21 September Thursday

ഭരണഘടന കാക്കാം, ഇന്ത്യയെ വീണ്ടെടുക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


സ്വാതന്ത്ര്യത്തിന്റെ 75 പിറന്നാളുകൾ പിന്നിടുന്ന നമ്മുടെ രാജ്യം പരമാധികാര, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായിട്ട് ഇന്ന് 72 വർഷം. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന, എല്ലാവർക്കും ദിശാബോധം നൽകുന്ന, നമ്മളെല്ലാവരും അംഗീകരിക്കേണ്ട ആധികാരിക മാർഗരേഖയാണ് ഭരണഘടന. ഈ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ് ഇന്ത്യയുടെ സംസ്കാരം. ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയുടെ നടുക്കുറ്റിയും ആകെത്തുകയുമാണ്. ഇന്നിപ്പോൾ, ഭരണഘടനാ മൂല്യങ്ങളാകെ കടുത്ത ഭീഷണി നേരിടുന്നു. ഭരണഘടന തന്നെ അട്ടിമറിക്കാൻ ഹിന്ദുത്വവാദികൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന അത്യന്തം ഭീതിദമായ സാഹചര്യം. റിപ്പബ്ലിക് ദിനത്തിന്റെ 72–--ാം വാർഷികത്തിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെ. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനും രാജ്യത്തെ മനുസ്മൃതിയിലേക്ക് മടക്കിക്കൊണ്ടുപോകാനുമാണ് ശ്രമം. അതിന് വലിയ തടസ്സം ഭരണഘടനയാണെന്ന് അവർ കാണുന്നു.

ആര്യം, ആർഷം എന്നീ വിശേഷണങ്ങളൊക്കെ നൽകി ഇന്ത്യൻ സംസ്കാരത്തിന്റെ ആഴവും വ്യാപ്തിയും പകിട്ടും മറയ്ക്കാനും അതിനെ ഏകശിലാ സമാനമാക്കാനും സംഘപരിവാർ ശക്തികൾ കാലങ്ങളായി ശ്രമിച്ചുവരികയാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ടു രാഷ്ട്രങ്ങളാണെന്നും മുസ്ലിങ്ങളും മറ്റു മതന്യൂനപക്ഷങ്ങളും "ഹിന്ദുരാഷ്ട്രമായ’ ഇന്ത്യയിൽ രണ്ടാം തരം പൗരന്മാരാകണമെന്നും ഹിന്ദു മഹാസഭയുടെ 1937ലെ വാർഷിക സമ്മേളനത്തിൽ സവർക്കർ പറയുകയുണ്ടായി. ജർമനിയിൽ ഹിറ്റ്‌ലർ ജൂതരോട് ചെയ്തത് ഇവിടെ അഹിന്ദുക്കളോട് ചെയ്യണമെന്ന് ഗോൾവാൾക്കറും പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് നീങ്ങണമെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ തന്നെ തകർക്കേണ്ടതുണ്ട്. ഈ ഹിന്ദുത്വ അജൻഡ മനസ്സിൽ വച്ചുകൊണ്ടാണ് മോദി ഭരണത്തിലെ ഓരോ നടപടിയും.

2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ബിജെപി അധികാരത്തിൽ വന്നതുമുതൽ ഭരണഘടനയ്‌ക്കെതിരെ നീക്കം ആരംഭിച്ചു. 2019ൽ മോദി രണ്ടാം വട്ടവും വന്നതോടെ നീക്കങ്ങൾക്ക് ആക്കം കൂടി. ഭരണഘടനയിലെ 370-–ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടാണ് തുടക്കം. താഴ്‌വരയുടെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ടായി വിഭജിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഹൃദയം പിളർക്കുന്നതായി ആ നടപടി. തൊട്ടുപിന്നാലെ വന്നു പൗരത്വ ദേദഗതി നിയമം. ജനങ്ങളെ മതപരമായി ചേരിതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ദേദഗതി. ലക്ഷദ്വീപിനെ വംശീയ വിദ്വേഷത്തിന്റെ പരീക്ഷണശാലയാക്കാനായി അടുത്ത നീക്കം. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ നടപടികൾക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് കേന്ദ്ര ഭരണം ശ്രമിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിൽ അടയ്‌ക്കുന്നതും പതിവായി.

കശ്മീരിനെ രണ്ടായി വിഭജിച്ചത് അങ്ങേയറ്റം ഗൗരവമായി കാണേണ്ട ഒന്നാണ്. നാളെ മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിയേക്കാം. സംസ്ഥാനങ്ങളുടെ യൂണിയനായ ഇന്ത്യയുടെ ഫെഡറൽ ഘടന തകർക്കാൻ എത്രയോ നടപടികൾ ഇതിനകമുണ്ടായി. കൃഷിയടക്കമുള്ള സംസ്ഥാന വിഷയങ്ങളിലേക്ക് കേന്ദ്രം ഇരച്ചുകയറി. അധികാരം മുഴുവൻ കേന്ദ്ര സർക്കാരിലേക്ക് എത്തിച്ച് സംസ്ഥാന സർക്കാരുകളെ ദുർബലമാക്കാനാണ് നീക്കം. ഏറ്റവുമൊടുവിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമന ചട്ടങ്ങളിൽ ഏകപക്ഷീയ ദേദഗതി കൊണ്ടുവരാൻ കേന്ദ്രം നടപടി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനങ്ങൾ വിയോജിച്ചാലും ഉദ്യോഗസ്ഥരെ മാറ്റാനും കേന്ദ്രത്തിലേക്ക് തോന്നുംപോലെ ഉദ്യോഗസ്ഥരെ എടുക്കാനും കഴിയുന്ന വിധമാണ് ഭേദഗതി വരുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ, റിസർവ് ബാങ്ക്, അന്വേഷണ ഏജൻസികൾ എന്നിവയെ വരുതിയിൽ നിർത്താനുള്ള തുടർച്ചയായ നടപടികൾ ഇതിനു പുറമെയാണ്.

ഹിന്ദുത്വ ഇന്ത്യയുടെ നിർമിതിക്കായുള്ള ഇത്തരം എല്ലാ നീക്കങ്ങളെയും എതിർത്തു തോൽപ്പിക്കാൻ വലിയ ജനകീയ മുന്നേറ്റത്തിന്റെ അനിവാര്യതയാണ് റിപ്പബ്ലിക്‌ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, സാംസ്കാരിക വൈവിധ്യം, മനുഷ്യാവകാശങ്ങൾ എന്നിവയെല്ലാം ഉൾച്ചേർന്ന ഭരണഘടന സംരക്ഷിക്കാൻ അങ്ങനെയൊരു പോരാട്ടത്തിനേ കഴിയൂ. കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞുവീശുന്ന അത്തരം പോരാട്ടങ്ങൾക്കു മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് ഒരു വർഷത്തിലേറെ നീണ്ട കർഷക സമരത്തിന്റെ മഹാവിജയം വ്യക്തമാക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top