07 December Thursday

സഹകരണമേഖലയെയും വരുതിയിലാക്കാൻ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023


മോദി സർക്കാരിനു കീഴിൽ ഫെഡറലിസവും സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങളും ഗുരുതരമായ വെല്ലുവിളികളെ നേരിടുകയാണ്‌.  ക്രമസമാധാന, സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലയിലെല്ലാം  സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കേന്ദ്രം കടന്നുകയറുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറലിസത്തിനെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിനും സംസ്ഥാനങ്ങൾ രംഗത്തുവരുന്നതിനിടയിലാണ്‌ സഹകരണമേഖലയിൽ കടന്നുകയറി നിയന്ത്രണം കൈക്കലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌.  ഒന്നര വർഷംമുമ്പ്‌  സഹകരണവകുപ്പ്‌ രൂപീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ ചുമതല നൽകുമ്പോൾത്തന്നെ സഹകരണമേഖലയിൽ കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഇടപെടൽ ഉറപ്പിച്ചിരുന്നു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ പൂർണ അധികാര പരിധിയിൽപ്പെട്ട സഹകരണമേഖലയിൽ പിടിമുറുക്കാനുള്ള തീരുമാനങ്ങളാണ്‌ മോദി സർക്കാർ കൈക്കൊള്ളുന്നത്‌.  97–-ാം  ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട കേസിൽ  2021 ജൂലൈയിൽ സുപ്രീംകോടതി  സഹകരണമേഖല  ഭരണഘടനാപരമായി സംസ്ഥാനവിഷയമാണെന്ന്‌  ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മൾട്ടിസ്‌റ്റേറ്റ്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റികൾ നിരോധിച്ചാലേ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ സഹകരണം സംസ്ഥാന വിഷയമാകുകയുള്ളൂവെന്നും ന്യൂനപക്ഷവിധിയിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.  ഇത്തരത്തിൽ പരമോന്നത നീതിപീഠത്തിന്റെ വിധി നിലനിൽക്കെയാണ്‌ സഹകരണമേഖലയിലേക്ക്‌ കേന്ദ്രസർക്കാർ കടന്നുകയറുന്നത്‌.

അടുത്ത അഞ്ച്‌ വർഷത്തിനകം രണ്ടുലക്ഷം പ്രാഥമിക സഹകരണ സംഘം രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌  പൊതുനിയമാവലി തയ്യാറാക്കിയതിലൂടെ സംസ്ഥാനങ്ങളെ മറികടന്ന്‌ സഹകരണമേഖലയെ കേന്ദ്രസർക്കാരിന്റെ കൈപ്പിടിയിൽ ഒതുക്കാനാണ്‌ ശ്രമം. പ്രാഥമിക കാർഷിക, ക്ഷീര, മത്സ്യ സഹകരണ സൊസൈറ്റികൾ രൂപീകരിക്കാനാണ്‌ പൊതുനിയമാവലി. കാർഷിക സംഘങ്ങൾക്ക്‌ ഇരുപത്തഞ്ചിലേറെ മേഖലയിൽ പ്രവർത്തിക്കാമെന്നും നിർദേശിക്കുന്നു. നബാർഡ്‌, ദേശീയ ക്ഷീരവികസന ബോർഡ്‌ (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ്‌ (എൻഎഫ്‌ഡിബി) എന്നിവയുടെ പിന്തുണയോടെ  മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര, കാർഷിക മന്ത്രാലയങ്ങളുടെ വിവിധ പദ്ധതികൾ യോജിപ്പിച്ച്‌ ഈ സംഘങ്ങളിലൂടെ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫലത്തിൽ, കേന്ദ്ര സഹായം സംഘപരിവാർ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ ലഭ്യമാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.   അടുത്തിടെ തയ്യാറാക്കിയ ദേശീയ ഡാറ്റാ ബേസ്‌, കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി നിലവിലെ സഹകരണ സംഘങ്ങളെ തത്സമയം നിരീക്ഷിക്കും. ഇതിലൂടെ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങൾക്ക്‌  ബാങ്കിങ്‌ പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ വിലക്കേർപ്പെടുത്താനുള്ള സാധ്യതയുമുണ്ട്‌. കാർഷികവായ്പാ സഹകരണ സംഘങ്ങൾക്ക് ഏകീകൃത സേ‍ാഫ്റ്റ്‌വെയർ ഏർപ്പെടുത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കും. എല്ലാ പഞ്ചായത്തുകളിലും വില്ലേജുകളിലും പ്രാഥമിക സഹകരണ സംഘങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക്‌  കേന്ദ്രനീക്കം വലിയ തിരിച്ചടിയാണ്‌.

