29 March Friday

ക്യൂബയ‌്ക്ക് പുതിയ ഭരണഘടന

വെബ് ഡെസ്‌ക്‌Updated: Friday Mar 1, 2019


ക്യൂബയിൽ പുതിയ ഭരണഘടനയുടെ കരടിന് ജനങ്ങൾ അംഗീകാരം നൽകി. ഫെബ്രുവരി 24നു നടന്ന ഹിതപരിശോധനയിൽ 86.85 ശതമാനം പേരും പുതിയ ഭരണഘടനയ‌്ക്ക് അനുകൂലമായി വോട്ടു ചെയ‌്തു. ഒമ്പതു ശതമാനംപേർ മാത്രമാണ് പുതിയ ഭരണഘടനയോട് എതിർപ്പ് പ്രകടിപ്പിച്ചത്. ക്യൂബയിലെ മൊത്തം വോട്ടർമാരുടെ 73 ശതമാനവും പുതിയ ഭരണഘടനയ‌്ക്കൊപ്പമാണെന്ന് ഹിതപരിശോധനയിലൂടെ തെളിയിക്കപ്പെട്ടു. ക്യൂബയുടെ സോഷ്യലിസ്റ്റ് സ്വഭാവത്തിനും അതിൽ കമ്യൂണിസ്റ്റ് പാർടിക്കുള്ള പങ്കിനും ഒരു കോട്ടവും വരുത്താതെ ലോകത്ത് നിലനിൽക്കുന്ന പുതിയ സാമൂഹ്യ–-സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് ക്യൂബയെ മാറ്റാൻ ലക്ഷ്യമാക്കിയുള്ളതാണ് പുതിയ ഭരണഘടന. പൗരന്മാർ ഇന്നനുഭവിച്ചുവരുന്ന സ്വത്തിലും മറ്റും നിയമപരമായി അവകാശം നൽകുന്നതും ട്രാൻസ്ജൻഡറുകൾക്കും മറ്റും  ഒരു പൗരന്റെ അവകാശങ്ങളും സ്വവർഗവിവാഹവും മറ്റും അനുവദിക്കുന്നതുമാണ് പുതിയ ഭരണഘടന. ക്യൂബയിലെ പൊതു–-സ്വകാര്യ–-സഹകരണ സ്വത്തുക്കൾക്ക് നിയമസാധുതയും പുതിയ ഭരണഘടന  നൽകുന്നു. അതോടൊപ്പം പ്രസിഡന്റിനൊപ്പം പ്രധാനമന്ത്രിയെന്ന പുതിയ പദവിക്കും പുതിയ ഭരണഘടന ശുപാർശ ചെയ്യുന്നു. 1960ലും 1976ലും രൂപംനൽകിയ ഭരണഘടനയിലെയും 1992ലെയും 2002ലെയും ഭരണഘടനാ പരിഷ്കാരങ്ങളുടെയും പ്രസക്തഭാഗങ്ങൾ നിലനിർത്തിക്കൊണ്ടുള്ളതാണ് പുതിയ ഭരണഘടന.  സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും വിയറ്റ‌്നാമിന്റെയും പാഠങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും ക്യൂബൻ കമ്യൂണിസ്റ്റ് പാർടി വ്യക്തമാക്കി.

