13 June Thursday

സമൂഹവ്യാപനം തടുത്തുനിർത്താം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

കോവിഡ്‌ 19 ന്റെ സമൂഹവ്യാപനം തടഞ്ഞുനിർത്താൻ കേന്ദ്ര–- കേരള  സർക്കാരുകൾ കടുത്ത നടപടികളിലേക്ക്‌ നീങ്ങിയിരിക്കുന്നു.  രാജ്യത്തും സംസ്ഥാനത്തും പൊതുയാത്രാ സംവിധാനങ്ങൾക്ക്‌ സമ്പൂർണ വിലക്ക്‌ നിലവിൽ വന്നു. അവശ്യവസ്‌തുക്കളും സേവനങ്ങളും ജനങ്ങൾക്ക്‌ ഉറപ്പുവരുത്തും.  ഒരാഴ്‌ച മുമ്പ്‌ ഇന്ത്യയിൽ വൈറസ്‌ ബാധിതരുടെ എണ്ണം നൂറിന്‌ തൊട്ടുമുകളിൽ ആയിരുന്നു. ഇപ്പോൾ നാനൂറ്‌ പിന്നിട്ടിരിക്കുന്നു. അതായത്‌ വർധന നാലിരട്ടിയോളം. കേരളത്തിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്‌. ഒരാഴ്‌ചകൊണ്ട്‌ ഇരട്ടിച്ചാൽത്തന്നെ അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച്‌ കടുത്ത നിയന്ത്രണങ്ങളിലേക്ക്‌ നീങ്ങണം. ഈ സാഹചര്യത്തിലാണ്‌ രാജ്യത്തെ നൂറോളം ജില്ലകളിൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ളത്‌. കേരളത്തിൽ  സമീപ ദിവസങ്ങളിൽ  രോഗബാധിതരുടെ എണ്ണം ദ്രുതഗതിയിൽ വർധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്‌ച മാത്രം 28 പേരിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. വിദേശത്തുനിന്ന്‌ പ്രത്യേകിച്ച്‌ ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ എത്തിയവരാണ്‌ ബഹുഭൂരിപക്ഷവും.  ഇവരിൽ ചിലർ കാണിച്ച സുരക്ഷാവീഴ്‌ചകൾ സ്ഥിതിഗതികൾ സങ്കീർണമാക്കുകയും ചെയ്‌തു.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന കാസർകോട്‌ ജില്ല സമ്പൂർണ വിലക്കിലാണ്‌. ഗതാഗതം പൂർണമായും നിരോധിച്ചു. ജനങ്ങൾ വീട്ടിലിരിക്കണം. അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളുണ്ടാക്കും. ആവശ്യമായി വന്നാൽ ഇതര ജില്ലകളിലും  സമാന നിയന്ത്രണങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമാകും. സ്ഥിതിഗതികൾ വിലയിരുത്തി യഥാസമയം നടപടികൾ സ്വീകരിക്കാൻ കലക്‌ടർമാർക്ക്‌ ചുമതല നൽകിയിട്ടുണ്ട്‌.

