26 April Friday

കൊഴിഞ്ഞുതീരുന്ന കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


ദിനം കഴിയുന്തോറും കോൺഗ്രസ്‌ പാർടി ദുർബലമായിക്കൊണ്ടിരിക്കുന്നുവെന്ന്‌ ജിതിൻ പ്രസാദയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം വ്യക്തമാക്കുന്നു. മൂന്ന്‌ തലമുറയായി കോൺഗ്രസ്‌ പാർടിയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽനിന്നുള്ള വ്യക്തിയാണ്‌ ഉത്തർപ്രദേശിലെ പ്രമുഖ കോൺഗ്രസ്‌ നേതാവായ ജിതിൻ പ്രസാദ. കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവും ജനറൽ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമൊക്കെയായ ജിതേന്ദ്ര പ്രസാദയുടെ മകനാണ്‌ നാൽപ്പത്തേഴുകാരനായ ജിതിൻ പ്രസാദ. മുൻ കേന്ദ്രസഹമന്ത്രിയും രാഹുൽ ഗാന്ധിയുടെ വലംകൈയായി അടുത്തിടവരെ അറിയപ്പെട്ടിരുന്ന വ്യക്തിയുമാണ്‌. കോൺഗ്രസിലെ ‘യുവതുർക്കികൾ’ എന്നറിയപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ്‌ ദേവ്‌ര, സച്ചിൻ പൈലറ്റ്‌ എന്നിവർക്കൊപ്പം അറിയപ്പെട്ട പേരാണ്‌ ജിതിൻ പ്രസാദയുടേത്‌. എന്നാൽ, ഈ കോൺഗ്രസിന്റെ ഭാവി വാഗ്‌ദാനങ്ങൾ ആകെ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ പോകുന്ന കാഴ്‌ചയാണ്‌ വർത്തമാന ഇന്ത്യ നൽകുന്നത്‌.

യുവതുർക്കികളിൽ ആദ്യം ബിജെപിയിലേക്ക്‌ ചാടിയത്‌ ഗ്വാളിയോർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യയാണ്‌. കഴിഞ്ഞദിവസം  ജിതിൻ പ്രസാദയും ബിജെപിയിലെത്തി. നേതൃമാറ്റം ആവശ്യപ്പെട്ട്‌ സോണിയ ഗാന്ധിക്ക്‌ കത്തെഴുതിയ 23 അംഗ ഗ്രൂപ്പിൽ ഉൾപ്പെട്ട പാർടി ജനറൽ സെക്രട്ടറി കൂടിയാണ്‌  ജിതിൻ പ്രസാദ. അടുത്തതായി ബിജെപിയിലേക്ക്‌ ചേക്കേറുന്ന കോൺഗ്രസ്‌ നേതാവ്‌ സച്ചിൻ പൈലറ്റായിരിക്കുമെന്നാണ്‌ മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്‌. മുഖ്യമന്ത്രി പദം നൽകാത്തപക്ഷം ബിജെപിയിലേക്ക്‌ പോകുമെന്ന്‌ സച്ചിൻ പൈലറ്റ്‌ നേരത്തേ സൂചന നൽകിയിരുന്നു. സച്ചിന്റെ ആവലാതികൾ പരിശോധിച്ച്‌ നടപടിയെടുക്കാൻ മൂന്നംഗ സമിതിയെ നിശ്‌ചയിച്ചെങ്കിലും ആ സമിതി ഇതുവരെയും യോഗം ചേരാൻപോലും തയ്യാറായിട്ടില്ല. ഇതിലുള്ള അമർഷം അടുത്തിടെ സച്ചിൻ പൈലറ്റ്‌ രേഖപ്പെടുത്തുകയുമുണ്ടായി. അതായത്‌ രാഹുൽ ഗാന്ധിയുടെ ഇടവും വലവും നിലയുറപ്പിച്ച യുവതുർക്കികൾ ഒന്നൊന്നായി മുങ്ങുന്ന കോൺഗ്രസ്‌ കപ്പലിൽനിന്ന്‌ ബിജെപിയിലേക്ക്‌ ചാടുകയാണ്‌. ചുറ്റുമുള്ളവരെപ്പോലും സംഘടനയിൽ ഉറപ്പിച്ചുനിർത്താൻ കഴിയാത്ത നേതാവാണ്‌ രാഹുൽഗാന്ധിയെന്നും ഇത്‌ തെളിയിക്കുന്നു.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനമാണ്‌ ഉത്തർപ്രദേശ്‌. കോവിഡ്‌ മഹാമാരിയെ നേരിടുന്നതിൽ സമ്പൂർണ പരാജയമാണ്‌ ആദിത്യനാഥ്‌ സർക്കാർ. അതിനെതിരെ ജനരോഷം പുകയുകയാണ്‌. അതോടൊപ്പം 12 ശതമാനത്തോളം വോട്ടുള്ള ബ്രാഹ്മണവിഭാഗം, താക്കൂർ വിഭാഗക്കാരനായ ആദിത്യനാഥിന്റെ ഭരണത്തിനെതിരെ പരസ്യമായി തിരിഞ്ഞിരിക്കുകയുമാണ്‌.  കുപ്രസിദ്ധ കൊള്ളക്കാരനായ വികാസ്‌ ദുബെയെ ഏറ്റുമുട്ടലിൽ വധിച്ചതോടെയാണ്‌ ബ്രാഹ്മണസമൂഹം പരസ്യ പ്രതികരണവുമായി ആദിത്യനാഥ്‌ സർക്കാരിനെതിരെ രംഗത്ത്‌ എത്തിയത്‌. തീർത്തും വിഷമവൃത്തത്തിലായ ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയപോരാട്ടം നടത്തുന്നതിനു പകരം ബിജെപിയിൽ ചേർന്ന്‌ അവർക്ക്‌ ഊർജം പകരാനാണ്‌ ജിതിൻ പ്രസാദ തയ്യാറായിട്ടുള്ളത്‌. ഉത്തർപ്രദേശിലെ ബ്രാഹ്മണനേതാവ്‌ എന്ന സ്വത്വം നേടിയെടുക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു കഴിഞ്ഞ ഒരു വർഷമായി ജിതിൻ പ്രസാദ. ഇതിന്റെ ഭാഗമായാണ്‌ കഴിഞ്ഞ വർഷം ബ്രാഹ്‌മിൺ ചേതനാ പരിഷദ്‌ എന്ന സംഘടനയ്‌ക്ക്‌ അദ്ദേഹം രൂപം നൽകിയതും ബ്രാഹ്‌മിൺ ചേതനാ യാത്ര നടത്തിയതും. ഈ സമുദായസ്‌നേഹവും വിലപേശലിനുള്ള ആയുധമാക്കുകയാണ്‌ ജിതിൻ പ്രസാദ ചെയ്‌തതെന്നർഥം.