വൻ ജനകീയ പങ്കാളിത്തത്തോടെയാണ് പുതിയ ഭരണഘടനയ‌്ക്ക് രൂപംനൽകിയിട്ടുള്ളത്.  2018ലാണ് പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിന് അന്നത്തെ പ്രസിഡന്റ് റൗൾ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ഒരു സമിതിക്ക‌് രൂപംനൽകിയത്. 2018 ജൂലൈയിൽ  പുതിയ കരട് ദേശീയ അസംബ്ലിക്ക‌ു മുമ്പിൽ സമർപ്പിച്ചു. ദേശീയ അസംബ്ലി ഈ കരടിന് അംഗീകാരം നൽകിയശേഷം അത് ക്യൂബയിലെ ജനസമിതികൾക്ക് ചർച്ച ചെയ്യാനായി നൽകി.  കഴിഞ്ഞവർഷം ആഗസ‌്ത‌് 13 മുതൽ നവംബർ 15 വരെയാണ് ഈ ചർച്ച നടന്നത്. ഏകദേശം 90 ലക്ഷം പേർ ഈ ചർച്ചയിൽ പങ്കെടുത്തു.  പുതിയ കരടു സംബന്ധിച്ച് 1,33,680 ജനസമിതികളാണ് ചർച്ച ചെയ‌്തത‌്. 1,706,872 പേർ പുതിയ ഭരണഘടനയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചു. മൊത്തം 7,83,000 നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടു. അതായത് കരട് ഭരണഘടനയുടെ 60 ശതമാനം ഉള്ളടക്കത്തിലും മാറ്റംവരുത്തേണ്ടി വന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ 113 ഭേദഗതികളാണ് കരട് ഭരണഘടനയിൽ വരുത്തിയത്. 1976ൽ ഭരണഘടനയിലെ 13 അനുച്ഛേദങ്ങൾ നിലനിർത്തിയപ്പോൾ 87 അനുച്ഛേദങ്ങൾ പുതുതായി എഴുതിച്ചേർക്കപ്പെട്ടു. ഇതൊക്കെ കാണിക്കുന്നത് വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ഭരണഘടനാ നിർമാണം പൂർത്തിയാകുന്നത് എന്നാണ്.  ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായ ഗ്രാൻമ വിലയിരുത്തിയതുപോലെ ‘മുഴുവൻ ജനങ്ങളുമാണ് ഭരണഘടന നിർമിക്കുന്നത്'. ഇത്തരത്തിലുള്ള ഭരണഘടനാ നിർമാണം ലോകത്തിനു തന്നെ മാതൃകയായിരിക്കും.

60 വർഷം മുമ്പാണ് കരീബിയൻ രാഷ്ട്രമായ ക്യൂബ ചുവന്നത്. കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികൾ ബാറ്റിസ്റ്റ എന്ന ഏകാധിപതിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. അന്നുമുതൽ കൊച്ചു ക്യൂബയെ തകർക്കാൻ അമേരിക്കയും സാമ്രാജ്യത്വശക്തികളും ശ്രമിക്കുകയാണ്. ബേ ഓഫ് പിഗ്സ്  യുദ്ധത്തെ ക്യൂബ അതിജീവിച്ചതോടെയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. എന്നിട്ടും സോഷ്യലിസ്റ്റ് ക്യൂബയെ തകർക്കാനായില്ല. സോവിയറ്റ‌് യൂണിയൻ തകർന്നതോടെ ക്യൂബയുടെ പതനം പലരും പ്രവചിച്ചെങ്കിലും ക്യൂബ പിടിച്ചുനിന്നു. മാത്രമല്ല, കരീബിയൻ ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ ഇടതുപക്ഷത്തേക്കുള്ള പാത തെളിക്കുകയും ചെയ‌്തു. വെനസ്വേലയയും ബൊളീവിയയും മറ്റും ഇടത്തോട്ടു നീങ്ങി. 2016 നവംബർ 25നു ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്ട്രോ മരിച്ചപ്പോഴും കഴിഞ്ഞവർഷം ഫിദലിന്റെ സഹോദരൻ റൗൾ കാസ്ട്രോ പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞപ്പോഴും സാർവദേശീയ വലതുപക്ഷം ക്യൂബയുടെ പതനം പ്രവചിച്ചെങ്കിലും അവർ പുതിയ വെല്ലുവളികൾ നേരിട്ടുകൊണ്ട‌ു മുന്നേറുകയാണ്.  അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഭരണഘടനയും. അതിലും അവർ വിജയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top