സഹകരണ മന്ത്രാലയം രൂപീകരിച്ചതിനു പിന്നാലെ ബാങ്കിങ്‌  നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തി അർബൻ സഹകരണ ബാങ്കിങ്‌ മേഖലയെ കേന്ദ്രം നിയന്ത്രണത്തിലാക്കി. അർബൻ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിടാനുള്ള  അധികാരവും  റിസർവ്‌ ബാങ്ക്‌ കൈക്കലാക്കി. പ്രവർത്തനത്തിന്‌ ഒട്ടേറെ മാർഗനിർദേശങ്ങളും ഇറക്കി. സംസ്ഥാന സഹകരണ നിയമംമൂലം രജിസ്റ്റർ ചെയ്യുന്ന അർബൻ ബാങ്കുകളുടെമേൽ സംസ്ഥാന സർക്കാരുകൾക്ക്‌ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണ്‌. ഇതിനു സമാനമായ രീതിയിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെയും മറ്റ്‌ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനവും റിസർവ്‌ ബാങ്കിനെ ഉപയോഗിച്ച്‌ അട്ടിമറിക്കുന്നു. പ്രാഥമിക സഹകരണ ബാങ്കുകൾ  ‘ബാങ്ക്‌, ബാങ്കർ, ബാങ്കിങ്‌സ്‌’ എന്നീ വാക്കുകൾ  ഉപയോഗിക്കരുതെന്ന്‌ മുമ്പ്‌ ഇറക്കിയ ഉത്തരവ്‌ ഉടൻ നടപ്പാക്കാനാണ്‌ റിസർവ്‌ ബാങ്ക്‌ ശ്രമിക്കുന്നത്‌. റിസർവ്‌ ബാങ്കിന്റെ നിർദേശം  മുമ്പുതന്നെ സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞിരുന്നു. ഓരോ സംസ്ഥാനത്തിലെയും പ്രത്യേകതകൾക്കനുസരിച്ച്‌  സംസ്ഥാന സഹകരണ നിയമപ്രകാരമാണ്‌ സഹകരണസംഘങ്ങൾ രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തിക്കുന്നത്‌. കേരളത്തിലെ സഹകരണമേഖലയുടെ സവിശേഷത മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌.  ഈ സവിശേഷതയും റിസർവ്‌ ബാങ്ക്‌ നിർദേശം നടപ്പാക്കിയാൽ  അതെങ്ങനെ സഹകരണമേഖലയെ ദോഷകരമായി ബാധിക്കുമെന്നും  കേന്ദ്ര സർക്കാരിനെയും ആർബിഐയെയും കേരളം ബോധ്യപ്പെടുത്തിയതാണ്‌.

കേരളത്തിന്റെ  വികസനത്തിലും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും നിർണായക സ്ഥാനമാണ്‌ സഹകരണമേഖലയ്‌ക്കുള്ളത്‌. ഇത്രയും വിപുലവും ശക്തവുമായ സഹകരണമേഖല വേറൊരു സംസ്ഥാനത്തുമില്ല. സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കുക ഒരു രാഷ്ട്രീയ അജൻഡയായി കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുകയാണ്‌.  പഞ്ചായത്ത്‌, വില്ലേജുകൾ പ്രവർത്തനപരിധിയുള്ള 1650 പ്രാഥമിക സഹകരണ ബാങ്ക്‌ ജനങ്ങൾക്ക്‌ കുറഞ്ഞ പലിശയ്‌ക്ക്‌ കാർഷിക വായ്‌പയും  കാർഷികേതര വായ്‌പയും നൽകുന്നു.  ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും അതിലേറെ വായ്‌പയുമുള്ള കേരളത്തിലെ സഹകരണ ബാങ്കിങ്‌ മേഖല ശക്തമാണ്‌. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും ജനങ്ങളുടെ ജീവിതത്തിലും സുപ്രധാന സ്ഥാനം വഹിക്കുന്ന സഹകരണമേഖലയുടെ നിയന്ത്രണം സംഘപരിവാറിന്റെ കൈകളിൽ എത്തിക്കാനാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top