എന്തുകൊണ്ടാണ്‌ കോൺഗ്രസ്‌ നേതാക്കൾ കൂട്ടമായി ബിജെപിയിലെത്തുന്നത്‌ എന്നത്‌ പരിശോധിക്കാൻ ഇതുവരെയും കോൺഗ്രസ്‌ തയ്യാറായിട്ടില്ല. തീർത്തും ദുർബലമായ സംഘടനാ സംവിധാനമാണ്‌ കോൺഗ്രസിനുള്ളത്‌. അതുകൊണ്ടുതന്നെ ഹിന്ദുത്വരാഷ്ട്രീയത്തിന്‌ ശക്തമായ അടിവേരുള്ള ഉത്തർപ്രദേശ്‌പോലുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത്‌ കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ അസാധ്യമായിരിക്കുകയാണ്‌. 2014, 2019 എന്നീ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജിതിൻ പ്രസാദയ്‌ക്ക്‌ ജയിക്കാനായിരുന്നില്ല. യുപിസിസി പ്രസിഡന്റ്‌ റീത്ത ബഹുഗുണജോഷിയും വിജയ്‌ ബഹുഗുണയും ജഗദംബികാ പാലും മറ്റും കോൺഗ്രസ്‌ വിട്ടതും ഈ തിരിച്ചറിവിൽ നിന്നാണ്‌. നെഹ്‌റുവിന്റെ കാലത്തും മറ്റും കോൺഗ്രസ്‌ ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയിൽ വെള്ളം ചേർത്തതും നിയോലിബറൽ സാമ്പത്തികനയങ്ങൾ സ്വീകരിച്ചതും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കി. പൂണൂലിട്ട ബ്രാഹ്മണനാണ്‌ താനെന്ന്‌ പറയുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പിന്തുടരുന്ന മൃദുഹിന്ദുത്വ സമീപനം കോൺഗ്രസുകാരെ സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ ആശയപദ്ധതിയിലേക്കാണ്‌ അടുപ്പിച്ചത്‌. ജിതിൻ പ്രസാദയും ഈ നയത്തിന്റെ ഉൽപ്പന്നമാണ്‌. കോൺഗ്രസിന്റെ ഈ ബിജെപിവൽക്കരണം അന്തിമമായി ബിജെപിയെയും സഹായിക്കില്ല. ബംഗാളിൽ നിന്നുള്ള വാർത്തകൾ അതാണ്‌ സൂചിപ്പിക്കുന്നത്‌. അധികാരമില്ലാതാകുന്ന നിമിഷം അതുമാത്രം ലാക്കാക്കി ബിജെപിയിലെത്തിയ ജിതിൻ പ്രസാദയെപ്പോലുള്ളവർ ആ ലാവണവും ഉപേക്ഷിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top