20 April Saturday

കൊറോണ പ്രതിരോധം തടസ്സമില്ലാതെ മുന്നേറട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020


കേരളം വീണ്ടുമൊരു അടിയന്തരഘട്ടത്തെ നേരിടുകയാണ്‌. ആദ്യഘട്ടത്തിൽ  കോവിഡ്‌–-19 എന്ന മഹാവ്യാധിയെ നേരിടുന്നതിൽ കേരളം കൈവരിച്ച നേട്ടം ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെങ്കിൽ, ആ മാതൃകയെ അന്യൂനമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന ഉത്തരവാദിത്തമാണ്‌ ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്‌. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നാണ്‌ ആദ്യത്തെ മൂന്ന്‌ രോഗബാധിതർ കേരളത്തിലേക്ക്‌ വന്നത്‌. രോഗം പടർന്നുപിടിച്ച വുഹാൻ പ്രവിശ്യയിൽ മെഡിക്കൽ പഠനം നടത്തുന്നവരായിരുന്നു ഈ കുട്ടികൾ. ഇവരിൽനിന്ന്‌ ഒരാളിലേക്കും വൈറസ്‌ പടരാതിരുന്നത്‌ അതിസൂക്ഷ്‌മമായ മുൻകരുതലിന്റെ  ഫലമാണ്‌. മൂവരും രോഗമുക്തി നേടുകയുംചെയ്‌തു. രോഗബാധിതരെയും സംശയിക്കുന്നവരെയും തനിച്ച്‌ പാർപ്പിച്ച്‌ ചികിൽസ, ഇത്തരക്കാർ സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി നിരീക്ഷിക്കൽ, രോഗവ്യാപനം തടയാൻ പൊതുഇടങ്ങളിൽ കർശന സംവിധാനങ്ങൾ, സ്‌പർശനവും സാമീപ്യവും നിയന്ത്രിക്കൽ,  ആരോഗ്യശീലങ്ങളിൽ നിഷ്‌കർഷ, പൊതുപരിപാടികൾക്ക്‌ നിയന്ത്രണം, വിപുലമായ ബോധവൽക്കരണം  എന്നിങ്ങനെ ശ്രമകരമായ  പ്രവർത്തനങ്ങൾക്കാണ്‌ സർക്കാരും ആരോഗ്യവകുപ്പും നേതൃത്വം നൽകിയത്‌. ഇതിനോട്‌ ജനങ്ങൾ ഒന്നടങ്കം സഹകരിച്ചതിനാലാണ്‌ ചുരുങ്ങിയ നാളുകൾക്കിടയിൽ കൊറോണയെ പിടിച്ചുകെട്ടാനായത്‌.

രണ്ടുമാസംകൊണ്ട്‌ നൂറിലേറെ രാജ്യങ്ങളിലേക്കാണ്‌ കോവിഡ്‌–-19 അതിവേഗം പടർന്നത്‌. ഇതിൽ വികസിത, പിന്നോക്ക വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളും പെടും. മരണം നാലായിരത്തിനടുത്തെത്തി. രോഗതീവ്രതയിൽ ചൈനയ്‌ക്ക്‌ തൊട്ടുപിന്നിലുള്ള ഇറ്റലിയിൽനിന്നാണ്‌ രണ്ടാംഘട്ട രോഗബാധിതർ കേരളത്തിൽ എത്തിയത്‌. പത്തനംതിട്ടയിൽ അഞ്ച്‌ മുതിർന്നവർക്കും കൊച്ചിയിൽ മൂന്നുവയസ്സുകാരനുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. ആരുടെയും നില ഗുരുതരമല്ല. ഇതിന്‌ പുറമെ 35 പേർക്കാണ്‌ ഇന്ത്യയിൽ വൈറസ്‌ ബാധ കണ്ടെത്തിയത്‌. ഫെബ്രുവരിയിൽനിന്ന്‌ വ്യത്യസ്‌തമായി ഇവിടെവച്ച്‌ രോഗം പകർന്നുവെന്നതാണ്‌ ഇപ്പോഴത്തെ  ഗുരുതരാവസ്ഥയ്‌ക്ക്‌ അടിസ്ഥാനം. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ മൂന്നംഗ കുടുംബത്തിൽനിന്നാണ്‌  രണ്ട്‌ ബന്ധുക്കൾക്ക്‌ കോവിഡ്‌ പകർന്നത്‌. ഇറ്റലിയിൽനിന്ന്‌ എത്തിയ ഇവർ വിമാനത്താവളത്തിലോ  ആരോഗ്യവകുപ്പ്‌ സംവിധാനങ്ങളിലോ റിപ്പോർട്ട്‌ ചെയ്‌തില്ലെന്ന്‌ ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. രോഗം പകർന്നുകിട്ടിയ ബന്ധുക്കൾ ചികിൽസ തേടിയപ്പോഴാണ്‌ ഇറ്റലിയിൽ നിന്നെത്തിയവരെ കണ്ടെത്തിയത്‌. വെനീസിൽനിന്ന്‌ ദോഹയിൽ ഇറങ്ങി, വിമാനം മാറിക്കയറിയാണ്‌ ഇവർ കൊച്ചിയിൽ എത്തിയത്‌. ഇവിടെ ആറു ദിവസം ഒരു നിയന്ത്രണത്തിനും വിധേയരാകാതെ ഇവർ പൊതുസമൂഹത്തിൽ ഇടപഴകിയതിന്റെ അനന്തരഫലം പ്രവചനാതീതമാണ്‌.


