28 March Thursday

ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Jan 26, 2019


"നമ്മൾ ഭാരതത്തിലെ ജനങ്ങൾ’ എന്നാണ് ഇന്ത്യൻ ഭരണഘടനയുടെ  ആദ്യ വാക്കുകൾ. ഭാരതത്തെ പരമാധികാര- സോഷ്യലിസ‌്റ്റ‌് -മതനിരപേക്ഷ- ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയിലെ പൗരന്മാർ പ്രഖ്യാപിക്കുന്നതാണ്; അതിന്റെ ദൃഢനിശ്ചയം വ്യക്തമാക്കുന്നതാണ് ഭരണഘടനയുടെ ആമുഖം. തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം  എന്നിവയുടെ   അടിത്തറയിൽ കെട്ടി ഉയർത്തിയ ഭരണഘടന, വൈവിധ്യങ്ങളുള്ള ഇന്ത്യാ  മഹാരാജ്യത്തെ ഒരുമിച്ച് വിളക്കിച്ചേർക്കുന്ന സുദൃഢമായ കണ്ണിയാണ്.  സമത്വത്തിലധിഷ്ഠിതമായ രാഷ്ട്ര സാക്ഷാൽക്കാരത്തിന് തയ്യാറാക്കപ്പെട്ട ഭരണഘടനയ‌്ക്ക‌് 69 വയസ്സ് തികയുന്നു. രാഷ്ട്രത്തിന്റെ സർവനിയമങ്ങളും അധികാരങ്ങളും ഈ  ഭരണഘടനയുടെയും അതിന്റെ മൂല്യങ്ങളുടെയും  ചിട്ടവട്ടങ്ങൾക്കകത്താണ്  നിർമിക്കപ്പെടുന്നത്. രാജ്യത്തിന്റെ  പരമാധികാര സ്വത്വവും  പൗരന്മാരുടെ അവകാശങ്ങളും ഭരണഘടനയുടെ ഉറപ്പുകളാണ‌്.

സർവാധികാരത്തിന്റെയും ഉത്ഭവം പൗരന്മാരാണെന്ന് ഉദ്‌ഘോഷിക്കുന്ന   ഇന്ത്യൻ ഭരണഘടനയ‌്ക്ക‌് ഏൽക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേൽക്കുന്ന  വലിയ ക്ഷതമാണ്. അതുതന്നെയാണ് ഈ റിപ്പബ്ലിക‌് ദിനത്തിൽ ഭരണഘടനാസംരക്ഷണത്തെക്കുറിച്ച് ആവർത്തിച്ചു പറയേണ്ടുന്നതിന്റെ സാംഗത്യം.  ഇന്ന് ഭരണഘടന അതിരൂക്ഷമായി ആക്രമിക്കപ്പെടുന്നു. അത് മാറ്റിയെഴുതണം എന്ന മുറവിളി ഉയരുകയാണ്. ആരാണോ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ, അവരിൽനിന്നുതന്നെ ധ്വംസന വാസന പ്രകടമാകുമ്പോൾ, ഈ രാജ്യത്തെ ഏതൊരു പൗരന്റെയും അനിവാര്യമായ കർത്തവ്യമായി  ഭരണഘടനാസംരക്ഷണം മാറുന്നു.

ജനങ്ങൾ ദുരിതം ഭക്ഷിക്കുന്ന രാജ്യമാണിന്ന് ഇന്ത്യ. കർഷകരും  തൊഴിലാളികളും ജീവനക്കാരും ദുരിതജീവിതം താണ്ടുന്നു. കൃഷിക്കാർക്ക് മതിയായ ഉൽപ്പന്നവില ലഭിക്കുന്നില്ല, -ആയിരക്കണക്കിന് കർഷകർ  ആത്മഹത്യയിൽ അഭയം  തേടുന്നു. തൊഴിലാളികൾക്ക് ന്യായമായ സേവന -വേതന വ്യവസ്ഥകൾ ഏർപ്പെടുത്തുന്നില്ല.  ഉണ്ടായിരുന്ന പരിരക്ഷകൾപോലും ഇല്ലാതാക്കുന്നു. തൊഴിലാളിദ്രോഹത്തിന‌് ഊന്നൽ നൽകി  ട്രേഡ്‌ യൂണിയൻ നിയമങ്ങൾ ഭേദഗതിചെയ‌്തു. നിയമനിർമാണ സഭയെ നോക്കുകുത്തിയാക്കി പിൻവാതിലിലൂടെ ഭരണാധികാരികളുടെ സ്വേച്ഛാനുസൃതം നിയമങ്ങൾ കൊണ്ടുവരുന്നു. ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരങ്ങൾ തട്ടിയെടുക്കുകയോ ആജ്ഞാനുവർത്തി സ്വഭാവത്തിലേക്ക് അവയെ പരിവർത്തിപ്പിക്കുകയോ ചെയ്യുന്നു. പരമോന്നത നീതിപീഠത്തിൽനിന്ന്  മുതിർന്ന ന്യായാധിപന്മാർ ഇറങ്ങിവന്ന‌് ലോകത്തോട് വിളിച്ചുപറഞ്ഞത് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയ‌്ക്ക‌് ഏൽക്കുന്ന ആഘാതത്തെക്കുറിച്ചാണ്.  

