30 May Tuesday

കൊറോണ ലോക സമ്പദ്‌വ്യവസ്ഥയിലേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 4, 2020


 

കോവിഡ് 19 (കൊറോണ വൈറസ്) വിവിധ രാജ്യങ്ങളിലേക്ക് പടർന്നതോടെ ലോക സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക്. 2008ൽ അമേരിക്കയിൽ ആരംഭിച്ച് മുതലാളിത്ത രാജ്യങ്ങളിലാകെ പടർന്ന സാമ്പത്തികത്തകർച്ചയിൽനിന്ന് പല രാജ്യവും ഇനിയും കരകയറിയിട്ടില്ല. അതിനിടെ, ഇപ്പോഴത്തെ വൈറസ് വ്യാപനം രാജ്യങ്ങളുടെ സാമ്പത്തിക മേഖലകളിലുണ്ടാക്കിയ മരവിപ്പ് പ്രതിസന്ധിയുടെ ആഴം  വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ലോക സാമ്പത്തികവളർച്ച രണ്ടു ശതമാനം മാത്രമായി ചുരുങ്ങുമെന്ന് ‘ഫോബ്സ്’ ഗവേഷണവിഭാഗവും 2.4 ശതമാനം മാത്രമായിരിക്കുമെന്ന് സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടനയും (ഒഇസിഡി) വ്യക്തമാക്കിക്കഴിഞ്ഞു. വൈറസ് ബാധ രണ്ടു മാസത്തിനകം നിയന്ത്രണ വിധേയമായേക്കാമെങ്കിലും ഉൽപ്പാദന, വിപണന, വിതരണ മേഖലകളിലുണ്ടായ താളംതെറ്റലുകൾ കുറെക്കാലത്തേക്ക് തുടരാം. ഇത് പ്രതിസന്ധിയുണ്ടാക്കും.

കരുത്തുറ്റ സാമ്പത്തികശക്തിയായ ചൈനയിൽ സംഭവിക്കുന്ന നേരിയ ചലനങ്ങൾ പോലും ആഗോള സാമ്പത്തികവളർച്ചയെത്തന്നെ പിന്നോട്ടടിപ്പിക്കുമെന്ന് ഇതിൽനിന്ന്‌ വ്യക്തം.  ചൈനയുടെ കരുത്താണ് ലോകത്തിന്റെ സാമ്പത്തിക ചാലകശക്തിയെന്ന് ഏവരും അംഗീകരിക്കുന്നുവെന്ന് ചുരുക്കം. ലോക സമ്പദ്‌വ്യവസ്ഥയുടെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിൽ 19.24 ശതമാനത്തോളം ചൈനയുടെ മാത്രം.

ചൈനയിൽ വൈറസ് ബാധ ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ട്. ചൈനയിലേതിനേക്കാൾ വേഗത്തിൽ ചൈനയ്‌ക്കു പുറത്ത് വൈറസ് വ്യാപിക്കുന്നതാണ് ആശങ്ക പരത്തുന്നത്. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം പ്രഖ്യാപിച്ച കണക്കുപ്രകാരം ചൈന, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇറാൻ, സൗദി അറേബ്യ തുടങ്ങി 68 രാജ്യത്തിൽ ഇപ്പോൾ വൈറസ് ബാധയുണ്ട്. മൂവായിരത്തിലേറെപ്പേർ ഇതിനകം മരിച്ചു. 89,000 പേർക്ക് നിലവിൽ രോഗമുണ്ട്. എല്ലാ രാജ്യവും കടുത്ത ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.


 

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, ചൈനയിൽ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ചൈനയിൽ ഉണ്ടാകുന്നതിന്റെ ഒമ്പതിരട്ടിയോളമാണ് ചൈനയ്‌ക്കു പുറത്തെ പുതിയ വൈറസ് വ്യാപനം. ഇതാണ് ആശങ്കയ്‌ക്ക്‌ അടിസ്ഥാനം. ഈ ഭീതിയിൽ ലോകത്തെവിടെയും ഓഹരിവിപണികളിൽ തകർച്ച തുടരുന്നു. ചരക്കുകളുടെ വിതരണശൃംഖലയിലെ ( സപ്ലൈ ചെയിൻ) തടസ്സങ്ങൾ എല്ലാ രാജ്യത്തിലേക്കും വലിയ പ്രയാസമുണ്ടാക്കുന്നു. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം ടൂറിസം മേഖലകളെയും പ്രതിസന്ധിയിലാക്കി. കമ്പോളങ്ങളിലേക്ക് ആളുകൾ എത്തുന്നില്ലെന്നത് മറ്റൊരു പ്രശ്നം. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ജർമനിയിലെ ‘ഐടിബി ബർളിൻ’ ഇതാദ്യമായി റദ്ദാക്കി. കാര്യങ്ങൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ഒളിമ്പിക്സ് ജപ്പാൻ ഉപേക്ഷിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ചൈനയിൽ വൈറസ് പേടിയെ തുടർന്ന് ആളുകൾക്ക് ഫാക്ടറികളിൽ എത്താൻ കഴിയാതെ പോയത് അവരുടെ ഉൽപ്പാദനത്തിലും കയറ്റുമതിയിലും കുറവുവരുത്തിയേക്കാം. ഇത് ഒട്ടുമിക്ക കമ്പോളങ്ങളെയും ബാധിക്കും.