സമൂഹവ്യാപനം പരമാവധി കുറയ്‌ക്കുന്നതിനും  രോഗബാധിതർക്ക്‌ മെച്ചപ്പെട്ട ചികിൽസ നൽകുന്നതിനുമുള്ള കർമപദ്ധതിയാണ്‌ കേന്ദ്ര –- സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത്‌. രോഗം ഒറ്റയടിക്ക്‌ പടർന്നാൽ നിലവിലുള്ള ചികിൽസാ സംവിധാനങ്ങൾക്ക്‌ കൈകാര്യം ചെയ്യാനാകാതെ വരും. മരണസംഖ്യ ഉയരലാകും ഇതിന്റെ ഫലം. ഇത്‌ ഒഴിവാക്കാൻ രോഗപ്പകർച്ച തടയണം. ഒപ്പം ചികിൽസാ സംവിധാനങ്ങൾ കാര്യമായി വിപുലപ്പെടുത്തും. ആദ്യഘട്ടത്തിൽ രോഗികളുടെ സഞ്ചാരപഥങ്ങൾ അടിസ്ഥാനമാക്കി  രോഗസാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയെന്നത്‌ ഏറ്റവും ഫലപ്രദമായി നടത്തിയ സംസ്ഥാനമാണ്‌ കേരളം. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്‌ എത്രകണ്ട്‌ പ്രായോഗികമായെന്ന്‌ കണ്ടറിയണം. കേരളത്തിലും ഒരുഘട്ടം കഴിഞ്ഞപ്പോൾ ഇത്‌ ഫലപ്രദമാകാതെ വന്നിരിക്കുന്നു.  ഈ പശ്‌ചാത്തലത്തിലാണ്‌  കടുത്ത നടപടികൾ വേണ്ടിവന്നത്‌. രോഗിയുമായി സമ്പർക്കസാധ്യത കണ്ടെത്താത്തവരിലും രോഗലക്ഷണമുണ്ടെങ്കിൽ സ്രവപരിശോധന ആവശ്യമായിവന്നിരിക്കുന്നു. ഇതിന്‌ പുറമെ പറ്റാവുന്നിടത്തോളം പേരിൽ റാൻഡം പരിശോധന നടത്തിയാലേ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കാനാവൂ. ഇതിനുള്ള സൗകര്യക്കുറവാണ്‌ കടുത്ത പ്രതിസന്ധി  സൃഷ്‌ടിക്കുന്നത്‌.

രാജ്യത്ത്‌ ഇപ്പോൾ 116 കേന്ദ്രങ്ങളിൽ മാത്രമാണ്‌ കോവിഡ്‌ പരിശോധനാസൗകര്യമുള്ളത്‌. കേരളത്തിൽ പത്തിടത്തും. ഇത്‌ ആവശ്യമുള്ളതിന്റെ 5 ശതമാനം മാത്രമാണെന്നാണ്‌ കണക്ക്‌. കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാതെ റാൻഡം പരിശോധന പ്രായോഗികമാകില്ല. കഴിഞ്ഞ ദിവസം കേന്ദ്രത്തിന്‌ മുന്നിൽവച്ച സുപ്രധാന ആവശ്യങ്ങളിലൊന്ന്‌ ഇതാണ്‌. കേന്ദ്രസ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം കോവിഡ് -പരിശോധനയ്‌ക്ക്  ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം. മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, രാസവസ്‌തുക്കൾ മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന്‌ അനുമതി നൽകാനുള്ള അധികാരവും താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ആവശ്യപ്പെട്ടിട്ടുണ്ട്‌. ആരോഗ്യ പരിപാലനത്തിന്‌ പ്രത്യേക പാക്കേജായി സംസ്ഥാനങ്ങൾക്ക്‌ ഫണ്ട്‌ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്‌.
 ചികിൽസാസൗകര്യം വർധിപ്പിക്കുന്നതിന്‌ പലതലങ്ങളിൽ നടപടി ആവശ്യമായിവരും. ആശുപത്രിസൗകര്യം  വർധിപ്പിക്കുന്നതിന്‌ കേരളത്തിൽ സ്‌കൂളുകൾ ഉൾപ്പടെയുള്ള കെട്ടിടങ്ങൾ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. ഡോക്‌ടർ, നേഴ്‌സ്‌, പാരാ മെഡിക്കൽ സ്‌റ്റാഫ്‌, മറ്റ്‌ അനുബന്ധ വിഭാഗങ്ങൾ തുടങ്ങിയവരുടെ വിന്യാസത്തിൽ ശാസ്‌ത്രീയമായ ക്രമീകരണം ആവശ്യമാണ്‌. കേരളത്തിൽ മൂന്ന്‌ വിഭാഗമായി ഇവരെ തിരിച്ച്‌  ഒരു വിഭാഗത്തെ റിസർവിൽ നിർത്താൻ തീരുമാനമായിട്ടുണ്ട്‌. കോവിഡ്‌ ഇതര ചികിൽസകൾക്ക്‌  പ്രത്യേക സൗകര്യം ഏർപ്പെടുത്തുക, സാധാരണ രോഗങ്ങൾക്ക്‌ ഡോക്‌ടർമാരുമായി ടെലിഫോൺ കൺസൾട്ടേഷൻ പ്രോൽസാഹിപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചുവരുന്നു.
   
