഞ്ഞത്‌ ഇത്‌ ജമ്മു കശ്‌മീരിലെ ജനങ്ങളെ അപമാനിക്കലാണ്‌ എന്നാണ്‌. നേരത്തേ ബിജെപിയെ പിന്തുണച്ച ജമ്മു കശ്‌മീർ പീപ്പിൾസ്‌ പാർടി നേതാവ്‌ സജ്ജാദ്‌ ലോണും ഇതേ അഭിപ്രായംതന്നെയാണ്‌ പങ്കുവച്ചത്‌. ബിജെപിയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ടതാണെന്ന്‌ ആക്ഷേപമുയർന്ന ജമ്മു കശ്‌മീർ അപ്‌നി പാർടിയുടെ ബിസിനസുകാരനായ നേതാവ്‌ അൽതാഫ്‌ ബുഖാരിപോലും അനവസരത്തിലുള്ളതും വീണ്ടുവിചാരമില്ലാത്തതുമായ നടപടിയായാണ്‌ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്‌. ഏറ്റവും അവസാനമായി ജമ്മുവിലെ ബിജെപി നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കണ്ട്‌ പരാതി ബോധിപ്പിച്ചു. 15 വർഷം താമസിച്ച ആർക്കും സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകരുതെന്നും ക്ലാസ്‌ ഫോർ മാത്രമല്ല, അതിനുമുകളിലുള്ള തസ്‌തികകളിലും  ജമ്മുവിലുള്ളവർക്ക്‌ സംവരണം വേണമെന്നുമാണ്‌ ബജെപി ആവശ്യപ്പെട്ടത്‌.

പ്രതിഷേധം ശക്തമായതോടെയാണ്‌ സർക്കാരിന്റെ ഡൊമിസൈൽ നിയമത്തെ വിമർശിക്കരുതെന്ന തീട്ടൂരം ജമ്മു കശ്‌മീർ പൊലീസ്‌ പുറത്തിറക്കിയത്‌. അതിനെതിരെയും വൻ വിമർശനമാണുയർന്നത്‌. തുഗ്ലക്കിന്റെ തീട്ടൂരമാണിതെന്നും മൗലികാവകാശങ്ങൾ ലംഘിക്കുന്നത്‌ നോക്കിനിൽക്കാനാകില്ലെന്നും ജനങ്ങൾ തിരിച്ചടിച്ചു. ഈ ഘട്ടത്തിലാണ്‌ വെള്ളിയാഴ്‌ച രാത്രി ഡൊമിസൈൽ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായത്‌. എല്ലാ ജോലികളും ജമ്മു കശ്‌മീരിൽ സ്ഥിരവാസമുള്ളവർക്കായി സംവരണം ചെയ്യുമെന്നാണ്‌ ഈ ഭേദഗതി പറയുന്നത്‌. അപ്പോഴും 15 വർഷം താമസിച്ചവർക്ക്‌ തഹസിൽദാർ സ്ഥിരവാസ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ റദ്ദാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

കേവലം ജോലിയുടെയും സുരക്ഷയുടെയും പ്രശ്‌നമായല്ല മേഖലയിലെ ജനങ്ങൾ സർക്കാരിന്റെ പുതിയ നിയമത്തെ കാണുന്നത്‌. മറിച്ച്‌ താഴ്‌വരയിലെ ജനസംഖ്യാനുപാതത്തെത്തന്നെ മാറ്റിമറിക്കാനുള്ള സംഘപരിവാർ അജൻഡയായാണ്‌. മുസ്ലിം ഭൂരിപക്ഷമായ രാജ്യത്തെ ഏക സംസ്ഥാനമായിരുന്നു ഇത്‌. പുറത്തുള്ളവരെ കുടിയിരുത്തി മുസ്ലിങ്ങൾക്കുള്ള മേൽക്കൈ ഇല്ലാതാക്കുക എന്ന അജൻഡയുടെ ഭാഗമായാണ്‌ പുതിയ നിയമവും എന്നുകാണാൻ വിഷമമില്ല.  പലസ്‌തീനിനെതിരെ ഇസ്രയേൽ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘കുടിയേറ്റ കൊളോണിയലിസം’ തന്നെയാണ്‌ കശ്‌മീരിലും ആവർത്തിക്കാൻ പോകുന്നത്‌ എന്ന്‌ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല.  കേന്ദ്രം പ്രഖ്യാപിച്ച മണ്ഡി പുനർവിഭജനവും ഈ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്‌. രാജ്യം ഒറ്റക്കെട്ടായി മഹാമാരിയെ നേരിടാൻ ശ്രമിക്കുമ്പോഴും കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ അജൻഡയുമായി മുന്നോട്ടുപോകുകയാണ്‌. ഈ രാഷ്ട്രീയത്തെ തിരിച്ചറിയാതെ പോകരുത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top