ഭരണഘടന നിലവിൽവന്ന് ഏഴ‌്‌ പതിറ്റാണ്ടാകുമ്പോൾ  ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കൊടിയ  വെല്ലുവിളി നേരിടുകയാണ്. ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പാക്കിയ എഴുപതുകളിൽ   ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ധ്വംസിക്കപ്പെട്ടു. രാജ്യത്തിന്റെ കറുത്ത കാലമായിരുന്നു അത്. അന്ന് പോലും  ഭരണഘടനാസ്ഥാപനങ്ങളുടെ അസ‌്തിത്വം ചോദ്യം ചെയ്യപ്പെട്ടില്ല. അവകാശനിഷേധങ്ങൾക്ക‌് ഭരണഘടനയുടെ ന്യായീകരണങ്ങൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു.  ഇന്ന്,  ഭരണഘടനതന്നെ ആവശ്യമില്ലെന്ന‌് മടിയില്ലാതെ പറയാൻ ഭരണവർഗം തയ്യാറാകുന്നു. മതത്തെയും അധികാരത്തെയും വിദ്വേഷത്തെയും കൂട്ടിക്കലർത്തി, കാലഹരണപ്പെട്ട ദുരാചാരങ്ങളെ ഉണർത്തി, ഭിന്നതയുടെയും അസ്വസ്ഥതയുടെയും വിത്ത് വാരിയെറിഞ്ഞ‌് രാഷ്ട്രശരീരത്തെ കടന്നാക്രമിക്കുന്ന ശക്തികൾക്ക് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി മറുപടി പറയേണ്ട കാലമാണിത്.

നിയമനിർമാണ -ഭരണനിർവഹണ- നീതിനിർവഹണ മണ്ഡലങ്ങളുടെ പരസ്പരപൂരകമായ പ്രയാണത്തിലൂടെയാണ് രാജ്യത്തിന്റെ നിലനിൽപ്പും പുരോഗതിയും സാധ്യമാകുക. ഒന്നിനുമേൽ മറ്റൊന്നിന‌് ആധിപത്യമുറപ്പിക്കുന്ന  അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് വിനാശകരമാണ്. ജുഡീഷ്യറിയിൽനിന്ന് പരസ്യമായി ഉയർന്ന വിയോജിപ്പും പാർലമെന്റിനെ വകവയ‌്ക്കാത്ത ഭരണ നിർവഹണവും ആപദ്സൂചനകളാണ്.  പരമോന്നത നീതിപീഠം പ്രഖ്യാപിച്ച വിധി ലംഘിക്കാൻ സമീപനാളുകളിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട കലാപസമാനമായ അന്തരീക്ഷത്തിനുപിന്നിൽ രാജ്യംഭരിക്കുന്ന കക്ഷിതന്നെ ആയിരുന്നു എന്നത‌്‌ ഈ  വിപത്തിന്റെ മറ്റൊരു മുഖമാണ്. സുപ്രീംകോടതിയുടെ   വിധി  അനുച്ഛേദം 141 പ്രകാരം പാലിക്കപ്പെടേണ്ട  നിയമമാണ്.   അത് പാലിക്കാൻ സർക്കാരും കീഴ‌്‌കോടതികളും പൊതുജനങ്ങളും ബാധ്യസ്ഥരാണ‌്.  ആ ബാധ്യത നിറവേറ്റാൻ  അനുവദിക്കില്ല എന്നുമാത്രമല്ല, അങ്ങനെ ചെയ്‌താൽ  സംസ്ഥാന സർക്കാരിനെ  നിഗ്രഹിച്ചുകളയും എന്ന ആക്രോശവും നാം കേട്ടു. അതിനും ഭരണഘടനയെത്തന്നെ ഉദ്ധരിക്കുന്ന അപഹാസ്യതയും  കണ്ടു. 

രാജ്യം നേരിടുന്ന സർവ പ്രശ്നങ്ങൾക്കും ഭരണഘടനയാണ് പരിഹാരം എന്ന മിഥ്യാധാരണ ആർക്കുമില്ല. എന്നാൽ, സമകാലീന വെല്ലുവിളിയെ നേരിടാൻ ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ട്, അതിന്റെ മൂല്യങ്ങൾ ആവർത്തിച്ചുറപ്പിക്കേണ്ടതുണ്ട്. അതിന്റെ ശിൽപ്പികളെ സ്മരിക്കേണ്ടതുമുണ്ട്. സമത്വം, നീതി, മതനിരപേക്ഷത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയവ വെറും വാക്കുകളല്ല, ഓരോ ഇന്ത്യക്കാരന്റെയും
മനസ്സിൽ  അനുനിമിഷം തുടിക്കേണ്ട സചേതനസാന്നിധ്യമാണ് എന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. ജനാധിപത്യം കേവലസങ്കൽപ്പമല്ല, വളർന്നു വികസിച്ച‌് ജനങ്ങളിലേക്ക് അധികാരത്തിന്റെ അവസാന കണികയും പകർന്നു നൽകേണ്ട മഹത്തായ പ്രക്രിയയാണ് എന്ന ബോധ്യമാണ് ഉണരേണ്ടത്. അത്തരം മുന്നേറ്റത്തിന് നമുക്കുമുന്നിലുള്ള  മാർഗദർശിയാണ് ഇന്ത്യയുടെ ഭരണഘടന.  ഈ റിപ്പബ്ലിക‌്ദിനത്തിൽ ഭരണഘടനാശിൽപ്പികളെ സ്മരിക്കുകയും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളിലുള്ള വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത തെളിയുന്ന സാഹചര്യവും അതുതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top