അമേരിക്കൻ കമ്പോളങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഡൗ ജോൺസ് വ്യവസായ ആവറേജും എസ് ആൻഡ് പി - 500 സൂചികയും 12 ശതമാനത്തിലേറെ ഇടിഞ്ഞു. സ്വർണനിക്ഷേപത്തിൽ നിന്നടക്കം ആളുകൾ പിന്തിരിയുന്നുണ്ട്. നേരത്തെ തുടർച്ചയായി വില കൂടിക്കൊണ്ടിരുന്ന സ്വർണത്തിന് ഇപ്പോൾ വില കുറയുകയാണ്. രാജ്യാന്തരവിപണിയിൽ എണ്ണയുടെ ഡിമാൻഡ് കുറഞ്ഞതും വില ഇടിഞ്ഞതും സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. അസംസ്കൃത എണ്ണയ്‌ക്ക് വീപ്പ ഒന്നിന് 50 ഡോളറിൽ താഴെയായി.


 

ഇന്ത്യയിലെ രൂക്ഷമായ സാമ്പത്തികത്തകർച്ച ഇനിയും വഷളാകാനാണ് സാധ്യത. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കുപ്രകാരം 4.7 ശതമാനം മാത്രമാണ് നമ്മുടെ വളർച്ചനിരക്ക്. വിതരണശൃംഖലകളിൽ വന്നിട്ടുള്ള പ്രശ്നങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കമ്പോളങ്ങളെയും ബാധിക്കും. ഔഷധവ്യവസായം, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് എന്നിവയിലൊക്കെ സ്ഥിതി മോശമാകും. മൊബൈൽ ഫോൺ വിപണിയും കുഴപ്പത്തിലാകും. വാഹനങ്ങളടക്കം പലതിന്റെയും നിർമാണത്തിനാവശ്യമായ സ്പെയർ പാർട്‌സുകൾ ചൈനയിൽനിന്നാണ് വരുന്നത്. അത് തടസ്സപ്പെടുന്നത് കാറുകളുടെ ഉൽപ്പാദനത്തെ ബാധിച്ചുകഴിഞ്ഞു. ഇപ്പോൾത്തന്നെ കുറഞ്ഞുനിൽക്കുന്ന ഇന്ത്യയുടെ കയറ്റുമതി ഇനിയും കുറയാനും സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ എണ്ണവിലയിലെ കുറവ് നമുക്ക് പ്രയോജനമാകേണ്ടതാണ്. പക്ഷേ, ലോകവിപണിയിൽ വില കുറഞ്ഞാലും ഇവിടെ വില കുറയ്ക്കാറില്ല. വിലവർധന കേന്ദ്ര ഗവൺമെന്റും സ്വകാര്യ എണ്ണക്കമ്പനികളും മുതലാക്കുകയാണ് പതിവ്.

ശക്തമായ മുൻകരുതൽ ഏർപ്പെടുത്തിയും നിരീക്ഷണസംവിധാനം കാര്യക്ഷമമാക്കിയും വൈറസ് ബാധയെ നിയന്ത്രിക്കുക തന്നെയാണ് എല്ലാ രാജ്യത്തിന്റെയും മുന്നിലുള്ള അടിയന്തര കടമ. മുമ്പുണ്ടായ സാർസ് പോലുള്ള വൈറസുകളെ അപേക്ഷിച്ച് കൊറോണയിൽ മരണനിരക്ക് കുറവാണ്. സാർസിന്റെ മരണനിരക്ക് ആറു ശതമാനം വരെയായിരുന്നെങ്കിൽ കൊറോണയിൽ രണ്ടു ശതമാനം മാത്രം. പരിഭ്രാന്തിയുടെ കാര്യമൊന്നുമില്ലെന്ന് വിദഗ്ധർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, കമ്പോളങ്ങൾ എന്നിവിടങ്ങളിലെല്ലാം നല്ല ജാഗ്രത പുലർത്തണം. അങ്ങനെ ചെയ്താൽ വൈറസ് ബാധ നിയന്ത്രിക്കാവുന്നതേയുള്ളൂവെന്ന് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയുടെ ഡയറക്ടർ ഡോ. രാകേഷ് മിശ്രയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. എല്ലാ രാജ്യവും ഇപ്പോൾ ശ്രദ്ധിക്കേണ്ടത് അതുതന്നെയാണ്. നമ്മുടെ കേരളം ലോകത്തിന് കാണിച്ചുകൊടുത്തതും ആ നിരീക്ഷണമാതൃകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top