 

വിവരം ശ്രദ്ധയിൽപ്പെട്ടതോടെ കൊറോണ നിയന്ത്രണ സംവിധാനം ഉണർന്നുപ്രവർത്തിച്ചു. സാധ്യമായ എല്ലാവഴികളിലൂടെയും ആളുകളെ കണ്ടെത്തി നിരീക്ഷണത്തിൽ നിർത്താനുള്ള ശ്രമം നടന്നുവരുന്നുണ്ട്‌. ഇതിനിടയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഔദ്യോഗിക വെളിപ്പെടുത്തലുകളെ വിവാദത്തിൽപെടുത്തുന്നതും  ആപൽക്കരമാണ്‌. തങ്ങൾ എല്ലായിടത്തും വിവരങ്ങൾ നൽകിയെന്ന റാന്നി സ്വദേശികളുടെ അവകാശവാദത്തിന്‌ ചില മാധ്യമങ്ങൾ നൽകുന്ന പ്രചാരം ഇത്തരത്തിലുള്ളതാണ്‌. ഇത്‌ അടിസ്ഥാനരഹിതമാണെന്ന്‌ പത്തനംതിട്ട, എറണാകുളം കലക്ടർമാർ വ്യക്തമാക്കിയെങ്കിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചാരണം തുടരുകയാണ്‌. അത്യന്തം അപകടകരമായ സാഹചര്യത്തിലും ഔദ്യോഗികസംവിധാനങ്ങളുമായി സഹകരിക്കാൻ തയ്യാറല്ലാത്ത അപൂർവം ചിലരെങ്കിലുമുണ്ട്‌. മംഗളൂരു ആശുപത്രിയിൽനിന്ന്‌ തലപ്പാടി സ്വദേശിയായ ഒരു കൊറോണാ ബാധിതൻ രക്ഷപ്പെട്ടുവെന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്‌.

ഒന്നാംഘട്ടത്തിലെ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിൽ നമ്മുടെ കൊറോണ നിയന്ത്രണ സംവിധാനങ്ങൾ സുസജ്ജമാണ്‌. സർക്കാർ–സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളും അനുബന്ധ രോഗചികിൽസയും ആവശ്യാനുസരണം ലഭ്യമാണ്‌. മറ്റ്‌ പരിപാടികളെല്ലാം മാറ്റിവച്ചാണ്‌  ആരോഗ്യമന്ത്രി കെ കെ ശൈലജ കൊറോണ നിർമാർജന ദൗത്യത്തെ ഏകോപിപ്പിക്കുന്നത്‌. ഏത്‌ അടിയന്തരഘട്ടത്തെയും അഭിമുഖീകരിക്കാൻ തക്കവണ്ണം നമ്മുടെ ദൗത്യസേന കർമനിരതമായിരിക്കുമ്പോൾ ആശങ്കയ്‌ക്ക്‌ ഒട്ടും അടിസ്ഥാനമില്ല. എന്നാൽ, ഓരോ വ്യക്തിയും ഒരു ആരോഗ്യ പ്രവർത്തകനായി ഉയരേണ്ട സാഹചര്യമാണുള്ളത്‌.

തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കാതെ,  കൃത്യമായ പരിശോനയ്‌ക്കും നിരീക്ഷണത്തിനും വിധേയരാവുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ആളുകൾ കൂടുന്ന പരിപാടികൾ കഴിയുന്നത്ര ഒഴിവാക്കുക, ജലദോഷബാധിതർ ഉൾപ്പെടെ എല്ലാ അസുഖബാധിതരും യാത്ര ഒഴിവാക്കുകയും ശരീരസ്രവങ്ങൾ പുറത്തേക്ക്‌ വീഴാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയും വേണം.  കൈകൊടുക്കൽ പൂർണമായും ഒഴിവാക്കുക, കൈകാലുകളും മുഖവും തുടരെ അണുനാശിനി ഉപയോഗിച്ച്‌ കഴുകുക തുടങ്ങിയ നിർദേശങ്ങൾ ഉപേക്ഷകൂടാതെ നടപ്പാക്കാൻ എല്ലാവരെയും പ്രേരിപ്പിക്കണം. എന്തെങ്കിലും സംശയം തോന്നുന്ന രോഗങ്ങൾ അധികൃതർക്ക്‌ റിപ്പോർട്ടു ചെയ്യാൻ ഓരോരുത്തരും തയ്യാറാകണം. ആധികാരികമല്ലാത്ത ഒരു വിവരവും കൈമാറരുത്‌. ഈ വിധത്തിൽ ഒത്തുപിടിച്ചുവേണം  ഈ മഹാവിപത്തിനെ മറികടക്കാൻ. കേരളം ലോകത്തിന്‌ കാട്ടിക്കൊടുത്ത കൊറോണ പ്രതിരോധമാതൃകയെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കാൻ  ഒരുമനസ്സായി  പ്രവർത്തിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top