അവശ്യ സർവീസ്‌ ഒഴിച്ച്‌ എല്ലാ ഉൽപ്പാദന –- സർവീസ്‌ മേഖലകളിലും  സമയപരിധിയോടെ കടുത്ത നിയന്ത്രണം വന്നുകഴിഞ്ഞു. കേരളത്തിൽ ഭക്ഷ്യ വസ്‌തുക്കൾക്കും അവശ്യസേവനങ്ങൾക്കും ഒരു കുറവും ഉണ്ടാകില്ലെന്ന്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. ഗതാഗത വിലക്ക്‌ ഉള്ളിടങ്ങളിൽപോലും ചരക്കുഗതാഗതം മുടങ്ങുന്നില്ല. നിത്യോപയോഗസാധനങ്ങൾ വാങ്ങാൻ ജനങ്ങൾ വെപ്രാളപ്പെടേണ്ട. ജനങ്ങൾ പുറത്ത്‌ ഇറങ്ങാതിരിക്കാൻ സാധനങ്ങൾ വീട്ടിലെത്തിക്കാനും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്‌. സൂപ്പർമാർക്കറ്റുകളിലും മാളുകളിലും അഞ്ചിൽ കൂടുതൽ പേർ ഒരു സമയത്ത്‌ പ്രവേശിക്കാതിരിക്കണം.

 കൂടിച്ചേരൽ ഒഴിവാക്കാൻ ഉത്തരവാദപ്പെട്ടവരുടെ  എല്ലാ നിർദേശങ്ങളും പാലിക്കാൻ ജനങ്ങൾ സന്നദ്ധരാകണം. സുപ്രീംകോടതിയും ഹൈക്കോടതിയും റെയിൽവെയും വിമാനസർവീസും നിശ്‌ചലമായി കിടക്കുന്ന രാജ്യത്ത്‌ പലചരക്കുകട സമയപരിധി ലംഘിച്ച്‌ തുറന്നുവെച്ചതിന്‌ കേസ്‌ എടുക്കേണ്ടിവരുന്നതും മദ്യവിൽപ്പനശാലയ്‌ക്ക്‌ മുന്നിൽ ലത്തിച്ചാർജ്‌ വേണ്ടിവന്നതും  ദുരവസ്ഥ തന്നെ. രോഗവാഹകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ എവിടെനിന്നും വൈറസ്‌ പകരാം എന്ന ബോധത്തോടെ വേണം ഇനിയുള്ള സഞ്ചാരം. അതുകൊണ്ട്‌ അത്യാവശ്യമല്ലാത്ത കാര്യങ്ങൾ മാറ്റിവച്ച്‌ കുറച്ചുനാൾ വീട്ടിലിരുന്നാൽ വലിയൊരു സമൂഹ്യ വിപത്തിൽനിന്നു നമുക്ക്‌ മോചിതരാകാം.  സർക്കാരിന്റെ  നിർദേശങ്ങൾ അനുസരിച്ചും ആരോഗ്യ–- സന്നദ്ധ പ്രവർത്തകരുടെയും സമർപ്പിത സേവനങ്ങളോട്‌ തുറന്ന മനസ്സോടെ സഹകരിച്ചും വേണം ഓരോരുത്തരും  കടമ നിർവഹിക്കാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top